എഴുപതാം വയസിൽ പിയാനോയുടെ ബാലപാഠങ്ങൾ അഭ്യസിക്കുന്ന ഒരു ഡോക്ടറുണ്ട് തൃശൂരിൽ. ഒരു നിമിഷംപോലും പാഴാക്കാൻ ഇല്ലാത്തത്ര തിരക്കുള്ള സ്പെഷലിസ്റ്റ്. ചെറുപ്പക്കാരനായ അധ്യാപകനുമുന്നിൽ അദ്ദേഹം കൊച്ചുകുട്ടിയെപ്പോലെ വിരൽത്തുന്പിലെ സ്വരങ്ങൾ പരിശീലിക്കുന്നു. കണ്സൾട്ടേഷൻ തിരക്കുകൾ എല്ലാം ആഴ്ചയിൽ രണ്ടു മണിക്കൂർ മാറ്റിവയ്ക്കുകയാണ്.
ചോദിച്ചാൽ അദ്ദേഹം പറയും- എന്റെ വളരെക്കാലമായുള്ള ഒരാഗ്രഹമാണ്. ഇപ്പോഴാണ് സമയം ഒത്തുവന്നത്!. മനസു മുന്നോട്ടുവയ്ക്കുന്ന പാഷനുകൾക്ക് സമയം കണ്ടെത്തുക എന്നത് ജീവിതത്തിൽ പുഞ്ചിരി വിടർത്തും. അതിനു പ്രായം ഒരിക്കലും തടസവുമല്ല.
മയങ്ങാതെ വയലിൻ
വയലിൻവായനകേട്ട് മയങ്ങിപ്പോകുന്നവരുണ്ട്. അത് കലാകാരന്റെ മിടുക്കാണ്. ഇവിടെ പറയുന്നത് മറ്റൊരു ഡോക്ടറുടെ മിടുക്കിനെക്കുറിച്ചാണ്. മുന്‍പു കണ്ടതുപോലുള്ള ഒരു പാഷനെ നെഞ്ചിൽച്ചേർത്തുനിർത്താൻ രോഗിയെ സഹായിക്കുകയായിരുന്നു ആ ഡോക്ടർ. അല്പം സങ്കീർണമായ സഹായം. തന്റെ തലച്ചോറിലെ മുഴ ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ ചെയ്തു നീക്കുന്പോൾ ഓപ്പറേഷൻ തിയേറ്ററിൽ വയലിൻ വായിക്കുകയായിരുന്നു രോഗി! ഗുസ്താവ് മാലെറിന്റെയും ജോർജ് ഗെർഷ്വിന്റെയും ജൂലിയോ ഇഗ്ലേഷ്യസിന്റെയും സംഗീതശകലങ്ങളാണ് രോഗി തന്റെ തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയ്ക്കിടെ വയലിനിൽ വായിച്ചത്.
അത്യന്തം ഗൗരവമുള്ള ഒരു ശസ്ത്രക്രിയയ്ക്കിടെ എന്തിനാവും രോഗിയെ ഇത്തരമൊരു കാര്യംചെയ്യാൻ ഡോക്ടർമാർ സമ്മതിച്ചത്?
സംഭവം ബ്രിട്ടനിലാണ്. ദാങ്മർ ടേണർ എന്ന 53കാരിയായിരുന്നു രോഗി. മാനേജ്മെന്റ് കണ്‍സൾട്ടന്റായി പ്രവർത്തിച്ചിരുന്ന അവർക്ക് നാലു പതിറ്റാണ്ടിലേറെയായുള്ള ഇഷ്ടമാണ് വയലിനോട്. ക്ലാസിക്കൽ വയലിനിസ്റ്റായി പ്രവർത്തിക്കുകയായിരുന്നു അവർ. ജോലിയും സംഗീതവും ഹൃദയപൂർവം ആസ്വദിക്കുന്നതിനിടെയാണ് തലച്ചോറിൽ ട്യൂമറിന്റെ തിരനോട്ടം. അതും വലതു മുൻവശത്ത്. ആ ഭാഗത്തിനൊരു പ്രത്യേകതയുണ്ട്. ഇടതു കൈയിന്റെ സൂക്ഷ്മചലനങ്ങളുടെ നിയന്ത്രണം തലച്ചോറിൽ അതിനോടു ചേർന്നുള്ളയിടത്താണ്. വയലിൻ വായിക്കാൻ ഇടതുകൈ എത്രത്തോളം പ്രധാനമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫിംഗർബോർഡിൽ ഒഴുകിനടക്കുന്ന ഇടതു കൈവിരലുകൾ കാണുന്നതുപോലും എന്തൊരഴകാണ്!
നിലയ്ക്കരുത്, സംഗീതം
ട്യൂമർ നീക്കാൻ തീരുമാനിച്ചപ്പോൾ ഒപ്പം ഒന്നുകൂടി ഡോക്ടർമാർ ഉറപ്പിച്ചു- ടേണറുടെ വയലിൻ വായന ഇല്ലാതാകരുത്. ഇതാദ്യമായാണ് ഒരു സംഗീതോപകരണവുമായി എന്റെ രോഗി ഓപ്പറേഷൻ തിയേറ്ററിലെത്തുന്നത്- കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ കണ്‍സൾട്ടന്റ് ന്യൂറോസർജൻ പ്രഫ. കേമാഴ്സ് അഷ്കൻ പറയുന്നു. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയ്ക്കിടെ ടേണർ വയലിൻ വായിക്കട്ടെ എന്ന പദ്ധതി അദ്ദേഹമാണ് മുന്നോട്ടുവച്ചത്.
ഓപ്പറേഷന്റെ ഒരു ഘട്ടത്തിലും ഇടതുകൈയിന്റെ ചലനത്തെ ബാധിക്കുന്ന മസ്തിഷ്ക ഭാഗത്തിന് കേടുസംഭവിക്കാതെ നോക്കുക എന്നതായിരുന്നു ഡോക്ടർമാരുടെ ലക്ഷ്യം. അങ്ങനെ തിയേറ്ററിൽ ടേണർ ലോകപ്രശസ്തരായ കംപോസർമാരുടെ സംഗീതശകലങ്ങൾ വായിച്ചുകൊണ്ടിരുന്നു.
ട്യൂമറിന്റെ 90 ശതമാനവും ഞങ്ങൾ നീക്കി., അഗ്രസീവ് ആക്ടിവിറ്റി സംശയിക്കുന്ന ഭാഗങ്ങളും. ഇടതു കൈയിന്റെ ശേഷി പരിപൂർണമായി സംരക്ഷിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ പ്രവൃത്തി- പ്രഫ. അഷ്കൻ പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് ടേണർ സുഖമായിരിക്കുന്നു. ഡോക്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് അവരുടെ വാക്കുകൾ ഇങ്ങനെ: വയലിന്റെ എന്റെ ജീവിതാഭിലാഷമാണ്. പത്തുവയസുമുതൽ ഞാനത് വായിക്കുന്നു. അതിനു പറ്റാതാവുക എന്നത് ഹൃദയഭേദകമായ കാര്യമല്ലേ..
അതെ, ഹൃദയങ്ങൾക്കൊപ്പം നിൽക്കാനാണ് ദൈവം സംഗീതത്തെ സൃഷ്ടിച്ചത്!
ഹരിപ്രസാദ്