മതങ്ങൾ അനാവരണം ചെയ്യുന്നത് അതിഭൗതിക ജ്ഞാനവും ശാസ്ത്രം അനാവരണം ചെയ്യുന്നത് പരീക്ഷണ നിരീക്ഷണങ്ങളിലൂന്നിയ സ്വാഭാവിക ജ്ഞാനവുമാണ്. മതത്തിന്റെയും ശാസ്ത്രത്തിന്റെയും ഉറവിടം ഒരേ കേവല സത്യം തന്നെയാണ്. കേവല സത്യത്തിൽ നിന്നുള്ള മതവും ശാസ്ത്രവും എല്ലായ്പ്പോഴും പരസ്പരപൂരകങ്ങളായിരുന്നു. കത്തോലിക്കാ സഭയുടെ കാര്യത്തിൽ ഇത് വളരെയധികം അർഥവത്തും ആണ്.
മതവും ശാസ്ത്രവും രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ ആണെന്ന് കരുതുന്ന ഉത്തരാധുനിക കാഴ്ചപ്പാടിൽ ജീവിക്കുന്ന രണ്ടു കൂട്ടർ നമ്മുടെ ഇടയിൽ ഇന്നുമുണ്ട്. ഒന്നാമത്തേത് മതപ്രത്യയശാസ്ത്രങ്ങൾ മുന്നോട്ടുവയ്ക്കുന്ന വിശ്വാസ സത്യങ്ങൾക്ക് യുക്തി ഭദ്രമായ മാനം കണ്ടെത്തുവാൻ പരാജയപ്പെടുന്നതിനാൽ ശാസ്ത്രത്തോട് നീരസം പുലർത്തുന്നവരാണ്.
ചുരുക്കം ചിലർ അങ്ങനെ ശാസ്ത്രവിരോധികൾ ആകുന്നുണ്ട്. രണ്ടാമത്തേത് യുക്തി തൊട്ടുതീണ്ടിയിട്ടില്ലാത്ത ചില നിരീശ്വരവാദികളാണ്. പ്രകൃതിയിലെ ഏതു പ്രതികൂല പ്രതിഭാസത്തെയും ദൈവം ഇല്ല എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കാൻ വെമ്പൽ കൊള്ളുകയാണ് അവർ.
മതവും ശാസ്ത്രവും തമ്മിൽ ഒരു സാങ്കല്പിക ദ്വന്ദ്വയുദ്ധം നടത്തി ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാർ തങ്ങളാണെന്നു വരുത്തിത്തീർക്കുകയാണ് അവരുടെ ലക്ഷ്യം. കൊറോണ വൈറസ് പടർന്നുപിടിച്ച് മനുഷ്യരിലാകെ ഭീതി പടർത്തിയിരിക്കുന്ന അവസരത്തിലും ഇത്തരക്കാർ മത-ശാസ്ത്ര വൈരുദ്ധ്യങ്ങളുടെ ഒളിയമ്പുകൾ വിശ്വാസികൾക്ക് നേരേ തൊടുത്തുവിടുന്നുണ്ട്.
സമന്വയത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന ക്രൈസ്തവ വിശ്വാസത്തിനും ശാസ്ത്രത്തിനും നിരീശ്വരവാദികളുടെ ഒളിയമ്പുകൾ സൃഷ്ടിക്കുന്ന എല്ലാ സമസ്യകൾക്കും ഇന്ന് ഉത്തരമുണ്ട്.
മതവും ശാസ്ത്രവും
മതവും ശാസ്ത്രവും ഒരിക്കലും സമന്വയിക്കാൻ സാധിക്കാത്ത വിധം വിരുദ്ധ ധ്രുവങ്ങളിലാണെന്ന ചിന്താഗതി പതിനാറാം നൂറ്റാണ്ടുമുതൽ പശ്ചാത്യലോകത്ത് പ്രബലമായിരുന്നു. എന്നാൽ ഇത്തരത്തിൽ രൂപപ്പെട്ടുവന്ന പൊതുബോധത്തിൽ യാഥാർഥ്യത്തിന്റെ നേരിയ ഒരംശം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് വാസ്തവം.
മതങ്ങൾ അനാവരണം ചെയ്യുന്നത് അതിഭൗതിക ജ്ഞാനവും ശാസ്ത്രം അനാവരണം ചെയ്യുന്നത് പരീക്ഷണ നിരീക്ഷണങ്ങളിലൂന്നിയ സ്വാഭാവിക ജ്ഞാനവുമാണ്. മതത്തിന്റെയും ശാസ്ത്രത്തിന്റെയും ഉറവിടം ഒരേ കേവല സത്യം തന്നെയാണ്. കേവല സത്യത്തിൽ നിന്നുള്ള മതവും ശാസ്ത്രവും എല്ലായ്പ്പോഴും പരസ്പരപൂരകങ്ങളായിരുന്നു.
കത്തോലിക്കാ സഭയുടെ കാര്യത്തിൽ ഇതു വളരെയധികം അർഥവത്തും ആണ്. കത്തോലിക്കാ ദൈവശാസ്ത്രം സത്യത്തിന്റെ അതിഭൗതിക മാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ശാസ്ത്രം അതേ സത്യത്തിന്റെ പദാർഥവും ഭൗതികവുമായ മാനങ്ങളെ പഠന വിധേയമാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ആധുനിക ഭൗതിക ശാസ്ത്ര വികാസങ്ങളായ ക്വാണ്ടം സിദ്ധാന്തവും കയോസ് സിദ്ധാന്തവുമൊക്കെ ഭൗതികശാസ്ത്രത്തിലെ സൈദ്ധാന്തിക വിപ്ലവാത്മകതയോടൊപ്പംതന്നെ കത്തോലിക്കാ സഭ വിഭാവനം ചെയ്യുന്ന കേവല സത്യത്തിലേക്കും വിരൽ ചൂണ്ടുകയാണ്.
അരിസ്റ്റോട്ടിലിയൻ-തോമസ്റ്റിക് തത്വശാസ്ത്രങ്ങൾ നൽകുന്ന അടിസ്ഥാനങ്ങൾക്കപ്പുറം വിശ്വാസസത്യങ്ങളെ വ്യാഖ്യാനിക്കാൻ കെൽപ്പുള്ളതാണ് ഇന്നത്തെ ഈ ശാസ്ത്രീയ പുരോഗതികൾ. ഉദാഹരണത്തിന്, മനുഷ്യന്റെ ഇച്ഛാശക്തിയിലുള്ള ദൈവത്തിന്റെ മുന്നറിവിനെ അടിസ്ഥാനമാക്കി മാത്രം മംഗളവാർത്തയിലെ ഗബ്രിയേൽ മാലാഖയുടെ പ്രത്യക്ഷീകരണത്തെ വ്യാഖ്യാനിച്ചിരുന്നവർക്ക് ക്വാണ്ടം മെക്കാനിക്സ് പുതിയ ദൈവശാസ്ത്ര വാതായനങ്ങൾ തുറന്നുതരുകയാണ് ചെയ്യുന്നത്.
കുർബാനയിലെ സത്താപരമായ മാറ്റം, പുണ്യാളന്മാരുടെ ഐക്യം, ത്രീയേക ദൈവം തുടങ്ങിയ വിശ്വാസസത്യങ്ങൾക്ക് തത്വശാസ്ത്രത്തിനു ബദലായി ക്വാണ്ടം ബലതന്ത്രത്തിൽ അധിഷ്ഠിതമായ വ്യാഖ്യാനം വരുന്ന കാലം വിദൂരമല്ല.
ഇങ്ങനെ ആധുനിക മത-ശാസ്ത്ര സമവായത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രസംഭവങ്ങളെ നിരീക്ഷിച്ചാൽ ഗലീലിയോ സംഭവത്തിലും പരിണാമ സിദ്ധാന്തത്തിലുമൊക്കെയും മത ശാസ്ത്ര വൈരുദ്ധ്യങ്ങൾ തെല്ലും നിലനിന്നിരുന്നില്ല എന്ന് നിസംശയം പറയാൻ സാധിക്കും. മത ശാസ്ത്ര സമ്പർക്കങ്ങളിൽ ക്രിയാത്മകമായ സംവാദങ്ങൾ അന്ന് നടന്നിരുന്നില്ല എന്നുവേണം അനുമാനിക്കാൻ.
ഗലീലിയോ സിദ്ധാന്തത്തെ പിന്താങ്ങിയിരുന്ന ദൈവശാസ്ത്രജ്ഞർ മതത്തെക്കാൾ ഉപരി മതേതര കാരണങ്ങളാലായിരുന്നു പക്ഷം പിടിച്ചിരുന്നത്. ബൈബിളിലെ വംശാവലിയിൽ നരവംശശാസ്ത്രം തേടി പോയതുകൊണ്ടാണ് ഡാർവിന്റെ പരിണാമ സിദ്ധാന്തവുമായി സംഘർഷങ്ങൾ ഉടലെടുത്തത്. മനുഷ്യനുൾപ്പെടെയുള്ള സകലതിന്റെയും ആദികാരണം ദൈവമാണ്.
സൃഷ്ടവസ്തുക്കളിൽ മനുഷ്യന് പ്രത്യേക സ്ഥാനമുണ്ട്. മനുഷ്യാത്മാവ് പരിണാമങ്ങൾക്ക് വിധേയമല്ല, അത് ദൈവം നേരിട്ട് സൃഷ്ടിക്കുന്നതാണ്. പരിണാമസിദ്ധാന്തങ്ങളെല്ലാം ഈ അടിസ്ഥാന പ്രമാണങ്ങളെ ഹനിക്കാത്തതാകയാൽ കത്തോലിക്കർക്ക് പരിണാമ സിദ്ധാന്തങ്ങളോട് ഇന്ന് പൂർണ തുറവിയുണ്ട്.
ആധുനിക വൈദ്യശാസ്ത്രവും കത്തോലിക്കാസഭയും
ജീവനു ക്ഷതം ഏൽപ്പിക്കുന്ന ശാരീരിക-മാനസിക അവസ്ഥകളെ ശാസ്ത്രീയമായി നേരിടുന്ന ശാസ്ത്രശാഖയാണ് ആധുനികവൈദ്യശാസ്ത്രം. ഈ ശാസ്ത്രശാഖ ഉപയോഗിച്ച് സാധ്യമാകുന്ന വിധത്തിൽ എല്ലാം മാനവകുലത്തെ സേവിക്കുന്നതിൽ കത്തോലിക്കാസഭയോളം ഉത്സുകരായിട്ടുള്ള ഒരു പ്രസ്ഥാനം ഇന്ന് ലോകത്തിൽ ഇല്ല.
അമേരിക്കയിൽ മാത്രമല്ല ഇന്ത്യയിൽ തന്നെയും ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖല ഉള്ളത് കത്തോലിക്കാസഭയ്ക്കാണ്. ആതുരസേവനരംഗത്ത് ശാസ്ത്രീയ ചികിത്സാവിധികൾ പ്രധാനം ചെയ്യുന്ന 3500 ലധികം സ്ഥാപനങ്ങൾ ഇന്ത്യയിൽത്തന്നെ ഇന്ന് കത്തോലിക്കാ സഭയ്ക്കുണ്ട്.
അതിൽ ആയിരത്തിലധികം സന്യാസിനികൾ ഡോക്ടർമാരായി സേവനം ചെയ്യുന്നുണ്ട്. പ്രാഥമിക ചികിത്സകൾ മുതൽ വിദഗ്ധ ചികിത്സകൾ വരെ പ്രധാനം ചെയ്യുന്ന ഇവയിൽ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളും മെഡിക്കൽ കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇന്ത്യൻ ജനസംഖ്യയുടെ 1.5% മാത്രമുള്ള ഒരു സമൂഹമാണ് ഇന്ത്യയിലെ സ്വകാര്യ രംഗത്തുള്ള ഏറ്റവും വലിയ ആശുപത്രി ശൃംഖലയിലൂടെ ശാസ്ത്രീയ വിധിപ്രകാരം സേവന തത്പരരായിരിക്കുന്നത്.
സ്വകാര്യമേഖലയെ അമിത ചികിത്സാ ചെലവ് വർധനയിൽ നിന്ന് സംരക്ഷിക്കുന്നതും ഒരു പരിധിവരെ ഈ ആശുപത്രി ശൃംഖല തന്നെയാണ്. അതിനാൽ അസുഖം വന്നാൽ ശാസ്ത്രീയമായി ചികിത്സിക്കരുത് എന്നത് കത്തോലിക്കാസഭയുടെ ശൈലിയോ പഠനമോ അല്ല എന്നു മാത്രമല്ല ശാസ്ത്രീയ മാർഗങ്ങളിലൂടെ ചികിത്സയ്ക്ക് സ്വകാര്യമേഖലയിൽ മുൻകൈയെടുക്കുന്നതും ഈ കത്തോലിക്കാസഭ തന്നെയാണ് എന്ന് നിസംശയം പറയാം.
ഇന്ന് കൊറോണ പടർന്നുപിടിക്കാതെ തടയാൻ ശാസ്ത്രീയ വിധികൾ തന്നെയാണ് കത്തോലിക്കാ സഭ സ്വാഭാവിക പ്രതിരോധ നടപടികൾക്കായി അനുവർത്തിക്കുന്നത്. അതിന്റെ ഭാഗമായാണ് ദേവാലയങ്ങളിൽ ആളുകൾ തിങ്ങിക്കൂടി പരസ്പരം സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കാനുള്ള എല്ലാവിധ നടപടികളും രൂപത അധ്യക്ഷന്മാർ സ്വീകരിച്ചിരിക്കുന്നത്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും
ആചാരങ്ങളും അനുഷ്ഠാനങ്ങളും കേവലം വിശ്വാസത്തിന്റെ ബാഹ്യമായ പ്രകടനം മാത്രമാണ്. വിശ്വാസത്തിന്റെ ആഘോഷങ്ങളിൽ എക്കാലവും ഒരു സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നതാണ് കത്തോലിക്കാസഭയുടെ ശൈലി. ഈ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്നതാകട്ടെ ആചാരാനുഷ്ഠാനങ്ങൾ മനുഷ്യർക്ക് എത്രത്തോളം പ്രയോജനകരവും അപകടകരവും ആണെന്നതിനെ അടിസ്ഥാനമാക്കിയുമാണ്.
ഏതു കാര്യത്തിലാണെങ്കിലും അതിന്റെ പ്രാധാന്യം എടുത്തു കാണിക്കാൻ അർഥവത്തായ അടയാളങ്ങൾ ഉപയോഗിക്കണമെന്നാണ് വിശുദ്ധ തോമസ് അക്വീനാസ് പറഞ്ഞിരിക്കുന്നത് (സുമാ: 2,2,85,1). ശരീരവും ആത്മാവും ചേർന്ന് സൃഷ്ടിക്കപ്പെട്ട നമ്മളിൽ ശരീരം നമ്മുടെ വ്യക്തിത്വത്തിന്റെ അഭിവാജ്യ ഘടകമാണ്. അതിനാൽ ആശയവിനിമയത്തിനും സ്വാഭാവികമായി ശാരീരിക രീതികൾ നമ്മൾ പ്രകടിപ്പിക്കുന്നു. ആന്തരികമായി നമ്മൾ ആഘോഷിക്കുന്ന സത്യത്തിന്റെ ബാഹ്യപ്രകടനമാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും.
ഇത് സ്വാഭാവിക ആശയവിനിമയത്തിനുള്ള ശാരീരിക രീതിയാണ്. എല്ലാ സംസ്കാരങ്ങളിലും ആശയവിനിമയത്തിനുള്ള ഇത്തരം രീതികൾ ഉണ്ട്. നമ്മൾ ആഘോഷിക്കുന്ന സത്യത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുവാൻ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യത്യാസങ്ങൾ വരുത്തുന്നു. ചില അനുഷ്ഠാനങ്ങൾ മറ്റു ചിലതിനെക്കാൾ മെച്ചപ്പെട്ടത് ആകുന്നത് അത്തരം അനുഷ്ഠാനങ്ങൾക്ക് കാരണമായ മൂല്യങ്ങളിലുള്ള വ്യത്യാസം കൊണ്ടാണ്. സ്നേഹം ഉണ്ടായിട്ടും പ്രകടിപ്പിക്കാത്തവനെപ്പോലെയാണ് വിശ്വാസം ഉണ്ടായിട്ടും ആചാര അനുഷ്ഠാനങ്ങളെ വെറുക്കുന്നവനും.
ആന്തരികമായി കത്തോലിക്കാ മൂല്യങ്ങൾ ഇല്ലാതെ ആചാരാനുഷ്ഠാനങ്ങൾ മാത്രമായി നടക്കുന്നവരുണ്ട്. ആന്തരിക മനോഭാവം കൂടാതെ ബാഹ്യപ്രകടനങ്ങൾ കൊണ്ടുമാത്രം പ്രാർഥനകളുടെയും കൂദാശാനുകരണങ്ങളുടെയും ഫലപ്രാപ്തി നേടാം എന്ന് കരുതുന്നത് അന്ധവിശ്വാസം ആണ്. സ്നേഹമില്ലാതെ സ്നേഹം നടിക്കുന്നവനെ പോലെ പ്രയോജനരഹിതമാണ് ഈ അഭ്യാസവും.
ഈ രണ്ട് തീവ്ര ചിന്താഗതിയിൽനിന്നു വ്യത്യസ്തമായി ഇവ രണ്ടിനെയും ആരോഗ്യകരമായി മിശ്രണം ചെയ്ത് ജീവിക്കുന്നവരാണ് കത്തോലിക്കാസഭയ്ക്ക് എക്കാലവും മുതൽക്കൂട്ടാവുന്നത്. ഉദാഹരണത്തിന്, മാമ്മോദീസ എന്ന കൂദാശയുടെ പരികർമത്തിന് കൂദാശാവചനങ്ങളും കൂദാശാവസ്തുക്കളും അനിവാര്യമാണ്. ജലം തലയിൽ തളിക്കാതെ മാമ്മോദീസ നൽകാൻ സാധിക്കാത്തത് അതിനാലാണ്. വിശുദ്ധ കുർബാനയിലെ സത്താപരമായ മാറ്റത്തിനും കൂദാശാവചനങ്ങളും കൂദാശാ വസ്തുക്കളും ഇതുപോലെ അനിവാര്യമാണ്.
വിശ്വാസത്തിന്റെ ബാഹ്യമായ പ്രകടനങ്ങൾ എപ്പോഴെങ്കിലും മനുഷ്യർക്ക് ദോഷം വരുത്തുന്നെങ്കിൽ അതിനെ കാലാനുസൃതമായി നിയന്ത്രിക്കേണ്ടതുണ്ട്. കൊറോണ പടരുന്ന സാഹചര്യത്തിൽ കുർബാന സ്വീകരണം അരൂപിക്കടുത്ത വിധം മാത്രമായി ചിലയിടങ്ങളിൽ നിയന്ത്രിച്ചത് ഇത്തരത്തിൽ കൊണ്ടുവന്ന താത്കാലിക നിയന്ത്രണങ്ങളിൽ ഒന്നു മാത്രമാണ്. വ്യക്തികളുമായി സമ്പർക്കത്തിൽ വരുന്നതിനാൽ അസുഖം പകരാൻ സാധ്യതയുള്ളവർ വീട്ടിലിരുന്ന് കുർബാന കാണുമ്പോഴും കുർബാന സ്വീകരിക്കാൻ യോഗ്യതയുള്ളവർക്ക് ശാരീരികമായി കുർബാന സ്വീകരിക്കാതെ ആത്മാവിൽ കുർബാന സ്വീകരിക്കാവുന്നതാണ്.
അക്വീനാസിന്റെ അഭിപ്രായത്തിൽ ദഹന പ്രക്രിയ വഴിയല്ല പ്രത്യുത സ്നേഹവും വിശ്വാസവും വഴിയാണ് ദിവ്യകാരുണ്യ സ്വീകരണം നമ്മളിൽ ഫലപ്രാപ്തിയണിയുന്നത്. ആയതിനാൽ വിശുദ്ധ കുർബാന നേരിട്ട് സ്വീകരിക്കുന്നതും അതിനു സാധിക്കാത്തപ്പോൾ അരൂപിക്കടുത്ത വിധം മതിയായ മനോഭാവത്തോടെ സ്വീകരിക്കുന്നതും ഒരുപോലെ ഫലപ്രാപ്തി ഉളവാക്കുന്നതാണ്. വിശ്വാസത്തിന് തെല്ലും കോട്ടം തട്ടാതെ വിശ്വാസത്തിന്റെ ബാഹ്യപ്രകടനങ്ങൾ ഇതുപോലെ സാഹചര്യങ്ങൾക്കനുസൃതം ശാസ്ത്രീയമായി സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി ക്രമപ്പെടുത്താൻ ഒരേ പ്രഭവത്തിൽ നിന്നുവരുന്ന മതത്തിനും ശാസ്ത്രത്തിനും തെല്ലും വൈഷമ്യമില്ല.
ആചാരാനുഷ്ഠാനങ്ങൾ മാനുഷിക പരിമിതിയും ആവശ്യങ്ങളും അനുസരിച്ച് പുനർനിർവചിക്കപ്പെടുയോ മാറ്റപ്പെടുകയൊ ചെയ്തേക്കാം. എന്നാൽ കത്തോലിക്കാ സഭ എന്നും പ്രഘോഷിക്കപ്പെടുന്ന വിശ്വാസം സഹസ്രാബ്ദങ്ങളായി മാറ്റമില്ലാതെ തുടരുന്നതു തന്നെയാണ്. കത്തോലിക്കാ ദേവാലയങ്ങളിലെ പ്രാർഥനകളും കുർബാനകളും മുടങ്ങിയിട്ടും വിശ്വാസികൾക്ക് ഒന്നും സംഭവിക്കാത്തതിനാൽ അവയൊന്നും അനിവാര്യമല്ലെന്ന് തീർപ്പു കൽപ്പിക്കുന്നത് അതിനാൽ ഒരു മോഡൽ സ്കോപ്പ് ഫാലസിയാണ്.
ഈ ഫാലസി എന്താണെന്നു നോക്കാം a) ബാച്ചിലേഴ്സ് അവിവാഹിതരാണ്. b) ജോൺ ഒരു ബാച്ചിലർ ആണ്. c) അതിനാൽ ജോണിന് വിവാഹം കഴിക്കാൻ സാധിക്കില്ല. ഇതിലെ നിഗമനത്തിലാണ് യുക്തിരാഹിത്യം ഉള്ളത്. ജോണിന് ഏതുനിമിഷവും ബാച്ചിലർ ആകുന്നത് അവസാനിപ്പിച്ചു വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഇതിനുള്ള സ്വാതന്ത്ര്യം ജോണിൽ നിന്ന് എടുത്തുമാറ്റി ജോണിനെ പറ്റി തീർപ്പ് കൽപ്പിക്കുന്നതാണ് മോഡൽ സ്കോപ്പ് ഫാലസി.
കത്തോലിക്കാ സഭയിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെങ്കിലും അതിൽ കാലാനുസൃതമായി മാറ്റം വരുത്താനുള്ള പൂർണസ്വാതന്ത്ര്യം കത്തോലിക്കാസഭയ്ക്കുണ്ട്. കത്തോലിക്കാ സഭയിലെ വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഏതാണ് അനിവാര്യമെന്നും ഏതാണ് കേവലം അനുവദിച്ചിട്ടുള്ളത് എന്നും സ്വയം തിരിച്ചറിയാത്തതിന്റെ ആശയക്കുഴപ്പമാണ് ഈ യുക്തിരാഹിത്യത്തിന്റെ കാരണം.
പാരിസ്ഥിതിക ദുരന്തങ്ങൾ
പ്രകൃതിക്ക് ഒരു ക്രമമുണ്ട്. പ്രകൃതിയിലെ ചേതനവും അചേതനവുമായ വസ്തുക്കൾ തമ്മിലുള്ള ജൈവികവും ഭൗതികവുമായ പ്രക്രിയകളാണ് ഓരോ പ്രകൃതി പ്രതിഭാസങ്ങളിലേക്കും നയിക്കുന്നത്. മനുഷ്യരുടെ പ്രവൃത്തികളുടെ പരിണിതഫലങ്ങളും ഇവയെ സ്വാധീനിച്ചേക്കാം. പ്രകൃതി അതിന്റെപൂർണതയിലാണ് സൃഷ്ടിക്കപ്പെട്ടത്.
എന്നാൽ സൃഷ്ട വസ്തുക്കളുടെ സ്വാതന്ത്ര്യത്തിന് വിധേയമായ പ്രപഞ്ചം അവരുടെ പ്രവർത്തികളുടെ പരിണതഫലങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. സർവശക്തനും സർവജ്ഞാനിയും ആയ ദൈവത്തിന് ഇത്തരം പ്രതികൂല പരിണതഫലങ്ങളിൽ നിന്ന് മനുഷ്യരെ രക്ഷിച്ചുകൂടെ എന്ന ചോദ്യം കേൾക്കാറുണ്ട്.
അജ്ഞേയവാദം ദൈവാസ്തിത്വത്തിന് തടസമായി പലപ്പോഴും ആരോപിക്കുന്നത് ദൈവം തിന്മ അനുവദിക്കുന്നു എന്നതാണ്. തിന്മ ചെയ്യുന്ന മനുഷ്യരെ ദൈവം തന്റെ ശക്തിയും ജ്ഞാനവും ഉപയോഗിച്ച് എന്തുകൊണ്ട് തടയുന്നില്ല? അതുകൊണ്ട് ദൈവം ഉണ്ടെങ്കിൽ പോലും ശക്തിയും ജ്ഞാനവും ഇല്ലാത്തവനാണ്. സർവശക്തിയും സർവജ്ഞാനവും ഇല്ലെങ്കിൽ ദൈവം എന്നതിന്റെ അർഥതലങ്ങളെ നിർവചിക്കുവാനും ആകില്ല. അതിനാൽ തിന്മ അനുവദിക്കപ്പെടുന്നത് ദൈവമുണ്ടെന്ന വിശ്വാസത്തിന് തടസമായി നിൽക്കുന്നു. ഇങ്ങനെയാണ് അവരുടെ വാദങ്ങൾ പോകുന്നത്.
സസൂക്ഷ്മം നിരീക്ഷിച്ചാൽ suppres sed correlative fallacy എന്ന തെറ്റിദ്ധാരണയാണ് ഈ വികലമായ വാദത്തിനു കാരണം എന്ന് മനസിലാകും. സർവശക്തനും സർവജ്ഞാനിയായും ആയിരിക്കെ തന്നെ ദൈവത്തിന് മനുഷ്യരുടെ തിന്മ അനുവദിക്കാൻ സാധിക്കും. ദൈവത്തിന്റെ ഈ ലക്ഷണങ്ങളും ദൈവം തിന്മ അനുവദിക്കുന്നു എന്ന വസ്തുതയും പരസ്പരം നിഷേധാത്മകം അല്ല. ദൈവം സർവശക്തനാണ് അല്ലെങ്കിൽ ദൈവം സർവജ്ഞാനി ആണെന്ന് പറയുമ്പോൾ എന്താണ് അർഥമാക്കുന്നത് എന്ന് അറിയാത്തതുകൊണ്ടാണ് പലപ്പോഴും തെറ്റായ അർഥങ്ങൾ ആരോപിച്ച് തെറ്റിദ്ധാരണാജനകമായ ഉത്തരങ്ങളിലേക്ക് എത്തുന്നത്.
സർവശക്തനായ ദൈവം
ദൈവം സർവശക്തനാണ്. അവിടുത്തേക്ക് സകലതും ചെയ്യാൻ കഴിവുണ്ട്. എന്നാൽ, സകലതും എന്നത് സ്വന്തം അസ്തിത്വത്തിന് വിരുദ്ധമായവയും ദൈവം ചെയ്യും എന്ന് അർഥമാക്കുന്നില്ല. ദൈവത്തിന് ദൈവത്തിനെതിരേ തന്നെ പ്രവർത്തിക്കാനാവില്ല. ദൈവിക ഭാവത്തിന്റെ പ്രതിഫലനമാണ് യുക്തിചിന്ത. അതിനാൽ യുക്തിക്ക് എതിരെ ദൈവത്തിന് പ്രവർത്തിക്കാനാവില്ല. ഇവിടെ യുക്തി എന്നത് കേവലം മനുഷ്യന്റെ യുക്തിയല്ല, ദൈവത്തിന്റെ യുക്തിയാണ്.
കാരണം മനുഷ്യൻ കണ്ടെത്താത്ത അല്ലെങ്കിൽ അവന് കണ്ടെത്താനാകാത്ത യുക്തിയുടെ സീമകൾ ഇനിയുമുണ്ട്. അതുകൊണ്ടാണ് അക്വീനാസ് ദൈവം സർവശക്തനാണ് എന്ന് പറയുമ്പോൾ ദൈവത്തിന് സാധ്യമായതെല്ലാം ചെയ്യാൻ സാധിക്കും എന്നാണ് അർഥമാക്കുന്നതെന്ന് പറഞ്ഞത്. (Summa Theologica, part 1, question 25, article 3)
എന്താണ് ദൈവത്തിന് സാധ്യമായത്?
ദൈവത്തിന്റെ ശക്തിയുടെ സാധ്യതയെപ്പറ്റി നോക്കുമ്പോൾ ദൈവത്തിന് എന്തൊക്കെ സാധ്യമാണ് എന്ന് നമുക്ക് പറയാൻ സാധിക്കില്ല, കാരണം നമ്മുടെ അറിവ് പരിമിതമാണ്. എന്നാൽ ദൈവത്തിന് എന്തൊക്കെ സാധ്യമല്ല എന്ന് പറയുവാൻ സാധിക്കും. ദൈവത്തിന്റെ സർവശക്തി എന്നത് നൈസർഗിക ദൈവിക ഭാവങ്ങൾക്ക് വിരുദ്ധമായവയൊഴികെ എല്ലാം ദൈവത്തിന് പ്രവർത്തിക്കുവാൻ സാധിക്കും എന്നതാണ് (C.S Lewis, Problem of evil).
ദൈവിക ഭാവങ്ങൾക്ക് വിരുദ്ധമായവ ഒന്നും ദൈവത്തിന് പ്രവർത്തിക്കാൻ സാധിക്കില്ല. ഉദാഹരണത്തിന് ദൈവത്തിന് തിന്മ പ്രവർത്തിക്കുവാൻ സാധിക്കില്ല കാരണം അത് നന്മ എന്ന ദൈവീക ഭാവത്തിന് വിരുദ്ധമാണ്. അതുപോലെ "ദൈവത്തിന് നുണ പറയുക എന്നത് അസാധ്യമാണ്" (Hebrew 6:18). ദൈവത്തിന് ലോജിക്കിലെ നിയമങ്ങളും തെറ്റിക്കാൻ സാധിക്കില്ല കാരണം ലോജിക്കും ദൈവിക ഭാവത്തിന്റെ പ്രതിഫലനമാണ്. ഉദാഹരണത്തിന്, കോണുകളുടെ തുക 180 ഡിഗ്രിയിൽ കൂടുതൽ ഉള്ള ഒരു ത്രികോണം നിർമിക്കാനോ അല്ലെങ്കിൽ കോണുകളില്ലാത്ത ത്രികോണം നിർമിക്കാനോ ദൈവത്തിനും സാധ്യമല്ല.
സർവശക്തനാണ് എന്നതിന്റെ ഈ അർഥം ഗ്രഹിക്കാത്തവർ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ് ദൈവത്തിന് ഉയർത്താനാകാത്ത ഒരു കല്ല് അവിടുത്തേക്ക് നിർമിക്കാനാകുമൊ എന്നത്. ദൈവത്തിന് ഉയർത്തുവാൻ സാധിക്കാത്ത ഒരു കല്ലിനും യുക്തിപരമായി നിലനിൽപ്പില്ല. കാരണം ഏത് കല്ല് ഉയർത്തുവാനും ദൈവത്തിന് സാധിക്കും. യുക്തിപരമായി അസ്തിത്വമില്ലാത്ത ഒരു കല്ലിനെ ഉണ്ടാക്കാൻ ദൈവത്തിനും പറ്റില്ല. അതുകൊണ്ട് അർഥമില്ലാത്ത ചോദ്യമാണ് ഇത്.
അതുപോലെതന്നെയാണ് മനുഷ്യന്റെ ഇച്ഛാശക്തിയുടെ പ്രവർത്തനത്തിലും ദൈവത്തിന്റെ ഇടപെടൽ സാധ്യമാണോ എന്ന ചോദ്യവും.
മനുഷ്യന് സ്വതന്ത്ര ഇച്ഛാശക്തി നൽകി അവനെ സൃഷ്ടിക്കുക എന്നത് ദൈവിക തിരുമാനമാണ്. മനുഷ്യന്റെ ഇച്ഛാശക്തിയെ മറികടന്ന് മനുഷ്യൻ ചെയ്യുന്ന തിന്മകളെ ദൈവം എതിർക്കുക എന്ന് പറയുന്നത് മനുഷ്യന് ഇച്ഛാശക്തി നൽകുക എന്ന ദൈവിക തീരുമാനത്തെ ദൈവം തന്നെ എതിർക്കുന്നതുപോലെയാണ്. ദൈവത്തിന്റെ നൈസർഗിക ഭാവത്തിനെതിരേ ദൈവം പ്രവർത്തിക്കണമെന്നാണ് ഇവിടെ പറയുന്നത്. അത് അതിനാൽ തന്നെ ഒരു വൈരുദ്ധ്യമാണ്.
സർവജ്ഞാനിയായ ദൈവം
ദൈവത്തിന്റെ മുന്പില് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്മുന്പില് സകലതും അനാവൃതവും വ്യക്തവുമാണ് (ഹെബ്രായര് 4:13). മനുഷ്യർ ഇച്ഛാശക്തി എങ്ങനെ ഉപയോഗിക്കും എന്നു പോലും ദൈവത്തിന് അറിവുള്ളതാണ്. (Dei Filius, Vatican Council 1).
ഈ ജ്ഞാനത്തെ ആണ് ദൈവത്തിന്റെ മുന്നറിവ് എന്ന് പറയുന്നത്. ഒരു മനുഷ്യൻ നന്മ ചെയ്യുമോ തിന്മ ചെയ്യുമോ എന്ന് ഇപ്രകാരം ദൈവത്തിന് അറിയാമെങ്കിലും ആ അറിവ് ഉപയോഗിച്ച് മനുഷ്യന്റെ ഇച്ഛാശക്തിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുക എന്നത് ദൈവിക പ്രവർത്തനമല്ല. കാരണം അത് മുൻപ് പറഞ്ഞതുപോലെ അതിനാൽ തന്നെ ഒരു വൈരുദ്ധ്യമാണ്.
ദൈവം സർവശക്തനും സർവജ്ഞാനിയും ആണ്. അങ്ങനെ ആയിരിക്കെത്തന്നെ മനുഷ്യരുടെ തിന്മ അനുവദിക്കുക എന്നത് ദൈവത്തിന് നിഷിദ്ധമല്ല. ദൈവം തിൻമയെ ഇച്ഛിക്കുന്നു എന്നല്ല, മനുഷ്യന് ഇച്ഛാശക്തി നൽകുക എന്ന ദൈവിക തീരുമാനത്തിലൂടെ അതിന്റെ ദുരുപയോഗം ദൈവം അറിയുകയും അനുവദിക്കപ്പെടുകയും ചെയ്യുന്നു. ഈ ദൈവിക ഭാവങ്ങളും പ്രവൃത്തിയും പരസ്പരം നിഷേധാത്മകം അല്ല. നിഷേധാത്മകമായ രീതിയിൽ ദൈവത്തിന്റെ സർവശക്തിയെയും സർവജ്ഞാനത്തെയും വ്യാഖ്യാനിക്കുന്നതാണ് ഇതിലെ അബദ്ധം.
ഉപസംഹാരം
കത്തോലിക്കാ വിശ്വാസവും ശാസ്ത്രവും പരസ്പരപൂരകങ്ങളാണ്. വിശ്വാസത്തിന്റെ ബാഹ്യ ്രകടനങ്ങൾ മാത്രമാണ് ആചാരാനുഷ്ഠാനങ്ങൾ. പ്രതികൂല കാലഘട്ടങ്ങളിൽ ആചാരാനുഷ്ഠാനങ്ങളിൽ തിരുത്തലുകളും മാറ്റങ്ങളും വരുത്തേണ്ടത് സമൂഹത്തിന്റെ പൊതുനന്മയ്ക്ക് അനിവാര്യമാണ്. ആചാരാനുഷ്ഠാനങ്ങളിൽ വരുത്തുന്ന നിയന്ത്രണങ്ങൾ വിശ്വാസത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല.
പ്രതികൂല സാഹചര്യത്തിലും തിളങ്ങി നിൽക്കുന്നതാണ് യഥാർഥ ക്രൈസ്തവ വിശ്വാസം. സർവശക്തനും സർവജ്ഞാനിയും ആയ ദൈവം പ്രകൃതിക്ഷോഭങ്ങളെ അനുവദിക്കുന്നു. ഇത് ദൈവിക ഭാവത്തിന് വിരുദ്ധമല്ല; പ്രത്യൂത സൃഷ്ടവസ്തുക്കളുടെ നേരിട്ടുള്ളതൊ അല്ലാത്തതോ ആയ പ്രവൃത്തികളുടെ പരിണതഫലങ്ങളാണ്.
ഡോ.നെൽസൺ തോമസ്