കൂടുമ്പോള്‍ ഇമ്പമുള്ളത് എന്നാണ് കുടുംബം എന്ന വാക്കിനെ നിർവചിക്കാറുള്ളത്. അച്ഛന് അമ്മ മക്കള്‍ അതാണ് കുടുംബം.
ഒപ്പം അച്ഛന്റെ മാതാപിതാക്കള്‍ കൂടെയുണ്ടാകും കുടുംബത്തില്‍. അച്ഛനും മകനും മരുമകളും കൊച്ചുമക്കളുമൊക്കെയായി ഇമ്പമുള്ള കുടുംബം.
പെണ്മക്കള് മറ്റൊരു കുടുംബത്തിലെ മരുമകളായി അവിടെയും മറ്റൊരു ഇമ്പമുള്ള കുടുംബം. ഇതൊക്കെ ഇന്ന് അന്യമായി തുടങ്ങിയോ…
കുടുംബബന്ധങ്ങളിലെ മഹത്വവും പരിപാവനതയും പരസ്പര സ്നേഹവും കരുതലും തിരിച്ചറിയാതെ പോകുന്നതിലൂടെ ഇന്നു നമ്മുടെ കൊച്ചുകേരളവും ദിവസേനയെന്നോണം സാക്ഷ്യം വഹിക്കുന്നത് കൊടുംക്രൂരതകളുടെ നേര്‍ക്കാഴ്ചകളാണ്.
പരസ്പരം രക്തബന്ധമില്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ബന്ധം ഭാര്യ ഭര്‍ത്തൃ ബന്ധമാണെന്ന സത്യം പലരും മനസിലാകാതെ പോകുന്നു.
വിവാഹം എന്നതു വെറും പാരമ്പര്യം നിലനിര്ത്തലെന്നു മാത്രം കരുതുന്നവരുമുണ്ടോ എന്ന സംശയമാണ് സമീപകാല ചില സംഭവങ്ങളിലേക്കു വിരൽ ചൂണ്ടുന്നത്.
പഴയ ചില സിനിമകള്‍ ഓര്മ വരുന്നു. ആ സിനിമകളില്‍ നായകന്റെ കല്യാണം നടക്കാന്‍ പോകുന്നു.
പിന്നെ കാണിക്കുന്നത് നായകന്റെ വീട്ടിലേക്കു മുകളില്‍ കിടക്ക വച്ചു കെട്ടിയ കാറോ ഓട്ടോറിക്ഷയോ വരുന്ന രംഗമാകാം.
സ്വന്തം വീട്ടിലേക്ക് ഒരു കിടക്ക വാങ്ങണമെങ്കില്‍ പോലും സ്ത്രീധനം വാങ്ങിയിട്ടു വേണം എന്ന തികച്ചും മോശമായ അവസ്ഥയാണ് ആ രംഗങ്ങള്‍ നമുക്ക് കാട്ടിത്തന്നത്.
കഷ്ടം തന്നെ. സ്ത്രീധനം എന്ന സംവിധാനം നിരോധിച്ചിട്ടും ഇന്നും അതു തുടരുന്നു.
നൂറു പവനും കാറും ഏക്കര്‍ കണക്കിനു സ്ഥലവും സ്ത്രീധനമായി നല്‍കിയിട്ടും പോരാ പോരാ എന്നു പറഞ്ഞുള്ള സ്ത്രീധന പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.
പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമായാല് സഹസ്രം മതിയെന്നും… കുഞ്ചന്‍ നമ്പ്യാരുടെ കാലനില്ലാത്ത കാലം ഓര്‍ത്തു പോകുന്നു… ഫലമോ… തുടരുന്ന ആത്മഹത്യയും കൊലപാതങ്ങളും