രണ്ടാംലോകമഹായുദ്ധകാലത്ത് ഒരു നേരത്തെ കഞ്ഞിക്ക് അരിയില്ലാതെ തിരുവിതാകൂറും കൊച്ചിയും മലബാറും മുണ്ടുമുറുക്കിയുടുത്തതിന്റെ ഓർമകളിൽ വീണ്ടും മലയാളി....
രണ്ടാം ലോകമഹായുദ്ധം വിനാശം മാത്രമല്ല ശതകോടി വയറുകൾക്ക് വറുതി എരിയലിന്റെ കാലവുമായിരുന്നു. ഒരു നേരത്തെ കഞ്ഞിക്ക് അരി കിട്ടാനില്ലാതെ തിരുവിതാകൂറും കൊച്ചിയും മലബാറും മുണ്ടുമുറുക്കിയുടുത്തു. പഞ്ചസാര കിട്ടാനില്ല. കപ്പലും തീവണ്ടിയും മുടങ്ങിയതിനാൽ പലവ്യഞ്ജനങ്ങൾ വരുന്നില്ല പണിയും പണവുമില്ലാതെ പാവപ്പെട്ടവർ പിണ്ണാക്കും പച്ചിലകളും വരെ തിന്നുവത്രെ. പൊടിയിട്ട കാപ്പി ഒരു നേരവും നേരംപോക്കിനു കാപ്പിത്തൊണ്ടു വെള്ളവും കുടിച്ചവരേറെ. ബർമാ വഴി അടഞ്ഞതോടെ അരി, പരിപ്പ്, പയർ തുടങ്ങി എല്ലാറ്റിനും ക്ഷാമവും തീവിലയും.
തിരുവിതാംകൂറിൽ പട്ടിണിമരണം ഭയന്നു ദിവാൻ സർ സിപി രാമസ്വാമി അയ്യർ 1943ൽ ആദ്യമായി അനന്തപുരിയിൽ റേഷൻ വിതരണത്തിന് തുടക്കം കുറിച്ചു. ആളൊന്നിന് രണ്ടര നാഴി അരിയും ഒരു നാഴി ഗോതന്പും അര നാഴി ബജറയും റേഷൻ. പ്രായപൂർത്തിയായവർക്ക് രണ്ടു യൂണിറ്റും കുട്ടികൾക്ക് ഒരു യൂണിറ്റും എന്ന അളവിൽ. അരിയെണ്ണി ജീവിച്ച അക്കാലത്ത് കഞ്ഞിവറ്റും വെള്ളവുമായിരുന്നു ജീവന്റെ ജീവൻ.
പള്ളിക്കൂടം കുട്ടികൾക്ക് അക്ഷരവിളക്ക് തെളിക്കാൻ നാഴി മണ്ണെണ്ണ നൽകാനും ദിവാൻ ഒൗദാര്യം കാണിച്ചു. കരിന്തിരി കത്താനുള്ള അല്പം മണ്ണെണ്ണ കിട്ടാൻ പോലീസിന്റെ അനുമതി വേണമായിരുന്നു പോലും. പതിനായിരം റാത്തൽ അരികൂടി ഖജനാവിലെത്തിയാൽ റേഷൻ മുടങ്ങാതെ കൊടുക്കാമല്ലോ എന്ന ആഗ്രഹത്തിൽ സർ സിപി മദിരാശി സർക്കാരിനോട് കൂടുതൽ അരി ചോദിച്ചപ്പോൾ കൊച്ചിയിലെ ജനങ്ങളും അരിയില്ലാതെ വലയുന്നതിനാൽ തിരുവിതാംകൂറിന് അധികം അളവ് തരാൻ നിവൃത്തിയില്ലെന്നു മറുപടിയുണ്ടായി.
ഏറെ പാടങ്ങളും ഒന്നിലധികം വിതയുമുള്ള ജന്മിമാരുടെയും സന്പന്നരുടെയും പത്തായങ്ങളിലും അറപ്പുരകളിലുമുള്ള നെല്ല് ആ വീടുകളിലെ ആളെണ്ണം നോക്കി കുത്താനും വിത്തിനും കഴിഞ്ഞുള്ളത് സർക്കാരിലേക്ക് പിടിച്ചെടുക്കാനും ദിവാൻ ഉത്തരവിട്ടു. അങ്ങനെ കിട്ടിയ അരിയും റേഷനായി വിതരണം ചെയ്തു.
ഇതുകൊണ്ടും തീരുന്നതായിരുന്നില്ല മഹായുദ്ധം ബാക്കിവച്ച വിശപ്പ്്. ഉണ്ണാനും ഉടുക്കാനുമില്ലാതെ മെലിയുന്ന ജനത്തിന് നാഴി തികച്ചുനൽകാൻ അരി ബാക്കി വരുന്നില്ലെന്ന ആശങ്ക വിശാഖം തിരുനാൾ മഹാരാജാവിന്റെ ഉറക്കം കെടുത്തി. നാട്ടിൽ ലഭ്യമായ ഇടമെല്ലാം കിളച്ചു കപ്പ അഥവാ മരച്ചീനി നടാൻ രാജാവും ദിവാനും ജനത്തിന് നിർദേശം നൽകി. കിട്ടാവുന്ന നാടുകളിൽനിന്നൊക്കെ കപ്പത്തണ്ട് എത്തിച്ചു. മണ്ണില്ലാത്തവർക്ക് വാരം ഒഴിവാക്കി നൂറു ചുവടെങ്കിലും കപ്പ നടാനുള്ള ഇടം നൽകണമെന്നു ഭൂവുടമകളോട് കൽപിച്ചു.
തിന്നാൻ വേണ്ടതിലധികം വിളവു കിട്ടയവരിൽനിന്നു കപ്പ വിലയ്ക്കു വാങ്ങി അഞ്ചലാപ്പീസുകളിലും വഴിക്കവലകളിലും കുറഞ്ഞ വിലയ്ക്കു സർക്കാർ വിതരണം ചെയ്തു. നാട്ടുവഴികളിലെ ഓലക്കുടിലുകളിലും പീടികത്തിണ്ണകളിലും കഴിഞ്ഞിരുന്ന വിധവകളും രോഗികളും കുഞ്ഞുങ്ങളും ഒരു നേരം കഞ്ഞി, ഒരു നേരം കപ്പ എന്ന കണക്കിൽ അക്കാലം തള്ളിനീക്കി.
കപ്പ മറ്റു നാടുകളിൽ വിൽക്കാൻ കൊണ്ടുപോകുന്നതിനു നിരോധനമുണ്ടായിരുന്നു. ജനത്തിന് അല്പംകൂടി പോഷകാഹാരം ലഭ്യമാക്കാൻ തീരദേശവാസികളെ കൂടുതൽ മത്സ്യബന്ധനം നടത്താൻ നിർദേശിച്ചു. തിരുവിതാംകൂർ സർവകലാശാല വികസിപ്പിച്ച ഐസിൽ മീൻ കേടുകൂടാതെ വിവിധയിടങ്ങളിൽ സൂക്ഷിച്ചു വില്പന നടത്തി. അങ്ങനെ റേഷനരിയും ഗോതന്പും കപ്പയും മീനുംകഴിച്ച് ജനം ക്ഷാമകാലം തള്ളിനീക്കി.
പഴമക്കാരുടെ മനസിൽ മാഞ്ഞും മങ്ങിയും അവശേഷിക്കുന്ന പഴയ മഹായുദ്ധക്കെടുതിയുടെ ചരിത്രം ഈ കൊറോണക്കാലത്തെ അതിജീവിക്കാനുള്ള അനുഭവപാഠങ്ങളാണ്. മഹാരാജാവ് ആശ്വാസമായി റേഷൻ നൽകിയതിനൊപ്പം ആണ്-പെണ് വ്യത്യാസമില്ലാതെ ജനം മണ്ണിലിറങ്ങിയേ തീരൂ എന്ന് കല്പിക്കുകയും ചെയ്തു.
കൊറോണയുടെ പൂട്ടഴിയുന്പോൾ വന്നേക്കാവുന്ന ഞെരുക്കത്തെയും മാന്ദ്യത്തെയും നേരിടാൻ ഈ ദിനങ്ങളിൽ പുത്തൻ തലമുറ കൃഷിയിടത്തിലേക്കു മടങ്ങിവരുന്നു എന്നത് കാലത്തിന്റെ പ്രതീക്ഷയും അനിവാര്യതയുമാണ്. പാടത്തും പറന്പിലും മുറ്റത്തും പുരപ്പുറത്തും ചാക്കിലും സാധ്യമായതൊക്കെ ജനം നട്ടുകൊണ്ടിരിക്കുന്നു.
മണ്ണാണ് പൊന്നെന്നു തെളിയിച്ച പൂർവികരുടെ നന്മയും കരുതലും ലോകം തിരിച്ചറിയുകയാണ് ഇക്കാലങ്ങളിൽ. കൊറോണ ഭീതിയിൽ ജനം ചാക്കുമായി ചന്തയിലേക്ക് ഓടിയ ഓട്ടവും വെപ്രാളവും ചെറുതായിരുന്നില്ലല്ലോ. പൂർവികർക്ക് കൃഷി ജീവിതം മാത്രമല്ല, സംസ്കാരം കൂടിയായിരുന്നു. അതിനാലാണ് വിത്തിറക്കലും വിതയ്ക്കലും വിളവെടുക്കലുമൊക്കെ ഓണം, വിഷു ആഘോഷങ്ങളായി പരിണമിച്ചത്.
മലയാളിക്കു രുചിഭേദമായി എത്രയോ ഇനം തനതു വിത്തുകളും വിഭവങ്ങളുമുണ്ടായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ പലതും കൈമോശം വന്നുപോയി. വിത്ത് മൂലധനവും വിളവ് കരുതലും മാത്രമല്ല കൃഷിയിടം തപോവനവും മണ്ണ് പൂജ്യമായ സംസ്കൃതിയുമാണ്. പഴമയുടെ ആ നാളുകളിലേക്ക് ഈ പകൽച്ചൂടിൽ മണ്ണു കിളച്ചു പുതിയ തലമുറ മുന്നേറുന്പോൾ മാഞ്ഞുപോയ ഹരിത ഗ്രാമഭംഗി കുറയെങ്കിലും മടങ്ങിവരികയാണ്.
കേരളത്തിന്റെ ഐശ്വര്യമായിരുന്നല്ലോ ആ പാടവും കതിരും പറന്പും പച്ചപ്പുമൊക്കെ. എല്ലാ വീട്ടിലും തൊഴുത്തും അതിൽ കാലികളും. മനുഷ്യനു പാലും മണ്ണിനു ജീവനും നൽകുന്ന തൊഴുത്തുകൾ.
തൊഴുത്തിനൊരു കച്ചിത്തുറുവും അടുത്തൊരു ഞാറ്റുപുരയും. ഞാറ്റുപുരയിൽ കാർഷികവിളവുകളും തൂന്പ, കോരി, വല്ലം, കുട്ട, വട്ടി തുടങ്ങിയ പണിയായുധങ്ങളും. മലയാളമാലക്കലണ്ടർ മനപ്പാഠമാക്കി പത്താമുദയവും പക്കവും വാവുനിലയും നോക്കിയുള്ള അതിജീവനം.
വീട് പാർപ്പിടം മാത്രമല്ല കരുതൽപ്പുരയുമായിരുന്നു. അടുക്കളയുടെ കരുതലായി ഉറിയും കുടവും മണ്കലവും ചട്ടിയും കടകോലും അരകല്ലും കൊരണ്ടിയും ചിരവയും. വയറിന്റെ അളവുപാത്രമായ നാഴി.
നെല്ലും പയറും എള്ളും മാറിമാറി വിത. ഞാറു നട്ട പാടത്തിന്റെ കരയിൽ അന്പഴവും നാട്ടുമാവുകളും ആകാശം മുട്ടുന്ന തെങ്ങുകളും. നാലു മാസം ചക്ക തിന്നാനോളം സമൃദ്ധമായി പ്ലാവുകൾ. വീടും കൃഷിയിടവും മനുഷ്യന്റെ മാത്രമായിരുന്നില്ല ഒട്ടേറെ ജീവജാലങ്ങളുടെയും പാർപ്പിടമായിരുന്നു. വേനൽച്ചൂടിൽ ഉഴുതു കിളച്ച മണ്ണിനെ പുതുമഴ കുളിർപ്പിച്ചാൽ നടീൽക്കാലമായി. ചാണകപ്പൊടിയും ചാരവും കരിയിലയുമാണ് വളം.
കൂന്പൽ നാട്ടി വരിവരിയായി കപ്പ. വരിപ്പുകളിൽ ഇഞ്ചി. തടങ്ങളിൽ ചേന്പും മധുരക്കിഴങ്ങും. കുഴികളിൽ ചേനയും കാച്ചിലും. മരശിഖിരങ്ങൾ തേടിപ്പോകുന്ന കിഴങ്ങുവള്ളികൾ.
വീട്ടുകാരൊന്നാകെ പറന്പിടങ്ങളിലേക്കിറങ്ങിയായിരുന്നു പഴമയിലെ നടീൽവാരം. അയൽപക്കത്തും അകലെയുള്ളവർക്കുമൊക്കെ വിത്തുകൾ പങ്കുവയ്ക്കുന്നതിലും മടിയില്ലാത്ത കർഷകമനസ്. മണ്ണില്ലാത്ത പാവപ്പെട്ടവന് കൃഷിചെയ്യാൻ അല്പം മണ്ണും വിത്തുകളും നൽകുന്നതിലെ നിസ്വാർഥമായ സാഹോദര്യം.
കാലവർഷത്തിനു മുന്നേ ഒന്നാം കിള. പിന്നെ കളപറിക്കലും മണ്ണുകൂട്ടലും. അതൊക്കെ മാറ്റാൾപ്പണിയുടെ കാലമായിരുന്നു. അയൽവാസിയുടെ പുരയിടം കിളയ്ക്കാനും പണിയാനും പരസ്പരം സംഘടിച്ചു സഹായിക്കുന്ന മാറ്റാൾപ്പണിയുടെ കൂട്ടായ്മ. ഇക്കാലത്ത് മലയാളിയുടെ അടുക്കളയിലേക്ക് വേണ്ടിവരുന്നത് 38 ലക്ഷം ടണ് പച്ചക്കറിയാണ്.
നാം നമ്മുടെ മണ്ണിൽ വിളയിക്കുന്നതോ അഞ്ചു ടണ് മാത്രം. താളും തകരയും തഴുതാമയും ചീരയും മുരിങ്ങയിലയും മത്തയിലയും ചേന്പിലയുമൊക്കെ രുചിഭേദങ്ങൾ തീർത്ത പഴയ അടുക്കളകൾ. ആണ്ടുവട്ടത്തേക്കു വേണ്ട കായ്കളും കറിയിനങ്ങളും കരുതലുണ്ടായിരുന്നവരാണ് കേരളീയർ. അന്നത്തിന്റെ സ്വയംപര്യാപ്തതയിലേക്ക് വേഗം മടങ്ങാനുള്ള അനുഭവ അടയാളമാകാം കൊറോണ മഹാമാരി.
റെജി ജോസഫ്