ഇന്ത്യക്കെതിരേ ബോംബ് വർഷിച്ചയാളുടെ മകൻ- അയാൾക്കുള്ള വിശേഷണം ഒറ്റനാൾകൊണ്ട് അങ്ങനെയായി! അതുവരെ ആ മകൻ വർഷിച്ച സംഗീതം ഒരിക്കലെങ്കിലും കേട്ടവരാണോ ഈ വെറുപ്പിന്റെ വിശേഷണവുമായി രംഗത്തുവന്നതെന്നുറപ്പില്ല. പലപ്പോഴും രാഷ്ട്രീയത്തിന്റെ ബഹളങ്ങളിൽ കലയുടെ ശബ്ദം കേൾക്കാറില്ലല്ലോ. ഈ ശബ്ദം അദ്നാൻ സമിയുടേതാണ്. ആൽബങ്ങളിലൂടെയും പിന്നീട് സിനിമാപ്പാട്ടുകളിലൂടെയും ഇന്ത്യൻ സംഗീതാസ്വാദകരുടെ മനസുകളിൽ ഇടംപിടിച്ചയാൾ. പാക്കിസ്ഥാൻ വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകനായി ബ്രിട്ടനിൽ ജനിച്ച സമിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു എന്നതാണ് വിമർശനങ്ങൾക്കു വഴിമരുന്നിട്ടത്.
ഞാൻ ഇന്ത്യക്കാരൻ
ഗായകനും കംപോസറും ഗാനരചയിതാവും പെയിന്ററും നടനുമെല്ലാമാണ് അദ്നാൻ സമി ഖാൻ. നാല്പത്തൊന്പതു വയസ്. അദ്ദേഹത്തിന്റെ പാട്ടുകൾ ഒരുകാലത്ത് ഇന്ത്യയിലെന്പാടും സൂപ്പർ ഹിറ്റുകളായിരുന്നു. അന്നത്തെ മ്യൂസിക് വീഡിയോകളിൽ അദ്ദേഹത്തെ കാണുന്നവരെല്ലാം കൗതുകത്തോടെ ഒന്നുകൂടി നോക്കുമായിരുന്നു- അത്രയും തടിച്ച ശരീരം. ഉരുണ്ടു നീങ്ങുന്നതുപോലുള്ള ചലനങ്ങൾ. ഇന്നയാളെ കണ്ടാൽ ഒരുപക്ഷേ തിരിച്ചറിയണമെന്നില്ല. തടി അത്രയും കുറച്ചു. മുഖംപോലും മാറി! എന്നാൽ അയാളുടെ സംഗീതത്തിനും മനസിനും ഒരു മാറ്റവും വന്നിട്ടില്ല. 2016 മുതൽ ഇന്ത്യൻ പൗരനാണ് സമി. താമസം മുംബൈയിൽ. തന്റെ ഫ്യൂഷൻ സംഗീതവുമായി ലോകമെങ്ങും സഞ്ചരിക്കുകയും ചെയ്യുന്നു.
പാക്കിസ്ഥാൻ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന എന്റെ പിതാവ് രാജ്യത്തിനു വേണ്ടി നിർവഹിച്ചത് അദ്ദേഹത്തിന്റെ കടമയാണ്. അതിനുള്ള അംഗീകാരം ആ നാട്ടിൽനിന്ന് അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അതിൽനിന്ന് എനിക്ക് വ്യക്തിപരമായ ലാഭമോ അംഗീകാരമോ കിട്ടില്ല. ഞാനിപ്പോൾ ഇന്ത്യൻ പൗരനാണ്. പത്മശ്രീ പുരസ്കാരം ലഭിക്കാൻ നിയമപരമായി ഒരു തടസവും എനിക്കില്ല. ഈ കാര്യത്തിലേക്ക് പാക്കിസ്ഥാൻ പരാമർശങ്ങൾ എത്തിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണ്. എന്നാൽ ഇങ്ങനെ എന്റെ പേര് വലിച്ചിഴയ്ക്കുന്നത് അനാവശ്യമാണ്. എല്ലാ രാഷ്ട്രീയപ്രവർത്തകരെയും ഞാൻ കാണുന്നത് സുഹൃത്തുക്കളായാണ്. ഗായകനായ ഞാൻ എന്റെ സ്നേഹം പങ്കുവയ്ക്കുന്നത് സംഗീതത്തിലൂടെയാണ്- വിമർശനങ്ങൾക്കു മറുപടിയായി സമിയുടെ വാക്കുകൾ ഇങ്ങനെ.
എന്നും വ്യത്യസ്തൻ
പുതുമ- എന്പാടും അദ്നാൻ സമിയുടെ പ്രത്യേകത അതായിരുന്നു. ശബ്ദം, ശൈലി, രൂപം എല്ലാം പുതുപുത്തൻ. പ്രണയവും വിരഹവും വിഷാദവും ആഹ്ലാദവും അയാളുടെ ശബ്ദത്തിൽ സംഗീതപ്രേമികൾ അതേ പുതുമയോടെ കേട്ടു. അയാളുടെ വിരലുകൾ പിയാനോയിൽ വിസ്മയകരമാംവിധം ഒഴുകിനടന്നു. അതു വെറും വിസ്മയമായിരുന്നില്ല. വലിഞ്ഞുമുറുക്കിവച്ച തന്ത്രികളിൽനിന്ന് ചിതറിത്തെറിക്കുന്ന സംഗീതം പൊഴിക്കുന്ന സന്തൂറിന്റെ ശബ്ദം പിയാനോയിൽ വായിച്ച് സമി കേൾവിക്കാരെ ഞെട്ടിച്ചിട്ടുണ്ട്. പിയാനോയിൽ സന്തൂറും ഇന്ത്യൻ ശാസ്ത്രീയ സംഗീതവും വായിച്ച ആദ്യത്തെയാളായാണ് സമിയെ വിലയിരുത്തുന്നത്. അമേരിക്കയിലെ കീബോർഡ് മാഗസിൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ലോകത്തെ ഏറ്റവും വേഗമേറിയ കീബോർഡ് പ്ലെയർ എന്നാണ്. തൊണ്ണൂറുകളുടെ കീബോർഡ് ഡിസ്കവറി എന്നും സമി അറിയപ്പെട്ടു.
അഞ്ചുവയസുമുതൽ പിയാനോ അഭ്യസിച്ച സമി ഒന്പതാം വയസിൽ ആദ്യമായി ഈണമൊരുക്കി. സന്തൂർ മാന്ത്രികൻ പണ്ഡിറ്റ് ശിവ്കുമാർ ശർമയിൽനിന്നാണ് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ പാഠങ്ങൾ പഠിച്ചുതുടങ്ങിയത്. ലണ്ടനിൽ നടന്ന ഒരു സംഗീതപരിപാടിക്കിടയിൽ സമിയെ കണ്ട സാക്ഷാൽ ആഷാ ഭോസ്ലേയാണ് സംഗീതത്തിൽ മാത്രം ശ്രദ്ധപുലർത്താൻ അയാളെ ഉപദേശിച്ചത്. അന്നു സമിക്കു വെറും പത്തുവയസേയുള്ളൂ. അങ്ങനെ ഇന്ത്യൻ, വെസ്റ്റേണ് ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, ജാസ്, റോക്ക്, പോപ് തുടങ്ങി എല്ലാ സംഗീതധാരകളിലും സമി മികവുനേടി. ഒട്ടേറെ അന്തർദേശീയ പുരസ്കാരങ്ങൾ സമിയെ തേടിയെത്തി. പ്രശസ്തമായ നൗഷാദ് മ്യൂസിക് അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞയാളാണ് അദ്ദേഹം. മുന്പ് ലതാ മങ്കേഷ്കറും സംഗീതസംവിധായകൻ ഖയ്യാമും നേടിയ അവാർഡാണ് ഇതെന്നോർക്കണം!.
കഭീ തോ നസർ മിലാവോ, ലിഫ്റ്റ് കരാദേ തുടങ്ങിയ ആൽബങ്ങളിലെ മിക്ക പാട്ടുകളും ഇന്ത്യൻ സംഗീതപ്രേമികൾ ഇന്നും മൂളിനടക്കുന്നവയാണ്. മലയാളവും തമിഴുമടക്കം തെന്നിന്ത്യൻ ഭാഷകളിലും സമിയുടെ സിനിമാപ്പാട്ടുകളെത്തി. ചാഞ്ചാടിയാടി ഉറങ്ങു നീ എന്ന താരാട്ടുപാട്ട് ഇന്നും കൗതുകത്തോടെയേ കേട്ടുതീർക്കാനാവൂ. പതിനഞ്ചു വർഷം മുന്പ് പുറത്തിറങ്ങിയ മകൾക്ക് എന്ന ചിത്രത്തിൽ രമേശ് നാരായണിന്റെ ഈണത്തിൽ സമി പാടിയ പാട്ടാണത്. അയാൾ എടുത്തു പറയുന്ന സ്നേഹം ആ പാട്ടിൽ നിറഞ്ഞൊഴുകുന്നതു കാണാം. കണ്ണുകളെ അതൊന്ന് ഈറനണിയിക്കുമെന്നുറപ്പ്.
ഹരിപ്രസാദ്