വിശുദ്ധ നഗരിയായ റോമിന്റെ അഭിമാനസൗധങ്ങളാണു സെന്റ് പീറ്റേഴ്സ് ബസിലിക്കയും വിശ്വപ്രസിദ്ധമായ കൊളോസിയവും. ഓരോ വർഷവും പത്തു ദശലക്ഷത്തിലധികം ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന വിശുദ്ധ പത്രോസിന്റെ സിംഹാസനവും അതുപോലെ ആറു ദശലക്ഷത്തിലധികം സഞ്ചാരികൾ കടന്നുപോകുന്ന റോമാ ചക്രവർത്തിമാരുടെ സിരാകേന്ദ്രമായിരുന്ന കൊളോസിയവും ഇന്നു വിജനമാണ്.
കഴിഞ്ഞ ഈസ്റ്റർ ആഘോഷങ്ങളിൽ ഇവ രണ്ടും സവിശേഷ മാധ്യമശ്രദ്ധ നേടിയിരുന്നു. ലോകത്തെ നിശ്ചലമാക്കിയ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ ഗവൺമെന്റ് നടപ്പാക്കിയ ലോക്ക് ഡൗൺ അക്ഷരാർത്ഥത്തിൽ റോമാ പട്ടണത്തിന്റെ മഹത്തായ ചരിത്രം പേറുന്ന ഈ സാംസ്കാരിക കേന്ദ്രങ്ങളെയും നിശ്ശബ്ദമാക്കി.
പീഡാനുഭവത്തിന്റെ വഴിയിൽ
രണ്ടായിരത്തിനടുത്തു വർഷങ്ങളുടെ സംഭവബഹുലമായ ചരിത്രം രചിക്കുന്ന കൊളോസിയവും, സെന്റ് പീറ്റേഴ്സ് സ്ക്വയർ പോലെതന്നെ ഇറ്റലിയുടെ മുഖമുദ്രയാണ്. കൊറോണ പിടിമുറുക്കിയിരിക്കുന്ന ഇറ്റലിയുടെ സങ്കീർണമായ സാഹചര്യത്തിൽ കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിൽ ഫ്രാൻസിസ് പാപ്പ നടത്തേണ്ടിയിരുന്ന ക്രിസ്തുവിന്റെ പീഡാനുഭവ അനുസ്മരണം വത്തിക്കാനിലെ പത്രോസിന്റെ ദേവാലയത്തിലാണു നടന്നത്.
കൊറോണ എന്ന മഹാമാരി വിശുദ്ധമായ ഒരു വിശ്വാസ പാരമ്പര്യത്തിന് തടസമായതു ലോകമെമ്പാടുമുള്ള ക്രൈസ്തവർ വിതുമ്പലോടെയാണ് സ്വീകരിച്ചത്. റോമാ സാമ്രാജ്യത്തിന്റെ ക്രൂരമായ രക്തച്ചൊരിച്ചിലിന്റെയും അക്രമത്തിന്റെയും ഭയപ്പെടുത്തുന്ന അലർച്ചകൾ കൊളോസിയം സന്ദർശിക്കുന്നവർക്ക് ഇന്നും കേൾക്കാൻ കഴിയും. കൊളോസിയം പണികഴിപ്പിച്ച് ഏകദേശം1600 വർഷങ്ങൾ കഴിഞ്ഞ് ക്രൈസ്തവരുടെ വിശുദ്ധ സ്ഥലമായി അതു പരിഗണിക്കപ്പെട്ടു. 1744 -ൽ ബെനഡിക്റ്റ് പതിനാലാമൻ മാർപാപ്പ കൊളോസിയം ക്രിസ്തുവിന്റെ ക്ഷതങ്ങൾക്കു സമർപ്പിച്ചു.
റോമാ ചക്രവർത്തിമാരുടെ നായാട്ടിന് ഇരയായ ക്രൈസ്തവ രക്തസാക്ഷികളുടെ സ്മരണയായി "കുരിശിന്റെ വഴി’യുടെ 15 സ്ഥലങ്ങൾ നിർമിച്ചു. കൊളോസിയത്തിലുള്ള "കുരിശിന്റെ വഴി’ പോൾ ആറാമൻ പാപ്പ 1964-ൽ സഭയുടെ സജീവമായ പാരമ്പര്യമാക്കി. ആദ്യമൊക്കെ കുരിശും ചുമന്നുകൊണ്ടു പ്രാർഥന നയിച്ചതു പാപ്പാമാർ ആയിരുന്നു. എന്നാൽ, അവരുടെ വാർധക്യവും ആരോഗ്യക്കുറവും ആ പാരമ്പര്യത്തിനൊക്കെ മാറ്റം വരുത്താറുണ്ട്.
ജീവിതത്തിന്റെ കയ്പ് അനുഭവിച്ചവരും, തടവറകളുടെ ഇരട്ടറകളിൽ കഴിഞ്ഞവരും, അതിന്റെ തീരാത്ത വേദന അനുഭവിക്കുന്ന അവരുടെ കുടുംബാംഗങ്ങളുമൊക്കെ ഈ വിശുദ്ധ കർമത്തിൽ ക്ഷണിക്കപ്പെടാറുണ്ട്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലഘട്ടത്തിൽ (1978-2005), ദുഃഖവെള്ളിയാഴ്ചയിലെ "കുരിശിന്റെ വഴി" പ്രാർഥനയിൽ ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികൾ ദൃശ്യമാധ്യമങ്ങളിലൂടെ ഭക്തിപൂർവം പങ്കുചേരാനും തുടങ്ങി.
എന്നാൽ, ആ ചരിത്രസ്മരണയ്ക്കു ഭംഗം വരുത്തിക്കൊണ്ടും ലക്ഷക്കണക്കിനു മനുഷ്യജീവനുകൾ വകവരുത്തിക്കൊണ്ടും കൊറോണ ലോകം മുഴുവനും അഴിഞ്ഞാടുക യാണ്. ഞാൻ താമസിക്കുന്ന ഇറ്റലിയിൽ കോവിഡ്-19 ബാധിച്ചു ദിനംപ്രതി ജീവൻ നഷ്ടമായവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും സമൂഹ വ്യാപനത്തിൽ കാര്യമായ മാറ്റമില്ല. അതുകൊണ്ടാണു ജർമനിയിൽ സ്കൂളുകളും യൂണിവേഴ്സിറ്റികളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയപ്പോഴും ഇവിടുത്തെ കാര്യങ്ങൾ ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ തുടരുന്നത്.
ചരിത്രം പിറക്കുന്നു
എ.ഡി. 72-ൽ വെസ്പാസിയൻ ചക്രവർത്തി ആരംഭിച്ച കൊളോസിയത്തിന്റെ നിർമാണം പൂർത്തീകരിച്ചത് എ.ഡി. 80-ൽ അദ്ദേഹത്തിന്റെ മകനായ ടൈറ്റസ് ആയിരുന്നു. റോമൻ വാസ്തുകലയുടെ ഭാവമായ ആർച്ച് മാതൃകയിലുള്ള എൺപതോളം പ്രവേശനകവാടങ്ങൾ 55,000 ത്തോളം ആളുകളെ പ്രവേശിപ്പിക്കുമായിരുന്നു. എ.ഡി. 354 ലെ ക്രോണോഗ്രാഫിയ (Chronographia) അനുസരിച്ച് 87,000ത്തോളം കാണികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിരുന്നുവെന്നും വിവരണമുണ്ട്. നാലു നിലകളായിട്ടാണ് ഈ ബൃഹത്തായ സമുച്ചയം പണിതുയർത്തിയത്. ലോകത്തെ അമ്പരപ്പിക്കുന്ന വിധത്തിൽ ഓരോ നിലയിലെയും വാസ്തുവിദ്യ വ്യത്യസ്തമായിരുന്നു.
ഡോറിക് (Doric), അയോണിക് (Ionic), കൊറിന്ത്യൻ (Corinthian) തുടങ്ങിയ ഗ്രീക്ക് നിർമാണ വൈദഗ്ധ്യം ആദ്യ മൂന്നു നിലകളിലും, റോമോ-ഗ്രീക്ക് സങ്കരമായ കോംപോസിറ്റ് (Composite) അവസാന നിലയിലുമെന്ന രീതിയിലാണ് അതു പൂർത്തീകരിച്ചത്. നീറോ ചക്രവർത്തിയുടെ സുവർണ കൊട്ടാരത്തിന്റെ മത്സ്യക്കുളമായിരുന്ന സ്ഥലത്താണ് കൊളോസിയം ഉയർന്നതെന്നും ചരിത്രകാരന്മാർ വിലയിരുത്തുന്നുണ്ട്. സമൂഹത്തിലെ സ്ഥാനം അനുസരിച്ചായിരുന്നു ഓരോരുത്തരുടെയും ഇരിപ്പിടങ്ങൾ. കൊളോസിയത്തിലെ വിനോദങ്ങളുടെ തുടക്കം നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടേതായിരുന്നു.
പ്രവർത്തനമാരംഭിച്ച ആദ്യദിനങ്ങളിൽത്തന്നെ ഏകദേശം 2000 ഗ്ലാഡിയേറ്റേഴ്സിനെയും എണ്ണായിരത്തോളം വന്യമൃഗങ്ങളെയും കശാപ്പു ചെയ്തുകൊണ്ടായിരുന്നു ടൈറ്റസ് ചക്രവർത്തി തന്റെ പ്രതാപം ലോകത്തെ അറിയിച്ചത്. വിജാതീയ ദൈവങ്ങളെ ആരാധിക്കാൻ കൂട്ടാക്കാതിരുന്ന ക്രൈസ്തവരെയും അടിമകളെയും രാജ്യദ്രോഹക്കുറ്റത്തിന് ആരോപിതരായവരെയും യുദ്ധത്തടവുകാരെയും സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെയും തലവെട്ടിയും വന്യമൃഗങ്ങൾക്ക് എറിഞ്ഞുകൊടുത്തും കൊളോസിയം ക്രൂരതയുടെ പര്യായമായി.
പ്രാണരക്ഷാർഥം ഭീകരമൃഗങ്ങളുമായി മനുഷ്യർ പോരടിക്കുമ്പോൾ, ഗാലറിയിൽനിന്നും കാണികളുടെ അട്ടഹാസങ്ങളും കൂവലുകളും പരിഹാസശരങ്ങളും ഉയർന്നു കേൾക്കുമായിരുന്നു. തളം കെട്ടി കിടക്കുന്ന രക്തത്തിൽ പുത്തൻ മണൽ വാരിയിട്ട് ഒന്നിനു പുറകെ ഒന്നായി നിരവധി കൂട്ടക്കൊലകൾ ദിനംതോറും അരങ്ങേറി.
ക്രൂരതയുടെ അഞ്ചു നൂറ്റാണ്ടുകൾ
മനുഷ്യരഹിതമായ കൊളോസിയത്തിലെ വിനോദങ്ങൾ അഞ്ചു നൂറ്റാണ്ടോളം തുടർന്നു; പില്ക്കാലത്ത്, ക്രിസ്തുമതം ഇത്തരം കൂട്ടക്കൊലയ്ക്കു വിരാമം കുറിക്കും വരെ. ലോകാരോഗ്യസംഘടന മുതൽ നിരവധി രാജ്യങ്ങൾ മനുഷ്യനെ വെണ്ണീറാക്കുന്ന കൊറോണയ്ക്കും അന്ത്യം കുറിക്കാനുള്ള അവിരാമപരിശ്രമത്തിലാണിപ്പോൾ. അനാഥരെപ്പോലെ, ആരെയും കാണാതെ, ആരോടും മിണ്ടാതെ, ഒറ്റയ്ക്ക് മരിക്കേണ്ടിവരുന്ന വൈറസ് ബാധിച്ച നിരവധി വൃദ്ധരുടെ ജീവിതാവസാനം എത്ര ദാരുണമാണ്.
മനുഷ്യജീവൻ നിലനിർത്താനുള്ള അവസാന കച്ചിത്തുരുമ്പായ വെന്റിലേറ്റർ പ്രവർത്തനരഹിതമാകുന്നതുപോലെ, എത്രയോ പേരാണു ജീവശ്വാസം എടുക്കാൻ സാധിക്കാതെ ദയനീയമായി ദിനംതോറും വീടുകളിൽ മരണത്തെ പുൽകിയത്? ഇറ്റലിയിൽ മാത്രമല്ല, ലോകം മുഴുവനും നിരവധി വീടുകളും ആതുരാലയങ്ങളും കൊളോസിയങ്ങളാക്കി കൊറോണ സിംഹാസനസ്ഥനായിരിക്കുകയാണ്. അതുകൊണ്ടാണല്ലോ, കോവിഡ്-19 എന്ന കൊറോണ വൈറസിനെ "മഹാമാരി’യായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.
കൊള്ളരുതായ്മയുടെ സ്മാരകം
കൊളോസിയം എന്ന നാമധേയംതന്നെ ദോമുസ് ഔറെയ (Domus Aurea) എന്ന പ്രവേശനകവാടത്തിൽ സ്ഥിതിചെയ്തിരുന്ന അതിബൃഹത്തായ നീറോ ചക്രവർത്തിയുടെ വിഗ്രഹവുമായി (The Colossus of Nero) ബന്ധപ്പെട്ടുകിടക്കുന്നു. റോമാനഗരത്തിലുണ്ടായ കുപ്രസിദ്ധമായ അഗ്നിബാധയെത്തുടർന്ന് (64 എ.ഡി.) നീറോ ചക്രവർത്തി പണികഴിപ്പിച്ച കൊട്ടാരമാണ് ദോമുസ് ഔറെയ. "ഫ്ളാവിയൂസ് ആംഫി തിയേറ്ററി’നെ "കൊളോസിയം’ എന്നു വിളിക്കുമ്പോൾ, നീറോയുടെ കൊള്ളരുതായ്മകളുടെ സ്മാരകമായി അതു മാറുന്നതു കാലത്തിന്റെ വികൃതിതന്നെ. മഹാവിഗ്രഹം "മഹാമാരി’യായി പുനർജനിച്ചതുപോലെ.
മഹാത്ഭുതങ്ങളിൽ കൊളോസിയവും
2007, ജൂലൈ ഏഴാം തീയതി, സെന്റ് പീറ്റേഴ്സ് സ്ക്വയർ സ്ഥിതിചെയ്യുന്ന വത്തിക്കാന്റെ ഭാഗമായ കൊളോസിയം എന്ന വാസ്തുശില്പം (4.5 കിലോമീറ്റർ അകലെ ആണെങ്കിലും, വത്തിക്കാൻ രാജ്യത്തിന്റെ ഭാഗമാണു കൊളോസിയം) ലോകത്തിലെ ഏഴു മഹാത്ഭുതങ്ങളിൽ സ്ഥാനം പിടിച്ചു. സ്വിസ്-കനേഡിയൻ സിനിമാ വ്യവസായിയായ ബെർണാട് വേബർ നടത്തിയ അഭിപ്രായ സർവേയിൽ ലോകമെമ്പാടുമുള്ള 100 കോടിയോളം പേർ പങ്കെടുത്തതിൽനിന്നാണു ഭാരതത്തിലെ താജ്മഹലിനൊപ്പം റോമാനഗരിയുടെ കൊളോസിയവും ഉൾപ്പെട്ടത്.
ആംഗ്ലോ-സാക്സൺ ബെനഡിക്ടൈൻ സന്യാസിയായിരുന്ന ബേദെ (Bede), കൊളോസിയത്തെക്കുറിച്ച് ഇപ്രകാരം കുറിച്ചിട്ടു: കൊളോസിയം സ്ഥിതി ചെയ്യുമ്പോൾ, റോമാ നഗരം നിലനിൽക്കുന്നു; കൊളോസിയം നിലംപതിക്കുമ്പോൾ റോമാ നഗരവും സ്ഥാനഭ്രഷ്ടമാകുന്നു. റോമാനഗരം വീഴുമ്പോൾ, ലോകവും നിലം പരിശാവുന്നു (Quandiu stabit coliseus, stabt et Roma; Quandiu cadt coliseus, cadet et Roma; Quando cadet Roma, cadet et mundus). റോമാസാമ്രാജ്യത്തിന്റെ അസ്തമയത്തിനു ശേഷം (484-508), കൊളോസിയം വിജനമായി. കാലക്രമേണ, ശ്മശാനമായും, നിലവറകളായും, പ്രഭുക്കന്മാരുടെ വസതികളായും അതു രൂപഭേദമെടുത്തു.
ഭൂചലനങ്ങളുടെയും (1231 & 1349), പ്രകൃതിക്ഷോഭങ്ങളുടെയും, മനുഷ്യ ചൂഷണങ്ങളുടെയും, രണ്ടാം ലോകമഹായുദ്ധത്തിന്റെയും ഫലമായി കൊളോസിയത്തിന്റെ പ്രതാപത്തിനു സാരമായ ഇടിവു സംഭവിച്ചു. പക്ഷേ, രക്തസാക്ഷികളുടെയും നിരപരാധികളുടെയും രക്തം ചിതറിയ ഓർമകളുടെ ബാക്കിപത്രം ഇവിടെ ഇന്നും അവശേഷിക്കുന്നു. ആദിമക്രൈസ്തവരുടെ വിശ്വാസസാക്ഷ്യത്തിന്റെ നേർകാഴ്ചയായതിനാൽ, നൂറ്റാണ്ടുകളായി കൊളോസിയം സംരക്ഷിക്കപ്പെടുന്നു.
അതിലൂടെ കടന്നുപോകുമ്പോൾ, ചങ്കിലെ ചോരയുടെ ഗന്ധവും വന്യമായ മുരൾച്ചകളും നമ്മെ ഇന്നും വേട്ടയാടുമെന്നുറപ്പാണ്. അനവധി ഭിഷഗ്വരന്മാരുടെയും കാവൽ മാലാഖമാരുടെയും ജീവൻ കവർന്നെടുത്തുകൊണ്ടു, ലോകം മുഴുവൻ കൊളോസിയങ്ങൾ പണിയുന്ന കൊറോണയുടെ രാജവാഴ്ച നാമാവശേഷമാകുന്ന സമയവും അതിവിദൂരത്തല്ലെന്നു നമുക്കു പ്രതീക്ഷിക്കാം...!
ഫാ. അരുൺദാസ് തോട്ടുവാൽ