നിരാശയിൽ ഞാൻ സ്വർഗത്തിലേക്കു മിഴിയുയർത്തി.. രാത്രിയുടെ ഇരുട്ടിലേക്കു നിന്റെ നാമം വിളിച്ചുപറഞ്ഞു... അപ്പോൾ ഇരുട്ടിലൂടെ നിന്റെ കരുണയും സ്നേഹവുമെത്തി,
എന്റെ ആത്മാവിനെ പൊതിഞ്ഞ നിഴലുകൾ കീറിമുറിച്ച്...
ലോകം ഒരു മഹാമാരിയുടെ മുന്നിൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. നാൾക്കുനാൾ സങ്കീർണമാകുന്ന സ്ഥിതിഗതികൾ. എണ്ണമെടുക്കുന്നതിൽ എന്തു സാംഗത്യം എന്നുപോലും ചിന്തിപ്പിക്കുന്ന മരണസംഖ്യ. കറുത്തകാലം കടക്കാൻ ബലമുള്ള മനസുകൾ വേണം. അതിനു ശാസ്ത്രം നൽകുന്ന പിൻബലത്തിനൊപ്പം പ്രാർഥനയും പാട്ടും വേണം.
ബ്രേക്ക് ദ ചെയിൻ
കലിഫോർണിയയിലെ സാൻഡിയാഗോയിൽനിന്നുള്ള ഗായകൻ ഫിൽ വിക്ഹാമിന്റെ (ഫിലിപ് ഡേവിഡ് വിക്ഹാം) ഒരു പാട്ടിലെ വരികളിലൂടെയാണ് തുടക്കത്തിൽ സഞ്ചരിച്ചത്. വിശുദ്ധവാരത്തിൽ ആശ്വാസം പകരുന്ന ഒരു പാട്ടാണത്. ലിവിംഗ് ഹോപ് എന്നുതുടങ്ങുന്ന ആ പാട്ടിൽ പറയുന്നു, യേശുവാണ് ജീവിക്കുന്ന പ്രതീക്ഷയെന്ന്.
വരികളിലൂടെ മുന്നോട്ടുപോയാൽ ഒരിടത്തു കാണാം- ഹല്ലേലൂയാ, ഡെത്ത് ഹാസ് ലോസ്റ്റ് ഇറ്റ്സ് ഗ്രിപ് ഓണ് മി, യു ഹാവ് ബ്രോക്കണ് എവരി ചെയിൻ!
മരണത്തിന്റെ കൊറോണക്കാലത്ത് കേരളം മുന്നോട്ടുവച്ച മുദ്രാവാക്യമാണ് ബ്രേക്ക് ദ ചെയിൻ എന്നത്. രോഗത്തിന്റെ കണ്ണികൾ മുറിക്കുക എന്ന വലിയ സന്ദേശം. മരണത്തിന്റെ ചങ്ങലപ്പാടുകൾ തകർത്ത് ദൈവം എന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു എന്നാണ് പാട്ടിലെ സന്ദേശം. മനസുകൾക്ക് ഈ വരികൾ നൽകുന്ന കരുത്ത് ചെറുതല്ല.
വിക്ഹാമിന്റെ ഏഴാമത്തെ സ്റ്റുഡിയോ ആൽബമായിരുന്നു ലിവിംഗ് ഹോപ്. 2018ലാണ് ഇത് പുറത്തിറങ്ങിയത്. ഇൻസ്റ്റന്റ് ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ആൽബം ചാർട്ടുകളിൽ മുൻനിരയിലെത്തുകയും ചെയ്തു. ആൽബത്തിലെ അതേ പേരിലുള്ള സിംഗിൾ അക്കൊല്ലം മാർച്ചിൽ ദുഃഖവെള്ളി, ഈസ്റ്റർ നാളുകൾക്കു മുന്നോടിയായി വിക്ഹാം അവതരിപ്പിച്ചു.
നിരൂപകരിൽനിന്ന് വളരെ മികച്ച പ്രതികരണമാണ് ലിവിംഗ് ഹോപിനു ലഭിച്ചത്. ടൈറ്റിൽ ട്രാക്കിനു പുറമേ 12 സിംഗിളുകൾകൂടി ആൽബത്തിലുണ്ടായിരുന്നു. കഴിഞ്ഞവർഷം ജിഎംഎ ഡവ് വർഷിപ് റെക്കോർഡഡ് സോംഗ് ഓഫ് ദി ഇയർ അവാർഡ് ലിവിംഗ് ഹോപ്പിനു ലഭിച്ചു. യുട്യൂബിൽ ഇതിനകം ഒന്നരക്കോടിയിലേറെ തവണ ഈ സിംഗിൾ പ്ലേ ചെയ്യപ്പെട്ടിട്ടുണ്ട്.
പാട്ടെഴുത്തും ആലാപനവും
പതിമൂന്നാം വയസിൽ ക്രിസ്ത്യൻ പ്രാർഥനാസംഗീത മേഖലയിൽ എത്തിയതാണ് വിക്ഹാം. മാതാപിതാക്കളായ ജോണും ലിസയും ജീസസ് മൂവ്മെന്റ് ബാൻഡ് അംഗങ്ങളായിരുന്നു. സഹോദരങ്ങൾക്കും സംഗീതപാരന്പര്യമുണ്ട്. പ്രാർഥനാ ഗീതങ്ങൾ കേട്ടുപഠിക്കാൻ ചെറുപ്പത്തിലേ വിക്ഹാമിന് അവസരംകിട്ടി. സ്വന്തമായി എഴുതിനോക്കാനും മാതാപിതാക്കൾ പ്രേരണ നൽകി. കലിഫോർണിയയിൽ പര്യടനം നടത്തിക്കൊണ്ട് അവൻ മുഴുവൻസമയ സംഗീതജ്ഞനായി മാറി.
2014ൽ സ്വനപേടകത്തിലുണ്ടായ ഒരു വളർച്ച നീക്കാൻ വിക്ഹാം ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ഒരു മാസം മുഴുവനായും നിശബ്ദനായിരിക്കണം എന്നായിരുന്നു അതിനുശേഷം ഡോക്ടർമാർ നൽകിയ ഉപദേശം. ശസ്ത്രക്രിയയുടെ മുറിവുകൾ ഉണങ്ങാനുള്ള സമയം. എന്നാൽ തനിക്ക് ഇനി പാടാനാവുമോ എന്ന കടുത്ത ആശങ്കയിലൂടെയാണ് വിക്ഹാം കടന്നുപോയത്. അത് വിഷാദത്തോളം വളർന്നു. എന്നാൽ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം വിക്ഹാമിനു തുണയായി. രണ്ടുവർഷം കഴിഞ്ഞ് ചിൽഡ്രൻ ഓഫ് ഗോഡ് എന്ന പേരുള്ള ആൽബത്തിലൂടെ അദ്ദേഹം തിരിച്ചുവരികയും ചെയ്തു.
പാട്ടെഴുത്തുകാരനും ഗായകനും ഗിറ്റാറിസ്റ്റുമായ ഈ മുപ്പത്തഞ്ചുകാരന്റെ ജന്മദിനമാണ് ഇന്ന്.
സ്നേഹദീപമേ...
അടച്ചുപൂട്ടി വീട്ടിലിരിക്കുകയാണ് ലോകത്തിന്റെ വലിയൊരു ഭാഗവും. പലർക്കും സോഷ്യൽ മീഡിയയാണ് ആകെയുള്ള ആശ്വാസം. സംഗീതജ്ഞരും മൂളിപ്പാട്ടെങ്കിലും പാടാൻ ഇഷ്ടമുള്ളവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പാട്ടുകൾ ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും ഒട്ടേറെപ്പേർ ആസ്വദിക്കുന്നു. മലയാളത്തിൽ ഇങ്ങനെ ഏറ്റവുമധികംപേർ പാടുന്ന പാട്ട് ലോകം മുഴുവൻ സുഖം പകരാനായ് എന്നതാണ്.
ഗായകരും ഉപകരണ സംഗീതജ്ഞരും ഈ പാട്ട് പങ്കുവയ്ക്കുന്നുണ്ട്. എല്ലാവർക്കും വേണ്ടി ഞാനും എന്റെ സംഗീതോപകരണത്തിലൂടെ പ്രാർഥിക്കുന്നു എന്ന കുറിപ്പുസഹിതം നാദസ്വര വിദ്വാൻ ഗോപി നാദരത്നം പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം നാലായിരത്തിലേറെപ്പേരാണ് കണ്ടത്. സ്നേഹദീപമേ മിഴി തുറക്കൂ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ എഴുതി പുകഴേന്തി ഈണമിട്ട് എസ്. ജാനകി പാടിയ ഈ പാട്ടിന് ദുരിതകാലത്തിൽ പുതിയ അർഥങ്ങളുണ്ടാകുന്നു.
ഹരിപ്രസാദ്