ജൊഹാനസ്ബർഗ്: മഹാത്മാഗാന്ധിയുടെയും നെൽസൺ മണ്ടേലയുടെയും വഴിയിൽ സമാധാനത്തിനായി ഇന്ത്യൻ സംഘം ദക്ഷിണാഫ്രിക്കയിൽ നടത്തിയ ദീർഘദൂര നടത്തത്തിനു പരിസമാപ്തി. സെപ്റ്റംബർ 21ന് ആരംഭിച്ച നടത്തം 1200 കിലോമീറ്റർ പിന്നിട്ട് വെള്ളിയാഴ്ച മണ്ടേലയുടെ ജന്മനാടായ എംവേസോയിൽ അവസാനിച്ചു.
സമാധാനം ലക്ഷ്യമിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലും ദീർഘദൂര നടത്തം സംഘടിപ്പിച്ച നിതേഷ് സോനാവാനയാണ് നേതൃത്വം നല്കിയത്. പൂന സ്വദേശികളായ യോഗേഷ് മഥുരിയ, സംഗ്രാം പാട്ടീൽ, ദിലീപ് തന്പോൽക്കർ, ഗാന്ധി ആശ്രമത്തിലെ ജലന്തർനാഥ് ചന്നോലെ, ജാപ്പനീസ് സന്യാസി നിപ്പോസാൻ മ്യോഹോജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദക്ഷിണാഫ്രിക്കയിലെ മൂന്നു പ്രവിശ്യകൾ സംഘം നടന്നുപിന്നിട്ടു. ആദ്യ സ്റ്റോപ് കുനുവിലെ മണ്ടേല മ്യൂസിയം ആയിരുന്നു. ദിവസം ശരാശരി 25 കിലോമീറ്ററാണ് പിന്നിട്ടത്. വെള്ളക്കാരും കറുത്തവരും ഇന്ത്യക്കാരും വലിയ പിന്തുണയാണു നല്കിയതെന്ന് സോനാവാന പറഞ്ഞു. പലരും മുന്നറിയിപ്പു നല്കിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.