പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ...
ഗാനഗന്ധർവൻ പാടി അനശ്വരമാക്കിയ ഈ പാട്ടുവരികൾ ക്രൈസ്തവ വിശ്വാസികൾ മാത്രമല്ല, മലയാളികളുള്ളയിടത്തെല്ലാം പതിറ്റാണ്ടുകളായി ഏറ്റുപാടിക്കൊണ്ടിരിക്കുന്നു. ആബേലച്ചൻ എന്ന ബഹുമുഖപ്രതിഭ കുറിച്ചതാണ് എക്കാലത്തെയും പ്രിയപ്പെട്ട ഈ ഗാനം. തീരുന്നില്ല; ഈശ്വരനെത്തേടി ഞാൻ... എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു..., മനുഷ്യാ നീ മണ്ണാകുന്നു..., ഗാഗുൽത്താമലയിൽ നിന്നും..., നട്ടുച്ച നേരത്ത്... കാലത്തെ അതിജീവിച്ചും പാടി മതിവരാത്ത നൂറുകണക്കിനു പാട്ടുകളാണ് ആബേലച്ചന്റെ തൂലികയിൽ നിന്നു രൂപപ്പെട്ടത്.
കേരളത്തിന്റെ കലാസംസ്കൃതിയിൽ അഭിമാനത്തിന്റെ തിളക്കം അടയാളപ്പെടുത്തിയ കലാഭവന്റെ സ്ഥാപകൻ ഫാ. ആബേൽ, പാട്ടെഴുത്തുകാരൻ, പത്രപ്രവർത്തകൻ, തികഞ്ഞ സംഘാടകൻ എന്നീ നിലകളിലെല്ലാം മികവറിയിച്ചു. അനേകം കലാകാരന്മാർക്കു വഴികാട്ടിയും പ്രചോദനവുമായി എന്നതാണു കലാകാരനായ ഈ വൈദികനെ കേരളത്തിന്റെ പൊതുസമൂഹത്തിനു മുന്പിൽ പ്രിയങ്കരനാക്കുന്നത്.
സർഗകൗമാരം
1920 ജനുവരി 19ന് എറണാകുളം ജില്ലയിലെ മുളക്കുളത്താണ് ആബേലച്ചൻ എന്ന ഫാ. ആബേൽ പെരിയപ്പുറത്തിന്റെ ജനനം. മാത്തൻവൈദ്യരുടെയും ഏല്യാമ്മയുടെയും അഞ്ചാമത്തെ മകൻ. സ്കൂൾ പഠനകാലത്തു തന്നെ എഴുത്തിനോടും കലയോടും ആഭിമുഖ്യമുണ്ടായിരുന്നു. ചങ്ങന്പുഴയുടെയും കുമാരനാശാന്റെയും കവിതകൾ വായിക്കാനും ചൊല്ലാനും ഏറെ ഇഷ്ടമായിരുന്നു.
സന്യാസിനിയും കവിയുമായിരുന്ന സിസ്റ്റർ മേരി ബനീഞ്ഞ (മേരി ജോണ് തോട്ടം) ബന്ധുവായിരുന്നുവെന്നതു കവിതകളോടുള്ള കന്പം ഇരട്ടിപ്പിച്ചു. പത്താം ക്ലാസിൽ പഠിക്കുന്പോൾ കർമല കുസുമം മാസികയിൽ അർഥം അനർഥം മൂലം എന്ന തലക്കെട്ടിൽ ആദ്യ കവിത പ്രസിദ്ധീകരിച്ചു.
മാർ പാറേക്കാട്ടിലിന്റെ വിളി
1965ൽ ആർച്ച്ബിഷപ് മാർ ജോസഫ് പാറേക്കാട്ടിൽ ആരാധനക്രമത്തിലെ പ്രാർഥനകളും പാട്ടുകളും സുറിയാനിയിൽ നിന്നു മലയാളത്തിലേക്കു മൊഴിമാറ്റം നടത്താനുള്ള ദൗത്യം ആബേലച്ചനെ ഏൽപിച്ചു. മൂന്നു വർഷം എറണാകുളം അരമനയിൽ താമസിച്ചാണ് ഈ വലിയ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ആരാധനക്രമത്തിലെ ഗാനങ്ങൾക്ക് ഈണമിട്ട് ഇടവകകൾക്കു ലഭ്യമാക്കാനുള്ള ക്രമീകരണമെന്ന നിലയിൽ ക്രിസ്ത്യൻ ആർട്സ് ക്ലബ് രൂപീകരിച്ചു. ആർച്ച്ബിഷപ്സ് ഹൗസിന്റെ വളപ്പിൽ പഴയ മലബാർ മെയിൽ-സത്യദീപം മന്ദിരത്തോടു ചേർന്നുള്ള മുറി ക്രിസ്ത്യൻ ആർട്സ് ക്ലബിന്റെ ആസ്ഥാനമായി. എം.കെ. ആന്റണി മാസ്റ്റർ, ദക്ഷിണാമൂർത്തി, റെക്സ് ഐസക്, എം.കെ. അർജുനൻ എന്നിവരെല്ലാം പാട്ടുവഴികളിൽ സഹായികളായെത്തി. ലിറ്റർജിക്കൽ ഗീതങ്ങളും പ്രാർഥനകളും തർജമ ചെയ്തു പുസ്തക രൂപത്തിലാക്കി വില്പന നടത്തിയാണു പ്രവർത്തനങ്ങൾക്കു തുക കണ്ടെത്തിയത്.
ഈ സമയത്താണു മരിച്ചവർക്കു വേണ്ടിയുള്ള തിരുക്കർമങ്ങൾ, റാസ, വെഞ്ചരിപ്പുകൾ, വർഷാരംഭം, വർഷാവസാനം, വിശുദ്ധവാര കർമങ്ങൾ തുടങ്ങി ഇപ്പോഴും ഉപയോഗിച്ചുവരുന്ന പ്രാർഥനകൾ ആബേലച്ചൻ തയാറാക്കിയത്. നോന്പുകാലത്ത് ഉപയോഗിക്കുന്ന പ്രസിദ്ധമായ ’കുരിശിന്റെ വഴി’യും ആബേലച്ചന്റെ സൃഷ്ടിയാണ്.
കലാഭവന്റെ പിറവി
ക്രിസ്ത്യൻ ആർട്സ് ക്ലബ് എല്ലാ മതസ്ഥർക്കും ഗുണകരമാകുന്ന കലാസംരംഭമാക്കി മാറ്റാൻ ആബേലച്ചൻ ശ്രദ്ധിച്ചു. ഇതു കലാഭവന്റെ പിറവിയിലേക്കു വഴിതെളിച്ചു. 1969 സെപ്റ്റംബർ മൂന്നിനു ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ കൊച്ചിൻ കലാഭവൻ ഉദ്ഘാടനം ചെയ്തു. മ്യൂസിക്കേൽ എന്ന പേരിൽ വാർഷിക സംഗീതമേളയായിരുന്നു ആദ്യഘട്ടത്തിലെ പ്രധാന പരിപാടി. ഇതിനു യേശുദാസും സഹകരിച്ചു.
എൽപി റിക്കാർഡിലും ഗ്രാമഫോണ് റിക്കാർഡിലും ശേഷം കാസറ്റുകളിലും യേശുദാസ് ഉൾപ്പെടെയുള്ള പ്രമുഖരുടെ ശബ്ദത്തിൽ അനേകം ഗാനങ്ങൾ കലാഭവനിൽ നിന്നു പുറത്തിറങ്ങി. ഗാനമേളകളുടെയും സ്റ്റേജ് ഷോകളുടെയും ഒരു സംസ്കാരം നിർമിക്കാൻ കലാഭവന്റെ പ്രവർത്തനങ്ങൾക്കായി.
മിമിക്രിയെ മിമിക്സ് പരേഡ് എന്ന ബൃഹത്തായ അവതരണ സാധ്യതയിലേക്കു കൈപിടിച്ചതും ആബേലച്ചനും കലാഭവനുമാണ്. ഇന്നു വെള്ളിത്തിരയിൽ താരങ്ങളായ പലരും കലാഭവന്റെ മിമിക്സ് പരേഡുകളിലെ നിറസാന്നിധ്യങ്ങളായിരുന്നു. സംവിധായകൻ സിദ്ദിഖ്, നടന്മാരായ ലാൽ, ജയറാം, ദിലീപ്, സലിംകുമാർ, കലാഭവൻ മണി, സൈനുദ്ദിൻ എന്നിവർ ആ നിരയിലെ ചിലരാണ്.
കലാരംഗത്തു കഴിവുകളുള്ളവരെ പരിശീലിപ്പിക്കാൻ കലാഭവൻ അക്കാദമി തുടങ്ങിയത് ശ്രദ്ധേയമായി. മഹാകവി ജി. ശങ്കരക്കുറുപ്പ് ഉൾപ്പെടെയുള്ളവർ കലാഭവൻ സന്ദർശിച്ചിട്ടുണ്ട്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനടുത്ത് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ ശിലാസ്ഥാപനം നടത്തിയ ഇപ്പോഴത്തെ കലാഭവൻ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് 1980 ഏപ്രിൽ 20നു കേന്ദ്രമന്ത്രി സി.എം. സ്റ്റീഫനായിരുന്നു.
ക്രൈസ്തവ സഭയ്ക്കും കേരളത്തിനാകെയും എന്നുമോർക്കാൻ ഒരുപിടി കലാസ്മൃതികൾ സമ്മാനിച്ച് 2001 ഒക്ടോബർ 27ന് ആബേലച്ചൻ ലോകത്തോടു യാത്ര പറഞ്ഞകന്നു. കലയെയും കലാകാരന്മാരെയും ആത്മാർഥമായി സ്നേഹിച്ച, അവയെ വളർത്താൻ ഏറെ അധ്വാനിച്ച പ്രിയപ്പെട്ട ആബേലച്ചനു പകരം ആബേലച്ചൻ മാത്രം.
ദീപിക, ദീപിക ബാലസഖ്യം
ഇരുപതാം വയസിലാണു സിഎംഐ സമൂഹത്തിൽ ചേർന്നു വൈദിക പരിശീലനം ആരംഭിച്ചത്. 1951ൽ ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ടിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ആറു മാസം ദീപികയിൽ സേവനം. ശേഷം പൊളിറ്റിക്കൽ സയൻസും ജേർണലിസവും പഠിക്കാൻ റോമിലേക്ക്. അവിടെ പൊളിറ്റിക്കൽ സയൻസിൽ ഉന്നതവിദ്യാഭ്യാസം. മടങ്ങിയെത്തിയശേഷം 1961 വരെ ദീപികയുടെ പത്രാധിപ സമിതിയിൽ സേവനം ചെയ്തു. ഇക്കാലഘട്ടത്തിൽ കുട്ടികൾക്കായുള്ള മഹത്തായ പ്രസ്ഥാനം ദീപിക ബാലസഖ്യത്തിന്റെ (ഡിസിഎൽ) അമരക്കാരനായിരുന്നു. കോഴിക്കോട് ദേവഗിരി കോളജിൽ സുറിയാനി ഭാഷാ പ്രഫസറും ഹോസ്റ്റൽ വാർഡനുമായി സേവനം ചെയ്തശേഷം കാൽ നൂറ്റാണ്ടു കാലം പ്രവർത്തന മേഖല എറണാകുളത്തായിരുന്നു.
സിജോ പൈനാടത്ത്