കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കിയുടെ കാഴ്ചകളെ വായനക്കാർക്കു പരിചയപ്പെടുത്തുന്ന വിവരണത്തിന്റെ അവസാനഭാഗം. ഇടുക്കിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മാത്രമല്ല, അവിടേക്കുള്ള യാത്രപോലും അവിസ്മരണീയ അനുഭവമായിരിക്കും. ആകാശനീലിമയിലേക്ക് പടർന്നുകയർന്ന ഇടുക്കിയുടെ പച്ചയാർന്ന ഉന്നതങ്ങളിലേക്ക് പോകാം.
മഴവില്ലിന്റെ മനോഹാരിത പോലെ പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമായ ഇടുക്കി ഗിരിശൃംഗങ്ങളുടെയും അണക്കെട്ടുകളുടെയും നാടുകൂടിയാണ്. അതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടമാണിവിടം. സമുദ്രനിരപ്പില്‍ നിന്നു 2,000 മുതല്‍ 8,600 അടി വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലനിരകള്‍ ഇവിടെയുണ്ട്. ചക്രവാളങ്ങളെ തഴുകിനില്‍ക്കുന്ന മലമുകളില്‍ എത്തിയാല്‍ തലോടിയെത്തുന്ന ഇളംകാറ്റും സുന്ദരദൃശ്യങ്ങളുമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
ജില്ലയില്‍ ജലസേചന വകുപ്പിന്റെയും വൈദ്യുതി ബോര്ഡിന്റേതുമായി 14 ഡാമുകളുണ്ട്.ഇതില്‍ ഭൂരിഭാഗം അണക്കെട്ടുകളോടും അനുബന്ധിച്ചുള്ള വിസ്തൃതമായ ജലാശയം ഏവരെയും വിസ്മയഭരിതരാക്കുന്നു. ഒക്ടോബര്‍മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ജില്ലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നതെങ്കിലും മണ്‍സൂണ്‍ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.
മഹാപ്രളയത്തെ തുടര്‍ന്നു ടൂറിസത്തിന് കനത്ത തിരിച്ചടിയുണ്ടായെങ്കിലും ഇതെല്ലാം മറികടന്ന് ഇക്കുറി ജില്ലയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം പ്രതീക്ഷകളെ മറികടക്കുന്നതായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും യൂറോപ്പില്‍ നിന്നുമെല്ലാം നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്. മനസില്‍ മായാതെ നില്ക്കുന്ന നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ടിവിടെ.
മഞ്ഞണിഞ്ഞ് കോട്ടപ്പാറ
മഞ്ഞണിഞ്ഞ മലനിരകളുടെ ദൃശ്യഭംഗി ആസ്വദിക്കണമെങ്കില്‍ കോട്ടപ്പാറയിലെത്തണം.വണ്ണപ്പുറം-മുള്ളരിങ്ങാട് റോഡില്‍ മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്. പുലര്‍ച്ചെ മുതല്‍ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുകയാണ്. എന്നാല്‍ മഴയുള്ള ദിവസങ്ങളില്‍ മാത്രമാണ് മഞ്ഞിന്റെ മനോഹര കാഴ്ച ഇവിടെ ദൃശ്യമാകുന്നുള്ളൂ. പ്രകൃതി ഒരുക്കിയ നയനമനോഹരമായ ഈ ദൃശ്യം ആരെയും വിസ്മയിപ്പിക്കുന്നതാണ്. സൂര്യോദയ-അസ്തമയ കാഴ്ച സഞ്ചാരികള്‍ക്ക് മികച്ച വിരുന്നായി മാറുന്നു.
തൊമ്മന്‍കുത്ത്
ഇക്കോടൂറിസം കേന്ദ്രമായ തൊമ്മന്‍കുത്തിന് വിനോദസഞ്ചാര ഭൂപടത്തില്‍ പ്രമുഖ സ്ഥാനമാണുള്ളത്. തൊടുപുഴയില്‍നിന്ന് 20 കിലോമീറ്ററും വണ്ണപ്പുറത്തുനിന്ന് അഞ്ചു കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. പൂര്‍ണമായും വനത്തിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന പുഴയും വെള്ളച്ചാട്ടങ്ങളുമാണ് തൊമ്മന്‍കുത്തിനെ വ്യത്യസ്തമാക്കുന്നത്. തൊമ്മന്‍കുത്തില്‍ നിന്നു വനപാതയിലൂടെ 600 മീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ ഏഴുനിലകുത്തായി. വലിയ പാറയുടെ മുകളില്‍നിന്നു വെള്ളം ഏഴു തട്ടുകളായി താഴേക്കു പതിക്കുന്ന കാഴ്ച ആരുടെയും മനം കുളിര്‍പ്പിക്കും.
ഏഴുനിലകുത്തിനോടു ചേര്‍ന്ന് തേന്‍കുഴികുത്ത്, ചെകുത്താന്‍കുത്ത്, പളുങ്കന്‍കുത്ത്, കുടച്ചിയാര്‍കുത്ത്, മുത്തിക്കുത്ത്, നാക്കയംകുത്ത്, തെക്കന്‍തോണിക്കുത്ത്, കൂവമലക്കുത്ത് തുടങ്ങിയ വെള്ളച്ചാട്ടങ്ങളും.
തൊമ്മന്‍കുത്ത് ജംഗ്ഷനില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള ആനയാടിക്കുത്താണ് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട മറ്റൊരിടം.വനമേഖലയില്‍ നിന്നുള്ള വെള്ളം പതഞ്ഞൊഴുകി പാറയുടെ മുകളില്‍ നിന്നും താഴേക്കു പതിച്ച് തടാകംപോലെ പ്രകൃതി രൂപപ്പെടുത്തിയ ഇവിടെ വെള്ളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മറ്റുമായി നിരവധിപേരാണ് എത്തുന്നത്.
മഞ്ഞുപെയ്യും മലനിരകള്‍
ആകാശത്തെ തൊട്ടുരുമ്മി നില്ക്കുന്ന നിരവധി മലനിരകളുടെ നാടാണ് ഇടുക്കി.വിവിധ അരുവികളുടെ ഉത്ഭവ സ്ഥാനവും അപൂര്‍വ ജൈവസമ്പത്തിന്റെ കലവറയുമാണ് ഈ മലനിരകള്‍.നാടുകാണി മല, തുമ്പച്ചിമല, വലകെട്ടിമല, വിന്ധ്യന്മല, മുതിയാമല,പുള്ളിക്കാനം മല,ഇരവിമല, കാത്തുമല,കരിങ്കുളംമല,ചെണ്ടുവരൈമല, ദേവിമല, ഗുഡൂര്മല, കരിമല, ആനമല, മേഘമല, വെള്ളിമല, മംഗളഗിരിമല, രാജമല എന്നിങ്ങനെ നിരവധിമലകളുണ്ടിവിടെ.കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി (8,841) ഇടുക്കി ജില്ലയിലാണ്.സമുദ്രനിരപ്പില്‍നിന്ന് ആറായിരം അടിയില്‍ കൂടുതലുള്ള 11 മുടികള്‍ ജില്ലയിലുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കിയുടെ നിര്‍മാണത്തിനു കാരണമായത് രണ്ടുവന്മലകളാണ്,കുറവന്‍-കുറത്തി മലകള്‍. പഞ്ചിമഘട്ട മലനിരകളിലാണ് പ്രധാന വന്യജീവി സംരക്ഷണകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പെരിയാര്‍ ടൈഗര്റിസര്വ്, ഇരവികുളം ദേശീയ പാര്‍ക്ക്,ചിന്നാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം, ഇടുക്കി വന്യമൃഗസംരക്ഷണ കേന്ദ്രം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.മൂലമറ്റം-ഇടുക്കി റോഡില്‍ സ്ഥിതിചെയ്യുന്ന തുമ്പച്ചിമല അറിയപ്പെടുന്ന ക്രൈസ്തവ തീര്‍ഥാടന കേന്ദ്രമാണ്.ബൈബിളിലെ ദൃശ്യങ്ങള്‍ ശില്പങ്ങളിലൂടെ ഇവിടെ അനാവരണം ചെയ്തിരിക്കുന്നു.
ഇലവീഴാപൂഞ്ചിറ
ഇടുക്കി-കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറ സഞ്ചാരികളുടെ ഹൃദയം കവരുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. തൊടുപുഴ-മൂലമറ്റം റോഡില്‍ കാഞ്ഞാറില്‍നിന്ന് ഒമ്പതുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സമുദ്രനിരപ്പില്‍ നിന്നു 3000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടത്തെ പച്ചപ്പുല്‍മേടും ഇളംകാറ്റും സൂര്യാസ്തമയവും മലങ്കര ജലാശയത്തിന്റെ ദൃശ്യങ്ങളുമെല്ലാം ഹൃദ്യമായ അനുഭവമാണ്.പൂഞ്ഞാര്‍ രാജകുടുംബാംഗവും അമേരിക്കന്‍ ഗ്ലൈഡിംഗ് അസോസിയേഷന്റെ(ഉഷ്ഗ) ലൈസന്‍സുമുള്ള ഗോപകുമാര്വര്മ 2003-ല്‍ ഇവിടെ ഗ്ലൈഡിംഗ് നടത്തിയിരുന്നു.ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശും വാഗമണും കഴിഞ്ഞാല്‍ ഗ്ലൈഡിംഗിനു പറ്റിയ സ്ഥലമാണ് ഇവിടം എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ത്രിവേണി സംഗമം
മൂലമറ്റം പവര്‍ഹൗസില്‍ നിന്നു വൈദ്യുതോത്പാദനത്തിനുശേഷം പുറത്തേക്കു വിടുന്ന വെള്ളം ഒഴുകിവരുന്ന ടെയില്‍ റേസ് കനാലും വലിയആറും നാച്ചാറും കൂടിച്ചേരുന്ന ത്രിവേണി സംഗമം സഞ്ചാരികള്‍ക്ക് നയനമനോഹരമായ കാഴ്ചയൊരുക്കുന്നു.ഇതിനു സമീപമുള്ള തൂക്കുപാലവും അനേകരെ ആകര്‍ഷിക്കുന്നു.ഇവിടെ നിന്നാല്‍ ത്രിവേണി സംഗമതതിന്റെ മനോഹാരിത ആസ്വദിക്കാനാകും.വര്‍ഷം മുഴുവന്‍ ജലസമൃദ്ധമായ ഇവിടത്തെ ഇളം തെന്നലും സുഖശീതളമായ പ്രകൃതിയും ത്രിവേണി സംഗമത്തിന്റെ പ്രത്യേകതയാണ്.
മലങ്കര ജലാശയം
ലോറേഞ്ചിനെ തലോടി ഉണര്‍ത്തുന്ന മലങ്കര ജലാശയം സഞ്ചാരികളുടെ സ്വപ്നതീരമാണ്.തെക്ക് ചരിത്രപ്രസിദ്ധമായ കുടയത്തൂര്‍ വിന്ധ്യന്മലയും വടക്ക് മുതിയാമല,നെല്ലിക്കാമല,മറുകന്മല എന്നീ മലനിരകള്‍ക്കും മധ്യേ സ്ഥിതിചെയ്യുന്ന മലങ്കര ജലാശയം വേനല്‍ക്കാലത്തും വര്‍ഷകാലത്തും ഒരുപോലെ ജല സമൃദ്ധമാണ്.
ഇവിടെയെത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതു എന്‍ട്രന്‍സ് പ്ലാസയാണ്.സമീപനാളില്‍ തുറന്നുകൊടുത്ത കുട്ടികളുടെ പാര്‍ക്ക്,സഞ്ചാരികള്‍ക്കായി ജലാശയ തീരത്തുകൂടി നിര്‍മിച്ചിരിക്കുന്ന നടപ്പാത എന്നിവ ജലാശയത്തിന്റെ ചേതോഹര ദൃശ്യങ്ങള്‍ ഒരുക്കുന്നു.
നാടുകാണി പവലിയന്
മൂലമറ്റം-കുളമാവ് റൂട്ടില്‍ 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാടുകാണി പവലിയനായി.ഇടുക്കി പദ്ധതിയുടെ നിര്‍മാണ കാലയളവില്‍ വൈദ്യുതി ബോര്‍ഡ് നിര്‍മിച്ചതാണ് ഈ പവലിയന്. ഇപ്പോള്‍ ഡിടിപിസിയുടെ നിയന്ത്രണത്തിലാണിത്. ഇതിനോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിച്ചുവരുന്നു.നാടുകാണി പവലിയനില്‍ നിന്നാല്‍ മൂലമറ്റം ടൗണ്‍,വലകെട്ടിമല, ഇലപ്പള്ളി വെള്ളച്ചാട്ടം, മലങ്കര ജലാശയത്തിന്റെ വിദൂരദൃശ്യം, മൂലമറ്റം സ്വിച്ചയാര്ഡ് എന്നിവയുടെ അഴകും മിഴിവും പകരുന്ന ദൃശ്യങ്ങള്‍ കണ്‍കുളിര്‍ക്കെ കാണാനാകും. ഇതിനായി ടെലസ്കോപ്പ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഉളുപ്പൂണി
ഇടുക്കിയുടെ വിസ്മയങ്ങള്‍ തേടിയെത്തുന്ന സഞ്ചാരികള്ഏറെ ഇഷ്ടപ്പെടുന്ന ഇടമാണ് ഉളുപ്പൂണി. വാഗമണില്നിന്നും പുള്ളിക്കാനത്തേക്കുള്ള പാതയിലാണ് ഉളുപ്പൂണി. പുല്‍മേടുകളും അതുവഴിയുള്ള സാഹസിക ജീപ്പ് യാത്രയുമാണ് ഉളുപ്പൂണിയെ ആകര്‍ഷകമാക്കുന്നത്. വാഗമണില്‍ വിശാലമായ മൊട്ടക്കുന്നുകളുടെ കാഴ്ചയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതെങ്കില്‍ ഇവിടെ ഉയരത്തില്‍ വളര്‍ന്നു നില്ക്കുന്ന തെരുവപ്പുല്ലാണ് ശ്രദ്ധേയം. കുളമാവ് ഡാമിന്റെ മനോഹരമായ വിദൂര ദൃശ്യവും ഇവിടെ നിന്നാല്‍ ആസ്വദിക്കാനാകും.
പാണ്ടിപ്പാറ
പാണ്ടിപ്പാറ ടൂറിസ്റ്റ് പാറ സഞ്ചാരികളെ മാടിവിളിക്കുന്നു. ഇടുക്കിയില്‍ നിന്നും തങ്കമണി റൂട്ടില്‍ എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാണ്ടിപ്പാറയിലെത്താം. ഇവിടെനിന്നും ഒരു കിലോമീറ്റര്‍ ദൂരമുണ്ട് വശ്യസൗന്ദര്യം നിറഞ്ഞുനില്ക്കുന്ന ടൂറിസ്റ്റ്പാറയിലേക്ക്. പരന്നുകിടക്കുന്ന വിശാലമായ പാറയിലേക്കാണ് ആദ്യം എത്തിച്ചേരുന്നത്. ഇടുക്കി അണക്കെട്ടിലെ വിസ്തൃതമായ ജലപ്പരപ്പും തെളിഞ്ഞ അന്തരീക്ഷത്തില്‍ മൂന്നാർഉൾപ്പെടെയുള്ള പ്രദേശങ്ങളുടെകാഴ്ചയും പ്രത്യേക അനുഭൂതി ഉളവാക്കുന്നു.
ഇവിടെ നിന്നും കുറച്ചുകൂടി മുന്നോട്ടുപോയാല്‍ ചെങ്കുത്തായ പാറയിലൂടെയുള്ള സഹസികയാത്രയ്ക്കും അവസരമുണ്ട്. പ്രകൃതിയാല്‍ നിര്‍മിതമായ നൂല് പാലം സഞ്ചാരികളെ വിസ്മയഭരിതരാക്കുന്നു. കൂടാതെ മത്സ്യക്കല്ലും ഗുഹകളും ആദിവാസികളുടെ കല്ല് വിഗ്രഹങ്ങളുമെല്ലാം വിനോദ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് അദ്ഭുത കാഴ്ചകളാണ്.എല്ലാ വര്‍ഷവും ഇവിടെ നേച്ചര്‍ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.നിരവധിയാളുകളാണ് പാണ്ടിപ്പാറ ടൂറിസ്റ്റു പാറയുടെ മനോഹാരിത നുകരാന്‍ എത്തുന്നത്.
വണ്ടിപ്പെരിയാര്‍ സത്രം
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഏക വിനോദസഞ്ചാര കേന്ദ്രമാണ് സത്രം. ശബരിമല പൂങ്കാവനവുമായി ബന്ധപ്പെട്ടു കിടക്കുന്നതും ചരിത്രത്തില്‍ ഇടം നേടിയതുമായ സ്ഥലമാണിവിടം.മൊട്ടക്കുന്നുകളും പുല്‍മേടുകളും നിറഞ്ഞ വിസ്തൃതമായ ഇവിടം റവന്യൂവകുപ്പിന്റെ അധീനതയിലാണ്.
ജീപ്പ് സവാരിയാണ് ഇവിടത്തെ മുഖ്യആകര്‍ഷണം.മലനിരകളിലെ ഓഫ് റോഡിലൂടെ സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള ജീപ്പ് യാത്രയ്ക്ക് ഒട്ടേറെപ്പേരാണ് എത്തുന്നത്.വള്ളക്കടവില്‍ നിന്നും പച്ചപ്പുനിറഞ്ഞ തേയിലത്തോട്ടങ്ങളുടെ നടുവിലൂടെയാണ് സത്രം വ്യൂ പോയിന്റുകളിലേക്കുള്ള യാത്ര. പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗമായതിനാല്‍ വന്യമൃഗങ്ങളെയും കാണാനാകുന്നത് സഞ്ചാരികളെ കൂടുതലായി ഇവിടേക്ക് ആകര്‍ഷിക്കുന്നു.
കുട്ടിക്കാനം
ജില്ലയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്നറിയപ്പെടുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കുട്ടിക്കാനം.ബ്രിട്ടീഷ് ഭരണകാലത്ത് ഹില്‍ സ്റ്റേഷനായി രൂപപ്പെട്ട ഇവിടം സമുദ്രനിരപ്പില്‍ നിന്നു 3500 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 16-ാം നൂറ്റാണ്ടില്‍ ചങ്ങനാശേരി രാജാവിന്റെ അധീനതയിലുണ്ടായിരുന്ന കുട്ടിക്കാനം 1756-ല്‍ തിരുവിതാംകൂര്‍ രാജാവ് രാജ്യം പിടിച്ചടക്കിയതുമുതലാണ് ചരിത്ര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്.
ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഹെന്റി ബേക്കര്‍ ഇവിടെ കോഫി എസ്റ്റേറ്റ് ആരംഭിക്കുകയും പിന്നീട് കോഫി തേയിലത്തോട്ടമായി വഴിമാറുകയും ചെയ്തതോടെ കുട്ടിക്കാനം ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.കുട്ടിക്കാനത്തെത്താന് നടപ്പു വഴി മാത്രമുണ്ടായിരുന്ന കാലത്ത് ബ്രിട്ടീഷുകാര്‍ റോപ് വേ നിര്‍മിച്ചാണ് ചരക്കു നീക്കം നടത്തിയത്. ഏരിയല്‍ റോപ്വേ ലിമിറ്റഡ് കമ്പിനിയുടെതായിരുന്നു റോപ്വേ. ഇതാണ് തിരുവിതാംകൂറിലെ ആദ്യത്തെ കമ്പനിയും.
കോട്ടയം-കുമളി റോഡിലൂടെ സഞ്ചരിച്ചാല്‍ കുട്ടിക്കാനത്തിന്റെ സൗന്ദര്യം നുകരാനാകും.മഞ്ഞില്‍കുളിച്ചുനില്‍ക്കുന്ന പ്രകൃതി-അതാണ് കുട്ടിക്കാനത്തിന്റെ പ്രധാന സവിശേഷത.ഇവിടെയെത്തുന്ന സഞ്ചാരികള്‍ അല്പനേരമെങ്കിലും വിശ്രമിക്കാതെ ഇതുവഴികടന്നു പോകാറില്ല.തിരുവിതാംകൂര്‍ മഹാരാജാവിന്റെ വേനല്‍ക്കാല വസതിയായിരുന്ന അമ്മച്ചിക്കൊട്ടാരത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ കാണുന്നതിനു നിരവധിപേര്‍ ഇവിടെയെത്തുന്നുണ്ട്.
വ്യൂപോയിന്റുകള്‍, തേയില തോട്ടങ്ങള്‍, പൈന്മരങ്ങള് ഇങ്ങനെ നിരവധി ദൃശ്യങ്ങളും കുട്ടിക്കാനത്തിന് പ്രശസ്തിപകരുന്നു. കുട്ടിക്കാനത്തുനിന്നു കോട്ടയം ഭാഗത്തേക്ക് അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ റോഡരികിലുള്ള വളഞ്ഞങ്ങാനം വെള്ളച്ചാട്ടം 75 അടി ഉയരത്തില്‍ നിന്നു പതഞ്ഞൊഴുകി പാലരുവിയായി പതിക്കുന്ന കാഴ്ച ആരെയും ഭാവഗായകരാക്കും. മരിയൻ കോളജ്, മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഒാഫ് എൻജിനിയറിംഗ്, റിസോർട്ടുകൾ തുടങ്ങിയവയാൽ സന്പന്നമായ കുട്ടിക്കാനം സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനാണ്.
പാഞ്ചാലിമേട്
സമുദ്രനിരപ്പില്‍നിന്ന് 2,500 അടി ഉയരത്തിലാണ് പാഞ്ചാലിമേട് സ്ഥിതിചെയ്യുന്നത്. മലനിരകളും താഴ്വാരങ്ങളും നീര്‍ച്ചാലുകളും കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടമാണിത്. പാണ്ഡവന്മാര് വനവാസകാലത്ത് പാഞ്ചാലിയോടൊപ്പം ഇവിടെ താമസിച്ചിരുന്നതായി ഐതീഹ്യമുണ്ട്.
ഭീമന്റെ കാല്‍പ്പാട് പതിഞ്ഞ ഒരു ഗുഹയും ഇവിടെ കാണാനാകും.പുരാണ കഥകളില്‍ ഇടംനേടിയ സ്ഥലമായതിനാലാണ് പാഞ്ചാലിമേടെന്ന് പ്രദേശം അറിയപ്പെടുന്നത്.മുറിഞ്ഞപുഴയില്‍ നിന്നു ഏഴു കിലോമീറ്ററാണ് പാഞ്ചാലിമേട്ടിലേക്കുള്ള ദൂരം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാരികള്‍ക്കായി നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ പരാതിയോ പരിഭവമോ ഇല്ലാതെ ഇവിടം സന്ദര്‍ശിച്ചു മടങ്ങാനാകും.
പരുന്തുംപാറ
കോട്ടയം-കുമളി റോഡില്‍ കല്ലാര്കവലയില്നിന്ന് അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പരുന്തുംപാറയായി.വിശാലമായ മലനിരകളും താഴ്വാരങ്ങളും മൊട്ടക്കുന്നുകളും നിറഞ്ഞതാണ് ഇവിടം. പരുന്തിന്റെ ആകൃതിയിലുള്ള വിശാലമായ പാറയുള്ളതിനാലാണ് പരുന്തുംപാറയെന്ന് അറിയപ്പെടാന്‍ കാരണം.
പ്രകൃതിയുടെ വരദാനമായി ലഭിച്ച സ്ഥലം എന്നാണ് പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്നത്.ശബരിമല തീര്‍ഥാടകര്‍ മകരജ്യോതി ദര്‍ശിക്കുന്നതിന് എല്ലാ വര്‍ഷവും പരുന്തുംപാറയിലെത്തുന്നുണ്ട്.മണ്ഡലകാലത്ത് ഇവിടെ തിരക്ക് വര്‍ധിക്കാറുണ്ട്.സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി നിരവധി വിനോദസഞ്ചാരികളാണ് സീസണില്‍ ഇവിടുത്തെ സൗന്ദര്യം ആസ്വദിച്ചു മടങ്ങുന്നത്.
പാലൊഴുകുംപാറ
മലമുകളില്‍നിന്നും പതഞ്ഞ് താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗിയാണ് പാലൊഴുംകുംപാറയുടെ പ്രത്യേകത.വാഗമണില്‍നിന്നു മൊട്ടക്കുന്നുകളിലൂടെ ആറു കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടേക്ക് എത്താന്‍. വര്‍ഷകാലത്ത് വാഗമണിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണിത്. മലമടക്കുകളില്‍ നിന്നു പതഞ്ഞു താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടം കണ്ടാല്‍ പാറയില്‍ കൂടി പാല് ഒഴുകുന്നതായി തോന്നും.ഇതാണ് പാലൊഴുകുംപാറ എന്ന പേരു വരാന്‍ കാരണം.വെള്ളച്ചാട്ടത്തിനൊപ്പം മൂടിനില്ക്കുന്ന മഞ്ഞും പ്രത്യക്ഷപ്പെടുന്നതാണ് പാലൊഴുകുംപാറയെ കൂടുതല്‍ മനോഹരമാക്കുന്നത്.
തങ്ങള്പാറ
മുസ്ലിം മതവിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രവും വാഗമണിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നുമാണ് തങ്ങള്പാറ. മഹാ മനീഷീ ശൈഖ് ഫരിദുദ്ദീന്‍ വലിയുല്ലാഹി പ്രവാചകന് പ്രാര്‍ഥിക്കാനായി എത്തി എന്ന വിശ്വാസത്തിലാണ് തീര്‍ഥാടകര്‍ ഇവിടേക്ക് എത്തുന്നത്. പ്രവാചകന്റെ ഖബറിടവും ഇവിടെ സ്ഥിതിചെയ്യുന്നു.
കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന മലമുകളിലൂടെ നടന്നാണ് തങ്ങള്‍പാറയില്‍ എത്തുന്നത്.ഇവിടെ നിന്നാല്‍ മൊട്ടക്കുന്നുകളുടെ വിദൂര ദൃശ്യവും കോട്ടയം ജില്ലയിലെ ഏന്തയാര്‍, കൂട്ടിക്കല്‍, മുണ്ടക്കയം എന്നീ പ്രദേശങ്ങളും കാണാന്‍ കഴിയും.വാഗമണില്നിന്നും നാലു കിലോമീറ്റര്‍ അകലെയാണ് തങ്ങള്പാറ.
മദാമ്മക്കുളം
സമുദ്രനിരപ്പില്‍നിന്നും 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മദാമ്മക്കുളം പ്രകൃതി സൗന്ദര്യത്തിന്റെ വിസ്മയ കാഴ്ചയാണ് സമ്മാനിക്കുന്നത്.കുട്ടിക്കാനത്ത് നിന്നും ഉറുമ്പിക്കരയിലേക്കുള്ള വഴിയിലാണ് മദാമ്മക്കുളവും ഇരുമുലച്ചിപ്പാറയുമുള്ളത്.ഓഫ് റോഡ് യാത്ര ആസ്വദിക്കുന്നതിനും സൂര്യാസ്തമയം കാണുന്നതിനും ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. മലകള്‍ക്കും കുറ്റിക്കാടുകള്‍ക്കും നടുവിലാണ് മദാമ്മക്കുളം.
പുല്‍മേടുകളില്‍ നിന്നും പാറക്കെട്ടുകളിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടവും പാറയില്‍ പ്രകൃതി നിര്‍മിച്ച ചെറിയ കുളവും ചേര്‍ന്നതാണിത്. തോട്ട വ്യവസായത്തിന്റെ പ്രതാപ കാലത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ ഇവിടെ കുളിക്കാന്‍ എത്തുമായിരുന്നു.അങ്ങനെയാണ് മദാമ്മക്കുളം എന്ന പേര് വന്നത്.മദാമ്മക്കുളത്ത് നിന്നും രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലമുകളിലുള്ള ഇരുമുലച്ചിപ്പാറയിലെത്താം. ഏകദേശം ഒരേ വലിപ്പമുള്ള രണ്ടു പാറകള്‍ മലമുകളില്‍ ചേര്‍ന്നിരിക്കുന്നതാണ് വിസ്മയക്കാഴ്ച. അഗാധമായ കൊക്കയും വിദൂര കാഴ്ചകളും കുളിര്‍കാറ്റും പ്രത്യേകതകളാണ്.
തോട്ടാപ്പുര
തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമാണ് പീരുമേട്ടില തോട്ടാപ്പുര. രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന അപൂര്‍വം കാഴ്ചകളിലൊന്നാണ് പീരുമേട്ടിലെ തോട്ടാപ്പുര എന്നറിയപ്പെടുന്ന ആയുധപ്പുര.
കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരത്തിന്റെ ഭാഗമായാണ് പീരുമേട്ടില്‍ തോട്ടാപ്പുര നിര്‍മിച്ചത്. പിന്നീട് ക്ഷേത്ര നിര്‍മാണത്തിനും റോഡ് നിര്‍മാണത്തിനും ആവശ്യമുള്ള വെടിക്കോപ്പുകളും ആയുധങ്ങളും സൂക്ഷിച്ചത് ഇവിടെയാണ്. പ്രത്യേക രീതിയിലാണ് തോട്ടാപ്പുരയുടെ നിര്‍മാണം.ഇതു കാണാന്‍ ധാരാളംപേര്‍ എത്തുന്നുണ്ട്.പീരുമേട്ടില്‍ നിന്നും ആദിവാസി ഊരായ പ്ലാക്കത്തടത്തേയ്ക്കുള്ള പാതയിലാണ് തോട്ടാപ്പുര.
തേക്കടി
സ്വദേശത്തും വിദേശത്തും ഒരുപോലെ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ് തേക്കടി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ തേക്കടിയിലെ ബോട്ട് സവാരിയാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തോടു ചേര്‍ന്നുള്ള ബോട്ടിംഗിനിടെ ആന, കാട്ടുപോത്ത്,മ്ലാവ് ഉള്‍പ്പെടെയുള്ള ധാരാളം വന്യജീവികളെ കാണാനാകുമെന്നതാണ് ഇവിടത്തെ പ്രത്യേകത. പെരിയാര്‍ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്‍ണ്ണം 925 ചതുരശ്ര കിലോ മീറ്ററാണ്. ഇതില്‍ 360 ചതുരശ്ര കിലോമീറ്റര്‍ നിത്യ ഹരിത വനമേഖലയാണ്.കുമളിയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ ദൂരമാണ് തേക്കടിയിലേക്കുള്ളത്.
രാമക്കല്‍മേട്
കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളാണ് രാമക്കല്മേടിന്റേത്. ത്രേതായുഗത്തില്‍ ശ്രീരാമന് സീതാദേവിയെ കാണാന്‍ ഇവിടെ എത്തിയെന്നാണ് ഐതിഹ്യം. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില്‍ നിന്നാരംഭിക്കുന്ന കാട്ടുപാത ചെന്നെത്തുന്നത് കാഴ്ചകളുടെ നെറുകയിലാണ്. പാതയുടെ ഇരു വശത്തും ഇല്ലിക്കൂട്ടങ്ങള് കൂട്ടിനുണ്ട്. ഇടുങ്ങിയ കാട്ടുപാതയില്‍ എന്നും പൂക്കളുടെ വിസ്മയം തീര്‍ക്കുന്ന കൊങ്ങിണിച്ചെടികള്‍ നിറങ്ങളുടെ കൈയൊപ്പ് ചാര്‍ത്തിനില്‍ക്കുന്നു.
മലമുകളിലേക്കുള്ള യാത്ര തടയാന്‍ കാറ്റ് എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും.വര്‍ഷം മുഴുവന്‍ അതിശക്തമായ കാറ്റ് വീശുന്ന പ്രദേശമാണ് രാമക്കല്‍മേട്. മണിക്കൂറില്‍ 35 കിലോമീറ്ററാണ് കാറ്റിന്റെ ശരാശരി വേഗം.ഏഷ്യയില്‍ ഏറ്റവും അധികം കാറ്റ് ലഭിക്കുന്ന പ്രദേശമാണ് രാമക്കല്‍മേട്. കുന്നിന് നെറുകയില്‍ രാമക്കല്ല് ആകാശത്തേക്ക് തല ഉയര്‍ത്തി നിലയുറപ്പിച്ചിരിക്കുന്നു. കാറ്റിനെ എതിര്‍ത്ത് തോല്‍പ്പിച്ച് പാറക്കൂട്ടത്തെ കീഴടക്കാന്‍ മനസ് വെമ്പല്‍ കൊള്ളും. ഇവിടെ എത്തിയാല്‍ അങ്ങ് ദൂരെ തമിഴ്നാടിന്റെ മടിത്തട്ടില്‍ കേരളത്തിനായി ഒരുക്കിയിരിക്കുന്ന കൃഷിയിടങ്ങള്‍,കൊച്ചു വളപ്പൊട്ടുകള്‍ വാരി വിതറിയപോലെ തോന്നിക്കുന്ന തമിഴ്നാടന്‍ പട്ടണങ്ങള്‍, കറുത്ത നേര്‍വരകളായ് തോന്നിക്കുന്ന റോഡുകള്‍,അതിലൂടെ നിരങ്ങി നീങ്ങുന്ന വാഹനങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ അവിസ്മരണീയമാണ്. രാമക്കല്‍മേട്ടിലെ പ്രധാന പാറ വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്നാട് കര മാറി കടലായതാണെന്ന പ്രതീതി സൃഷ്ടിക്കും.ഏതോ ശില്പി ശ്രദ്ധാപൂര്‍വം ഒരുക്കിയ പടുകൂറ്റന്‍ ശില്പത്തിന് സമാനമാണ് രാമക്കല്‍മേട്ടിലെ പാറക്കെട്ടുകള്‍.
തമിഴ്നാട്ടിലെ കാര്‍ഷിക ഗ്രാമങ്ങളുടെ ഭംഗിയാസ്വദിച്ച് കുറവനും കുറത്തിയും സമീപത്തെ കുന്നിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ശില്പമാണിത്. പ്രശസ്ത ശില്പി സി.ബി. ജിനന്റെ കരവിരുതില്‍ ഒരുങ്ങിയ അത്ഭുതം. ഹൈറേഞ്ചിന്റെ കാര്‍ഷിക പെരുമയുടെ, എല്ലു മുറിയെ പണിയെടുക്കുന്ന കര്‍ഷക കുടുംബങ്ങളുടെ പ്രതീകം കൂടിയാണ് ശില്പം.
വിശാലമായ പുല്‍മേടിന്റെ ഒത്ത നെറുകയിലാണ് ശില്പം ഒരുക്കിയിരിക്കുന്നത്.രാമക്കല്‍മേടിന്റെ സമീപ ഗ്രാമങ്ങളായ കുരുവിക്കാനം, പുഷ്പകണ്ടം,അണക്കരമെട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതോത്പാദനം ലക്ഷ്യമിട്ട് കൂറ്റന്‍ പങ്കകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് നിരവധി സാധ്യതകളുള്ള പ്രദേശമാണിത്. കാറ്റാടികള്ക്കൊപ്പം വിശാലമായ പുല്‍മേടുകളും ഇവിടത്തെ കാഴ്ചകളാണ്.
വണ്ടന്മേട്
ഹൈറേഞ്ചിന്റെ തിലകക്കുറിയാണ് വണ്ടന്മേട്. പ്രാചീനകാലത്തുതന്നെ ജനവാസമുണ്ടായിരുന്നുവെന്നു കരുതപ്പെടുന്ന ഇവിടം സുഗന്ധറാണിയായ ഏലത്തിന്റെ ഈറ്റില്ലം എന്നനിലയിലാണ നവീനകാലത്ത് പ്രശസ്തിയാര്‍ജിച്ചിരിക്കുന്നത്.
ഇവിടത്തെ കാറ്റിനും ഏലത്തിന്റെ സുഗന്ധമാണ്. രാജഭരണകാലത്ത് ഏലം കൃഷിക്കായി രാജക്കന്മാര് സ്ഥലം ഇവിടെ പതിച്ചു നല്‍കിയിട്ടുണ്ട്. ഏലം പ്ലാന്റേഷന് സന്ദര്‍ശനം ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നതു വണ്ടന്മേടിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നു. സമുദ്ര നിലപ്പില്നിന്നും 3500 അടി ഉയരത്തിലുള്ള ഇവിടത്തെ കാലാവസ്ഥയും ആകര്‍ഷണീയമാണ്.കുമളി - മൂന്നാര്‍ സംസ്ഥാന പാതയില്‍ കുമളിയില്‍നിന്നും 20 കിലോമീറ്റര്‍ യാത്രചെയ്താല്‍ സുഗന്ധറാണിയുടെ രാജ്യത്തെത്താം.
അഗ്രോടൂറിസം,അക്കാദമിക് ടൂറിസം,കള്‍ച്ചറല്‍ ടൂറിസം,വൈല്‍ഡ് ലൈഫ് ടൂറിസം,ഹെല്‍ത്ത് ടൂറിസം,ആയുര്‍വേദ ടൂറിസം, പില്ഗ്രിംടൂറിസം,ഇക്കോടൂറിസം,അഡ്വഞ്ചര്‍ ടൂറിസം,മണ്‍സൂണ്‍ ടൂറിസം....എന്നിവയ്ക്കെല്ലാം അനന്തസാധ്യതയുള്ള ജില്ലയാണ് ഇടുക്കി. ട്രെക്കിംഗ്, പക്ഷിനിരീക്ഷണം, നേച്ചര്ഫോട്ടോഗ്രാഫി, വൈല്‍ഡ് ലൈഫ് സഫാരി ക്യാമ്പിംഗ്, റിവര്‍ റാഫ്റ്റിംഗ്, കാനോയിംഗ്, സസ്യജന്തുശാസ്ത്ര പഠനം എന്നിവയെല്ലാം ലക്ഷ്യമിട്ടെത്തുന്ന സഞ്ചാരികള്‍ക്ക് ഇടുക്കി എന്നും ഹരമാണ്; ഒപ്പം പഠനശാലയും.
തയാറാക്കിയത്: ജെയിസ് വാട്ടപ്പിള്ളിൽ, ജോയി കിഴക്കേൽ, പ്രസാദ് സ്രാന്പിക്കൽ, ബെന്നി മുക്കുങ്കൽ, ജിക്കോ ഫ്രാൻസിസ്.