ലോകം ഒരിക്കലും അനുഭവിക്കാത്ത ഒരു ഭയത്തിലൂടെ കടന്നുപോവുന്ന കാലഘട്ടത്തിലാണ് ക്രൈസ്തവർ ഇക്കുറി ഉയിർപ്പുതിരുനാൾ ആഘോഷിച്ചത്. ആരെയാണ് ഭയം കീഴടക്കുന്നത്. യേശുവിന്റെ വാക്കുകൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിക്കാത്തവരെയാണ്. ദേവാലയങ്ങളെല്ലാം അടച്ചിട്ടുകൊണ്ടുവേണ്ടിവന്നു ഈ വർഷം ഉയിർപ്പുതിരുനാൾ കൊണ്ടാടാൻ.
കഴിഞ്ഞ ഏതാനും കാലമായി ഒരു സമൂഹം എന്ന നിലയിൽ ക്രൈസ്തവരായ നാം നല്കിയ സംഭാവന പരിശോധിച്ചാൽ ഇന്നു നാം അനുഭവിക്കുന്ന ഭയത്തിന്റെ കാരണം മനസിലാകും. യേശുക്രിസ്തു വന്നതും പഠിപ്പിച്ചതും ജീവിച്ചു കാണിച്ചതും സ്നേഹത്തിന്റെ പാതയാണ്. സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലെന്നാണ് അവിടുന്നു പറഞ്ഞത്. നീ ബലിയർപ്പിക്കുവാൻ പോകുന്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു തോന്നിയാൽ നീ ബലിയർപ്പിക്കാതെ പോയി അനുരഞ്ജനപ്പെടാനാണ് അവിടുന്ന് കല്പിച്ചത്.
എന്നാൽ ഇക്കാലഘട്ടത്തിൽ നാം ലോകത്തിനു നല്കിയ മാതൃക എന്താണ്? നീതിന്യായ രംഗത്ത് 40 വർഷമായി പ്രവർത്തിക്കുന്ന എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ചിന്തയാണിത്. സ്നേഹവും ക്ഷമയും അനുരഞ്ജനവും എല്ലാം പ്രദാനം ചെയ്യേണ്ട നാം ഹൃദയപൂർവം നമ്മുടെ സഹോദരനോട് ക്ഷമിക്കുന്നുണ്ടോ? നാം ക്ഷമിച്ചില്ലെങ്കിൽ സ്വർഗസ്ഥനായ നമ്മുടെ പിതാവും നമ്മോട് ക്ഷമിക്കില്ല എന്ന് ഈശോ തീർത്തു പറഞ്ഞിട്ടുണ്ട്. നാം ക്ഷമിക്കുവാൻ തയാറായിരുന്നെങ്കിൽ കോടതിമുറികളിൽ കെട്ടിക്കിടക്കുന്ന എത്രയോ കേസുകൾ ഇല്ലാതാകുമായിരുന്നു.! സമാധാനം സ്ഥാപിക്കേണ്ട നാം എത്രമാത്രം അസമാധാനം ഉണ്ടാക്കി. സമുഹത്തിലാകെ അസമാധാനം ഉണ്ടാക്കിയ ശേഷം പള്ളിയിൽ കയറി പരപ്സരം സമാധാനം ആശംസിച്ചാൽ സമാധാനം കിട്ടുമോ? അവർക്ക് ലോകത്തിലേക്ക് സമാധാനം കൊണ്ടുപോകാനാകുമോ? യേശു നമ്മെ ആരാധനയ്ക്കായി വിളിക്കുന്നത് സമാധാനം അനുഭവിക്കുവാനും അതിന്റെ ഉപകരണം ആകുവാനും അല്ലേ? നമ്മുടെ ദേവാലയങ്ങൾക്ക്, അവ പ്രതിനിധാനം ചെയ്യുന്ന സഭകൾക്ക് സമാധാനത്തിന്റെയും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും സന്ദേശം ലോകത്തിന് കൊടുക്കാനാവുന്നുണ്ടോ?
മരണത്തോടെ നമ്മുടെ ഈ ലോക ജീവിതം അവസാനിക്കുന്നു. ഉയിർപ്പ് നമ്മെ എത്തിക്കുന്നത് ഒരു പുതിയ ജീവനിലേക്കാണ്. അതു നേടണമെങ്കിൽ നാം തീരുമാനിക്കണം. അതിനു സോവ്യറ്റ് യൂണിയനിൽ മിഖായേൽ ഗോർബച്ചോവ് കൊണ്ടുവന്നതുപോലെ ഒരു ഗ്ലാസ്നോസ്റ്റിനും പെരിസ്ട്രോയിക്കയ്ക്കും നാം തയാറാകണം. സഭ തയാറാകണം. ഗ്ലാസ്നോസ്റ്റ് എന്നാൽ തിരിഞ്ഞു നോട്ടം എന്നും പെരിസ്ട്രോയിക്ക എന്നാൽ പുനഃസംഘടന എന്നുമാണ് അർഥം.
കഴിഞ്ഞ കാലങ്ങളിലേക്ക് നാം തിരിഞ്ഞുനോക്കണം. ക്രൈസ്തവ സഭകളുടെ പൊതുസാക്ഷ്യം എന്തായിരുന്നു? സഭകളിൽ സമാധാനമുണ്ടോ? സഭകൾ തമ്മിൽ സമാധാനമുണ്ടോ? എന്തുമാത്രം കേസുകളാണ് ഓരോ സഭയിലും സഭകൾ തമ്മിലും ഉള്ളത്? ഈ സ്ഥിതിയിൽ ഈശോ സന്തോഷിക്കുമോ? നാം യേശുവിനെ ഏറ്റുപറയുകയാണോ അതോ ഒറ്റിക്കൊടുക്കുകയാണോ? യേശുവിനെ ഏറ്റു പറയുന്നുവെങ്കിൽ കോടതികളിലെ വ്യവഹാരങ്ങളിൽനിന്നു പിന്മാറണം. ഹൃദയപൂർവം ക്ഷമിക്കണം. തെറ്റു ചെയ്തവനോടാണ് ക്ഷമിക്കേണ്ടത്. തെറ്റ് സഹിച്ചുകൊണ്ടേ അതിന് സാധിക്കൂ. സഹോദരൻ ചെയ്തത് തെറ്റാണ് എന്ന് വിധിക്കാൻ നമുക്ക് എന്ത് അവകാശമാണുള്ളത്? ദൈവവും അതുപോലെ നമ്മോട് പെരുമാറിയാൽ എന്താവും നമ്മുടെ അവസ്ഥ. നാം ക്ഷമിച്ചാൽ മാത്രമേ സ്വർഗസ്ഥനായ പിതാവ് നമ്മോടും ക്ഷമിക്കൂ. അനുരഞ്ജനപ്പെടാതെ, സഹോദരനെ സ്നേഹിക്കാതെ, കാണപ്പെടാത്ത ദൈവത്തെ ആരാധിക്കുന്നത് കാപട്യമാണെന്ന് ഈശോ പഠിപ്പിക്കുന്നു.
അതുകൊണ്ട് കോവിഡ് കാലത്തെ ഈ ഉയിർപ്പു തിരുനാൾ ദിവസങ്ങൾ നമ്മുടെ സഭകളുടെ മനസാക്ഷിയിൽ വേദന ഉണ്ടാക്കണം. നാം ലോകത്തിൽ സമാധാനത്തിന്റെ അടയാളം ആകാത്തതിന്. ഉയിർപ്പിലൂടെ ഈശോ നല്കുന്നത് സമാധാനവും പ്രത്യാശയുമാണെങ്കിൽ നാം ലോകത്തിന് കൊടുക്കുന്നത് എന്താണ്? നമ്മുടെ നിലപാടുകൾ മാറണം. കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത് അതാണ്. ക്രിസ്തുവിന്റെ നിലപാടുകളിൽ നിന്നും നാം ഏറെ പിന്നാക്കം പോയി. തിരിഞ്ഞുനോക്കാനും അഴിച്ചു പണിയാനുമുള്ള വലിയ വിളിയാണ് ഈ കോവിഡ് കാലത്തെ ഈസ്റ്റർ നല്കുന്നത്. കോവിഡിലൂടെ ചരിത്രം വലിയ തിരുത്തി എഴുതപ്പെടലിന് വിധേയമാകുവാൻ പോകുന്നു. സഭയിലും അതുണ്ടാവണം.സഭയ്ക്കുള്ളിൽ ഉയിർപ്പുണ്ടാവണം.
നാം എല്ലാം മരിക്കും. സിസ്റ്റർ മേരി ബനീഞ്ഞ "ലോകമേ യാത്രയിൽ പറയുന്നതുപോലെ ജഡവും ജഗവും എല്ലാം ഉപേക്ഷിച്ചാണ് നമ്മുടെ മടക്കം. നമുക്ക് എത്തിച്ചേരാൻ ഒരു സ്ഥലമുണ്ട്. ഇവിടെ വെട്ടിപ്പിടിച്ചതൊന്നും നമുക്ക് കൊണ്ടുപോകാനാവില്ല. ഈ ലോകം വെട്ടിപ്പിടിക്കാനല്ല ദൈവം നമ്മെ ഈ ലോകത്തിലേക്ക് അയച്ചത്. ലോകം മുഴുവൻ നേടിയാലും ആത്മാവ് നശിച്ചാൽ എന്തു ഫലം എന്ന് ഈശോ ചോദിച്ചത് അതുകൊണ്ടാണ്. ഈ ലോകത്ത് സ്വർഗം സൃഷ്ടിച്ചു തുടങ്ങാതെ മരണശേഷം നമുക്കത് ലഭിക്കില്ല. ഈ ലോകത്ത് നരകം സൃഷ്ടിക്കാൻ ശ്രമിച്ചാൽ മനുഷ്യൻ മനുഷ്യനെതിരായ നിലപാട് എടുക്കുന്നതാണത്. അതാവില്ലേ നമുക്ക് നിത്യതയിലും കിട്ടുക.
സഭകൾക്ക് ആത്മാവ് നഷ്ടപ്പെട്ടുവോ? കേൾക്കുവാനുള്ള ചെവികൾ അടഞ്ഞുവോ? ദൈവമേ തെറ്റി എന്ന് ധൂർത്തപുത്രനെപ്പോലെ ആത്മാർഥമായി വിലപിക്കുവാൻ നമുക്കാവണം. ദൈവഹിതത്തിനെതിരെയും സ്വർഗത്തിനെതിരെയും ചെയ്ത പ്രവൃത്തികൾ കണ്ടെത്തണം. ദൈവത്തിന് നിരക്കാത്തതായി ഉള്ളതെല്ലാം ഉപേക്ഷിക്കണം. ദൈവത്തിന് വേദന ഉണ്ടാക്കുന്ന നിലപാടിൽനിന്നും പിന്മാറണം.
വൈരാഗ്യം, വഴക്ക്, കോടതിക്കേസുകൾ എല്ലാം ഉപേക്ഷിക്കണം.അതുകൊണ്ട് സഭകൾക്കുള്ളിലും സഭകൾ തമ്മിലും ഉള്ള എല്ലാ കേസുകളും അവയിലൂടെ പൊതുസമൂഹത്തിനുണ്ടാക്കിയ ഇടർച്ചയ്ക്കു മാപ്പുചോദിച്ചു നിരുപാധികം പിൻവലിക്കുക. ഞങ്ങൾ ഒരു അസമാധാനത്തിനും നമിത്തമാകില്ല എന്നും സമാധാനത്തിനുവേണ്ടി മാത്രം നിലകൊള്ളും എന്നും പരസ്യമായി പ്രഖ്യാപിക്കുക. ഒളിക്കാൻ ഒന്നുമില്ലാത്തവരാവുക. "ഭയപ്പെടേണ്ട' എന്ന ഉത്ഥിതന്റെ സന്ദേശം നമുക്ക് അനുഭവമാകും.
ജസ്റ്റിസ് കുര്യൻ ജോസഫ്
സുപ്രിം കോടതി മുൻ ജഡ്ജി