നയ്റോബി: കെനിയൻ തലസ്ഥാനമായ നയ്റോബിയിലെ ആഡംബര ഹോട്ടലിൽ ഭീകരാക്രമണം. സ്ഫോടനവും വെടിവയ്പും ഉണ്ടായതിനെത്തുടർന്നു ജനങ്ങൾ പുറത്തേക്കോടി. അഞ്ചു മൃതദേഹങ്ങൾ കാണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കൂടുതൽ മരണം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. ഹോട്ടലിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നു വ്യക്തമല്ല.
സോമാലിയയിലെ അൽഷബാബ് ഭീകരഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 2013ൽ നയ്റോബിയിലെ വെസ്റ്റ്ഗേറ്റ് മാളിൽ അൽഷബാബ് നടത്തിയ ഭീകരാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. സോമാലിയൻ സർക്കാരിനെ സഹായിക്കാനായി സൈന്യത്തെ അയച്ചതിനു പ്രതികാരമായാണ് മാളിൽ ആക്രമണം നടത്തിയത്.പിന്നീടും നിരവധി പേരെ ഭീകരർ വകവരുത്തി.
വെസ്റ്റ്ലാൻഡ് മേഖലയിലെ ഡുസിറ്റ്ഡി2 ഹോട്ടലിലാണ് ഇന്നലെ ഭീകരർ ആഞ്ഞടിച്ചത്. ബാങ്കും മറ്റ് നിരവധി ഓഫീസുകളും ഈ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇതുവരെ ഭീകരരെ അമർച്ച ചെയ്യാനായില്ല. ഇതിനകം നിരവധി കാറുകൾ അഗ്നിക്കിരയാക്കപ്പെട്ടു. സ്ഫോടകവസ്തു നിറച്ച ഒരു കാർ തങ്ങൾ തന്നെ തകർത്തെന്നു പോലീസ് അറിയിച്ചു.