വാഷിംഗ്ടൺ ഡിസി: ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ യുഎസ് ജനതയുടെ പ്രതിഷേധം കെട്ടടങ്ങുന്നില്ല. വെള്ളക്കാരനായ പോലീസുകാരന്റെ ക്രൂരതയാൽ കൊല്ലപ്പെട്ട കറുത്തവംശജനു നീതി ആവശ്യപ്പെട്ട് തുടർച്ചയായ എട്ടാം ദിവസവും രാജ്യത്തുടനീളം ജനം തെരുവിലിറങ്ങി. പ്രക്ഷോഭം അവസാനിപ്പിക്കാൻ സംസ്ഥാനങ്ങളും നഗരങ്ങളും നടപടി എടുത്തില്ലെങ്കിൽ സായുധസേനയെ ഇറക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
കഴിഞ്ഞദിവസം തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, ഷിക്കാഗോ തുടങ്ങിയവ അടക്കം 75-ലധികം നഗരങ്ങളിൽ പ്രകടനങ്ങളുണ്ടായി. 40-ഓളം നഗരങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ ജനം വകവച്ചില്ല. അക്രമപ്രവർത്തനങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ന്യൂയോർക്കിൽ വൻകിട ബ്രാൻഡുകളുടെ കടകൾ കൊള്ളയടിക്കപ്പെട്ടു.
ഷിക്കാഗോയിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടെങ്കിലും ഏതു സാഹചര്യത്തിലാണെന്നു വ്യക്തമല്ല. കെന്റക്കിയിലെ ലൂയിവില്ലിൽ പോലീസിന്റെ വെടിയേറ്റ് ഒരാൾ മരിച്ച സംഭവത്തിൽ നഗരത്തിലെ പോലീസ് മേധാവിയെ പുറത്താക്കി.
വൈറ്റ്ഹൗസിനു സമീപം പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ പോലീസ് റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിക്കുന്നതിനിടെയാണ് ട്രംപ് സംസാരിച്ചത്. പ്രതിഷേധക്കാരുടെ അക്രമവും കവർച്ചയും നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധം അവസാനിപ്പിക്കാൻ സംസ്ഥാനങ്ങളും നഗരങ്ങളും റിസർവ് സേനയായ നാഷണൽ ഗാർഡ്സിനെ വിന്യസിക്കണം. അല്ലെങ്കിൽ ആയുധമേന്തിയ പട്ടാളക്കാരെ താൻ വിടുമെന്ന് ട്രംപ് പറഞ്ഞു.
ഇപ്പോൾതന്നെ 16,000 നാഷണൽ ഗാർഡുകളെ വാഷിംഗ്ടൺ ഡിസിയിലടക്കം വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന ഗവർണർമാരുടെ ശിപാർശപ്രകാരം ഇൻസറക്ഷൻ നിയമം പ്രാബല്യത്തിൽ വരുത്തിയാൽ മാത്രമേ പ്രസിഡന്റിന് രാജ്യത്ത് പട്ടാളത്തെ വിന്യസിക്കാനാവൂ. 1992ലാണ് മുന്പ് ഇതുണ്ടായത്.
കറുത്ത വംശജൻ റോഡ്നി കിംഗിനെ തല്ലിച്ചതച്ച നാലു പോലീസുകാർ കുറ്റവിമുക്തരാക്കപ്പെട്ടതിനെ തുടർന്ന് ലോസ് ആഞ്ചലസ് നഗരത്തിൽ കലാപം ഉണ്ടായപ്പോഴായിരുന്നത്.
തലസ്ഥാനം ഉൾപ്പെടുന്ന കൊളംബിയ ജില്ല ഫെഡറൽ സർക്കാരിനു കീഴിലായതിനാൽ അവിടെ ഇപ്പോൾതന്നെ പട്ടാളത്തെ വിന്യസിക്കാൻ ട്രംപ് ഉത്തരവിട്ടുകഴിഞ്ഞു.
ഇതിനിടെ, പ്രതിഷേധക്കാരുടെ തീവയ്പിൽ സാരമായ കേടുപാടുകളുണ്ടായ സെന്റ് ജോൺസ് പള്ളി സന്ദർശിച്ച ട്രംപ് ബൈബിളുമായി ഫോട്ടോയ്ക്കു പോസ് ചെയ്തു. വൈറ്റ്ഹൗസിനു സമീപത്തുള്ള പള്ളിയിലേക്ക് ട്രംപ് നടന്നാണു പോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.