ടൊറോന്റോ: നയാഗ്ര മലയാളി സമാജത്തിനു ഉപദേശക സമിതിയിലേക്ക് അഞ്ചുപേരെ തെരഞ്ഞെടുത്തു. നയാഗ്ര റീജണിന്റെ വിവിധ മേഖലകളിൽ നിന്നും മേഖലക്ക് പുറത്തു നിന്നും ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഉപദേശക സമിതി രൂപീകരിച്ചിരിക്കുന്നത്. വെലന്റിൽ നിന്നും സുജിത് ശിവാനന്ദ്, സെന്റ് കാതറീൻസിൽ നിന്നും ഷെഫീഖ് മുഹമ്മദ്, നയാഗ്രയിൽ നിന്നും വർഗീസ് ജോസ്, രാജീവ് വാരിയർ എന്നിവരും മേഖലക്ക് പുറത്തു നിന്നും പ്രസാദ് മുട്ടേലുമാണ് സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ക്രിയാത്മകമായ അഭിപ്രായങ്ങളിലൂടെ സമാജത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഇവർ നിർദേശങ്ങൾ നൽകും. മെയ് 17നു ഓണ്‍ലൈനിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഉപദേശക സമിതിയിലേക്കുള്ള അംഗങ്ങളുടെ പേരുകൾ നാമനിർദ്ദേശം ചെയ്തത്.
10 വർഷമായി വെല്ലാൻഡിൽ താമസിക്കുന്ന സുജിത്ത് ശിവാനന്ദ് പ്രൊഫഷണൽ മാനേജ്മെന്റ് കോണ്സൾട്ടന്റാണ്. പ്രശസ്ത മാനേജ്മന്റ് കോണ്സൾട്ടൻസിയായ കെപിഎംജിയിൽ പാർട്ടണർ സ്ഥാനവും വിവിധ രാജ്യങ്ങളിലെ പദ്ധതികൾക്ക് നേതൃത്വവും വഹിച്ചിട്ടുണ്ട്. പാരിസിലെ ഇൻപിയിയിൽ നിന്ന് എംബിഎയും ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ ബിസിനസിൽ ഡിപ്ലോമയും കേരളത്തിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
കഴിഞ്ഞ 10വർഷമായി നയാഗ്ര ഫാൾസിൽ താമസിക്കുന്ന വർഗീസ് ജോസ് ആരോഗ്യ മേഖലയിൽ രജിസ്റ്റേർഡ് നഴ്സായി സേവനം അനുഷ്ഠിക്കുന്നു. യുഎഇ, യുകെ തുടങ്ങിയ സ്ഥലങ്ങളിലും നേഴ്സ് ആയി സേവനം അനുഷ്ടിച്ചു. നഴ്സിംഗ് ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് കോളേജ് ഓഫ് നഴ്സിംഗിൽ, പ്രിൻസിപ്പൽ തസ്തികയിൽ ജോലി ചെയ്തു. എംജിആർ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥാമാക്കിയിട്ടുണ്ട്.
14 വർഷത്തിലേറെയായി നയാഗ്ര ഫാൽസിൽ സ്ഥിരതാമസമായ രാജീവ് വാരിയർ, ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് രംഗത്താണ് സേവനം അനുഷ്ഠിക്കുന്നത്. എംഎസ്സി ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ രാജീവ്, ഐബിഎമ്മിന്റെ കന്പ്യൂട്ടർ മാനേജ്മന്റ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്. എഫ്ഡിസി ഇന്ത്യ, വിപ്രോ ഇന്ത്യ, എമിറൈറ്സ് നിയോണ്‍ ദുബായ്, ഡേറ്റ പ്രൊ ഇന്ത്യ, എൻഫ്പിസി അബുദാബി തുടങ്ങിയ കന്പനികളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്.
സെന്റ് കാതറൈൻസിലെ മലയാളികൾക്കിടയിലെ ബിസിനസ് മുഖമാണ് ഷെഫീഖ് മുഹമ്മദ്. ഓസ്ട്രേലിയയിൽ നിന്ന് പാചക കലയിൽ ഡിപ്ലോമ സ്വന്തമാക്കിയ ഷെഫീഖ്, ഓസ്ട്രേലിയയിലെ തന്നെ പ്രമുഖ ഹോട്ടലായ ബ്രൂക്വൈൽ ഹോട്ടലിൽ നാലര വർഷത്തെ സേവനത്തിനു ശേഷമാണ് കാനഡയിലെത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഹോട്ടൽ ബിസിനസ് രംഗത്തുള്ള ഷെഫീഖ് സെന്റ് കാതറൈൻസിൽ സ്ഥിര താമസമാണ്.
കഴിഞ്ഞ 12 വർഷമായി ആരോഗ്യ രംഗമാണ് പ്രസാദ് മുട്ടേലിന്റെ സേവന മേഖല. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്നും നഴ്സിംഗിൽ ബിരുദം കരസ്ഥാമാക്കിയ പ്രസാദ് മുട്ടേൽ ഡൽഹി കുവൈറ്റ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ബ്രന്റ്ഫോർഡിലെ ബ്രന്റ്വുഡ് സർവീസസിലാണ് നിലവിൽ സേവനം അനുഷ്ഠിക്കുന്നത്. നയാഗ്ര മലയാളി സമാജത്തിന്റെ രൂപീകരണ സമയം മുതൽ സഹകരിച്ചു പ്രവർത്തിക്കുന്ന പ്രസാദ് ഇപ്പോൾ പാരിസിൽ സ്ഥിരതാമസമാണ്.