ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. പുതിയ റിലീസ് അഭിരാമിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന നഴ്സാണ് ഗായത്രി.
ടൈറ്റിൽ കഥാപാത്രം. ഒരു ദിവസം അഭിരാമി വൈറലാകുന്നതും അവളുടെ ജീവിതം മാറിമറിയുന്നതുമാണ് സിനിമ. ഗായത്രിയുടെ ജീവിതവുമായി അടുത്തുനില്ക്കുന്ന വേഷമെന്നു തോന്നിയാല്‍ അതിശയമില്ല.
ഗായത്രി സുരേഷ് എന്നു ഗൂഗിള്‍ ചെയ്താല്‍ സിനിമാവിശേഷങ്ങളേക്കാള് ട്രോളുകളാവും മുന്നിലെത്തുക. തുറന്നുപറയാന്‍ ഏറെ ഇഷ്ടമുള്ള ഗായത്രിയുടെ കമന്റുകളും നിലപാടുകളും പലപ്പോഴും വൈറല്‍, ട്രോളര്‍മാര്‍ക്കു പ്രിയങ്കരം. പക്ഷേ, അഭിരാമിയിലെ വേഷം വളരെ യാദൃച്ഛികമായി സംഭവിച്ചതാണെന്നു ഗായത്രി രാഷ്്ട്ര ദീപികയോടു പറഞ്ഞു.
തുടക്കത്തില്‍ കൈനിറയെ ചിത്രങ്ങള്‍
2014ല്‍ മിസ് കേരളയായപ്പോള്‍ പ്രധാന ലക്ഷ്യം സിനിമ തന്നെയായിരുന്നു. മധുരനാരങ്ങയില്‍ അസി. ഡയറക്ടറായ സുഹൃത്തു നല്കിയ ഫോട്ടോ കണ്ട് ചാക്കോച്ചന് എന്നെ ജമ്നാപ്യാരിയിലേക്കു വിളിച്ചു. വീട്ടില്‍ താത്പര്യമുണ്ടായിരുന്നില്ല. ഒറ്റ സിനിമയില്‍ നിര്‍ത്താമെന്നു പറഞ്ഞാണ് അതില്‍ അഭിനയിച്ചത്.
പക്ഷേ, സിനിമയോട് ഇഷ്ടം തോന്നി. അവസരങ്ങള്‍ വന്നു. തുടര്‍ന്ന് ഒരേ മുഖം, സഖാവ്, ഒരു മെക്സിക്കന്‍ അപാരത. മെക്സിക്കന്‍ അപാരത ഇന്‍ഡസ്ട്രി ഹിറ്റായി. തുടര്‍ന്നു വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഷാഫിയുടെ ചില്‍ഡ്രന്‍സ് പാര്‍ക്ക്.
തുറന്നുപറച്ചിലുകളാണോ പിന്നീട് അവസരം കുറച്ചത്..?
തുറന്നുപറയുന്ന ആളുകള്‍ കുറെയുണ്ട്. അവര്‍ക്കൊന്നും അതുണ്ടാവുന്നില്ല. ഞാന്‍ കരിയറിനെ സീരിയസായി എടുത്തില്ല എന്നതാവാം എന്റെ കാര്യത്തില്‍ സംഭവിച്ചത്.
സിനിമയാണ് എനിക്ക് ഏറ്റവുമിഷ്ടം എന്നത് ഈ അടുത്ത കാലം വരെയും ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. സിനിമയ്ക്കൊപ്പംതന്നെ സൗഹൃദങ്ങളും ഇഷ്ടമാണ്. ഞാനന്നു സിനിമയ്ക്കായി ജീവിച്ചില്ല. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ അതിന്റേതായ പ്രശ്നങ്ങള്‍ വന്നിട്ടുണ്ടാവാം. ധാരാളം പുതിയ പെണ്‍കുട്ടികള്‍ കടന്നുവരുന്ന ഈ രംഗത്ത് ജാഗ്രതയോടെ നിന്നില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ല.
മനപ്പൂര്‍വം മാറ്റിനിര്‍ത്തിയതാണോ..?
അതും ഉണ്ടാവാം. തുറന്നുപറച്ചിലുകളും ഏറെ ബാധിച്ചുവെന്നുതന്നെ വിശ്വസിക്കുന്നു. പിന്നെ, സിനിമാലോകത്തു ഭാഗ്യം ഒരു പ്രധാന ഘടകമാണ്. നമ്മുടെ സമയം, ബന്ധങ്ങള്‍, നമ്മള് എവിടെ പ്ലേസ് ചെയ്യപ്പെടുന്നു എന്നതൊക്കെയും പ്രധാനമാണ്.