കളിക്കളത്തിലെ കാൽപ്പന്തു കളി വഴിമാറിയപ്പോൾ പിന്നെ ആതുരസേവനം. അതു വഴിതുറന്നത് അൾത്താരയിലേക്ക്. ഫുട്ബോളിനെ പ്രണയിച്ച് തലസ്ഥാനത്തെത്തിയ എട്ടാം ക്ലാസുകാരൻ ജിവി രാജ സ്പോർട്സ് സ്കൂളിലെ താരമായി മാറി. പിന്നീട് വരുമാനം ലക്ഷ്യമിട്ട് ആതുരസേവന രംഗത്ത്. ഇപ്പോഴിതാ വൈദികൻ. ഫാ. ജോണ് ഐക്കരയെന്ന കപ്പൂച്ചിൻ സഭാംഗം.
ഫുട്ബോളിനെ പ്രണയിച്ച പഠനകാലം
ആലപ്പുഴ ജില്ലയിലെ ചെന്നിത്തല ഇരമത്തൂർ വീട്ടിൽ വർഗീസ് മാത്യു-കുഞ്ഞുമോൾ മാത്യു ദന്പതികളുടെ മൂത്തമകനായി ജനിച്ച മോൻസി മാത്യു മൂന്നാം ക്ലാസ് വിദ്യാഭ്യാസം വരെ നാട്ടിലും പിന്നീട് ഒരു വർഷം മാതപിതാക്കൾക്കൊപ്പം ബോംബെയിലും ആയിരുന്നു. തിരികെ നാട്ടിൽ എത്തി മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ് ഫുട്ബോൾ പ്രേമിയായ മോൻസി മാത്യുവിന് ജി.വി രാജ സ്പോർട്സ് സ്കൂളിലേക്ക് സെലക്ഷൻ കിട്ടിയത്. 2002-ൽ ഫുട്ബോൾ കളിയിൽ മികവു പുലർത്തിയതോടെ അണ്ടർ-19 കേരള ടീമിൽ ഇടം നേടി.
അണ്ടർ-19 ൽ കേരളവും മിസോറാമും തമ്മിൽ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കേരളം വിജയക്കൊടി പാറിച്ചപ്പോൾ കേരളത്തിന്റെ മുൻനിര പോരാളിയായിരുന്നു മോൻസി മാത്യു. കാൽപന്തു കളിയിൽതന്നെ തുടരാനും മികച്ച കളിക്കാരനായി പ്രശസ്തി നേടാനും മനസുറച്ചു നിൽക്കുന്പോഴാണ് ഇതുകൊണ്ട് ജീവിതം സുരക്ഷിതമല്ലെന്ന മാതാപിതാക്കളുടെ സംശയത്തിനു മുന്നിൽ മനസ് വഴിമാറേണ്ടി വന്നത്.
വീട്ടുകാരുടെ ആവശ്യപ്രകാരം ജോലി സാധ്യതയുള്ള നഴ്സിംഗ് പഠനത്തിനായി ബാംഗ്ളൂരിലേക്ക് പോയി. വിജയനഗർ ഹോസ്പിറ്റലിൽ മൂന്നര വർഷത്തെ പഠനം. അപ്പോഴും ഫുട്ബോൾ കളി ജീവിതത്തിന്റെ ഭാഗമായിത്തന്നെ തുടർന്നു. പഠന ശേഷം നാട്ടിലെത്തി. മൂന്നുമാസം പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലും നഴ്സായി ജോലി നോക്കുകയായിരുന്നു. ആ സമയങ്ങളിലെല്ലാം നാട്ടിലെ പ്രധാന ക്ലബ്ബുകൾക്കു വേണ്ടി ഫുട്ബോൾ കളിക്കുമായിരുന്നു.
സന്യാസ ജീവിതത്തിലേക്കുള്ള വഴിത്തിരിവ്
പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്പോൾ തന്നെ പല സമയങ്ങളിലും ആശുപത്രിയിലെ ചാപ്പലിൽ പോയി പ്രാർഥിക്കുക പതിവായിരുന്നു. ഒരു ദിവസം ന്യൂറോ സർജറി വാർഡിൽ രാത്രി ഷിഫ്റ്റിൽ ജോലി നോക്കുന്പോഴാണ് സിസ്റ്റർ സുമ എഫ്സിസി കൂടെ ജോലിക്കെത്തിയത്. പരിചയപ്പെട്ടതോടെ പിന്നീട് സൗഹൃദ സംഭാഷണങ്ങളായി. സിസ്റ്റർ ധ്യാനത്തിനു പോകുന്നതായി പറഞ്ഞു. ജീവിത കഥകൾ ഏറെ വായിക്കാൻ താൽപ്പര്യമുള്ള മോൻസി മാത്യു വിശുദ്ധൻമാരുടെ പുസ്തകങ്ങൾ ഉണ്ടെങ്കിൽ എനിക്ക് വായിക്കാൻ കൊണ്ടുവരണമെന്ന് സിസ്റ്ററിനോട് ആവശ്യപ്പെട്ടു. ധ്യാനത്തിനു പോയി മൂന്നു ദിവസം കഴിഞ്ഞ് സിസ്റ്റർ തിരികെയെത്തി. അവർ തമ്മിൽ നേരിൽ കണ്ടില്ല. പക്ഷെ വാർഡിലെ മേശപ്പുറത്ത് രണ്ട് പുസ്തകങ്ങൾ വച്ചിരുന്നു. ഒന്ന് വിശുദ്ധ വിൻസെന്റ് ഡി പോളിന്റെയും മറ്റൊന്ന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടേയും ജീവചരിത്രങ്ങൾ ആയിരുന്നു.
ഈ വായനയിലാണ് വിശുദ്ധ ഫ്രാൻസിസ് അസീസി 24-ാം വയസിൽ ദൈവത്തെ കണ്ടുമുട്ടുന്നതായി അറിഞ്ഞത്. അപ്പോൾ മോൻസിക്കും 24 വയസ് മാത്രമായിരുന്നു പ്രായം. തനിക്കും ഫ്രാൻസിസ് അസീസിയെ പോലെ സാഹോദര്യത്തിന്റെ സന്ന്യാസ ജീവിതം വേണമെന്ന ആഗ്രഹം മനസിൽ തോന്നി.
ഭരണങ്ങാനത്തേക്കുള്ള യാത്ര
സന്ന്യാസ ജീവിതത്തോട് ഏറെ അടുപ്പം തോന്നിയപ്പോൾ അന്ന് വൈദിക വിദ്യാർഥിയായിരുന്ന സഹോദരനോട് കപ്പൂച്ചിൻ സഭയെ കുറിച്ച് അന്വേഷിച്ചു. പിന്നീട് ഭരണങ്ങാനം ആശ്രമത്തിലെ അച്ചനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ജോലി രാജിവച്ച് സന്ന്യാസത്തിലേക്ക് പോകാനുള്ള ആഗ്രഹത്തെ കുറിച്ച് അച്ചനോട് പറഞ്ഞു. പക്ഷെ അച്ചൻ പറഞ്ഞത്, നീ ജോലി രാജി വയ്ക്കരുത് എന്നായിരുന്നു. അച്ചൻ മോൻസിയെ ആശ്രമത്തിലേക്ക് ക്ഷണിച്ചു. നീ ഇവിടെ വന്നു കണ്ട്, മനസിലാക്കി, തെരഞ്ഞെടുക്കുക എന്നായിരുന്നു അച്ചൻ നൽകിയ ഉപദേശം.
സിസ്റ്റർ സുമയോട് താൻ സെമിനാരിയിൽ ചേരാൻ പോകുകയാണ് എന്ന് മോൻസി അറിയിച്ചു. പിന്നീട് വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞു: എനിക്ക് സെമിനാരിയിൽ പോകണം. പക്ഷെ അമ്മയ്ക്ക് ഇത് ഒട്ടും സ്വീകാര്യമല്ലായിരുന്നു. ഇതിനിടയിൽ ആരും അറിയാതെ പുഷ്പഗിരി ആശുപത്രിയിലെ നഴ്സിംഗ് ജോലി രാജിവച്ചു. മുന്പ് അച്ചൻ പറഞ്ഞതു പോലെ സന്ന്യാസ ജീവിതത്തെ കുറിച്ച് മനസിലാക്കാൻ ഭരണങ്ങാനം ആശ്രമത്തിലേക്ക് പോയി. അവിടെ സെമിനാരിക്കാരോട് ചേർന്ന് മൂന്നു ദിവസം താമസിച്ചു. ഈ ദിവസങ്ങളിലാണ് അവിടെനിന്ന് ഒരു അച്ചൻ റോമിലേക്ക് പോയത്. അച്ചനെ എല്ലാവരും കെട്ടിപ്പിടിച്ച് ആശ്ലേഷിച്ച് യാത്രയാക്കുന്ന വേളയിൽ മോൻസിയും അച്ചനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പലപ്പോഴും വിദേശത്തേക്ക് പോകുന്ന പിതാവിനെ പോലും താൻ ഒരിക്കലും ആശ്ലേഷിച്ചിട്ടില്ല. എന്നാൽ രക്തബന്ധത്തേക്കാൾ വലിയ ആത്മബന്ധം ഇവിടെ കാണാനായത് അവന്റെ മനസിനെ ഏറെ സ്വാധീനിച്ചു.
എതിർപ്പുകളെ അതിജീവിച്ച ദൈവിക പദ്ധതി
ഭരണങ്ങാനത്തുനിന്നു വീട്ടിലെത്തി. പിന്നീട് പത്തനംതിട്ടയിൽ അഞ്ചു ദിവസത്തെ ക്യാന്പിൽ പങ്കെടുത്തു. ബന്ധുക്കൾ എല്ലാം താൻ സെമിനാരിയിൽ പോകുന്ന വിവരം അറിഞ്ഞു. എല്ലാവരും എതിർത്തു. ഇടവക വികാരിയായിരുന്ന ജോസഫ് സദനം അച്ചനെ പോയി നേരിൽ കണ്ടു. എതിർപ്പുകൾ ശക്തമാണന്നും അറിയിച്ചു. ഇതെല്ലാം കേട്ട ശേഷം അച്ചൻ പറഞ്ഞു. ഒരു വർഷം ആശ്രമജീവിതം കണ്ടു പഠിക്കാനായി പോകുകയാണെന്ന് എല്ലാവരോടും പറയുക. അങ്ങനെതന്നെ എല്ലാവരോടും പറഞ്ഞു.
ഒരു ദിവസം രാത്രിയിൽ ഉറങ്ങുന്നതിന് മുന്പായി വചനപ്പെട്ടിയിൽ നിന്ന് ഒരു വചനം എടുത്തു വായിച്ചു. യോഹന്നാൻ 15:16. അതിൽ ഇപ്രകാരം പറയുന്നു. നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. കിട്ടിയ വചനത്തെ മനസിൽ ധ്യാനിച്ച് അന്ന് രാത്രി ശാന്തമായി കിടന്ന് ഉറങ്ങി. പിറ്റേന്ന് ഉണർന്ന് എഴുന്നേറ്റു. അതിരാവിലെതന്നെ അപ്രതീക്ഷിതമായത് സംഭവിച്ചു. അമ്മയിൽനിന്ന് അനുകൂലമായ മറുപടി വന്നു. എനിക്ക് ഒരു പ്രശ്നവുമില്ല. നീ സെമിനാരിയിൽ പൊയ്ക്കോ എന്ന് അമ്മ പറഞ്ഞു.
വിവരം അറിഞ്ഞ വിദേശത്തായിരുന്ന പിതാവ് ഒന്നു മാത്രമേ പറഞ്ഞുള്ളു. നിന്നെ വിളിച്ച ദൈവത്തോട് മരണം വരെ നീ വിശ്വസ്ഥനായിരിക്കണം. മോൻസി 2009 ജൂണ് 4ന് വൈദിക പഠനത്തിനായി സെമിനാരിയിലേക്ക് പോയി.
2012ൽ കപ്പൂച്ചിൻ സഭാവസ്ത്രം സ്വീകരിച്ചു. 2018-ൽ സന്ന്യാസത്തിലേക്കുളള നിത്യവൃത വാഗ്ദാനം നടത്തി. 2019 നവംബർ 9-ന് മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽവച്ച് മാവേലിക്കര രൂപത അധ്യക്ഷനും ഇപ്പോഴത്തെ സിബിസിഐ ഫസ്റ്റ് വൈസ് പ്രസിഡന്റുമായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയിൽ നിന്നു തിരുപ്പട്ടം സ്വീകരിച്ച് ഫാ. ജോണ് ഐക്കര എന്ന നാമത്തിൽ കപ്പൂച്ചിൻ സഭയിലെ വൈദികനായി തീർന്നു.
എല്ലാവർക്കും സഹോദരൻ
ജോണ് ഐക്കര അച്ചൻ ഇപ്പോൾ മാവേലിക്കര രൂപതയിലെ ചെങ്ങന്നൂർ, കോടുകുളഞ്ഞി എന്നീ ദേവാലയങ്ങളിൽ വികാരി റോബർട്ട് പാലവിളയിൽ അച്ചനൊപ്പം സഹവികാരിയായി സേവനം ചെയ്യുന്നു. തുടക്കത്തിൽ 6 മാസക്കാലം സ്വന്തം രൂപതയിൽ സേവനം ചെയ്യണമെന്നതിനാലാണ് ഇവിടെ ശുശ്രൂഷയ്ക്കായി നിയോഗിച്ചത്. ഇനിയുള്ള ശുശ്രൂഷകൾക്കായി ജൂൺ അവസാനം പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ കപ്പൂച്ചിൻ ആശ്രമത്തിലേക്കു പോകും.
താൻ മുൻപ് പ്രണയിച്ച ഫുട്ബോളിനായി യുവാക്കൾക്കൊപ്പം കളിക്കളം നിറഞ്ഞു കളിക്കാനും അച്ചൻ ഓടിയെത്താറുണ്ട്. ഇനി ദൈവത്തിന്റെ പടയാളിയായും കളിക്കളത്തിലെ പോരാളിയായും ഐക്കര അച്ചൻ ഉണ്ടാകും.