ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നു പറയാറുണ്ട്. ഇതതല്ല. കൊറോണയ്ക്കിടയ്ക്ക് പാട്ടുകച്ചവടമാണ്. പകുതി തമാശ, ബാക്കി പകുതി കാര്യം!
ലോകം കോവിഡ് 19 അഥവാ കൊറോണ മഹാമാരിയുടെ പിടിയിൽ ഞെരുങ്ങുകയാണ്. തീർത്തും ഗുരുതരമായ അന്തരീക്ഷമാണെങ്ങും. മുൻകരുതലിന്റെയും പ്രതിരോധത്തിന്റെയും വഴികളിലൂടെ നടക്കുകയാണ് ആരോഗ്യപ്രവർത്തകർ. അതിനിടയിലിതാ ഒരു കൊറോണപ്പാട്ട് ഹിറ്റായിരിക്കുന്നു!.
ഡൊമിനിക്കൻ ഡെംബോ
തൊണ്ണൂറുകളുടെ പകുതിയോടെ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ജനപ്രിയമായ സംഗീത ശൈലിയാണ് ഡെംബോ. (ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്നുള്ള ഒരു പാട്ട് അടുത്തകാലത്ത് നമ്മുടെ നാട്ടിൽ സൂപ്പർഹിറ്റായിരുന്നു- കുലിക്കിത്താക്കാത്തി!). റാപ്പ്, ഹിപ് ഹോപ് ശൈലികളിൽനിന്ന് രൂപപ്പെട്ടുവന്നതാണ് ഡെംബോ. കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്ക് ഒട്ടേറെ പ്രയോക്താക്കളും ആരാധകരും ഈ ശൈലിക്കുണ്ടായി. ഡെംബോ ഗായകരിൽ പ്രശസ്തനാണ് യോഫ്രേഞ്ചൽ 911. കൊറോണ വൈറസിനെ അടിസ്ഥാനമാക്കി അദ്ദേഹമുണ്ടാക്കിയ മ്യൂസിക് വീഡിയോ യുട്യൂബിൽ തരംഗമായിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച അപ്ലോഡ് ചെയ്ത പാട്ട് ഈ കുറിപ്പു തയാറാക്കുന്നതുവരെ 28 ലക്ഷത്തോളം തവണ പ്ലേ ചെയ്യപ്പെട്ടുകഴിഞ്ഞു! സംഗതി ട്വിറ്ററിലും പകർന്നു.
പാട്ടിലുടനീളം ഒരു ആംബുലൻസിലാണ് യോഫ്രേഞ്ചൽ. ഓക്സിജൻ മാസ്കും സിറിഞ്ചുമെല്ലാം ഗായകനെ തേടിയെത്തുന്നുണ്ട്. സ്പാനിഷ് ഭാഷയിലുള്ള പാട്ട് പെട്ടെന്നിഷ്ടപ്പെടുന്ന ബീറ്റുകളോടെയെത്തുന്നു. ഒരുഗ്രൻ ചുമയോടെ തുടങ്ങുന്ന പാട്ടിന് തുമ്മലുകൾ കോറസ് ഒരുക്കുന്നുണ്ട്. വൈറസ് രൂപങ്ങൾ പറന്നു നടക്കുന്നു. രോഗിയായ ഗായകന്റെ ചുറ്റും നഴ്സുമാരും ഡോക്ടർമാരും.
നല്ല സന്ദേശം
കാണുന്പോൾ ക്രൂരമായ തമാശയായി തോന്നാമെങ്കിലും പാട്ടിലൂടെ ഗായകൻ നൽകുന്നത് നല്ല സന്ദേശംതന്നെ. മറ്റുള്ളവരിലേക്കു രോഗം പകരാതിരിക്കാൻ മൂക്കും വായും മൂടാൻ അദ്ദേഹം ഉപദേശിക്കുന്നു. എന്നാൽ രോഗ ലക്ഷണങ്ങളായി വിവരിക്കുന്ന തലവേദനയും കൈകാൽ വേദനയും കൊറോണയുമായി വലിയ ബന്ധമുള്ളതല്ല. (ശ്വാസംമുട്ട്, ചുമ, പനി എന്നിവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ). ഒരു ഇൻജക്ഷൻ നൽകുന്നതായും വീഡിയോയിൽ കാണുന്നു. കൊറോണയെ തടയാൻ അത്തരമൊരു വാക്സിൻ ഇല്ല എന്നതും ഓർക്കേണ്ടതുതന്നെ.
പാട്ടിനോടു സമ്മിശ്ര പ്രതികരണങ്ങളാണ് കേൾവിക്കാരിൽനിന്നു വരുന്നത്. ഇങ്ങനെയൊരാശയം അവർ നടപ്പാക്കിയല്ലോ, എനിക്കു കഴിഞ്ഞില്ലല്ലോ എന്നൊരാൾ കമന്റിടുന്നു. ആരോഗ്യസുരക്ഷാ ബോധത്തെയും സാമൂഹ്യപ്രശ്നത്തെയും കുറിച്ച് ഈ പാട്ട് സംസാരിക്കുന്നു എന്നു പറയുന്നു മറ്റൊരാൾ. എന്തു ഗുരുതരാവസ്ഥയെയും ലളിതമായെടുക്കുന്ന രാജ്യത്തിന്റെ പൊതു സ്വഭാവത്തിൽ പലരും സന്തോഷിക്കുകയും ചെയ്യുന്നു. എന്നാൽ രോഗബാധിതരെ അവഹേളിക്കുന്നതാണ് പാട്ട് എന്ന അഭിപ്രായമുള്ളവരുമുണ്ട്.
പാട്ടുകേട്ട് കൈകഴുകാം
യോഫ്രേഞ്ചലിന്റെ പാട്ടു മാത്രമല്ല കൊറോണക്കാലത്ത് ചർച്ചയാകുന്നത്. വൈറസ് പകർന്നതിന് ചൈനക്കാരെയും അവരുടെ ഭക്ഷണത്തെയും കുറ്റപ്പെടുത്തുന്ന വരികളുള്ള ഒരു പാട്ട് പ്രക്ഷേപണംചെയ്ത ഒരു ഡച്ച് റേഡിയോ സ്റ്റേഷൻ പുലിവാലു പിടിച്ചു. അവർ പിന്നീടു മാപ്പു പറഞ്ഞാണ് കൈകഴുകിയത്. ചൈനയിലാകട്ടെ ലേ മിസെറബിൾസിന്റെ കാൻ യൂ ഹിയർ ദ പീപ്പിൾ സിങ് എന്ന പാട്ട് കൊറോണയ്ക്കെതിരേ പൊരുതാനുള്ള മുദ്രാഗാനമായി മാറിയിട്ടുണ്ട്. വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ചൈനീസ് ഡോക്ടർ ലീ വെൻ ലിയാങിനു ജീവഹാനി സംഭവിച്ചത് ജനത ഞെട്ടലോടെയാണ് കേട്ടത്. വലിയൊരളവുവരെ അദ്ദേഹത്തെ നിശബ്ദനാക്കാൻ ഭരണകൂടം ശ്രമിച്ചിരുന്നുവെന്ന ആരോപണം നിലനിൽക്കെയായിരുന്നു ആ മരണം. അതു മറവിയുടെ ഇരുട്ടിലേക്കു മായാതിരിക്കാനാണ് ആ പാട്ടിനെ ആയുധമാക്കുന്നത്.
കൈകൾ സദാ ശുചിയായി സൂക്ഷിക്കുക എന്നതാണ് വൈറസ് വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ വഴി. 20 സെക്കൻഡ് നേരം സോപ്പുപയോഗിച്ച് കഴുകണമെന്നാണ് ശാസ്ത്രീയ നിർദേശം. എത്രനേരമാണ് ഈ 20 സെക്കൻഡ്? അത് ഹാപ്പി ബെർത്ത്ഡേ ടു യൂ എന്ന അതിപ്രശസ്തമായ ഗാനം രണ്ടുതവണ പാടുന്നതിനു തുല്യമാണെന്നാണ് സംഗീതപ്രേമികളുടെ കണക്ക്. കൃത്യം 20 സെക്കൻഡ് ദൈർഘ്യമുള്ള പാട്ടുകളുടെ ലിസ്റ്റുമായി ട്വിറ്റർ ഹാൻഡിലുകൾ സജീവമാണിപ്പോൾ. ദിനംതോറും അതിലേക്കു പാട്ടുകൾ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുന്നു.
അപ്പോൾ പാട്ടുകേട്ട് കൈകഴുകാം., സുരക്ഷിതരായിരിക്കാം. സാമൂഹിക ഉത്തരവാദിത്തങ്ങളിൽനിന്ന് കൈകഴുകി മാറാതിരിക്കാം.
ഹരിപ്രസാദ്