ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേക്കുള്ള വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാനം കേന്ദ്രത്തിനു മുന്നിലെത്തിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
ക്വാറന്റൈൻ സംവിധാനം കൂടുതൽ ഒരുക്കുന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ഉറപ്പു ലഭിച്ചാൽ ഉടൻ ഗൾഫിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തണമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഒരു ദിവസം രണ്ടിൽ കൂടുതൽ വിമാനങ്ങളിൽ കൂടുതൽ കേരളത്തിലേക്ക് വിടരുതെന്ന് കേരളം ആവശ്യപ്പെട്ടെന്നാണ് വി. മുരളീധരൻ ഇന്നലെ വ്യക്തമാക്കിയത്.
കേരളത്തിലെ വിമാനത്താവളങ്ങളിൽ വിദേശങ്ങളിൽനിന്നു വരുന്നവരെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധി ഇപ്പോൾ തന്നെ മറികടന്നിരിക്കുന്നു എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. നിലവിൽ ഇപ്പോഴുള്ളതിൽനിന്ന് ഇനി വലിയ തോതിൽ സംവിധാനങ്ങൾ വർധിപ്പിക്കാൻ സാധ്യമല്ല. അതുകൊണ്ട് ചാർട്ടേഡ് വിമാനങ്ങൾക്ക് അടക്കം നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് കേരള സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വി. മുരളീധരൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
വിമാനത്താവളത്തിൽ കൂടുതൽ ആളുകൾ വന്നാൽ അവരെ പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനു സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി കേരളം കത്തു നൽകിയെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. കൂടുതൽ പ്രവാസികൾ സംസ്ഥാനത്തേക്കു വന്നാൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കും എന്ന ആശങ്കയാണ് സംസ്ഥാനത്തിനുള്ളത്. ഇക്കാര്യത്തിൽ കേരള സർക്കാരുമായി കൂടുതൽ ചർച്ച നടത്തിവരികയാണ്. കൂടുതൽ വിമാനങ്ങളിൽ പ്രവാസികളെ എത്തിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ കേരള സർക്കാരുമായുള്ള ചർച്ചകളിൽ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ ത്തന്നെ ഗൾഫിൽ നിരവധി പേർ കോവിഡ് ബാധിച്ചു മരണമടഞ്ഞു കഴിഞ്ഞു. അവിടെനിന്നു തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെ എത്രയും പെട്ടെന്നു തിരികെ എത്തിക്കുക എന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തം.
അങ്ങനെ തിരിച്ചു വരുന്നവർക്ക് വേണ്ട പരിശോധനയും ക്വാറന്റൈൻ സംവിധാനങ്ങളും ഏർപ്പെടുത്താൻ കേരള സർക്കാർ തയാറാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മുരളീധരൻ പറഞ്ഞു.
ചാർട്ടേഡ് വിമാനങ്ങളുടെ കാര്യത്തിൽ സംസ്ഥാന ചില നിബന്ധനകൾ കേന്ദ്രത്തിനുമുന്നിൽ വച്ചിട്ടുണ്ട്. കേരള സർക്കാർ നിർദേശിക്കുന്ന നിബന്ധനകൾ പാലിക്കുന്ന ചാർട്ടേഡ് വിമാന സർവീസുകൾക്ക് മാത്രമേ അനുമതി നൽകാവൂ എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിബന്ധനകൾ പാലിക്കുന്ന വിമാനങ്ങൾക്ക് മാത്രമേ ഇറങ്ങാൻ അനുവദിക്കൂ എന്നാണ് കേരളത്തിന്റെ നിലപാടെന്നാണ് മന്ത്രി പറഞ്ഞത്.
ഒരു മാസത്തിൽ ഇത്ര വിമാനങ്ങൾ മാത്രമേ സംസ്ഥാനത്തെ വിമാനത്താവളത്തിൽ എത്താൻ പാടുള്ളൂ എന്നാണ് കേരളം അറിയിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിൽ ഇക്കാര്യത്തിൽ നിരന്തരം ചർച്ചകൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വന്ദേഭാരത് മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കണമെങ്കിൽ കേരള സർക്കാരിന്റെ അനുമതി കൂടിയേ തീരൂ എന്നും വി. മുരളീധരൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.