ഇന്നത്തെ ഹാർമണിയിൽ എത്തുന്നത്
ഒരു അതിഥി എഴുത്തുകാരനാണ്. മഹാനായ
ഗുരുനാഥന് ജന്മദിനവേളയിൽ ആശംസകൾ നേർന്ന്
ശിഷ്യൻ എഴുതുന്നു. ഗുരുനാഥൻ മറ്റാരുമല്ല,
ഗാനഗന്ധർവൻ യേശുദാസാണ്. ശിഷ്യൻ "പാടുംപാതിരി' എന്ന പേരിൽ പ്രശസ്തനായ
റവ.ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ.
സംഗീതജ്ഞനും തൃശൂരിലെ ചേതന മ്യൂസിക് കോളജ് പ്രിൻസിപ്പലുമാണ് അദ്ദേഹം. ഗുരുവിനും ശിഷ്യനും ഹാർമണിയുടെ ആശംസകൾ...
1996 ഡിസംബർ 18ന് മദ്രാസിലെ മ്യൂസിക് അക്കാഡമിയിൽ ദാസേട്ടന്റെ സംഗീതക്കച്ചേരി. ഞാൻ മദ്രാസ് സർവകലാശാലയിൽ എംഫിൽ സംഗീതപഠനത്തിനു ചേർന്ന സമയം. കച്ചേരി കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്. ഒരു ടിക്കറ്റിനായി അവിടെച്ചെന്നപ്പോൾ എല്ലാം വിറ്റുതീർന്നിരിക്കുന്നു. നിരാശയോടെ മടങ്ങി.
രണ്ടുദിവസം കഴിഞ്ഞ് അദ്ദേഹത്തെ കാണാൻ തിരുവാണ്മിയൂരിലെ വീട്ടിൽ ചെന്നു. കണ്ടയുടനെ ചോദിച്ചതിങ്ങനെ: അച്ചൻ മ്യൂസിക് അക്കാഡമിയിലെ കച്ചേരിക്കു വന്നിരുന്നോ? ഞാൻ പറഞ്ഞു: വന്നിരുന്നു, പക്ഷേ ടിക്കറ്റ് കിട്ടിയില്ല. മറുപടി വിസ്മയിപ്പിക്കുന്നതായിരുന്നു- നാളെ നാരദ ഗാനസഭയിൽ കച്ചേരിയുണ്ട്. അച്ചൻ അവിടെ വന്നാൽ മതി. ഞാൻ എല്ലാം നോക്കിക്കൊള്ളാം.
ദിവസംതോറും കച്ചേരികൾ കേൾക്കാൻ മദ്രാസിൽ അലഞ്ഞുനടന്നിരുന്ന എനിക്ക് അതു കേട്ടപ്പോൾ അതിയായ സന്തോഷമുണ്ടായി. പിറ്റേദിവസം നേരത്തേതന്നെ വേദിക്കു സമീപമെത്തി കാത്തുനിന്നു.
അതാ, ദാസേട്ടൻ വരുന്നു. എല്ലാവരും ഓടിക്കൂടി. അകലെ ഒരു ജൂബ്ബയും ധരിച്ച് നിൽക്കുന്ന എന്നെ എങ്ങനെയോ കണ്ടു. അടുത്തേക്കുവന്ന് തോളിൽ കൈവച്ച് ഓഡിറ്റോറിയത്തിൽ മുൻനിരയിലെ സീറ്റിൽ കൊണ്ടിരുത്തി.
രണ്ടുദിവസത്തിനുശേഷം ടി നഗറിലെ വാണി മഹലിലായിരുന്നു കച്ചേരി. സദസ്സിൽ ഞാൻ നേരത്തേ ഇടംപിടിച്ചിരുന്നു. സമയമായിട്ടും കർട്ടൻ പൊങ്ങുന്നില്ല. പെട്ടെന്ന് ദാസേട്ടന്റെ സെക്രട്ടറി വന്നു പറയുന്നു- ദാസേട്ടൻ അച്ചനെ വിളിക്കുന്നു.
ഗ്രീൻ റൂമിലേക്കു ചെന്നപ്പോൾ ദാസേട്ടന്റെ ചോദ്യം- അച്ചനു തംബുരു മീട്ടാൻ അറിയാമോ? കുറച്ചറിയാം എന്ന് എന്റെ മറുപടി. കച്ചേരിക്ക് തംബുരു മീട്ടണമെന്ന് ദാസേട്ടന്റെ നിർദേശം. എനിക്ക് ആകെക്കൂടി അദ്ഭുതവും ഭയവും തോന്നി.
കച്ചേരി തുടങ്ങി. ഒന്നര മണിക്കൂർ പിന്നിട്ടതോടെ എന്റെ കാൽമുട്ടുകൾ വേദനിക്കാൻ തുടങ്ങി. മനസിൽ ഒരേയൊരു പ്രാർഥനയേ ഉണ്ടായിന്നുള്ളൂ- ശ്രദ്ധ തെറ്റാതെ വാദനം പൂർത്തിയാക്കണം. മൂന്നേകാൽ മണിക്കൂർ നീണ്ട ആ കച്ചേരിക്ക് വളരെ ക്ലേശിച്ചാണെങ്കിലും അദ്ഭുതകരമായി ഞാൻ തംബുരു മീട്ടി!
അത് വലിയൊരഗ്നിപരീക്ഷണവും തുടക്കവുമായിരുന്നു. തുടർന്ന് ഒട്ടേറെ കച്ചേരികൾക്ക് അദ്ദേഹത്തോടൊപ്പം തംബുരുവുമായി ചേർന്നിരുന്നു. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി മുടങ്ങാതെ മദ്രാസിലെ മാർഗഴിമാസ കച്ചേരിക്ക് തംബുരു മീട്ടുന്നു. ഓരോ കച്ചേരിയും എത്രയോ പഠന ക്ലാസുകൾക്കു തുല്യമാണ്.
നേരത്തേ ബാംഗളൂർ ധർമാരാം കോളജിലും ക്രൈസ്റ്റ് കോളജിലും പഠിക്കുന്ന വേളകളിൽ യേശുദാസിന്റെ കച്ചേരികളും ഗാനമേളകളും നേരിട്ടു കേൾക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അന്നൊന്നും ജനത്തിരക്കുമൂലം നേരിട്ടുകണ്ടു സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പാട്ടുകൾക്ക് ഈണമിടുന്നതിൽ ചെറുപ്പകാലം മുതൽക്കേ താത്പര്യമുണ്ട്. തരംഗിണിയുടെ ലേബലിൽ ഒരു ഭക്തിഗാന ആൽബം ചെയ്യണമെന്നൊക്കെ അന്നേ മോഹിച്ചിരുന്നു.
പുരോഹിതനായശേഷം ഡൽഹി സർവകലാശാലയിൽ സംഗീതം പഠിക്കുന്ന വേളയിലാണ് ദാസേട്ടനെ നേരിൽക്കണ്ടു സംസാരിക്കാൻ കഴിഞ്ഞത്. സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ കച്ചേരിക്കു വന്നതാണ് അദ്ദേഹം. മനസിൽ തിങ്ങിനിന്ന ആഗ്രഹം പറഞ്ഞപ്പോൾ മദ്രാസിലേക്കു വരാനായിരുന്നു നിർദേശം. സ്നേഹസരോവരം, സ്നേഹാർച്ചന എന്നിങ്ങനെയുള്ള ഭക്തിഗാന ആൽബങ്ങളിലേക്ക് വഴിതുറന്നത് അങ്ങനെയായിരുന്നു. പാട്ടുകൾ ഹിറ്റുകളായി. ആ സ്നേഹബന്ധം പിന്നീട് ഗുരുശിഷ്യബന്ധമായി.
സംഗീതത്തിൽ ഒട്ടും പാരന്പര്യമില്ലാതിരുന്ന ഞാൻ അദ്ദേഹത്തിന്റെ ശിഷ്യനാകണം എന്ന ആഗ്രഹം മനസിൽനിന്നു കളയാൻ പലവട്ടം ശ്രമിച്ചു. ഇത്രയും വലിയൊരു പ്രതിഭയുടെ ശിഷ്യനാകാൻ എനിക്കെന്തു യോഗ്യത എന്ന ചിന്ത വേട്ടയാടിയിരുന്നു. എന്നാൽ അകലാൻ ശ്രമിക്കുന്പോൾ ദാസേട്ടൻ എന്നെ കൂടുതൽ സ്നേഹിച്ചു. സംഗീതത്തിൽ എന്റെ ഓരോ പിഴവുകളും മനസിലാക്കി എന്നെ തിരുത്തിക്കൊണ്ടിരുന്നത് ഒരു സ്വർഗീയാനുഭവമായിരുന്നു.
ചെന്നൈയിലും അമേരിക്കയിലും ദുബായിയിലും അദ്ദേഹത്തോടൊപ്പം താമസിച്ച് പഠിക്കാനായി. അതോടെ ഗുരുകുലവാസത്തിന്റെ ആഴവും, നാദോപാസനയുടെ ഒൗന്നത്യവും എനിക്കു കൂടുതൽ മനസിലായി. അദ്ദേഹത്തിന്റെ നിരന്തരമായ നിർബന്ധങ്ങൾ എന്റെ ആലാപനത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി.
ഞാൻ നേരിൽക്കണ്ട ഏറ്റവും വലിയ താപസനാണ് അദ്ദേഹം. ചിട്ടയാണ് അദ്ദേഹത്തിന്റെ സംഗീതത്തെ ഉന്നതശ്രേണിയിൽ എത്തിച്ചത്. അപൂർവസുന്ദരമായ ആലാപനശൈലി സിനിമാ സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും കെട്ടിപ്പടുത്ത മറ്റൊരു ഗായകൻ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ ഗുരുമുഖത്തുനിന്ന് അല്പം സംഗീതം പഠിക്കാനായത് മഹാഭാഗ്യം.
അനന്തമായ ആ സംഗീതധാര ഇനിയുമൊഴുകി ധാരാളം മനുഷ്യർക്ക് സമാധാനസ്നാനവും ആനന്ദസ്നാനവും നൽകട്ടെ എന്നു പ്രാർഥിച്ചുകൊണ്ട് ഗുരുനാഥന് അശീതി പ്രണാമം അർപ്പിക്കുന്നു.