അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകുട്ടി. പുലർച്ചെ നാലുമണിയാകുമ്പോൾ അവളെ കാണാനില്ല. അച്ഛനമ്മമാരും മുത്തച്ഛനും ഭയവിഹ്വലരായി ചുറ്റുപാടും വിളിച്ചുനടക്കുന്നതിനിടെ അര കിലോമീറ്റർ അകലെയുള്ളൊരു വീട്ടിൽ നിന്ന് ഒരു ഫോൺകോൾ. അവൾ അവിടെയുണ്ടെന്ന്.
ആശ്വാസവും ആശങ്കയും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ പേടിച്ചരണ്ട പെൺകുട്ടിയെ വീട്ടിലെത്തിച്ചു. ഒരു മാമൻ തന്നെ കട്ടിലിൽനിന്ന് എടുത്തുകൊണ്ടുപോയി അകലെയുള്ള വയലിലെത്തിച്ച് ഉപദ്രവിച്ചെന്നും കാതിലെ കമ്മൽ അഴിച്ചെടുത്തു കൊണ്ടുപോയെന്നും പറഞ്ഞു. ഇങ്ങനെയൊക്കെ ശരിക്കും സംഭവിക്കുമോ എന്ന് എല്ലാവരും സംശയിച്ചുനിന്നു.
തൊട്ടുപിന്നാലെ പോലീസെത്തി. അവരുടെ സഹായത്തോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ആശങ്കകൾ ശരിവയ്ക്കുന്ന ഫലം വന്നു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിലാണെങ്കിലും ഗ്രാമാന്തരീക്ഷമുള്ളൊരു പ്രദേശമാണ്. ഇതുപോലൊരു സംഭവം ഇതുവരെ അവിടെ കേട്ടുകേൾവി പോലുമില്ല. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ആശങ്ക അകറ്റണമെങ്കിൽ അജ്ഞാതനായ അക്രമിയെ എത്രയും പെട്ടെന്ന് പിടിച്ചേ തീരൂ എന്ന് പോലീസിന് ഉറപ്പായിരുന്നു.