ജോഹന്നാസ്ബർഗ്: അന്തരിച്ച ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ഡേലയുടെ മുൻഭാര്യ വിന്നി മഡിക്കസേല മണ്ഡേല (81) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്നു. ജോഹന്നാസ്ബർഗിലെ നെറ്റ് കെയർ മിൽപാർക്ക് ഹോസ്പിറ്റലിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അന്ത്യമെന്ന് അവരുടെ വക്താവ് വിക്ടർ ഡലാമിനി അറിയിച്ചു.
വർണവിവേചനവിരുദ്ധ സമരത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചെങ്കിലും അക്രമത്തിനു കൂട്ടുനിൽക്കുകയും അഴിമതി നടത്തുകയും ചെയ്തെന്ന ആരോപണത്തിൽ കുടുങ്ങി പൊതുജീവിതത്തിൽനിന്ന് അപമാനിതയായി പുറത്തുപോകേണ്ടിവന്ന വിവാദ നായികയാണ് വിന്നി. ഭർത്താവ് ജയിലിലായിരുന്ന അവസരത്തിൽ പുറത്തുനിന്ന് സമരം ചെയ്ത വിന്നിയെ രാഷ്ട്രമാതാവ് എന്നാണ് അനുയായികൾ വിളിച്ചത്. എന്നാൽ അഴിമതിയും ധൂർത്തും അവരുടെ പ്രശസ്തിക്കു മങ്ങലേല്പിച്ചു.
നെൽസൺ മണ്ഡേല-വിന്നി ദാന്പത്യം 38 വർഷം ദീർഘിച്ചു. ഇതിൽ 27വർഷത്തോളം നെൽസൺ ജയിലിലായിരുന്നു.1990ൽ ജയിൽ മോചിതനായ നെൽസൺ മണ്ഡേല വിന്നിയുടെ കൈപിടിച്ച് പുറത്തുവരുന്ന ദൃശ്യം ലോകം ആവേശത്തോടെയാണ് വീക്ഷിച്ചത്. എന്നാൽ രണ്ടുവർഷത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. 1996ൽ വിവാഹ മോചിതരായി. 1998ൽ 80-ാം വയസിൽ നെൽസൺ മണ്ഡേല മുൻ മൊസാംബിക് പ്രസിഡന്റ് സമോറ മാച്ചെലിന്റെ വിധവ ഗ്രേക്കായെ വിവാഹം ചെയ്തു.2013 ഡിസംബറിൽ 95-ാംവയസിൽ അന്തരിച്ച നെൽസൺ മണ്ഡേല തന്റെ വിൽപ്പത്രത്തിൽ വിന്നിയുടെ പേരുപോലും പരാമർശിച്ചില്ല.
വർണവിവേചന സമരകാലത്തു പ്രസ്ഥാനത്തിൽ നിന്നു കൂറുമാറുന്നവരെ നിഷ്ഠുരമായി ശിക്ഷിക്കാൻ വിന്നി മുൻകൈയെടുത്തു. വിന്നിയുടെ സുരക്ഷാച്ചുമതല വഹിച്ചിരുന്ന മണ്ഡേല യുണൈറ്റഡ് ഫുട്ബോൾ ക്ലബ് പലരെയും തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്തതായി ആരോപണം ഉയർന്നു. നെൽസൺ മണ്ഡേല പ്രസിഡന്റായശേഷം അല്പകാലം വിന്നി കാബിനറ്റിൽ ഡെപ്യൂട്ടിമന്ത്രി പദവി വഹിച്ചെങ്കിലും വൈകാതെ അച്ചടക്കനടപടി എടുത്ത് അവരെ പുറത്താക്കി. മോഷണം, വഞ്ചന, അഴിമതിക്കുറ്റങ്ങൾ ചുമത്തപ്പെട്ടതിനെത്തുടർന്ന് 2003ൽ അവർ എംപിസ്ഥാനം രാജിവച്ചു.