ആനയെ വാങ്ങാമെങ്കിൽ തോട്ടികൂടി വാങ്ങിക്കൂടേ... ആളുകൾ ഇങ്ങനെയൊക്കെ ചോദിക്കുന്നത് സ്വാഭാവികം. വിദേശ മലയാളിയും തൊടുപുഴ പൊന്നന്താനം സ്വദേശിയുമായ ജീസ് ജോസ് വേലംകുന്നേൽ മനോഹരമായ ഭവനം നിർമിച്ചപ്പോൾ തന്റെ വീടിനു മുന്നിൽ ഗേറ്റ് വേണ്ടെന്ന ഉറച്ച തീരുമാനമെടുത്തു. അപ്പോൾ പലരും ചോദിച്ചു. എന്തേ ഗേറ്റ് പണിയാത്തത് ? വളരെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
എന്റെ വീട്ടിലേക്ക് ആർക്കും, എപ്പോഴും കടന്നുവരാം. ഗേറ്റ് സ്ഥാപിച്ചാൽ അതിന് തടസമുണ്ടാകും. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളാനും സ്നേഹിക്കാനും കഴിയുകയെന്നത് പ്രയാസമേറിയ കാര്യമാണ്. അതിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഗേറ്റില്ലാത്ത വീട്.
ഈ വാക്കുകളിൽ ഇതൾവിരിയുന്നത് ജീസിന്റെ ജീവിത ദർശനമാണ്. ഖത്തറിൽ ട്രിയൂണ് എൻജിനിയറിംഗ് ആൻഡ് കണ്സ്ട്രക്ഷൻ കന്പനി ഉടമയായ ഇദ്ദേഹം കഴിഞ്ഞ ഡിസംബർ 28ന് പുതിയ വീട് നിർമിച്ച് ഗൃഹപ്രവേശം നടത്തിയപ്പോൾ പാവപ്പെട്ടവർക്കും തലചായ്ക്കാനിടമില്ലാത്തവർക്കുമായി നിർമിച്ചു നൽകിയത് ഒന്നോ രണ്ടോ വീടല്ല, പിന്നെയോ, 14 വീടുകളാണ്.
മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ വീടുകൾ നിർമിച്ചത്. ഓരോ വീടും 1200 ചതുരശ്ര അടി വിസ്തീർണമുള്ളവയാണ്. മൂന്ന് ബെഡ്റൂം, പോർച്ച്, സിറ്റൗട്ട്, ഡൈനിംഗ് ഹാൾ, അടുക്കള, വർക്ക് ഏരിയ, രണ്ട് ടോയ്ലറ്റുകൾ, ആവശ്യമായ ഫർണിച്ചറുകൾ എന്നിവ ഉൾപ്പെടുന്നതാണ് അഴകും മിഴിവുമുള്ള ഓരോ വീടും. വൈദ്യുതി, കുടിവെള്ള സൗകര്യം എന്നിവയെല്ലാം ഓരോ വീട്ടിലും ഉണ്ട്. 5000 ലിറ്റർ വാട്ടർ ടാങ്ക് ഓരോ വീട്ടിലും സ്ഥാപിച്ചിട്ടുണ്ട്.
രാജമ്മ, തോമസ്, ടൈറ്റസ്...
വടക്കുംമുറിയിൽ രാജമ്മയ്ക്കാണ് ജീസ് ആദ്യത്തെ വീട് നിർമിച്ച് നൽകിയത്. പിന്നീട് തോമസ് പടുക്കാച്ചി, ടൈറ്റസ് ജോസ് മുണ്ടയ്ക്കാട്ട്, സാബു പൂവന്തുരുത്തിൽ, സജി വേലൻകുന്നേൽ, സജി ആനത്താരയ്ക്കൽ, സോഫിയ ബേബി തെക്കേൽ, ബിനോയ് വള്ളിയാന്താനത്ത്, രാമൻ കളപ്പുരയ്ക്കൽ, ഭാസ്കരൻ വെള്ളാരംപാറ, രാജു അപ്പാച്ചിക്കുളം, തോമസ് വേലിക്കാത്ത്, പാപ്പച്ചൻ വല്ലൂർ, മനീഷ് ഇടവര എന്നിവർക്കും വീടു നിർമിച്ചു നൽകി. തന്റെ ഗൃഹപ്രവേശത്തിന് മുന്പ് മുഴുവൻ വീടുകളും നിർമിച്ചു നൽകുക എന്നതായിരുന്നു ജിസിന്റെ സ്വപ്നം. ആ സ്വപ്നം സഫലമായപ്പോൾ ജീസിനും കുടുംബത്തിനുമൊപ്പം ഒരു നാട് മുഴുവനും സന്തോഷിച്ചു.
പിതാവ് വി.കെ.ജോസഫിന്റെ അനുജൻ കുര്യൻ വേലൻകുന്നേൽ അഞ്ചു വീടിനുള്ള സ്ഥലം സൗജന്യമായി നൽകി സ്നേഹ ഭവനങ്ങളുടെ നിർമാണത്തിന് കൈത്താങ്ങായി. മറ്റുള്ളവർക്ക് അവരവരുടെ സ്ഥലത്ത് വീട് നിർമിച്ച് നൽകുകയായിരുന്നു.ആദ്യം 5 വീട് നിർമിക്കാൻ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. പിന്നീട് കഷ്ടപ്പെടുന്നവരെ കണ്ടുമുട്ടിയപ്പോൾ ‘നോ’ എന്ന് പറയാൻ മനസ് അനുവദിച്ചില്ലെന്ന് ജീസ് പറഞ്ഞു.
2017 - 19 കാലഘട്ടത്തിൽ പൊന്നന്താനം സെന്റ് പീറ്റർ ആൻഡ് പോൾസ് പള്ളി വികാരിയും ഇപ്പോൾ തൊടുപുഴ ന്യൂമാൻ കോളജ് വൈസ് പ്രിൻസിപ്പലുമായ റവ. ഡോ. മാനുവൽ പിച്ചളക്കാട്ടാണ് പാവപ്പെട്ടവർക്ക് വീട് നിർമിച്ച് സ്നേഹത്തിന്റെ പറുദീസ രൂപപ്പെടുത്താൻ പ്രചോദനം നൽകിയത്.
ഇപ്പോഴത്തെ വികാരിയായ ഫാ. ജെയിംസ് ഐക്കര മറ്റം, മ്രാല സെന്റ് പീറ്റർ ആൻഡ് പോൾ പള്ളി വികാരി ഫാ. ഫിലിപ്പ് ആനിമൂട്ടിൽ, മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്റർ സെന്റർ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയ താഴത്ത് എന്നിവരും ഈ സുകൃത വഴിയിലേക്ക് തിരിയാൻ വഴികാട്ടികളായി.
മാതാപിതാക്കൾ തെളിച്ച വഴിയേ
തന്റെ പ്രിയപ്പെട്ട മാതാപിതാക്കൾ പകർന്നു നൽകിയ നല്ല ഉപദേശങ്ങൾ ജീവിതത്തെ പ്രകാശപൂരിതമാക്കുന്നതായിരുന്നു. മൂത്ത സഹോദരൻ ജോബി (പോസ്റ്റ്മാസ്റ്റർ അറക്കുളം) ഇരട്ട പിറന്ന ജിജി ഷാജി (യുകെ) എന്നിവരുമായുള്ള ഉൗഷ്മളമായ അടുപ്പം ജീവിതത്തിൽ സ്നേഹത്തിന്റെ ഇഴകൾ നെയ്തെടുക്കാൻ ഒത്തിരി സഹായിച്ചതായി ജീസ് പറയുന്നു.
ആ ഇഴയടുപ്പം കാരണം തറവാട് വീടിന്റെ മുറ്റത്ത് തന്നെയാണ് ജീസ് തന്റെ പുതിയ ഭവനം നിർമിച്ചത്. സഹോദരങ്ങൾ ഒരുമിച്ച് വസിക്കുന്നത് ശ്രേഷ്ഠമാണെന്ന വിശുദ്ധ ഗ്രന്ഥത്തിലെ വചനം പാദങ്ങൾക്ക് വിളക്കും വഴികളിൽ പ്രകാശവുമായതായി ജീസ് അനുസ്മരിച്ചു.
ഇദ്ദേഹം നിർമിച്ച പുതിയ വീടിന്റെ ശ്രദ്ധാകേന്ദ്രം അതിമനോഹരമായ പ്രാർഥനാ മുറിയാണ്. ഈശോ, പരിശുദ്ധ മറിയം, യൗസേപ്പിതാവ്, മദർ തെരേസ, ജോണ് പോൾ രണ്ടാമൻ പാപ്പാ, ജോണ് മരിയ വിയാനി, ചാവറയച്ചൻ, എവുപ്രാസിയാമ്മ, അൽഫോൻസാമ്മ ,പത്രോസ് പൗലോസ് ശ്ലീഹന്മാർ, സിസ്റ്റർ റാണി മരിയ, തേവർപറന്പിൽ കുഞ്ഞച്ചൻ തുടങ്ങിയവരുടെ തിരുസ്വരൂപങ്ങൾ കൊണ്ട് അലംകൃതമാണ് ഇവിടം. ആരോരുമില്ലാത്ത ആകാശപ്പറവകളുടെ കൂടാരമായ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തോടനുബന്ധിച്ചുള്ള മദർ ആൻഡ് ചൈൽഡിലെ ഫാ. ബെന്നി ഓടയ്ക്കലാണ് പ്രാർഥനാമുറി ഡിസൈൻ ചെയ്തത്.
ജീസ് നാട്ടിൽ ഉണ്ടെന്നറിഞ്ഞാൽ ധാരാളം പേർ അദ്ദേഹത്തെ കാണാൻ എത്തും. അവരെ നിറപുഞ്ചിരിയോടെ സ്വീകരിക്കുന്നത് ജീസിന്റെ രീതിയാണ്. പുറത്തിറങ്ങിയാൽ കണ്ടുമുട്ടുന്ന വരോട് സൗഹൃദം പുതുക്കാനും കുശലാന്വേഷണം നടത്താനും അദ്ദേഹം സമയം കണ്ടെത്തുന്നു.
പൊന്നന്താനം തട്ടാരത്തട്ട യുപി സ്കൂളിന് കെജി സെക്ഷനില്ലാതിരുന്നതു മൂലം ഇവിടെ കുട്ടികൾ കുറവായിരുന്നു. ഈ കുറവ് പരിഹരിക്കാൻ 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് കെജി വിഭാഗവും ലാബും നിർമിച്ചു നൽകി.
ജീസിന്റെ കാരുണ്യത്തിന്റെ തൂവൽസ്പർശം അനുഭവിച്ചറിഞ്ഞ ഒത്തിരിപ്പേരുണ്ട് ഈ നാട്ടിൽ. എന്നാൽ അതൊന്നും ആരും അറിയേണ്ടെന്ന സുചിന്തിതമായ അഭിപ്രായമാണ് ഇദ്ദേഹത്തിനുള്ളത്. ഒരുകാര്യം ജീസ് ഉറപ്പിച്ചു പറയും: ദൈവപരിപാലനയുടെ തണലിലാണ് തന്റെ ജീവിതം തളിരണിഞ്ഞത്. തമിഴ്നാട് യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടിയ ജീസ് ഖത്തറിലുള്ള കണ്സ്ട്രക്ഷൻ കന്പനിക്കിട്ട പേരിലുണ്ട് പ്രത്യേകത. ട്രിയൂണ് എന്നാൽ ത്രീത്വം എന്നാണർഥം.
കദളിക്കാട് കൊല്ലിയിൽ ബിന്ദു ജോർജ് ആണ് ഭാര്യ. ഇരട്ട പിറന്ന ജീസിന് ഇരട്ടകളായ രണ്ടു മക്കളുണ്ട്. വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ വിദ്യാർഥികളായ ജെബിനും ജെൽബിനും. ഇളയവളായ ജൂലിയറ്റ് വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാദമിയിലാണ് പഠിക്കുന്നത്. കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. എന്നാൽ കാലത്തിനു മുൻപേ സഞ്ചരിച്ച് പരസ്പരം സ്നേഹിച്ചും പങ്കുവച്ചും ജീവിച്ച് , ഹൃദയവീണയിൽ സ്നേഹത്തിന്റെ പുതുരാഗംമീട്ടി നഷ്ടപ്പെട്ടുപോയ പറുദീസ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ജീസും കുടുംബവും.
ജോയി കിഴക്കേൽ