ബർലിൻ: ഡീസൽ മലിനീകരണ തട്ടിപ്പ് വിവാദത്തിൽ ജർമൻ കാർ നിർമാതാക്കളായ ഫോക്സ് വാഗന് വീണ്ടും തിരിച്ചടി. മലിനീകരണം കുറച്ചു കാണിക്കുന്ന സോഫ്റ്റ് വെയർ ഘടിപ്പിച്ച കാറുകൾ വാങ്ങി കബളിപ്പിക്കപ്പെട്ട ഉപയോക്താക്കൾ നഷ്ടപരിഹാരത്തിന് അർഹരാണെന്നും ആവശ്യപ്പെട്ടാൽ അതു നൽകാൻ കന്പനിക്കു ബാധ്യതയുണ്ടെന്നും കോടതി വിധി.
പരാതിയുള്ള ഉപയോക്താക്കൾക്ക് കാർ തിരികെ ഏൽപ്പിച്ച് നഷ്ടപരിഹാരം വാങ്ങാവുന്നതാണെന്നും ഫെഡറൽ കോർട്ട് ഓഫ് ജസ്ററിസ് വ്യക്തമാക്കി. ഫോക്സ് വാഗൻ ഷരൻ കാർ വാങ്ങിയ ആൾ നൽകിയ ഹർജിയിലാണ് സുപ്രധാന വിധി.
ഏറ്റവും കുറഞ്ഞ മലിനീകരണമുണ്ടാക്കുന്ന കാർ എന്ന പരസ്യത്തിൽ വിശ്വസിച്ചാണു താനിതു വാങ്ങിയതെന്നും കബളിപ്പിക്കപ്പെട്ടു എന്നുമുള്ള ഉപയോക്താവിന്റെ വാദം കോടതി അംഗീകരിച്ചു. കാർ തിരിച്ചെടുത്ത് 25,600 യൂറോയും പലിശയും നൽകാനും കോടതി നിർദേശിച്ചു. 31,500 യൂറോയ്ക്കാണ് 2014ൽ ഈ കാർ വാങ്ങിയത്.
സമാനമായ അറുപതിനായിരത്തിലധികം കേസുകൾ രാജ്യത്തെ വിവിധ കോടതികളുടെ പരിഗണനയിലാണ്. വിവിധ കോടതികൾ വിവിധ രീതിയിൽ നിരീക്ഷണങ്ങൾ നടത്തിവരുന്ന വിഷയത്തിൽ ഫെഡറൽ കോടതി വിധി പൊതുവായൊരു മാർഗനിർദേശം പോലെ പ്രവർത്തിക്കാനിടയുണ്ടെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ