ഹരാരെ: സിംബാബ്വെയിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരം നടത്തിവന്ന പതിനായിരത്തിലധികം നഴ്സുമാരെ സർക്കാർ പിരിച്ചുവിട്ടു. തിങ്കളാഴ്ച മുതൽ സമരം നടത്തിവന്ന നഴ്സുമാരെയാണ് പിരിച്ചുവിട്ടത്.
ശമ്പളം കൂട്ടുന്നതിനായി 1.70 കോടി ഡോളർ സർക്കാർ അനുവദിച്ചിട്ടും സമരം അവസാനിപ്പിക്കാൻ നഴ്സുമാർ തയാറായില്ലെന്ന് വൈസ് പ്രസിഡന്റ് കോൺസ്റ്റന്റിനോ ചിവെൻഗ പറഞ്ഞു. അതേസമയം, നഴ്സുമാരെ സമ്മർദത്തിലാക്കി ജോലിയിൽ തിരിച്ചെത്തിക്കാനുള്ള നീക്കമാണിതെന്നാണ് ചില റിപ്പോർട്ടുകൾ.
നേരത്തെ, ശമ്പള വർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരം നടത്തിയിരുന്നു. ശമ്പളം വർധിപ്പിക്കാമെന്ന് സിംബാബ്വെ പ്രസിഡന്റ് എമേഴ്സൺ മുൻഗാഗ്വയെ ഉറപ്പ് കൊടുത്തതോടെ ഡോക്ടർമാർ സമരം അവസാനിപ്പിക്കുകയായിരുന്നു.