അൾജിയേഴ്സ്: ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 257 ആയി. ഇവരിൽ പത്തുപേർ വിമാന ജീവനക്കാരാണെന്ന് സർക്കാരിന്റെ ഒൗദ്യോഗിക റേഡിയോ റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അപകടത്തിൽ അൾജീരിയ അന്വേഷണം പ്രഖ്യാപിച്ചു.
അൾജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബിൽഡ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഉടനാണ് റഷ്യൻ നിർമിത സൈനിക വിമാനം തകർന്നത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം. അൾജീരിയയിലെ പടിഞ്ഞാറൻ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകർന്നതെന്നാണു റിപ്പോർട്ടുകൾ. വിമാനത്തിൽ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്നാണ് പ്രാഥമിക വിവരം. അപകടത്തെ യാത്രക്കാർ ആരെങ്കിലും അതിജീവിച്ചോ എന്ന് ഇതേവരെ വ്യക്തമായിട്ടില്ല.
രക്ഷപ്രവർത്തനങ്ങൾക്കായി 14 ആംബുലൻസുകളും പത്ത് ട്രക്കുകളും പ്രദേശത്ത് എത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ സംബന്ധിച്ച് ഇതേവരെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.