ബമാക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ രണ്ടു സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 ഫ്രഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഇസ്ലാമിസ്റ്റ് ജിഹാദികൾക്ക് എതിരേ ആക്രമണ ദൗത്യവുമായി പോയ കോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ദുരന്തത്തിൽ ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ ദുഃഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
മാലിയുടെ വടക്കൻ മേഖല ഇസ്ലാമിസ്റ്റുകൾ കൈയടക്കിയതിനെത്തുടർന്ന് 2013-ലാണു ഫ്രഞ്ച് സൈനികരെ മാലിയിലേക്കു നിയോഗിച്ചത്. മൗരിറ്റാനിയ, നൈജർ, ബുർക്കിനാഫാസോ, ഛാഡ് എന്നീ രാജ്യങ്ങളുടെ സൈനികരും ജിഹാദികളെ നേരിടാൻ മാലി സൈന്യത്തെ സഹായിക്കുന്നുണ്ട്.