മാപുട്ടോ: ഏറെ പ്രയത്നിച്ചു നേടിയ സമാധാനം നിലനിർത്താനും വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്കു പോകാതിരിക്കാനുമായി എല്ലാവർക്കും തുല്യാവസരം നൽകാൻ ഫ്രാൻസിസ് മാർപാപ്പ മൊസാംബിക് നേതൃത്വത്തെ ആഹ്വാനം ചെയ്തു.
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ അപ്പസ്തോലിക പര്യടനത്തിനെത്തിയ മാർപാപ്പയ്ക്ക് ഹൃദ്യമായ വരവേല്പ് ലഭിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് ഫിലിപ്പെ ന്യൂയിസിയുടെ ഫ്രെലിമോ പാർട്ടിയുടെ നേതാക്കളും പ്രതിപക്ഷ റെനാമോ പാർട്ടിയുടെ നേതാക്കളും സംബന്ധിച്ചു. ഇരുകൂട്ടരും തമ്മിൽ നടന്ന ആഭ്യന്തരയുദ്ധം 1992ലാണ് അവസാനിച്ചത്. ആയിരങ്ങൾക്കു ജീവഹാനി നേരിട്ടു. 1992ൽ യുദ്ധം അവസാനിച്ചെങ്കിലും കഴിഞ്ഞമാസമാണ് സമാധാന കരാർ ഒപ്പിട്ടത്.
ശ്വാശത സമാധാനം വേണമെങ്കിൽ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ നടപടി വേണമെന്നും തീവ്രവാദം അവസാനിപ്പിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു. എല്ലാവർക്കും തുല്യാവസരം നൽകണമെന്നും മാർപാപ്പ നിർദേശിച്ചു.