കഴിഞ്ഞ 15 വർഷമായി ഹ്യൂമൻലൈഫ് ഇന്റർനാഷണലിലൂടെ ജീവന്റെ അംബാസഡറായ ഡോ. ലിഗായ അകോസ്റ്റയുടെ നാടകീയമായ ജീവിതം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. കുടുംബാസൂത്രണ പദ്ധതിയുടെ പ്രോഗ്രാം മാനേജരായിരുന്ന വ്യക്തി ഇപ്പോൾ ജീവന്റെ സംരക്ഷണത്തിനുവേണ്ടി പൊരുതുകയാണ്. കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിൽ നടക്കുന്ന ഹ്യൂമൻ ലൈഫ് ഇന്റർ നാഷണൽ കോൺഫറൻസിന്റെ മുഖ്യ സംഘാടകയും പ്രബന്ധാവതാരകയുമായ ഡോ. ലിഗായ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്...
ഇരുപത്തിയെട്ട് വർഷക്കാലം ഫിലിപ്പീൻസ് സർക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ പ്രോജക്ട് കോ-ഓർഡിനേറ്റർ. ഗർഭ നിരോധന മാർഗങ്ങളുടെയും എയ്ഡ്സ് ബോധവത്കരണത്തിന്റെയും തീവ്ര പ്രചാരകയായ ഇവരുടെ ജീവിതം 2004 ൽ 180 ഡിഗ്രി തിരിഞ്ഞു; തികച്ചും തലകീഴായി. കഴിഞ്ഞ 15 വർഷമായി ഹ്യൂമൻലൈഫ് ഇന്റർനാഷണലിലൂടെ ജീവന്റെ അംബാസഡറായ ഡോ. ലിഗായ അകോസ്റ്റയുടെ നാടകീയമായ ജീവിതം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്.
" 2003 ലെ അവസാനം സർക്കാരെന്നെ കുടുംബാസൂത്രണത്തിന്റെ മേൽനോട്ടം വഹിക്കാൻ പ്രോഗ്രാം മാനേജരായി നിയമിച്ചു. പൊതുജനങ്ങൾക്കിടയിൽ ട്രെയിനിംഗ് പ്രോഗ്രാമുകളുമായി ഇറങ്ങിച്ചെന്ന എന്നോട് പല യുവതികളും ചെറുപ്പക്കാരികളായ വീട്ടമ്മമാരും ഗർഭനിരോധന മാർഗങ്ങളുപയോഗിച്ചതിന്റെ പാർശ്വഫലങ്ങളാണോ തങ്ങളുടെ ചില ഗുരുതര രോഗങ്ങളെന്ന് ആരാഞ്ഞു. ആദ്യമൊക്കെ അല്ല എന്നു ഞാൻ പറഞ്ഞെങ്കിലും അതേക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനൊരു നിമിത്തമുണ്ടായി. ഒരു യുവാവ് തന്റെ 30 വയസുകാരി സുന്ദരിയായ ഭാര്യ മരിച്ചത് ഇതുകൊണ്ടാണെന്നു പറഞ്ഞ് എന്നോട് കയർത്തു. നിങ്ങളെപ്പോലുള്ളവരാണ് എന്റെ കുടുംബം തകർത്തത്. അയാൾ ആക്രോശിച്ചു. ഞാൻ ആകെ ഭയപ്പെട്ടു. എന്നാൽ ഇതിലൊരു ഗവേഷണം തന്നെ നടത്താമെന്നു കരുതി.
ഗവേഷണത്തിൽ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. സ്ത്രീകളിലെ ത്രിവിധ അർബുദങ്ങൾക്കു പ്രധാനകാരണം ഇവയുടെ ഉപയോഗമാണെന്ന ശാസ്ത്രീയ പഠനങ്ങൾകണ്ട് ഞാൻ ഞെട്ടി. പണത്തിന്റെ സർവാധിപത്യമായിരുന്നു ഈ മേഖലയിൽ. 28 വർഷക്കാലം ഞാൻ പറഞ്ഞു പഠിപ്പിച്ചതെല്ലാം വലിയ തെറ്റായിരുന്നല്ലോ എന്നോർത്ത് ഞാൻ ദിവസങ്ങളോളം കരഞ്ഞു. ചില അന്താരാഷ്ട്ര ഏജൻസികളുടെ ഹിഡൻ അജൻഡകളായിരുന്നു ഇതിനെല്ലാം പിന്നിലെന്ന തിരിച്ചറിവ് എന്നെ ഒരു പ്രായശ്ചി ത്തത്തിനു പ്രേരിപ്പിച്ചു. അങ്ങനെയാണ് അമേരിക്ക ആസ്ഥാ നമായുള്ള പ്രോ ലൈഫ് പ്രസ്ഥാനമായ ഹ്യൂമൻ ലൈഫ് ഇന്റർനാഷണലിന്റെ ഭാഗമാവുന്നത്. ഡോ. ലിഗായ തന്റെ മനസു തുറന്നു.
ഗവേഷണം സർവത്തിനും ആധാരം
ഗവേഷണമാണ് എന്റെ എല്ലാ ധാരണകളെയും പൊളിച്ചെഴുതിയത്. ഡോക്ടർമാർ, നഴ്സുമാർ, സൂതികർമിണികൾ, ആരോഗ്യപ്രവർത്തകർ എന്നിവരുമായി നിരവധി തവണ സംസാരിച്ചു. എയ്ഡ്സ്, കാൻസർ എന്നിവ പിടിപെട്ട വീട്ടമ്മമാർ, യുവതികൾ, മധ്യവയസ്കർ എന്നിവരുടെ നേരനുഭവങ്ങൾ കേട്ടു. ഇന്റർനാഷണൽ ഏജൻസി ഫോർ റിസേർച്ച് ഓണ് കാൻസർ (ഐഎആർസി) യുടെ കണ്ടെത്തലുകൾ ആഴത്തിൽ പഠിച്ചു. എട്ടു രാജ്യങ്ങളിൽ നിന്നുള്ള 28 ശാസ്ത്രജ്ഞൻമാരാണ് ഈ കണ്ടെത്തലുകൾ നടത്തിയത്. സ്തനാർബുദം, ഗർഭാശയ കാൻസർ, ലിവർ കാൻസർ എന്നിവ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളിൽ എത്രമാത്രം കൂടുതലാണെന്ന് ആധികാരികമായ തെളിവുകളുടെ വെളിച്ചത്തിൽ മനസിലാക്കി. മനസിലൊന്നുറപ്പിച്ചു. എന്തായാലും ഈ തിന്മയ്ക്കു കൂട്ടുനിൽക്കാനാവില്ല. നന്മയുടെ പക്ഷം ചേർന്ന് ഈ യാഥാർഥ്യം ലോകം മുഴുവൻ പങ്കുവയ്ക്കണം.
നന്മയുടെ തണൽമരമായി
സർക്കാർ ജോലി രാജിവച്ചതോടെ വലിയ സാന്പത്തിക പ്രതിസന്ധി ഉടലെടുത്തു. എൻജിനിയറായ ഭർത്താവിന്റെ വരുമാനം മാത്രമായി ഞങ്ങളുടെ ഏക ആശ്രയം. അന്ന് നാലു കുട്ടികളും പഠിക്കുകയാണ്. ഞാൻ എന്റെ അടിച്ചുപൊളിച്ചുള്ള ജീവിത ശൈലി മാറ്റി. വലിയ വിലകൊടുത്ത് പേളുകൾ (പവിഴമുത്തുകൾ) വാങ്ങുന്നത് എനിക്കൊരു ഹരമായിരുന്നു. അതെല്ലാം ഉപേക്ഷിച്ചു. ആരോരുമില്ലാത്തവർക്ക് ദൈവം തുണ എന്നല്ലെ പറയുക. ഞാൻ ദിവ്യകാരുണ്യ ഈശോയുടെ മുന്നിലിരുന്നു പ്രാർഥിക്കാൻ തുടങ്ങി.
അതുവരെ ഒഴിവുകിട്ടുന്ന ഞായറാഴ്ചകൾ മാത്രം പള്ളിയിൽ പോയിരുന്ന വിശ്വാസിയായിരുന്ന ഞാൻ കത്തോലിക്കാ സഭയുടെ ജീവനെക്കുറിച്ചുള്ള പ്രബോധനങ്ങൾ വായിക്കാനും പഠിക്കാനും തുടങ്ങി. ബൈബിളും വിശുദ്ധ ജോണ്പോൾ രണ്ടാമന്റെ ജീവന്റെ സുവിശേഷം എന്ന ചാക്രിക ലേഖനവും പലവുരു വായിച്ച് ഹൃദിസ്ഥമാക്കാൻ ശ്രമിച്ചു. ലൈംഗിക അരാജകത്വത്തെക്കുറിച്ചും തകരുന്ന കുടുംബ ബന്ധങ്ങളെക്കുറിച്ചും ആഴത്തിൽ പഠിച്ചു. ഗർഭനിരോധന മാർഗങ്ങളിലെ അപകടങ്ങളെക്കുറിച്ചും സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചും ജീവന്റെ മഹത്വത്തെക്കുറിച്ചും സാധാരണക്കാരെ അറിയിക്കാൻ തുടങ്ങി. ചാനലുകൾ ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ എന്നെ അഭിമുഖം നടത്തി. അവിടെ പലരും പറഞ്ഞു: ഇതൊരു കാത്തലിക് ഇഷ്യൂ അല്ലേ..?. അല്ല, ഇതൊരു സാമൂഹിക പ്രശ്നമാണ്, ആഗോള പ്രശ്നമാണ് എന്നു ഞാൻ സമർത്ഥിച്ചു.
ഹൃദയ സ്തംഭനവും വൃക്ക മാറ്റിവയ്ക്കലും
പ്രതിബന്ധങ്ങളുടെയും പ്രതിസന്ധികളുടെയും തീച്ചൂളയിലൂടെ കടന്നുപോകുന്നതിനിടയിലാണ് അതേ വർഷം തന്നെ എൻജിനിയറായ ഭർത്താവ് സാൻഡിക്ക് ഹൃദയ സ്തംഭനം ഉണ്ടായത്. രാത്രിയിൽ അയൽവാസിയുടെ കാറിലാണ് ആശുപത്രിയിലെത്തിച്ചത്. ഒരു വിധം അപകടനില തരണം ചെയ്തപ്പോഴാണ് ഡോക്ടർ ഒരു വിദഗ്ധപരിശോധന വേണമെന്നു പറഞ്ഞത്. ഇതിലാണ് അദ്ദേഹത്തിന്റെ ഒരു വൃക്ക പൂർണമായും പ്രവർത്തന രഹിതമാണെന്നും രണ്ടാമത്തേതു പാതി മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും തിരിച്ചറിഞ്ഞത്.
എത്രയും പെട്ടെന്ന് കിഡ്നി മാറ്റിവയ്ക്കണമെന്നായിരുന്നു നിർദേശം. വലിയ സാന്പത്തിക പ്രശ്നത്തിലും ദൈവം മനുഷ്യരൂപം പൂണ്ട് പലരിലൂടെയും കാരുണ്യമായി അവതരിച്ചപ്പോൾ എല്ലാം യാഥാർഥ്യമായി. അന്നുമുതൽ ഇന്നുവരെ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങും തണലുമായി അദ്ദേഹമെന്റെ കൂടെയുണ്ട്. വിദേശ ട്രിപ്പുകളിലെല്ലാം തുണയായി കൂടെയുണ്ടാകും. ഇവിടെയും വന്നിട്ടുണ്ട്; ഇപ്പോൾ 64 വയസുകഴിഞ്ഞു.
അവസാന ശ്വാസംവരെ ജീവന്റെ പ്രചാരക
2007 മുതൽ അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമൻ ലൈഫ് ഇന്റർനാഷണൽ എന്ന പ്രോലൈഫ് സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ്. ഇപ്പോൾ ഇതിന്റെ ഏഷ്യ - ഓഷ്യാന റീജണൽ ഡയറക്ടറാണ്. ഇതിനകം നൂറിൽപ്പരം രാജ്യങ്ങളിൽ ജീവന്റെ സന്ദേശവുമായി പോയിക്കഴിഞ്ഞു. ഇന്ത്യയിൽത്തന്നെ ഇതു മൂന്നാം തവണയാണ്. അതാതു രാജ്യങ്ങളിലെ പ്രോ ലൈഫ് പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണു പ്രവർത്തനം.
കുടുംബത്തിന്റെ പൂർണ പിന്തുണയും പ്രവർത്തനങ്ങൾക്കുണ്ട്. മൂത്തമകൾ ലിസ മേരിയെ വിവാഹം ചെയ്തയച്ചു. അവരിപ്പോൾ കുടുംബ സമേതം അമേരിക്കയിലാണ്. രണ്ടാമത്തെ മകൻ ഡോ. ജെയ്ബോയ് പ്രോലൈഫ് പ്രവർത്തകനാണ്. മൂന്നാമത്തെ മകൻ കാൾ ഫ്രാൻസിസും നാലാമത്തെ മകൾ ഫെലിസ് സൈബലും വിദ്യാർഥികളാണ്.
പണ്ട് ഒരുപാട് സന്പാദിച്ചിരുന്നപ്പോൾ ഒരു മനസമാധാനവുമുണ്ടായിരുന്നില്ല. എന്നാൽ ഇന്നു സ്വന്തമായി ഒരു വീടും നിറഞ്ഞ സമാധാനവുമുണ്ട്. ദൈവിക പരിപാലന അനുഭവിക്കാനാകുന്നു. ഇപ്പോൾ 63 വയസുകഴിഞ്ഞു. ഇതൊരു ജോലിയായല്ല ജീവിത ദൗത്യമായാണു ഞാനെടുത്തിരിക്കുന്നത്. അതിനാൽ അവസാന ശ്വാസം വരെയും ജീവന്റെ പ്രഘോഷകയായി തുടരണമെന്നാണ് മോഹം; അതാണെന്റെ പ്രാർഥനയും.
സെബി മാളിയേക്കൽ