ദാർഎസ് സലാം: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ കടത്തുബോട്ട് മുങ്ങി മരിച്ച 136 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.നിരവധി പേരെ കാണാതായി. വ്യാഴാഴ്ച നടന്ന ദുരന്തത്തിൽ മരണം 200 കവിയുമെന്ന് റെഡ്ക്രോസ് വക്താവ് ഗോഡ്ഫ്രീഡാ ജോലാ ആശങ്ക പ്രകടിപ്പിച്ചു. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ തടാകം.
എംവാൻസ മേഖലയിലെ ബുഗാറോറയിലേക്കു വരുകയായിരുന്ന എംവി നെരേരെ എന്ന കടത്തുബോട്ടാണ് മുങ്ങിയത്. നൂറു പേരെ മാത്രം കയറ്റാൻ ശേഷിയുള്ള ബോട്ടിൽ അഞ്ഞൂറോളം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേരെ രക്ഷിച്ചതായി ടാൻസാനിയൻ അധികൃതർ പറഞ്ഞു. വെളിച്ചക്കുറവുമൂലം വ്യാഴാഴ്ച രാത്രി കാര്യമായ രക്ഷാപ്രവർത്തനം നടത്താനായില്ല. ഇന്നലെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.
ദുരന്തത്തിൽ ഫ്രാൻസിസ് മാർപാപ്പ അഗാധ ദുഃഖം പ്രകടിപ്പിച്ചു. ടാൻസാനിയൻ പോലീസ് മേധാവി സിമോൺ സിറോ എംവാസ ദുരന്തമേഖലയിൽ സന്ദർശനം നടത്തി. ടാൻസാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങൾക്കിടയിലാണ് വിക്ടോറിയ തടാകം. മേഖലയിലെ കടത്തുബോട്ടുകളിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുന്നതു പതിവാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. 1996ൽ ലേക് വിക്ടോറിയയിൽ കടത്തുബോട്ടു മുങ്ങി 800 പേർക്കു ജീവഹാനി നേരിട്ടിരുന്നു. 2011ൽ ഇന്ത്യൻ മഹാസമുദ്രത്തിലെ സാൻസിബാർ ദ്വീപിനടുത്ത് കടത്തുബോട്ട് മുങ്ങി 200 പേർ മരിച്ചു. 620 പേരെ കയറ്റാൻ ശേഷിയുണ്ടായിരുന്ന ബോട്ടിൽ 1000 പേരാണ് കയറിയത്.