എങ്ങനെയാന്നറിയില്ല, എനിക്ക് താളം ശരീരത്തിലും മനസിലും നല്ലോണം ഉണ്ട്. കൗണ്ട് ഒന്നും വേണ്ട. പാട്ടുകേട്ടാൽ എവിടെനിന്നു വേണമെങ്കിലും വായിക്കാൻ കഴിയും. അതൊരു ദൈവിക അനുഭവംതന്നെയാണ്- കോഴിക്കോട് പുതിയപാലത്തെ വീട്ടിലിരുന്ന് 73കാരനായ ഭാസ്കരേട്ടൻ പറയുന്നു. പാളയത്തു ജനിച്ചുവളർന്ന് പച്ചക്കറി ചന്തയിൽ ലോഡിംഗ് തൊഴിലാളിയായി ജീവിച്ച അദ്ദേഹത്തെ ജാസ് ഡ്രമ്മറാക്കിയത് ആ താളമല്ലാതെ മറ്റെന്ത്!
തബലയാണ് വളരെക്കുറച്ചുനാൾ ഭാസ്കരന് പഠിക്കാനായത്. അദ്ദേഹം പറയുന്നതുപോലെ രണ്ടോ മൂന്നോ ബീറ്റ്., അന്പതിലേറെ കൊല്ലങ്ങൾക്കുമുന്പ്. ചാലപ്പുറത്തെ ക്ലബ്ബാണ് അന്ന് പാട്ടിന്റെ ലോകം. അവിടെയന്ന് സുന്ദരൻ എന്ന ഉഗ്രൻ തബല വായനക്കാരനുണ്ട്. അതുകൊണ്ട് ഭാസ്കരന് തബലയിൽ അവസരമുണ്ടായിരുന്നില്ല. അപ്പോൾ അദ്ദേഹം ഒരു ഡോലക് വാങ്ങി ഒപ്പംകൂടി. പിന്നെ പതിയെ ട്രിപ്പിൾ ഡ്രമ്മിലേക്ക് എത്തി. മാർക്കറ്റിൽ പണിയില്ലാത്ത സമയത്ത് ക്ലബിൽവന്ന് ഡ്രംസ് പരിശീലിക്കും. രാത്രിയായിൽ പതിവുപോലെ എല്ലാവർക്കുമൊപ്പം റിഹേഴ്സൽ.
ഒരിക്കൽ കലാസമിതിയിൽ ട്രിപ്പിൾ ഡ്രംസ് വായിച്ചുകൊണ്ടിരുന്ന കാലം.
ഒരു ശിവരാത്രിക്ക് കൊയിലാണ്ടിയിൽ ഗാനമേള. ജാസ് ഡ്രംസ് വായിച്ചിരുന്നയാൾ പ്രത്യേക സാഹചര്യത്തിൽ പരിപാടിക്കു വന്നില്ല. ഭാസ്കരേട്ടൻ പറയുന്നു: എന്പാടും ജനംകൂടുന്ന പ്രോഗ്രാമാണ്. സംഘാടകര് സുയിപ്പായിപ്പോയി. അപ്പൊ ഡയറക്ടർ പറഞ്ഞു- ഭാസ്കരാ നീയൊന്നു വായിക്ക്വോ? ഞാൻ പറഞ്ഞു, ഞാനോ? അതെ നീ വായിക്കണം. വേറെ നിവൃത്തിയില്ല. നമ്മുടെ പുറം പൊളിയണ പണിയാണ് ഇത്. ഞാൻ നോക്കട്ടെ എന്നു പറഞ്ഞു. അപ്പോഴും എന്റെ കൈയും കാലുമൊക്കെ വിറയ്ക്കുന്നൂണ്ട്. എന്താ ചെയ്യണ്ട് എന്നറിയില്ല. ട്രിപ്പിൾ ഡ്രമ്മിന്റെ കൂടെ ഡോലക് വായിക്കണം, സ്നെയർ ഡ്രമ്മുണ്ട്, സാധാരണ ഇതൊക്കെ ഞാനാ ചെയ്യല്. ഞാനെങ്ങനെ ജാസ് ഡ്രംസ് വായിച്ചു എന്ന് എനിക്കറിയില്ല. എനിക്ക് പേടിയായിരുന്നു, തെറ്റരുത് എന്നുള്ള വിചാരം. എങ്ങനെയോ ഉഷാറാക്കി എന്നു പറയാം. പ്രോഗ്രാം വിജയിച്ചു.
തിരിച്ചുപോരാൻ സംഘാടകർ ഒരു കാറൊക്കെ ഏർപ്പാടാക്കി. ക്ലബിലെത്തിയപ്പോളാണ് സ്നേഹിതന്മാരൊക്കെ കൂടി എന്നെയെടുത്ത് പൊന്തിച്ചിട്ട് പറയുന്നത്, ഭാസ്കരാ നീയാണെടാ നമ്മുടെ വിജയം എന്ന്. അങ്ങനെ എനിക്കും തോന്നി, ഞാനുമൊരു ഡ്രമ്മറായി!
എസ്ഐ വീണ്ടും പോലീസ്
ഭാസ്കരേട്ടൻ അങ്ങനെ ജാസിൽ തകർത്തുതുടങ്ങി. കൊയിലാണ്ടിയിലെ പരിപാടിക്കു വരാതിരുന്ന പതിവു ഡ്രമ്മർക്ക് വലിയ ചാൻസൊന്നും ഇല്ലാതാവുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞപ്പോൾ അയാൾ തിരിച്ചുവന്നു. അതോടെ ഭാസ്കരേട്ടനെ വീണ്ടും ഡോലക് ഏല്പിച്ചു. എസ്ഐയെ വീണ്ടും പോലീസുകാരനാക്കിയപോലെയെന്ന് ഭാസ്കരേട്ടൻ പറയുന്നു. എനിക്കു വല്ലാത്തൊരു പ്രയാസമായി. അപ്പൊ എനിക്കു തോന്നി, ഇതു പോരാ എന്ന്. കൂട്ടുകാരൻ ജയരാജനും ഞാനും കൂടി തീരുമാനിച്ചു, ജാസ് ഒരെണ്ണം അങ്ങോട്ടു വാങ്ങാ ന്ന്. എറണാകുളത്തു പോയിട്ട് ജാസ് ഡ്രം വാങ്ങി, അന്നു ചുരുങ്ങിയ പൈസയേ ആയിട്ടുള്ളൂ. മുപ്പത്തഞ്ചു കൊല്ലം ആയിട്ടുണ്ടാവും. വാങ്ങിയാ പോരല്ലോ, വായിക്കാൻ അറിയണല്ലോ.
തൃശൂരിൽ പോലീസ് ഓർക്കസ്ട്രയിലുണ്ടായിരുന്ന ജോഷി എന്നയാൾ സുഹൃത്താണ്. അവൻ പറഞ്ഞു- പ്രശ്നാക്കണ്ടടോ, നമുക്കിവിടെ ജോബോയി (പ്രശസ്ത ഡ്രമ്മർ ജോബോയ് മാസ്റ്റർ) ണ്ട്. ജോബോയി അന്ന് മഹാറാണിയിൽ ഡ്രംസ് വായിക്കുന്നുണ്ട്. അദ്ദേഹത്തെ പോയി കണ്ടു. ആ, ശരിയാക്കിത്തരാം എന്നു പറഞ്ഞു അദ്ദേഹം.
അങ്ങനെ ജോബോയ് മാസ്റ്ററാണ് ഭാസ്കരേട്ടനും സുഹൃത്തിനും ജാസിന്റെ ബാലപാഠങ്ങൾ പകർന്നത്. പക്ഷേ അദ്ദേഹം കോഴിക്കോടു വിട്ടതോടെ പഠനം മുടങ്ങി. തൃശൂരിലേക്കു വന്നാൽ പഠനം തുടരാം എന്ന് മാസ്റ്റർ പറഞ്ഞിരുന്നെങ്കിലും സാന്പത്തിക പ്രയാസംമൂലം അതു സാധ്യമായില്ലെന്ന് ഭാസ്കരേട്ടൻ പറയുന്നു. എന്നാൽ മാസ്റ്റർ പഠിപ്പിച്ച ബീറ്റുകൾക്കു മുകളിൽ ഭാസ്കരേട്ടൻ കൊട്ടിക്കയറി. പലനൂറുകണക്കിനു വേദികളിൽ, മികച്ച ഗായകർക്കും കലാകാരന്മാർക്കും ഒപ്പം അദ്ദേഹം വായിച്ചു. ക്ലബിനു പുറത്തുള്ളവരും വിളിച്ചുതുടങ്ങി. പകൽ പണിയില്ലാത്ത ദിവസങ്ങളിൽ എൽപി റെക്കോർഡ് വച്ച് പാട്ടുകേട്ടാണ് പഠിക്കുക. അസാധ്യ ബീറ്റുകളുള്ള ഹം ബേവഫാ ഹർഗിസ് ന ഥേ പോലുള്ള പാട്ടുകൾ അദ്ദേഹം ഓർമിക്കുന്നു.
തോർത്തിലെ അഭിനന്ദനം
ചില വേദികളിലെ അനുഭവത്തെക്കുറിച്ച് ഭാസ്കരേട്ടൻ പറയുന്നു: ഓരോ പാട്ടു വായിക്കുന്പോൾ ആൾക്കാര് കൈയിലുള്ള തോർത്തോ ടവ്വലോ കൊണ്ടുവന്ന് നമ്മളെ എറിയും. എനിക്ക് ആദ്യം ഇത് സംഭവം എന്താന്നു മനസിലായില്ല. ഇവർക്കിത് ഇഷ്ടമാവാഞ്ഞിട്ടാവുമോ എന്നു പേടിച്ചു. ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു, മിണ്ടല്ലേ, നീ വായിച്ചോ എന്ന്. പിന്നെ അവരീ തോർത്ത് തിരിച്ചെടുക്കാൻ വരുന്പോൾ എത്ര ഉറുപ്പികയാണോ കൈയിലുള്ളത് അത് നമുക്കു തരും. അങ്ങനെ ഒരുപാട് സംഭവം. മലപ്പുറത്താണ് അധികം. പൈസ കിട്ടുന്നു എന്നതിനേക്കാൾ നമുക്കുള്ള അംഗീകാരമാണ് അതൊക്കെ. ഇപ്പൊ കാലം വല്ലാതെ മാറി.
ഞാനിപ്പോൾ വലിയ സ്റ്റേജുകളിൽ കയറാറില്ല. ഇപ്പൊ ഇലക്ട്രോണിക് ഇൻസ്ട്രുമെന്റിന്റെ കാലമല്ലേ. എനിക്കത് വാങ്ങാനുള്ള സാന്പത്തികശേഷിയില്ല. വായിക്കാനും താത്പര്യമില്ല. സ്റ്റേജിലു കാണാനും ഭംഗി വേണം. ഇതു ചെറുത്, നോക്കിയാലും കാണൂല. ഇപ്പൊ ഞാൻ കുറച്ച് വയ്യോട്ടാണ്. എന്നാലും ചെറിയ സംഗീത സദസ്സുകൾക്ക് ക്ലബുകാരു വിളിക്കും. ബൈപ്പാസ് റോഡിലെ ടീം മ്യൂസിക് എന്ന ക്ലബിലാണ് ഇപ്പോൾ. എന്റെ കൈയിൽ ഒരു ബോംഗോ ഡ്രം ഉണ്ട്. അതെടുത്ത് വരീ എന്നു പറഞ്ഞ് വിളിക്കും. നിങ്ങളിവിടെ വേണം എന്നാണ് അവരു പറയുക. റഫിയുടെയും കിഷോറിന്റെയുമൊക്കെ പാട്ടുകൾക്ക് വായിക്കുന്നത് വലിയ സന്തോഷമാണ്.
ഇപ്പോൾ ശ്വാസം മുട്ടലിന്റെ കുഴപ്പമുണ്ട്. വല്യ കാശിന് മരുന്നൊക്കെ വാങ്ങണം. ആയിരറുപ്പ്യേന്റെ പുറത്ത് സ്പ്രേതന്നെ വാങ്ങണം. സാന്പത്തികശേഷി കുറവാണ്. ഭാര്യയും മൂന്നുമക്കളുമുണ്ട്. ജാനുവാണ് ഭാര്യ. മകൻ രാജീവ് വെസ്റ്റേണ് ഡാൻസറും പരിശീലകനുമാണ്. മറ്റൊരു മകൻ സജീവ് ഡ്രമ്മറാണ്. മകൾ രജിത.
അവസരങ്ങൾ തേടിപ്പിടിക്കാൻ കഴിവില്ലാത്തതിനാൽ ഭാസ്കരേട്ടന്റെ സംഗീതജീവിതം ചുരുങ്ങിപ്പോയി. എനിക്കതിനൊന്നും കഴിയൂല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പാസ്പോർട്ട് ഇല്ലാത്തതും വിനയായി. മ്യൂസിക് നൊട്ടേഷൻ ശാസ്ത്രീയമായി പഠിക്കാഞ്ഞതിനാൽ പുതിയ തലമുറക്കാരെ പഠിപ്പിക്കാനും അദ്ദേഹം മുന്നോട്ടു വന്നില്ല. അത് അറിയുമായിരുന്നെങ്കിൽ എനിക്കിപ്പോൾ ഒരു തൊഴിലാകുമായിരുന്നു. അതു വേണ്ട ങ്ങള് പഠിപ്പിക്ക് എന്നു പറയുന്നവരുണ്ട്. ഞാനതിന് നിക്കാറില്ല. ഫൗണ്ടേഷനില്ലാതെ അതു ചെയ്യാൻ പാടില്ല. മറ്റുള്ളവരുടെ ഭാവിയുടെ കാര്യമാണ്- ഭാസ്കരേട്ടൻ പറയുന്നു.
ടൗണ്ഹാളിലും കല്ലായി, മാങ്കാവ്, പയ്യാനക്കൽ, പന്തീരാങ്കാവ് എന്നിവിടങ്ങളിലുമൊക്കെ ഭാസ്കരേട്ടന്റെ താളം ഇപ്പോഴും സംഗീത സദസ്സുകളിൽ നിറയുന്നു. എല്ലാറ്റിനും മുകളിൽ അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്- എല്ലാവർക്കും വല്യ കാര്യമാണ് എന്നോട്!.
ഹരിപ്രസാദ്