തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്കു കാണാൻ പോലും സാധിക്കാതെ വിഷമിക്കുന്ന ബന്ധുജനങ്ങൾ.. ഏതാനും ആഴ്ചകൾ മുമ്പുവരെ കൊറോണ വൈറസ് പ്രായമായവരെ മാത്രം ബാധിക്കുന്ന അസുഖമാണ് എന്നു പറഞ്ഞു ലാഘവത്തോടെ ജീവിച്ച യുവജനങ്ങൾ ഇന്ന് മരണമടയുകയും ആശുപത്രി കയറിയിറങ്ങുകയും ചെയ്യുന്ന ദാരുണമായ കാഴ്ചയാണ് ഇറ്റലിയിൽ ഇന്നു കാണാനുള്ളത്... സിസ്റ്റർ സോണിയ തെരേസ് ഡിഎസിന്റെ (ഇറ്റലി) സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പ് വായിക്കാം.....
ഇറ്റലിയിലെ ബേർഷ എന്ന സ്ഥലത്ത് ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എന്റെ കൂട്ടുകാരിയായ ഒരു ഇറ്റാലിയൻ വനിതാ ഡോക്ടർ എനിക്കയച്ച വേദന നിറത്ത മെസേജാണ് ഞാൻ നിങ്ങളുമായ് ഇവിടെ പങ്കുവയ്ക്കുന്നത്...
"പ്രിയ സോണിയ... ഞാൻ ദുഃഖത്താൽ തളർന്നിരിക്കുകയാണ്. ഞാൻ എന്തു ചെയ്യും? ഡ്യൂട്ടിക്കിടയിൽ എനിക്കും ഒപ്പം ഉണ്ടായിരുന്ന 4 ഡോക്ടമാർക്കും, 3 നേഴ്സുമാർക്കും കൊറോണ വൈറസ് പിടിപെട്ടു.. ഞാൻ ഇപ്പോൾ എന്റെ വീടിന്റെ താഴത്തെ നിലയിൽ ക്വാരൻ്റൈൻ ചെയ്യുന്നു. തുടക്കം ആയതിനാൽ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ച് വരുന്നു.
ഈ ദിവസങ്ങളിൽ നഴ്സായ എന്റെ ഭർത്താവ് അവധി എടുത്താണ് കുട്ടികളെ രണ്ടും നോക്കുന്നത്. കുട്ടികളെ നോക്കാനായി വന്നുകൊണ്ടിരുന്ന യുവതി പേടി കാരണം ഇനി മുതൽ വരില്ല എന്ന് എന്നെ വിളിച്ച് പറഞ്ഞു.
കുട്ടികൾക്ക് അവളെ വലിയ കാര്യമായിരുന്നു. ഒരു വശത്ത് പ്രായമായ എന്റെ അമ്മ മരിക്കാറായ് കിടക്കുകയാണ്, എനിക്ക് അമ്മയുടെ അടുത്തേക്ക് ഒന്ന് പോകാൻ പോലും സാധിക്കില്ല. എന്റെ വേദന ആരോടാ ഞാൻ പറയുക? ടിവിയിലും സോഷ്യൽ മീഡിയകളിലും എല്ലാവരും ഞങ്ങൾ ഡോക്ടർമാരെയും നേഴ്സുമാരെയും ഹീറോ എന്നും, മാലാഖമാരെന്നും പറഞ്ഞ് അഭിനന്ദിക്കും... പക്ഷെ ഞങ്ങൾക്ക് ഒരാപത്ത് വന്നു കഴിയുമ്പോൾ അതും രോഗികളെ ശുശ്രൂഷിച്ച് ഞങ്ങൾ വൈതാമ്പോൾ ഞങ്ങളെ തിരിഞ്ഞുനോക്കാൻ ആരും ഇല്ല.. എല്ലാവരാലും ഞങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു".
ഉടൻതന്നെ ഞാൻ ഫോണിൽ വിളിച്ചു. മറുവശത്ത് വാവിട്ടുള്ള കരച്ചിലായിരുന്നു. അകലങ്ങളിലാണെങ്കിലും എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ വാക്കുകൾക്കു വേണ്ടി പരതി. മക്കളെയും കുടുംബത്തെയും മറന്ന് രാത്രിയും പകലും വിശ്രമം ഇല്ലാതെ ജോലിചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും പലപ്പോഴും രോഗികളായി തീരുന്നു.
ഈ ദിവസങ്ങളിൽ 4000 - ൽ അധികം ഡോക്ടർമാർക്കും നഴ്സുമാർക്കും ആണ് രോഗീ ശുശ്രൂഷയ്ക്കിടയിൽ കൊറോണ പിടിപെട്ടിരിക്കുന്നത്. പ്രശസ്തരായ രണ്ട് ഡോക്ർമാർ, രണ്ട് നഗരസഭാ അദ്ധ്യക്ഷൻമാർ, പത്ത് വൈദികർ, നിരവധി സന്യാസിനികൾ, കൊറോണ ബാധിച്ചു മരിച്ചു. മെത്രാൻമാർ, വൈദികർ, സന്യസ്തർ, മന്ത്രിമാർ, രാഷ്ട്രീയക്കാർ, സംഗീതജ്ഞർ തുടങ്ങിയ ജീവിതത്തിന്റെ നാനാ തുറകളിൽപെട്ട പലരും കൊറോണ പിടിപെട്ട് ആശുപത്രികളിലും വീടുകളിലുമായി കഷ്ടപ്പെടുന്നു.
ഇറ്റലിയിൽ എന്തുകൊണ്ട്?
ഇറ്റലിയിൽ എന്തുകൊണ്ടാണ് കൊറോണ പിടിപെട്ട് ഇത്രയേറെ മരണങ്ങൾ സംഭവിക്കുന്നത്? ഈ ദിവസങ്ങളിൽ ഒത്തിരി പേർ എന്നോട് ചോദിച്ച ഒരു ചോദ്യം ആണിത്.
ഈ ചോദ്യത്തിന് ഉത്തരം: ഒന്ന് അശ്രദ്ധ, രണ്ട് അറിവില്ലായ്മ എന്നതാണ്. ഇറ്റലി എന്ന രാജ്യത്തിന് എവിടെയാണ് പിഴവ് വന്നുപോയതെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ഒന്ന് വ്യക്തമാക്കാം. ഇന്ന് ഇറ്റലിയുടെ അനുഭവം മറ്റൊരുരാജ്യത്തിനും സംഭവിക്കാൻ ഇടവരരുത്.
ഡിസംബർ 31നാണ് ചൈന കൊറോണ വൈറസ് മൂലം വുഹാനിൽ ഒത്തിരി ആൾക്കാർ മരിക്കുന്നു എന്ന സത്യം വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെ അറിയിക്കുന്നത്. ജനുവരി 31 - ന് ഇറ്റലിയിൽ ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്നത് രണ്ടു ചൈനീസ് ടൂറിസ്റ്റുകൾക്ക് ആണ്. ഉടനടി ഗവൺമെന്റ് ഇടപെട്ട് അവരെ പ്രത്യേക ഹോസ്പിറ്റലിലേക്ക് മാറ്റുകയും വേണ്ട ചികിത്സ നൽകാൻ ഏർപ്പാടാക്കുകയും ചെയ്തു.
അവർ സഞ്ചരിച്ച വഴികളും അവരുമായി ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പും ഒക്കെ വരച്ച്, അവരെ എല്ലാം കണ്ടുപിടിച്ച് ഏകാന്ത വാസത്തിൽ ആക്കി. പിന്നെ ഇറ്റലിയിൽ സംഭവിച്ചത് നമ്മുടെ കൊച്ചുകേരളത്തിൽ സംഭവിച്ച (ഇറ്റാലിയൻ പ്രവാസികളോട് കാട്ടിയ) അതേ അവസ്ഥയാണ്. ചൈനീസുകാരെ വഴിയിൽവച്ച് ദേഹോപദ്രവം ചെയ്യുക, നിന്ദിക്കുക, വണ്ടികളിൽ നിന്നും മറ്റും ഇറക്കി വിടുക, സമൂഹ മാധ്യമങ്ങൾ മുഴുവൻ ട്രോളുകളും, കളിയാക്കലുകളും മറ്റും...
ഈ വൈറസ് പുതിയതായതു കൊണ്ട് രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ പനി ഉണ്ടോ എന്ന് മാത്രമാണ് ആദ്യം എയർപോർട്ടുകളിൽ കൺട്രോൾ ചെയ്തിരുന്നത്. നോർത്ത് ഇറ്റലിയുടെ മിക്ക സ്ഥലങ്ങളും വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളും, തീർഥാടന കേന്ദ്രങ്ങളും ആയതിനാൽ മിലാൻ പോലുള്ള എയർപോർട്ടുകളിൽ ധാരാളം ടൂറിസ്റ്റുകൾ വന്നു പോയിക്കൊണ്ടിരുന്നു.
മിലാനിൽനിന്ന് ചൈനയിലെ വുഹാനിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഫ്ളൈറ്റുകൾ ഉണ്ടായിരുന്നത് വൈറസ് എത്തിച്ചേരാൻ എളുപ്പമാർഗമായി. കൊറോണ വൈറസ് വുഹാനിൽ പടരുന്നു എന്ന വിവരം ചൈന പുറത്തുവിടാൻ വൈകിയത് കാരണം അവ എത്തേണ്ടിടത്തെല്ലാം എത്തി.
ഫെബ്രുവരി ഇരുപത്തി ഒന്നിന് 38 വയസുള്ള ഒരു ഇറ്റാലിയൻ പൗരന് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹം ഒരിക്കൽ പോലും ചൈനയിൽ പോയിട്ടില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. റൂട്ട്മാപ്പ് വരച്ചും അദ്ദേഹവുമായി സമ്പർക്കം നടത്തിയ വ്യക്തികളെ തപ്പിയും നടക്കുമ്പോൾ തന്നെ നോർത്ത് ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കൊറോണ പിടിച്ച ആൾക്കാരുടെ എണ്ണം വർധിച്ചു. നോർത്ത് ഇറ്റലിയിലെ ചില ദേശങ്ങളിൽ രോഗികളുടെ എണ്ണം കൂടുന്നത് കണ്ടപ്പോൾതന്നെ ഗവൺമെന്റ് അവിടുത്തെ 10 ദേശങ്ങളെ റെഡ് സോൺ ആക്കി, അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
"ഈസി മനോഭാവം"
ആ ദേശത്തുള്ളവർക്ക് പുറത്തേക്ക് പോകാനോ പുറത്തുനിന്ന് ആർക്കും അകത്തേക്ക് പ്രവേശിക്കാനോ സാധിക്കില്ലെന്നായി. സിറ്റികളിലും മറ്റ് ദേശങ്ങങ്ങളിലും വസിക്കുന്ന ജനത്തോട് കഴിവതും പുറത്തിറങ്ങരുത്, പൊതുപരിപാടികൾ ഒഴിവാക്കുക എന്ന് ഗവൺമെന്റ് ഓർഡർ കൊടുത്തപ്പോൾ യുവജനങ്ങൾ പ്രതികരിച്ചത്- "ഓ അത് പ്രായമായവരെ മാത്രം ബാധിക്കുന്നതാണ്, ഞങ്ങൾ ചെറുപ്പക്കാർ ആരെങ്കിലും മരിക്കുമ്പോൾ ഞങ്ങൾ വീട്ടിൽ ഇരുന്നോളാം". ബാറുകൾ, റെസ്റ്ററന്റുകൾ, ഡാൻസ് ക്ലബ് തുടങ്ങിയ സ്ഥലങ്ങളിലുഉള്ള അവരുടെ നിത്യ സന്ദർശനം മുടക്കിയില്ല. സത്യത്തിൽ അവരുടെ ശീലങ്ങളിൽനിന്ന് വ്യതിചലിക്കാൻ അവർക്ക് മനസുവന്നില്ല.
ജനങ്ങളുടെ "ഈസി മനോഭാവം" ഗവൺമെന്റിനെക്കൊണ്ട് കടുത്ത നടപടികൾ എടുക്കാൻ പ്രേരിപ്പിച്ചു. മാർച്ച് 9 - ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസെപ്പെ കോന്തേ നടത്തിയ പത്രസമ്മേളനത്തിൽ ഇറ്റലി മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നോർത്ത് ഇറ്റലിയിൽനിന്ന് സൗത്ത്, സെൻട്രൽ ഇറ്റലിയിലേക്ക് കൊറോണ കൂടുതൽ വ്യാപിക്കുന്നത് തടയുക എന്നതയിരുന്നു ലക്ഷ്യം.
ഏപ്രിൽ മൂന്നുവരെ രാജ്യം മുഴുവൻ എല്ലാ പൊതുപരിപാടിക്കും യാത്രകൾക്കും വിലക്ക് ഏർപ്പെടുത്തി. സ്കൂളുകൾ, കോളജുകൾ, റെസ്റ്ററന്റുകൾ, ബാറുകൾ മറ്റ് വ്യവസായ സ്ഥാപനങ്ങൾ എല്ലാം അടച്ചു. ഫാർമസികളും സൂപ്പർ മാർക്കറ്റുകളും മാത്രം തുറക്കാൻ അനുവാദം നൽകി. ഒഴിച്ചുകൂടാനാവാത്ത ജോലികൾക്കും, ചികിത്സ സംബന്ധമായ കാര്യങ്ങൾക്കും, അവശ്യസാധനങ്ങൾ വാങ്ങാനും അല്ലാതെ ആർക്കും വീടുകൾക്ക് പുറത്ത് ഇറങ്ങാൻ അനുവാദം ഇല്ല.
ഒരു ടൗണിൽനിന്ന് മറ്റൊരു ടൗണിലേക്കോ, ഒരു പഞ്ചായത്തിൽനിന്ന് മറ്റൊരു പഞ്ചായത്തിലേക്കോ ആർക്കും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ. എന്തെങ്കിലും കാരണത്താൽ യാത്ര ചെയ്യേണ്ടി വന്നാൽ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള അധികാരികളുടെ സർട്ടിഫിക്കറ്റ് കാണിക്കാത്തവർക്ക് കൺട്രോളിന് നിൽക്കുന്ന പോലീസോ, പട്ടാളമോ പിടിച്ചാൽ നിയമലംഘനം നടത്തിയതായി കാണുകയും മൂന്നു മാസത്തെ തടവും, 260 യൂറോ ഫൈനും കൊടുക്കേണ്ടിവരും.
ഇത്രയെല്ലാം കർശന നിയമങ്ങൾ കൊണ്ടുവന്നിട്ടും 10 ദിവസത്തിനുള്ളിൽ 45000 ആൾക്കാർ നിയമലംഘനം നടത്തി. നൂറുകണക്കിന് ആൾക്കാർ ദിവസവും മരിക്കുമ്പോഴും പലരും ഗൗരവത്തോടെ ഈ സാഹചര്യത്തെ കാണുന്നില്ല എന്നത് എത്രയോ വേദനാജനകമാണ്.
രക്ഷപ്പെടാൻ സാധ്യതയുള്ളവർ മാത്രം ആശുപത്രികളിലേക്ക്
ഇറ്റലി ഒരു സമ്പന്ന രാജ്യമാണ് അതിനാൽ ഇറ്റലിയിൽ നല്ല ചികത്സ കിട്ടില്ലയോ എന്ന് പലരും ചോദിക്കാറുണ്ട്. പതിനഞ്ച് വർഷം മുമ്പുള്ള അവസ്ഥയല്ല ഇന്ന് ഇറ്റലിയിൽ ഉള്ളത്. സ്ഥിരതയില്ലാത്ത ഗവൺമെന്റ് ഒരു വശത്ത്. മറുവശത്ത് കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ കൂടിയാണ് ഈ രാജ്യം കടന്നു പോകുന്നത്. ഇറ്റലിയിലെ ഭരണാധികാരികൾ അവർക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്. ആരോഗ്യപരിപാലന രംഗത്തേക്ക് ഇരുപതിനായിരം പുതിയ ആൾക്കാരെ എടുത്തു. കുടുംബങ്ങൾക്കു വേണ്ടി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.
നമ്മുടെ നാട്ടിലെ പോലെ മുക്കിലും മൂലയിലും ഇവിടെ ആശുപത്രികൾ ഇല്ല. നോർത്ത് ഇറ്റലിയിലെ ആശുപത്രികളിൽ സ്ഥലം തികയാതെ വന്നപ്പോൾ സൗത്ത് ഇറ്റലിയിലെ ആശുപത്രികളിലേക്ക് രോഗികളെ മാറ്റിയിട്ടും സ്ഥലം തികയാഞ്ഞിട്ട് ടൗണുകളിലെ പാർക്കിംഗ് ഏരിയയിൽ പട്ടാളക്കാരുടെ ക്യാമ്പുകൾ പോലെ ടെന്റുകൾ കെട്ടിയാണ് താല്ക്കാലിക ആശുപത്രികൾ നിർമിക്കുന്നത്. പലയിടത്തും ഒരു രോഗിയെയും പുതിയതായി ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ സാധിക്കുന്നില്ല. രക്ഷപ്പെടാൻ സാധ്യതയുള്ളവരെ മാത്രമാണ് ഇപ്പോൾ ആശുപത്രികളിലേക്ക് സ്വീകരിക്കുന്നത്. മറ്റുള്ളവരോട് വീടുകളിൽ തന്നെ കഴിയുവാൻ ആണ് അധികാരികൾ ഇപ്പോൾ നിർദേശിക്കുന്നത്.
ഭയാനകമായ ഒരു നിശബ്ദതയ്ക്കു ശേഷം സുനാമി ആഞ്ഞടിക്കുന്നതു പോലെ 20 ദിവസം കൊണ്ട് ഇറ്റലിയുടെ മിക്ക സ്ഥലങ്ങളിലും കൊറോണ പടർന്നു പിടിച്ചു. അതിന് പ്രധാന കാരണം ഈ ജനതയുടെ നിസംഗതാമനോഭാവവും ശ്രദ്ധയില്ലായ്മയും ആണ്.
ഒരു മാസത്തിനകം 3,000 മരണം
2020 ഫെബ്രുവരി 21 - ന് ഇറ്റലിയിൽ ഒരാൾക്കായിരുന്നു കൊറോണ ഉണ്ടായിരുന്നത്. എന്നാൽ ഒരു മാസം പോലും തികയുന്നതിന് മുമ്പ് ഇവിടെ 35000 - ൽ അധികം ആൾക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. വെറും ഒന്നരലക്ഷം പേരെ ടെസ്റ്റ് ചെയ്തപ്പോൾ അതിൽ 35,000 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 3,000 - ൽ കുടുതൽ ആൾക്കാർ മരണമടഞ്ഞു. ഇനിയും ടെസ്റ്റ് ചെയ്യാൻ ലക്ഷക്കണക്കിന് ആൾക്കാർ ഉണ്ട്. ഗവൺമെന്റ് പുറത്തുവിട്ട കണക്കിനേക്കാളും കൂടുതലാണ് മരിച്ചവരുടെയും രോഗം ബാധിച്ചവരുടെയും എണ്ണം.
ബേർഗമോ, ബേർഷ എന്നീ ടൗണുകളിൽ ഓരോ ദിവസവും നൂറുകണക്കിന് ആൾക്കാരാണ് മരിച്ചു വീഴുന്നുത്. ഓരോ ഭവനങ്ങളിലും രോഗം ബാധിച്ചവരോ മരിച്ചവരോ ഉണ്ട്. ചില ഭവനങ്ങളിൽ രണ്ടും മൂന്നും ആൾക്കാർ മരിച്ചതിന്റെ വേദന താങ്ങാനാവാതെ തളർന്നിരിക്കുന്നവർ. സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ മൃതശരീരങ്ങൾ മറ്റ് സ്ഥലങ്ങളിൽ ദഹിപ്പിക്കാനായി കൊണ്ടുപോകുന്ന പട്ടാള ട്രക്കുകളുടെ നീണ്ട നിര ആരുടെയും കണ്ണുകൾ ഈറനണിയിക്കുന്നതാണ്.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്കു കാണാൻ പോലും സാധിക്കാതെ വിഷമിക്കുന്ന ബന്ധുജനങ്ങൾ.. ഏതാനും ആഴ്ചകൾ മുമ്പുവരെ കൊറോണ വൈറസ് പ്രായമായവരെ മാത്രം ബാധിക്കുന്ന അസുഖമാണ് എന്നു പറഞ്ഞു ലാഘവത്തോടെ ജീവിച്ച യുവജനങ്ങൾ ഇന്ന് മരണമടയുകയും ആശുപത്രി കയറിയിറങ്ങുകയും ചെയ്യുന്ന ദാരുണമായ കാഴ്ച.
ബുധനാഴ്ച ജർമൻ ചാൻസലർ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറയുകയുണ്ടായി: "നമ്മൾ രണ്ടാം ലോകമഹായുദ്ധകാലത്തെക്കാളും മോശമായ ഒരു അവസ്ഥയിൽകൂടിയാണ് കടന്നുപോകുന്നത്. "ഇന്ത്യയിലുള്ള എന്റെ പ്രിയപ്പെട്ട സഹോദരങ്ങളോട് എനിക്ക് പറയുവാനുള്ളത് ഇതുമാത്രമാണ്... ട്രോളുകളും പൊങ്കാലയിടലും മാറ്റിവച്ച്, സ്വന്തം കുടുംബത്തിന്റെയും, രാജ്യത്തിന്റെയും സുരക്ഷയ്ക്കുവേണ്ടി യത്നിക്കാം... ബിവറേജകളുടെ മുമ്പിലെ ക്യൂ ഒഴിവാക്കിയില്ലെങ്കിൽ മദ്യത്തോടുള്ള ഭ്രമം സ്വന്തം ഭവനത്തിന്റെ അടിത്തറതന്നെ ഇളക്കും ഒപ്പം കേരളത്തിന്റെയും... വിദേശികളെയും വിദേശത്തുനിന്നു വരുന്ന പ്രവാസികളെയും വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക.
കുറ്റപ്പെടുത്താതെ അനുസരിക്കൂ
ചിലപ്പോൾ നാളെ നമ്മുടെ അവസ്ഥയും ഇറ്റലിയിലെ പോലെയായിരിക്കും.ആരെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കാനുള്ള സമയം അല്ല ഇത്. മെത്രാൻമാരും, വൈദികരും, സന്യസ്തരും രാജ്യത്തിന്റെ നന്മയ്ക്കും വിശ്വാസികളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകാൻ കടപ്പെട്ടവരാണ്. ക്രിസ്തുവിന്റെ കാലത്തും കുഷ്ഠരോഗികളെ സമൂഹത്തിൽ നിന്ന് മാറ്റിയാണ് പാർപ്പിച്ചിരുന്നത്. സമൂഹത്തിന്റെ നിയമം അനുസരിക്കാനും, ബഹുമാനിക്കാനും ക്രിസ്തുവും ശ്രദ്ധിച്ചിരുന്നു. ഏതെങ്കിലും ഒരു കുഷ്ഠരോഗി ഉറച്ച വിശ്വാസത്തോടെ ക്രിസ്തുവിനെ തേടിച്ചെന്നപ്പോൾ മാത്രമാണ് അവൻ അവർക്കായി അത്ഭുതം പ്രവർത്തിച്ചത്.
കൊറോണ വൈറസ് പടരാതിരിക്കാൻ നാം ഓരോരുത്തരും പരിശ്രമിച്ചാൽ മാത്രമെ സാധിക്കൂ. ഗവൺമെന്റ് പുറപ്പെടുവിക്കുന്ന നിയമങ്ങൾ വള്ളിപുള്ളി വിടാതെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുക. കൂട്ടം കൂടിയുള്ള പരിപാടികൾ ഉപേക്ഷിച്ച് അവനവന്റെ ഭവനങ്ങളിലെ സുരക്ഷിതത്വങ്ങളിലേക്ക് ഉൾവലിയുക.
ഒരിക്കൽ എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് ഞാൻ യാത്ര ചെയ്യുമ്പോൾ വഴിയരികിൽവച്ചിരിക്കുന്ന ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: "ശ്രദ്ധ മരിക്കുമ്പോൾ മരണം ജനിക്കുന്നു". നമ്മുടെ ശ്രദ്ധയില്ലായ്മ മൂലം ആരുടെയും ജീവൻ നഷ്ടമാകരുത്, പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവരുടെ. അപരന്റെ ജീവന്റെ കാവൽക്കാർ ആകാൻ പരസ്പരം പരിശ്രമിക്കാം.
ദേവാലയങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ, ധ്യാനകേന്ദ്രങ്ങൾ എല്ലാം അടഞ്ഞു കിടന്നാലും വിഷമിക്കരുത്. ഒരു ദേവാലയത്തിൽ അല്ലെങ്കിൽ ഒരു തീർഥാടനസ്ഥലത്ത് മാത്രം നിറഞ്ഞു നിൽക്കുന്നവനാണോ സർവശക്തനായ ദൈവം? വി. കുർബാനയിൽ എന്നതുപോലെ ദൈവവചനത്തിലും ക്രിസ്തുവിന്റെ സാന്നിധ്യം ഉണ്ട്.
ദേവാലയങ്ങളുടെയും തീർഥാടന സ്ഥലങ്ങളുടെയും വാതിലുകൾ അടഞ്ഞുകിടന്നാലും ഒരു വിശ്വാസിയുടെ ഹൃദയത്തിന്റെ വാതിലുകൾ കൊട്ടി അടയ്ക്കാൻ ലോകത്തിലുള്ള ഒരു ശക്തിക്കുമാവില്ല. ദൈവവചനം വായിച്ചും, കൊന്ത ചൊല്ലിയും ആദിമ ക്രൈസ്തവരെ പോലെ നമ്മുടെ വീടുകളുടെ അകത്തളങ്ങൾ ദേവാലയങ്ങളാക്കിമാറ്റാം.
ഹൃദയം നുറുങ്ങിയുള്ള നെടുവീർപ്പ് പോലും ദൈവസന്നിധിയിൽ ഒരു വലിയ പ്രാർഥനയാണ്. രോഗത്തിന്റെയും മരണത്തിന്റെയും ഭീതിയിൽ കഴിയുന്ന അനേകം സഹോദരങ്ങൾക്ക് വേണ്ടിയും, അവരുടെ ജീവൻ പിടിച്ചുനിർത്താൻ രാപകൽ അധ്വാനിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും വേണ്ടിയും നിരന്തരം നമ്മുടെ ഓരോരുത്തരുടെയും പ്രാർഥനകൾ ദൈവസന്നിധിയിലേക്ക് ഉയർത്താം.