ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റെടുത്തുകൊണ്ട് ദൈവപുത്രന് കുരിശില്‍ തന്റെ ജീവിതം ഹോമിച്ചു. പക്ഷെ മരണത്തിന്റെ മരണമാണ് കാൽവരിയുടെ സന്ദേശം. മരണം മരിച്ചു. തിന്മ മരിച്ചു.
നന്മ ഉയിർത്തെഴുന്നേറ്റു. കുരിശുമരണം ഉണ്ടെങ്കില്‍ ഉയിർത്തെഴുന്നേൽപ്പും ഉണ്ട് എന്ന പാഠം കാൽവരി നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധനാടിന്റെ പശ്ചാത്തലത്തിൽ യേശുവിന്റെ മരണത്തെയും ഉയിർപ്പിനെയുംകുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ഡോ.സി. വി. ആനന്ദബോസ്.
ഞങ്ങള്‍ കാൽവരിയിലാണ്. ഞാനും ഭാര്യ ലക്ഷ്മിയും. ചാവറപ്പുണ്യവാന്റെ കൈയൊപ്പ് ലഭിച്ചു എന്ന് അഭിമാനിക്കുകയും തെല്ല് അഹങ്കരിക്കുകയും ചെയ്യുന്ന ഒരു സാധാരണ മാന്നാനംകാരനാണ് ഞാൻ. കിന്റർഗാർട്ടന് മുതൽ കോൺവെന്റ് സ്കൂളിൽ പഠിച്ച് കന്യാസ്്ത്രീകളെ മാലാഖമാരായി കാണാന്‍ മനസിനെ പതംവരുത്തിയ എന്റെ ഭാര്യ.
കാൽവരിക്കുന്നില്‍ നിൽക്കുമ്പോൾ ഒരു കാര്യം മനസിലേക്ക് ഓടിവന്നു. കുരിശുമരണം
ഉണ്ടെങ്കില്‍ ഉയിർത്തെഴുനേൽപ്പും ഉണ്ട്.
ലിലിയൻ പറഞ്ഞത്
മരണത്തിനു മുന്നേ ഉണ്ടായ ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ കഥയും മനസില്‍ ഓടിയെത്തി. ലിലിയന്പറയുന്നു, അവൾക്ക് മരണം ഇല്ലാതെ ഉയിർത്തെഴുനേൽപ്പ് ലഭിച്ചു എന്ന്. അവൾക്കു പറയാനുള്ളത് ഒരു കഥയല്ല അനുഭവമാണ്. "ഞങ്ങള്ജൂതന്മാരാണ്. എന്റെ കുടുംബം പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയില്‍ ആയിരുന്നു.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളുന്ന കാലം. ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജൂതരെ ഉന്മൂലനം ചെയ്യുന്നു. അന്നൊരിക്കല്‍ പാതിരാവില്‍ എന്റെ വീടിന്റെ വാതിൽക്കല് ആരോ വന്നു തട്ടി. മരണദൂതുമായി വന്ന പടയാളികളാണ് അതെന്ന് എന്റെ മാതാപിതാക്കൾക്ക് ഉറപ്പായിരുന്നു. ഭയചകിതരായ അവര്വാതില് തുറന്നു. അവരുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ല. പടത്തലവന് എന്റെ പിതാവിന്റെ നെഞ്ചില്‍ തോക്ക് അമർത്തി.
മരണത്തിലേക്കുള്ള വാതില്‍ തുറക്കാന്‍ ഇനി ഒരു നിമിഷം മാത്രം. എന്റെ ജ്യേഷ്ഠന് അന്ന് മൂന്ന് വയസ്. തോക്ക് ചൂണ്ടി നിൽക്കുന്ന പട്ടാളക്കാരന്റെ തിളങ്ങുന്ന ബട്ടണ്‍ മൂന്ന് വയസുകാരനില്‍ കൗതുകമുണർത്തി. അവന് അയാളുടെ ബട്ടണില്‍ തൊട്ടുനോക്കി, തടവിനോക്കി, ചുംബിച്ചുനോക്കി.
എനിക്ക് ഇതു വേണം എന്ന് വാശിയോടുകൂടി അവന് അത് പറിച്ചെടുക്കാന്നോക്കി. തോക്കു ചൂണ്ടിയ പട്ടാളക്കാരന്കുട്ടിയുടെ മുഖത്ത് വാത്സല്യത്തോടെ നോക്കി നിന്നു. തോക്ക് തോളിലിട്ട് കുഞ്ഞിന്റെ ഓമനക്കവിളില്‍ തലോടിക്കൊണ്ട് അയാള്‍ എന്റെ അച്ഛനമ്മമാരോട് പറഞ്ഞു- ഇവന് നിങ്ങളുടെ ജീവന് രക്ഷിച്ചു. ഇവനെ കാണുമ്പോള്‍ എനിക്ക് എന്റെ പേരക്കുട്ടിയെ ഓർമവരുന്നു. അയാള്‍ സ്ഥലം വിട്ടു.'അടിയുറച്ച ഈശ്വരവിശ്വാസം കൊണ്ടുമാത്രം മരണം ഇല്ലാതെ ഉയിർത്തെഴുന്നേൽക്കാന് കഴിഞ്ഞ ലിലിയന് അവളുടെ കഥ കണ്ണീരോടെ, ഗദ്്ഗദത്തോടെ പറഞ്ഞുതീർത്തു.
ഇവിടെ കാൽവരിയില്‍ നിൽക്കുമ്പോള് യേശുദേവനെ താങ്ങുന്ന കുരിശില്‍ അടിക്കുന്ന ആണിയുടെ മാറ്റൊലികള്‍ ഞങ്ങള്‍ കേട്ടു. ഞങ്ങള്‍ പലതും കണ്ടു.
മനസ് ഗതകാല പാതകളിലൂടെ അലസഗമനം നടത്താന്‍ തുടങ്ങി. ഡാവിഞ്ചിയുടെ അനശ്വര ചിത്രമായ അവസാനത്തെ അത്താഴം ഓർമയില്‍ വന്നു. തീൻമേശയില് ഇരിക്കുന്ന തന്റെ ശിഷ്യന്മാരോട് യേശുദേവന് പറഞ്ഞു: “നിങ്ങളില്‍ ഒരാള്‍ എന്നെ ഒറ്റിക്കൊടുക്കും.’’ സംഭ്രമത്തോടെ ശിഷ്യന്മാര് ഓരോരുത്തരായി ചോദിച്ചു ഗുരുവേ അത് ഞാന്‍തന്നെയോ? അങ്ങനെ ചോദിച്ചവരില്‍ യൂദാസും ഉണ്ടായിരുന്നു.
പിന്നീട് മനസില്‍വന്ന ചിത്രം തെരുവിലെ ആൾക്കൂട്ടത്തിന്റെ ആയിരുന്നു. ആൾക്കൂട്ടം യേശുദേവനു നേരേ പാഞ്ഞടുത്തു. അവരുടെ ഭാവവും ചേഷ്ടകളും ദുഷ്ടലാക്ക് നിറഞ്ഞതായിരുന്നു. അവരുടെ മുന്നിലായി യൂദാസ് ഉണ്ട്. അയാള്‍ ആൾക്കൂട്ടത്തില്‍ നിന്ന് മുന്നോട്ടുവന്നു. യേശുദേവനെ ചുംബിച്ചു. അക്ഷോഭ്യനായി യേശുദേവന് അവനോടായി പറഞ്ഞു.
“യൂദാ ചുംബനംകൊണ്ടാ ണോ നീ മനുഷ്യപുത്രനെ ഏൽപിച്ചു കൊടുക്കുന്നത്.’’ പത്രോസ് വാള് ഉറയില്‍ നിന്ന് ഊരി ഒരു പടയാളിയെ വെട്ടി. അയാളുടെ ചെവി അറ്റ് താഴെ വീണു. യേശുദേവന് ശാന്തചിത്തനായി അവനെ സ്പർശിച്ചു . ആ ദിവ്യസ്പർശത്താല്‍ അവന് സുഖപ്പെടുന്നു. തന്റെ പ്രഥമ ശിഷ്യനായ ശിമയോന് പത്രോസ് യേശുദേവനോട് പറയുന്നു.
എന്റെ കർത്താവേ അങ്ങയുടെകൂടെ കാരാഗൃഹത്തിനും മരണത്തിനും ഞാന്‍ ഒരുങ്ങിയിരിക്കുന്നു. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ യേശുദേവന് പത്രോസിനോട് പറഞ്ഞു, “ശിമയോന് നീ എന്നെ അറിയുകയേ ഇല്ല എന്ന് മൂന്ന് പ്രാവശ്യം തള്ളിപ്പറയും വരെ ഇന്ന് കോഴി കൂവില്ല.”
ബൈബിളില്‍ നാം തുടർന്നു വായിക്കുന്നു.അവന് തീ കാഞ്ഞുകൊണ്ടിരിക്കുന്നതായി ഒരു യുവതി കണ്ടു. അവനെ സൂക്ഷിച്ചു നോക്കി ഇയാളും അയാളോടുകൂടെ ആയിരുന്നു എന്ന് പറഞ്ഞു. അപ്പോള്‍ അവന് സ്ത്രീയെ ഞാന്‍ അയാളെ അറിയുകയേ ഇല്ല എന്ന് തള്ളിപ്പറഞ്ഞു. അൽപനേരം കഴിഞ്ഞ് മറ്റൊരുവന് അവനെ കണ്ടിട്ട് അവനോട് നീയും അവരിൽപെട്ടവന്‍ ആകുന്നു എന്ന് പറഞ്ഞു. ഞാന്‍ ആയിരുന്നില്ല എന്ന് അവന് പറഞ്ഞു.
ഒരു നാഴിക നേരം കഴിഞ്ഞ് ഒരുവന് വാദിച്ചു കൊണ്ട് പറഞ്ഞു. സത്യമായിട്ടും ഇവനും അവനോടുകൂടെ ഉണ്ടായിരുന്നു. എന്തെന്നാല്‍ ഇവനും ഗലീലിയക്കാരന്‍ ആണത്രേ. മനുഷ്യാ നീ എന്താണ് പറയുന്നത് എന്ന് അറിഞ്ഞു കൂടാ എന്ന് ശിമയോന് പത്രോസ് പറഞ്ഞു. അവന് അതു പറഞ്ഞപ്പോള്‍ കോഴി കൂവി.
കുറ്റാരോപിതനായ ദൈവപുത്രൻ
ദൈവപുത്രന് കുറ്റാരോപിതനായി പീലാത്തോസിന്റെ കോടതിയില്‍ നിൽക്കുന്നു. കയ്യാഫാസിന്റെയും അന്നാസിന്റെയും പ്രേരണയില്‍ ദൈവപുത്രന് എതിരേ കുറ്റാരോപണങ്ങളുടെ ചുരുള്‍ അഴിക്കുന്നു. ഇവന് ജൂതന്മാരുടെ രാജാവാണ് എന്ന് അവകാശപ്പെടുന്നു. ഇവന് ദൈവപുത്രനാണെന്ന് അവകാശപ്പെടുന്നു. ഇവന് കൈസർക്ക് കപ്പം നൽകുന്നതിനെ വിലക്കുന്നു. യേശുദേവന് എതിരേ കള്ളസാക്ഷി പറയാന്‍ ഒരുക്കിനിർത്തിയവര് അവരുടെ കർത്തവ്യം നിറവേറ്റാന്‍ വെമ്പല്‍ കൊള്ളുന്നു.
ഇതിനിടയില്‍ നീതിമാനായ പീലാത്തോസിന് ഒരു സംശയം. സത്യം എന്താണ്? യേശുദേവനില്നിന്നു സത്യം എന്താണ് എന്ന് മനസിലാക്കിയ പീലാത്തോസിന് സത്യത്തെ അംഗീകരിക്കാന്‍ ആകുന്നില്ല. സത്യം തന്റെ മുഖത്ത് വിസ്ഫോടനം ചെയ്യുന്നു എന്ന് മനസിലാക്കിയിട്ടും ആ സത്യത്തെ ഒരു കുഴിപ്പന്താക്കി മറുകളത്തിലേക്ക് തട്ടിവിടുകയാണ് പീലാത്തോസ് ചെയ്യുന്നത്. നിങ്ങളില്‍ ആരോപിക്കപ്പെടുന്ന ഒരു കുറ്റവും ഈ മനുഷ്യനില്‍ ഞാന്‍ കാണുന്നില്ല എന്ന് പീലാത്തോസ് ഉറപ്പിച്ചുപറയുന്നു. പക്ഷേ ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്.
യേശുദേവന് കുരിശുമേന്തി കാൽവരിയിലേക്കു നീങ്ങുന്ന ചിത്രം മനസിനെ പിടിച്ചുലച്ചു. കുരിശിന്റെ ഭാരം താങ്ങാനാവാതെ കാലിടറി വീഴാന്‍ തുടങ്ങുന്ന യേശുദേവനെ സഹായിക്കാന്‍ എത്തുന്ന ശിമയോനെ ഞങ്ങള്‍ കണ്ടു. രക്തവും വിയർപ്പും ഇറ്റുവീഴുന്ന ദൈന്യതയാർന്ന ആ മുഖം കൈലേസുകൊണ്ടു തുടച്ച് ആശ്വസിപ്പിക്കാനെത്തിയ വെറോണിക്കയെ ഞങ്ങള്‍ കണ്ടു. പുളിച്ച വീഞ്ഞ് പഴംതുണിയില്‍ മുക്കി നൽകി ആർത്തട്ടഹസിച്ച് യേശുദേവനെ ചാട്ടവാറുകൊണ്ട് അടിച്ച് മുൾക്കിരീടം ചാർത്തി കുരിശിലേറ്റാന്‍ കൊണ്ടുപോകുന്ന ആൾക്കൂട്ടത്തെ കണ്ട് മനസിടറി.
ഒരുഘട്ടത്തില്‍ ദൈവപുത്രന്‍പോലും ഒരു സാധാരണ മനുഷ്യനെപോലായി മാറി. “ദൈവമേ, ദൈവമേ നീയും എന്നെ കൈവെടിഞ്ഞോ” എന്ന് പരിക്ഷീണനായി വിളിച്ചു വിലപിക്കുന്ന യേശുദേവനെ കണ്ടപ്പോള്‍ ഹൃദയം പൊട്ടി. അടുത്ത നിമിഷം യേശുദേവന് വീണ്ടും തന്റെ പിതാവിലേക്ക് സ്വയം സമർപ്പിച്ചു.
ക്രൂരതയുടെയും ദൈന്യതയുടെയും ഈ അഭിശപ്ത മുഹൂർത്തത്തില്‍ പോലും പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോടു പൊറുക്കേണമേ എന്ന് പ്രാർഥിച്ച യേശുദേവൻ തന്റേതല്ലാത്ത പാപങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ട യേശുദേവൻ, സമാനതകള്‍ ഇല്ലാത്ത ദൈവപുത്രൻ, ലോകത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച ദിവ്യരൂപം.
കാൽവരി മൃത്യുഭൂമി അല്ല. കാൽവരിയുടെ പാഠം മരണത്തിന്റേതല്ല. കാൽവരിയുടെ പാഠം ഉയിർത്തെഴുന്നേൽപ്പിന്റേതാണ്. പ്രത്യാശയുടേതാണ്. പ്രതീക്ഷയുടേതാണ്. ദൈവസ്നേഹത്തിന്റേതാണ്. അത്യുന്നതങ്ങളില്‍ ദൈവത്തെ സ്തുതിക്കാനും ഭൂമിയില്‍ സന്മനസുള്ളവർക്ക് സമാധാനം നേരാനും മാനവരാശിയെ പ്രേരിപ്പിക്കുന്ന പുണ്യഭൂമി.
മരണം മരിച്ചു നന്മ ഉയിർത്തു
തിന്മയുടെ വിളഭൂമി ആക്കി ചിലര്‍ മാറ്റിയ കാൽവരിയില്‍ നന്മയുടെ തെളിനീര് ഉറവകളും ഞങ്ങള്‍ കണ്ടു. കാൽവരിയില്‍ ഞങ്ങള്‍ റംസാക്കാരനായ യൗസേപ്പിനെ കണ്ടു. നല്ലവനായ യൗസേപ്പ്. ദൈവപുത്രന്റെ ചേതനയറ്റ ശരീരം അയാള്‍ കുരിശില്‍നിന്ന് ഇറക്കി. പാറയില്‍ തീർത്ത പുത്തന്‍ കല്ലറയില്‍ അയാള്‍ യേശുദേവനെ അടക്കി. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു.
ദൈവപുത്രന് അന്നൊരിക്കല്‍ ഗലീലിയില്‍ വച്ച് പറഞ്ഞിരുന്നു. മനുഷ്യപുത്രന് പാപികളായ മനുഷ്യരുടെ കൈകളില്‍ ഏൽപ്പിക്കപ്പെടും. അവന് ക്രൂശിക്കപ്പെടും. അവന് മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കും.
അതേ, അത് അങ്ങനെതന്നെ നടന്നു. കാൽവരിയിലെ മഹായജ്ഞത്തിന്റെ നൊമ്പരം ഞങ്ങളുടെ ഹൃദയത്തില്‍ വന്നു പതിച്ചു. അവിടെ നടന്നതു ദൈവപുത്രന്റെ മരണം ആയിരുന്നില്ല. പാപത്തിന്റെ മരണം ആയിരുന്നു. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റെടുത്തുകൊണ്ട് ദൈവപുത്രന് കുരിശില്‍ തന്റെ ജീവിതം ഹോമിച്ചു. പക്ഷേ മരണത്തിന്റെ മരണമാണ് കാൽവരിയുടെ സന്ദേശം. മരണം മരിച്ചു, തിന്മ മരിച്ചു. നന്മ ഉയിർത്തെഴുന്നേറ്റു. കുരിശുമരണം ഉണ്ടെങ്കില്‍ ഉയിർത്തെഴുന്നേൽപ്പും ഉണ്ട് എന്ന പാഠം കാൽവരി നമ്മെ പഠിപ്പിക്കുന്നു.
പീലാത്തോസ് മറന്നത്
ഒരു കാര്യം നിസാരനായ മനുഷ്യന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഒരു സാഹിത്യ വിദ്യാർഥിയായ ലേഖകന്‍ നൊബേല്‍ ജേതാവായ അനത്തോള്‍ ഫ്രാൻസിസിന്റെ ഒരു ചെറുകഥ വായിച്ചത് ഓർക്കുന്നു, പീലാത്തോസിനെക്കുറിച്ച്:
മുന്തിരിത്തോട്ടങ്ങളുടെ ഉടമയായ ഒരു വൃദ്ധന് കിങ്കരന്മാരുമായി യാത്രചെയ്യുമ്പോള്‍ ഒരു ചെറുപ്പക്കാരന് അദ്ദേഹത്തെ കണ്ടുമുട്ടുന്നു, കുശലം പറയുന്നു. ആ വൃദ്ധന് പീലാത്തോസ് ആയിരുന്നു. ജറുസലേമില്‍ ഗവർണറായിരുന്ന കാലത്തെക്കുറിച്ച് അദ്ദേഹം പലതും ഓർമയില്‍നിന്നു ചികഞ്ഞെടുത്ത് ചെറുപ്പക്കാരനോടു പറഞ്ഞു. താന്‍ യഹൂദ ജനതയ്ക്കുവേണ്ടി ചെയ്ത വലിയ കാര്യങ്ങൾ.
അവർക്കു വെള്ളം എത്തിച്ചുകൊടുക്കാന്‍ വലിയ ഓവുകള്‍ നിർമിച്ചത്, അവരുടെ കുടിപ്പകകള്‍ തീർക്കാന്‍ ശ്രമിച്ചത്, യൂദന്മാരുടെ നിയമങ്ങളില്‍ കൈകടത്താതെ ഭരണം നടത്തിയത്. ഇതൊക്കെ തെല്ല് അഭിമാനത്തോടെ പീലാത്തോസ് പറഞ്ഞു. ചെറുപ്പക്കാരന് ചോദിച്ചു: “അങ്ങോർക്കുന്നുണ്ടോ യുവാവായ ഒരു തച്ചനെ. അയാളെ അങ്ങയുടെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അയാളെ കുരിശിലേറ്റാന്‍ അങ്ങു വിട്ടുകൊടുത്തു. ഓർക്കുന്നില്ലേ?”
പീലാത്തോസ് ഓർമയുടെ കയങ്ങളില്‍ പരതിനോക്കി. ഓർക്കുന്നില്ല. അവ്യക്തമായി ചിലതു മനസില്‍ ഓടിയെത്തി എന്നുമാത്രം. ഏതോ ചെറുപ്പക്കാരനായ ഒരു തച്ചനെ കുരിശിലേറ്റിയ കാര്യം എങ്ങനെ ഓർത്തിരിക്കാന്‍? എത്രയോ പേരെ കുരിശിലേറ്റിയിരിക്കുന്നു. ഇത് അതില്‍ ഒന്നുമാത്രം.
ലോകഗതി മുഴുവന്‍ മാറ്റിമറിച്ച ആ നിമിഷം. സത്യത്തിന്റെ സങ്കീർണതയെ അതീവ തീഷ്ണമാക്കിയ ആ നിമിഷം. ആ നിമിഷം തന്റെ മുന്നില്‍ പിറന്നുവീണത് പീലാത്തോസ് എന്തുകൊണ്ടോ തിരിച്ചറിഞ്ഞില്ല. ഇന്ന് ചരിത്രം പീലാത്തോസിനെ ഓർക്കുന്നത് ആ നിമിഷത്തിന്റെ പേരില്‍ മാത്രമാണ്. യേശുദേവനുമായി ബന്ധപ്പെടുത്തി മാത്രം.
കാൽവരിയില്‍ ഞാന്‍ കണ്ട ഏറ്റവും വിചിത്രമായ ചിത്രം യേശുദേവനോടൊപ്പം കുരിശിലേറ്റപ്പെട്ട ഡെസ്മസ് എന്ന കള്ളന്റേതാണ്. പെരും കള്ളനായ ഡെസ്മസ് ജീവിതത്തിന്റെ അവസാനനിമിഷം പശ്ചാത്തപിച്ചു. യേശുദേവനോട് അപേക്ഷിച്ചു: “നീ സ്വർഗരാജ്യത്തെത്തുമ്പോള് എന്നെയും ഓർക്കേണമേ” യേശുദേവന് അവനോടു പറഞ്ഞു: “നീ പറുദീസയിലേക്കു പോകുക.” ജീവിതത്തിന്റെ ഏറ്റവും ദാരുണമായ അന്ത്യനിമിഷത്തില്‍പോലും മറ്റൊരാളെ രക്ഷിക്കാന്‍ യേശുദേവനു മനസുണ്ടായിരുന്നു.
കാൽവരിയില്‍നിന്നു ഞങ്ങള്‍ എന്തു പഠിച്ചു?
കാൽവരിയില്‍നിന്നു ഞങ്ങള്‍ പഠിച്ചു കാൽവരിയില്‍ കാവ്യനീതി നടപ്പാക്കപ്പെട്ടു. എല്ലാ മനുഷ്യരുടെയും പാപം സ്വയം ഏറ്റെടുത്ത് യേശുദേവന് പാപികൾക്ക് പാപത്തില്‍നിന്നു മോചനം നല്കി. ചെയ്യുന്ന പാപങ്ങൾക്കൊക്കെയും പശ്ചാത്താപമേ പ്രായശ്ചിത്തം എന്ന് ലോകത്തെ മനസിലാക്കി. എന്താണ് കാൽവരിയുടെ സന്ദേശം? അത്യുന്നതങ്ങളില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഭൂമിയില്‍ സന്മനസുള്ളവർക്കു സമാധാനം നല്‍കുക.
ഡോ. സി.വി. ആനന്ദബോസ്