ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചിട്ട് നൂറു വർഷം തികയുകയാണ്. പറയുന്നത്, ഓൾ ഇന്ത്യ റേഡിയോയുടെയോ, ആകാശവാണിയുടെയോ ഒന്നും കാര്യമല്ല - അതിനുമുമ്പിവിടെ റേഡിയോ ഉണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ റേഡിയോ പ്രക്ഷേപണം സർക്കാർ ചുമതലയിലായിരുന്നില്ല. സ്വകാര്യമായിരുന്നുവെങ്കിലും ഒരു ധനാഗമന മാർഗമായിട്ടായിരുന്നില്ല, പകരം വിനോദമായിട്ടായിരുന്നതു നടത്തിപ്പോന്നത്.
റേഡിയോയുടെ യഥാർഥ കഥ തുടങ്ങുന്നത് 1894 ൽ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് എന്ന പ്രതിഭാശാലി കൽക്കട്ടയിൽ റേഡിയോ തരംഗങ്ങളെ ഉപകാരപ്പെടുത്താമെന്നു സൂചിപ്പിക്കുന്ന വിധത്തിലൊരു പരീക്ഷണം നടത്തിയതു മുതലാണ് - റേഡിയോ സിഗ്നലുപയോഗിച്ച്, 75 അടി അകലത്തുനിന്ന് വെടിമരുന്നിനദ്ദേഹം തീ കൊളുത്തി. ആചാര്യ ബോസിനെ സംബന്ധിച്ചിടത്തോളം എന്തിന്റെയെങ്കിലും പേറ്റന്റ് സ്വന്തമാക്കുകയെന്നത് ജീവിത ലക്ഷ്യമേയായിരുന്നില്ല.
ആദ്യകാലത്ത്, ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെപ്പറ്റി നടന്ന ഒരു ഗവേഷണവും, ഒരു സർക്കാരും നിയന്ത്രിച്ചിരുന്നില്ല. റേഡിയോ എന്ന വാക്ക് ഉപയോഗത്തിൽ വന്നത് 1910 ലാണ്. ഈ സമയമായപ്പോഴേക്കും ലോകമാസകലമായി ആയിരത്തോളം പ്രക്ഷേപണികൾ ഉണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു. 1912 ൽ റേഡിയോ പ്രക്ഷേപണങ്ങളെ നിയന്ത്രിക്കാൻ അമേരിക്കൻ ഗവൺമെന്റ് ഒരു ബിൽ പാസാക്കിയിരുന്നു. സ്വകാര്യ പരീക്ഷണങ്ങൾ നടത്തിയിരുന്നവർക്കൊന്നും അതത്ര ഇഷ്ടപ്പെട്ടില്ല.
1909 ലുണ്ടായ ഹാർവഡ് യൂണിവാഴ്സിറ്റി ക്ലബ്ബിലെ റേഡിയോ സ്റ്റേഷന്റെ ഉടമകൾ ആൽബർട്ട് ഹൈമാൻ, ബോബ് ആർമി, പെഗ്ഗി മുറെ എന്നിവരായിരുന്നു. അവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നുള്ള HAM എന്ന പദമാണ് ഈ സ്റ്റേഷന് അവരിട്ടിരുന്ന പേര്. ഇതിൽ ആൽബർട്ട് ഹൈമാൻ, സർക്കാർ നിയന്ത്രണങ്ങൾക്കൊണ്ടുണ്ടായ ദോഷങ്ങളെപ്പറ്റി ഒരു പ്രബന്ധം തന്നെ തയാറാക്കിയിരുന്നു. അക്കാരണത്താൽ ഈ ബില്ലിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ രണ്ടു വാക്കു സംസാരിക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. അങ്ങിനെ ആ ബില്ലിൽ "HAM' എന്ന വാക്കു കടന്നു കൂടി.
അമച്ച്വർ റേഡിയോയ്ക്ക് ഹാം റേഡിയോയെന്ന പേര് വരാൻ കാരണമായത് ഇതാണെന്നു വാദിക്കുന്നവരുണ്ടെങ്കിലും യുക്തിസഹമെന്നു തോന്നുന്ന വേറെയും കാരണങ്ങൾ പറയപ്പെടുന്നുണ്ട്. എന്തായാലും, സ്വകാര്യ റേഡിയോയ്ക്കുള്ള മറുപേരാണ് ഹാം റേഡിയോ. ഇത് പക്ഷെ, ഇന്ത്യയിലേ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുള്ളു. കൂടുതൽ വിദേശ രാജ്യങ്ങളിലും അതിപ്പോഴും അമച്ച്വർ റേഡിയോ തന്നെ.
ഹാം റേഡിയോയുടെ തുടക്കം
1912 മുതൽ സ്വകാര്യ റേഡിയോക്ക് ലൈസൻസിങ് സമ്പ്രദായം തുടങ്ങി. അന്നു മുതലാണ് ഹാം റേഡിയോയും തുടങ്ങിയതെന്നു പറയാം. ഈ സ്വകാര്യ റേഡിയോകൾ എന്നു പറഞ്ഞാൽ ഇന്നത്തെപ്പോലെ വ്യക്തവും ശ്രവണസുഖമുള്ളതുമായ ശബ്ദങ്ങളായിരുന്നില്ല, അന്നു പ്രക്ഷേപണം ചെയ്തിരുന്നത്. ഏറ്റവും വലിയ ശബ്ദമായിരുന്നു അന്നത്തെ മികവിന്റെ ലക്ഷണം. 1921 ൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ സ്റ്റേഷൻ ലൈസൻസ് അമരേന്ദ്രസിംഗ് ഗോപ്തുവെന്ന കൽക്കട്ടാക്കാരന് ബ്രിട്ടീഷ് ഗവൺമെന്റ് കൊടുത്തു. നിയമ വിധേയമായി ഇന്ത്യയിൽ നിന്നു റേഡിയോ പ്രക്ഷേപണം നടത്തിയ ആദ്യത്തെ ആൾ അദ്ദേഹമായിരുന്നു. ഈ റേഡിയോ ഉപയോഗിച്ച് ആരോടായിരുന്നദ്ദേഹം സംസാരിച്ചതെന്നു വ്യക്തമല്ല. ഇന്ത്യയിൽ രണ്ടാമത്തെ ഹാം ലൈസൻസ് വരുന്നത് 1922 ലായിരുന്നു - അതും കൽക്കട്ടയിൽ നിന്നുള്ള മുകൾ ബാസുവിന്. 1923 ൽ കൽക്കട്ടയിലും മുംബൈയിലും സ്വകാര്യ റേഡിയോ ക്ലബ്ബുകളുണ്ടായി. 1936 ജൂൺ 8 നാണ് ന്യു ഡൽഹിയിൽ നിന്നുള്ള ഓൾ ഇന്ത്യ റേഡിയോയുടെ തുടക്കം. സ്വതന്ത്ര ഭാരത സർക്കാർ തുടങ്ങിയ ആകാശവാണി 1957 ലാണ് ആരംഭിച്ചത്.
കേരളത്തിലെ ഹാം റേഡിയോ
ഹാം റേഡിയോ മുളച്ചത് വടക്കേ ഇന്ത്യയിലാണെങ്കിലും വളർന്നത് തെക്കേ ഇന്ത്യയിലായിരുന്നെന്ന് പറയാതെ വയ്യ. വലിപ്പത്തിൽ ചെറുതാണെങ്കിലും ഹാം റേഡിയോയുടെ വളർച്ചയ്ക്ക് മികച്ച സംഭാവനകൾ കേരളത്തിന്റേതായിട്ടുണ്ട്. തിരുവനന്തപുരം എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പലായിരുന്ന ഡോ. ജയറാം ആയിരുന്നു ഹാം റേഡിയോയുടെ വളർച്ചയ്ക്കു കേരളത്തിൽ തുടക്കമിട്ടത്. അന്താരാഷ്ട്ര ശാസ്ത്ര മാസികകളിൽ സ്ഥിരം സാന്നിധ്യവുമായിരുന്നദ്ദേഹം. അദ്ദേഹത്തിന്റെ റേഡിയോ റൂമിന്റെ പ്രത്യേകത, 90% വും സ്വയം നിർമിതമായ ഉപകരണങ്ങളായിരുന്നുവെന്നതാണ്. ഓൾ ഇന്ത്യാ റേഡിയോയെക്കാൾ പതിന്മടങ്ങു സ്ഥിരതയുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിലയം. കോട്ടയത്തുനിന്നുള്ള ഗുഹൻ മേനോനും ഭാരതം കണ്ട മികച്ച ഒരു ഗവേഷകനായിരുന്നു.
എറണാകുളത്തുനിന്നുള്ള ജയിംസ് കാളാശേരി സ്ഥാപിച്ച കേരളാ അമച്ച്വർ റേഡിയോ ലീഗാണ് (KARL) കേരളത്തിലെ ഹാം റേഡിയോയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയതെന്നു പറയാം. 1980 കളിൽ തമിഴ്നാടായിരുന്നു ഏറ്റവും കൂടുതൽ ഹാമുകളുണ്ടായിരുന്ന സംസ്ഥാനമെങ്കിൽ ഇപ്പോൾ ആ ബഹുമതി കർണാടകത്തിനായിരിക്കണം. ഹാം റേഡിയോയുടെ ദേശീയോത്സവമായ ഹാംഫെസ്റ്റ് തുടങ്ങിയത് കേരളത്തിലാണ് - 1991ൽ കുട്ടിക്കാനത്ത്. ഇതിനോടകം അഞ്ചു ഹാം ഫെസ്റ്റുകൾ കേരളത്തിൽ നടന്നു കഴിഞ്ഞു. നൂറാം വർഷം ആഘോഷിക്കുന്ന പ്രത്യേക ഹാം ഫെസ്റ്റും കേരളത്തിലാണ് നടക്കുന്നത് - നവംബർ 21, 22 തീയതികളിലായി കോട്ടയം ജില്ലയിലെ വാഗമണ്ണിൽ.സ്വന്തം ആന്റിനയും സ്വന്തം ബാറ്ററിയുമുപയോഗിച്ച് ലോകത്തിന്റെ മറുതലയ്ക്കൽ വരെ സന്ദേശമെത്തിക്കാനുള്ള ശേഷി ഇന്ന് ഹാം റേഡിയോയ്ക്കുണ്ട്. 2018 ലെ പ്രളയകാലത്ത് ഒറ്റപ്പെട്ടുപോയ മനുഷ്യരെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചത് ഹാമുകളാണ്. ഇത്തരം കഥകൾ പറഞ്ഞാൽ തിരില്ല.
ജോസഫ് മറ്റപ്പള്ളി