ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പോലീസ് ബാങ്ക് ഓഫ് ബറോഡയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിലാണ് റെയ്ഡ് നടന്നത്. ജൊഹാനസ്ബർഗിലെയും ഡർബനിലേയും ശാഖകളിലായിരുന്നു റെയ്ഡ്. നിരവധി രേഖകൾ പോലീസ് പിടിച്ചെടുത്തു.
സുമയുടെ കുടുംബവുമായി അടുത്തബന്ധം പുലർത്തിവന്ന ഗുപ്ത സഹോദരന്മാരുടെ അവിഹിതസമ്പാദ്യം ദക്ഷിണാഫ്രിക്കയിൽനിന്ന് കടത്താൻ സഹായിച്ചത് ബാങ്ക് ഓഫ് ബറോഡയാണെന്നാണ് വിവരം. അഴിമതിയിലൂടെ കുന്നുകൂട്ടിയ പണം വിദേശത്തെ കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളിലേക്ക് കടത്താൻ സഹായം നൽകിയത് ബാങ്ക് ഓഫ് ബറോഡയാണെന്നാണ് കണ്ടെത്തൽ. ആരോപണത്തിന്റെ നിഴലിൽ നിന്ന ഗുപ്തസഹോദരന്മാരുമായി ഇടപാടുകൾ നടത്താൻ ദക്ഷിണാഫ്രിക്കയിലെ ബാങ്കുകൾ വിസമ്മതിച്ചപ്പോൾ ബാങ്ക് ഓഫ് ബറോഡ ഇവരുടെ അക്കൗണ്ടുകൾ നിർബാധം പ്രവർത്തിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ സേവനങ്ങൾ ബാങ്ക് കഴിഞ്ഞ ഫെബ്രുവരിയിൽ നിർത്തലാക്കിയിരുന്നു.