ചൈനയിലെ മക്കാവുവിൽ ടൂറിസ്റ്റുകൾ പല രാജ്യങ്ങളിൽ നിന്ന് വരാറുണ്ട്. ലോകത്തിലെ പേരുകേട്ട ചൂതാട്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്നത്തെ മക്കാവ്. നമ്മൾ സാധാരണ വഴിയോരങ്ങളിൽ എല്ലാംകാണുന്നതുപോലെ ഒന്നു വെച്ചാൽ രണ്ടുകിട്ടും എന്നു പറഞ്ഞ് ആളുകളെ ആകർഷിക്കുന്നതുപോലെയല്ല ഇത്. ഇതിനകത്തേക്ക് ഒന്നു പ്രവേശിച്ചുകിട്ടിയാൽ പിന്നെ പല തരത്തിലുള്ള കളികളിൽ നമ്മൾ മുഴുകിപ്പോകും.
ചൈനക്കാരുടെ തെക്കൻ കടലോരത്ത് പേൾ നദിയൊഴുകി എത്തുന്നിടത്താണ് മക്കാവ് എന്ന ആ കൊച്ചു സ്ഥലം നിറഞ്ഞു നില്ക്കുന്നത്. ചെറിയ ഒരു സ്ഥലമാണെങ്കിലും ലോകത്തിലെ പേരുകേട്ട ചൂതാട്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്നത്തെ മക്കാവ്. അതുകൊണ്ട് ഇതേപ്പറ്റി കേൾക്കാത്തവർ കുറവായിരിക്കും.
ഇതുവരെ അമേരിക്കയിലെ ലാസ് വെഗസ് ആണ് ഏറ്റവും വലുത് എന്നു കരുതിയവരുടെ ധാരണയെല്ലാം ഇപ്പോൾ മക്കാവ് മാറ്റിയെഴുതി. കാരണം ഇവിടത്തെ വരുമാനസംഖ്യ വളരെ കൂടുതൽ ആണ്. അത്രയ്ക്കു പേരും പ്രശസ്തിയും ആർജിച്ചുകഴിഞ്ഞു. ഇതുപോലെ പേരുകേട്ട സ്ഥലം ഒന്നു പോയി കാണുന്നതിൽ ഒതു തെറ്റുമില്ല. ഇവിടുത്തെ ആഢംബരങ്ങൾ കാണുവാനും അനുഭവിക്കാനും ഏറെയുണ്ട്. പിന്നെ വരുന്നവർ ഇവിടത്തന്നെ ആ ചൂതാട്ട കളികളിൽ നോട്ടമിട്ടാണ് വരുന്നത്.
ഏതായാലും ഹോങ്കോംഗ് വഴി ചൈനയ്ക്കു പോകുന്നവർക്ക് ഇത് ഒരു സ്റ്റോപ്പ് ഓവർ ആണ്. ഇങ്ങോട്ടേയ്ക്കായി ടൂറിസ്റ്റുകൾ പല രാജ്യങ്ങളിൽ നിന്ന് വരാറുണ്ട്. നമ്മൾ സാധാരണ വഴിയോരങ്ങളിൽ എല്ലാംകാണുന്നതുപോലെ ഒന്നു വെച്ചാൽ രണ്ടുകിട്ടും എന്നു പറഞ്ഞ് ആളുകളെ ആകർഷിക്കുന്നതുപോലെയല്ല ഇത്. ഇതിനകത്തേക്ക് ഒന്നു പ്രവേശിച്ചുകിട്ടിയാൽ പിന്നെ പല തരത്തിലുള്ള കളികളിൽ നമ്മൾ മുഴുകിപ്പോകും.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം, പലതരം ആക്ടിവിറ്റീസ്, മദ്യശാല, ഭക്ഷണശാല, മാത്രമല്ല നമ്മളെ ഒന്നിൽ നിന്ന് മറ്റൊരിടത്തേക്കു കൊണ്ടുനടക്കാൻ നല്ല പാട്ടും മേക്കപ്പും ധരിച്ച ഹോസ്റ്റർമാർ. നമ്മൾ ഏതു കളിയിൽ താത്പര്യം കാണിക്കുന്നുവോ അവിടേക്കു നമ്മളെ വഴികാണിക്കും. നേരം വെളുത്താലും സമയം പോകുന്നതും കാശ് ഒഴുകിപ്പോകുന്നതും ചിലപ്പോൾ നമ്മൾ അറിഞ്ഞെന്നു വരില്ല. ചിലർക്ക് ഭാഗ്യമുണ്ടെങ്കിൽ വളരെ വലിയ തുക കിട്ടും. വെറുംകൈയോടെ തിരിച്ചു പോകുന്നവരുമുണ്ട്. ഒരു ലോട്ടറി ടിക്കറ്റ് എടുക്കുന്നതുപോലെയാണ്. കിട്ടിയാൽ കിട്ടി, ഇല്ലെങ്കിൽ ഇല്ല; എന്നാൽ ഇതോർത്ത് ആരും വിഷമിക്കേണ്ടതില്ല. കാരണം അത്ര നല്ല സുഖമുള്ള ഓർമകളുമായാവും അവർ തിരിച്ചുപോകുന്നത്.
പഴയ ചരിത്രം
പണ്ടുകാലത്ത് അതായത് 1557-ൽ പോർച്ചുഗീസ് വ്യാപാരികൾ അവരുടെ കപ്പലിൽ അതുവഴി വന്നിരുന്നു. അവർ അവിടെയൊക്കെ ഒന്നു നോക്കിക്കണ്ടപ്പോൾ ഈ സ്ഥലം വളരെ പിടിച്ചുപോയി. വ്യാപാരം നടത്താൻ പറ്റിയ സങ്കേതമാണെന്ന് അവർ മനസിലാക്കി. അവർ ഇവിടെ വന്ന് താമസം ഉറപ്പിച്ച് ഇത് ഒരു പോർച്ചുഗീസ് കോളനിയാക്കി മാറ്റി. അന്ന് ഇവിടെ നല്ല റോഡുകളോ മറ്റു സൗകര്യങ്ങളോ ഒന്നും തന്നെയില്ല.
സ്ഥലമാണെങ്കിൽ പാറക്കെട്ടുകളും മണ്തിട്ടകളും നിറഞ്ഞവയായിരുന്നു. എങ്കിലും അവർ ഇവിടെ കാലുറപ്പിച്ചു. വ്യാപാര വ്യവസായങ്ങൾ തുടങ്ങി - എല്ലാ മേഖലകളിലും നല്ല പുരോഗതിയുണ്ടായി. അങ്ങനെ ഇവിടെ പച്ചപിടിക്കുന്നു എന്നു കണ്ടപ്പോൾ ചൈനയിൽ നിന്നു കുറെ അഭയാർഥികൾ ഇങ്ങോട്ട് താമസം മാറ്റി അവരുടെ ഓരോ കോളനികൾ സ്ഥാപിച്ചു. അങ്ങനെ തുടർന്നു കൊണ്ടിരിക്കെ 1999-ൽ ചൈനക്കാർ ആ കോളനികൾ എല്ലാം തിരിച്ചെടുത്തു. ഇതിനകം ഇവിടം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞു.
ഇവിടെ വരുന്നവർക്ക് താമസിക്കാൻ പറ്റിയ ധാരാളം പഞ്ചനക്ഷത്ര ഹോട്ടലുകളും റസ്റ്ററന്റുകളും വളർന്നുവന്നു. ടൂറിസം തന്നെയാണ് ഇവിടത്തെ പ്രധാന വരുമാന മാർഗം. ഇതുമൂലം പല നല്ല റോഡുകളും കടലിൽ നിന്നും ഉയർത്തി എടുത്ത് ലാൻഡ് ഏരിയാകളായി വികസിപ്പിച്ചു. ഇപ്പോൾ ഇവിടെ കിട്ടാത്തത് ഒന്നും ഇല്ല.
ഹോങ്കോംഗിൽ നിന്ന് ഇവിടെ എത്താൻ വെറും 66 കിലോമീറ്റർ മാത്രം ദൂരം. യാത്രക്കാർക്ക് പോകാനും വരാനും ഫെറി സർവീസ് ഉണ്ട്. വേണമെങ്കിൽ രാവിലെ വന്ന് വൈകുന്നേരം തിരിച്ചു പോകാനും പറ്റും. പക്ഷേ അങ്ങനെ ആരും പോകാറില്ല. ഇവിടെ വരെ വന്നിട്ട് ഒരു ഭാഗ്യപരീക്ഷണം നടത്തിയശേഷമേ മടങ്ങാറുള്ളൂ.
മക്കാവ് സിറ്റിയുടെ വടക്കുവശത്തായി ഇതുപോലെ മറ്റൊരു സിറ്റി ഉണ്ട് -സുഹായ്. ഇവ രണ്ടും - പട്ടണങ്ങൾ പോലെയാണെങ്കിലും തിരക്ക് മുഴുവൻ മക്കാവിൽ തന്നെയാണ്. കാരണം കാസിനോവ മുഴുവൻ ഇവിടെയാണ്. മക്കാവിൽ എവിടെ നോക്കിയാലും അംബര ചുംബികളായ വലിയ കെട്ടിടങ്ങളും വീടുകളും ആണ്. ഏത് തരക്കാരനും താമസിക്കാൻ പറ്റിയ ഹോട്ടലുകളും ഉണ്ട്. ഒരു വർഷം എട്ട് മില്ല്യണ് യാത്രക്കാരാണ് ഇവിടെ വന്നുപോകുന്നത്.
പോർച്ചുഗീസുകാർ വന്നപ്പോൾ അവരുടെ സംസ്കാരവും ഭക്ഷണവും ആയിരുന്നു കൂടുതലും ഉണ്ടായിരുന്നത്. എങ്കിലും ചൈനക്കാരും എത്തിയതുകൊണ്ട് അവരുടെ ഭക്ഷണവും കിട്ടും. ഇവിടെ ജീവിതച്ചെലവും കൂടുതലാണ്. മക്കാവിൽ ആദ്യം ക്രിസ്ത്യാനികൾ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ബുദ്ധമതക്കാരും മറ്റു പല മതവിശ്വാസികളുമുണ്ട്.
നാട്ടുകാഴ്ചകൾ
പഴയ ചരിത്രങ്ങൾ മനസിലാക്കാൻ മോണ്ട് ഫോർട്ട് വരെ പോയാൽ മതി. അവിടെ വലിയൊരു പീരങ്കി നാല് ചക്രമുള്ള ഒരു തിളയിൽ കയറ്റി വച്ചിട്ടുണ്ട്. ഈ കോട്ടയ്ക്ക് 400 വർഷത്തെ പഴക്കമുണ്ട്. ഇതിന്റെ മുകളിൽ പോയി നിന്നാൽ സൂര്യാസ്തമയം കണ്ടു മടങ്ങാം. അന്നൊക്കെ അതൊരു യൂറോപ്യൻ കോളനി ആയിരുന്നു.
എന്നാൽ ഇപ്പോൾ ഇതിന്റെ പ്രതാപമൊന്നും ഇല്ല. ഇപ്പോൾ പണിയുന്ന കെട്ടിടങ്ങൾ എല്ലാം പുതിയ രീതിയിൽ ഉള്ളവയാണ്. ഇവിടത്തെ ഷോപ്പിംഗ് മാളുകളിൽ കിട്ടാത്ത ഒന്നുംതന്നെയില്ല. ലോകത്തിലെ എല്ലാത്തരം പെർഫ്യൂം, ജ്വല്ലറി എന്നിവയും ഇവിടെ ലഭ്യമാണ്. അന്ന് പോർച്ചുഗീസുകാർ വന്നപ്പോൾ വച്ചിരുന്ന ചില അടയാളങ്ങളും റോഡുകളും ഇപ്പോൾ ഉണ്ട്. പുതിയ ചൈനീസ് സർക്കാർ ഏറ്റെടുത്തെങ്കിലും പഴയതൊന്നും പാടെ മാറിയിട്ടില്ല.
ഹോങ്കോംഗിൽ ഉള്ളതുപോലെ ഇവിടത്തെ ഭരണഘടന കാരണം ഇത് വേറിട്ട ഒരു ജൂറിസ്റ്റ്കിസ് ആണ്. ഇവിടെ പലയിടങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാത്തരം ഉത്സവങ്ങളും ഇവിടെ ഇപ്പോൾ കൊണ്ടാടുന്നുണ്ട്. ഇങ്ങോട്ടേയ്ക്ക് വരാൻ പറ്റിയ ഏറ്റവും നല്ല കാലാവസ്ഥ ഒക്ടോബർ മുതൽ ഡിസംബർ വരെയാണ്. യൂറോപ്യൻ നാടുകളിൽ നിന്ന് ഇങ്ങോട്ട് വരുന്നവർക്ക് വീസ വേണ്ട. എന്നാൽ ഇന്ത്യയിൽ നിന്ന് പോകുന്നവർക്കും വീസ വേണം. ഇനി ഹോങ്കോംഗ് വഴി ചൈനയിൽ പോകാനാണെങ്കിൽ ഇടയ്ക്ക് മക്കാവിൽ ഒന്ന് ഇറങ്ങി കയറാൻ പറ്റിയ ഇടക്കാല വീസ അല്ലെങ്കിൽ ടൂറിസ്റ്റ് വീസയും ലഭ്യമാണ്.
ഓമന ജേക്കബ്