ഖാർത്തും: മുപ്പതു വർഷമായി സുഡാനിൽ ഏകാധിപത്യ ഭരണം നടത്തിവന്ന പ്രസിഡന്റ് ഒമർ അൽബഷീറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. അറസ്റ്റിലായ പ്രസിഡന്റിനെ സുരക്ഷിതസ്ഥലത്ത് തടവിൽ വച്ചിരിക്കുകയാണെന്നു പ്രതിരോധമന്ത്രി അവധ് ഇബ്നൂഫ് രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ ടിവി പ്രസംഗത്തിൽ പറഞ്ഞു.
ഭരണഘടന സസ്പെൻഡ് ചെയ്ത് മൂന്നു മാസത്തെ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഒരു മാസത്തേക്ക് കർഫ്യൂവും ഏർപ്പെടുത്തി. രാജ്യത്തെ വ്യോമാതിർത്തി 24 മണിക്കൂർ നേരത്തേക്ക് അടച്ചു. രണ്ടുവർഷത്തേക്ക് സൈനിക കൗൺസിൽ ഭരണം നടത്തും. തുടർന്ന് തെരഞ്ഞെടുപ്പു നടത്തും.
മുപ്പതു വർഷമായി ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭരണം നടത്തുന്ന ബഷീറിനെതിരേ ജനങ്ങൾ തെരുവിലിറങ്ങി സമരം ആരംഭിച്ചിട്ട് നാളുകളായി. രാജ്യത്തിന്റെ സാന്പത്തികനില മോശമായതിനെത്തുടർന്നു ഡിസംബറിൽ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി.
സുപ്രധാന പ്രഖ്യാപനം വരുമെന്ന് സൈന്യം അറിയിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ വൻ ജനാവലി തലസ്ഥാനമായ ഖാർത്തുമിലെ ചത്വരങ്ങളിൽ തടിച്ചുകൂടിയിരുന്നു. ബഷീറിന്റെ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ സൈദ്ധാന്തിക പ്രസ്ഥാനമായ ഇസ്ലാമിക് മൂവ് മെന്റിന്റെ ഓഫീസുകൾ റെയ്ഡ് ചെയ്ത സൈനികർ ടിവി സ്റ്റേഷന്റെ നിയന്ത്രണവും പിടിച്ചു. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയയ്ക്കുകയും ചെയ്തു.
1989ൽ അട്ടിമറി നടത്തിയാണു ബഷീർ അധികാരത്തിൽ വന്നത്. തുടർന്ന് ഏകാധിപത്യശൈലിയിൽ ഭരണം നടത്തുകയായിരുന്നു. 2003ൽ ഡാർഫുർ മേഖലയിലെ ജനകീയ മുന്നേറ്റത്തെ ചോരയിൽ മുക്കിക്കൊന്നതിന് രാജ്യാന്തര കോടതി അദ്ദേഹത്തിനെതിരേ യുദ്ധക്കുറ്റം ചുമത്തി. മൂന്നുലക്ഷം പേരെങ്കിലും ഡാർഫുറിൽ കൊല്ലപ്പെട്ടുവെന്നാണു കണക്ക്.