ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കാർമോഷ്ടാക്കളുടെ വെടിയേറ്റ് ഒന്പതു വയസുള്ള ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. ഡർബനിലെ ചാറ്റ്സ്വർത്ത് സ്വദേശിനി സാദിയ സുഖ്രാജ് ആണു മരിച്ചത്. ചാറ്റ്സ്വർത്ത് ഇന്ത്യൻവംശജർ താമസിക്കുന്ന സ്ഥലമാണ്.
തിങ്കളാഴ്ച അച്ഛൻ സാദിയയെ കാറിൽ സ്കൂളിൽ കൊണ്ടുപോകവേ മൂന്ന് ആയുധധാരികൾ ആക്രമിക്കുകയായിരുന്നു. അച്ഛനെ പുറത്താക്കിയശേഷം കുട്ടിയുമായി കാറിൽ കടന്ന അക്രമികളെ നാട്ടുകാർ വാഹനത്തിൽ പിന്തുടർന്നു. ഇരുകൂട്ടരും തമ്മിൽ വെടിവയ്പ്പുണ്ടായി. ഇതിനിടെ അക്രമികളുടെ കാർ ഇടിച്ചുനിന്നു. രണ്ടുപേർ ഇറങ്ങിയോടി. ഒരാൾ മരിച്ചു. സാദിയയെ വെടിയേറ്റനിലയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം അറിഞ്ഞ് മൂവായിരത്തോളം പേർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തി. ഇവരെ നേരിടാൻ പോലീസ് കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. രക്ഷപ്പെട്ട അക്രമികളിലൊരാളെ പോലീസ് പിടികൂടി.