രേഷ്മ ഗൾഫിലെ സജീവ സിപിഎമ്മുകാരി! എങ്ങനെ കൊലക്കേസ് പ്രതിയായ ആർഎസ്എസുകാരന് ഒളിത്താവളം ഒരുക്കി; ഞെട്ടലില് പ്രവാസി പാർട്ടിക്കാർ
കണ്ണൂർ: ഹരിദാസ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളെ ഒളിവിൽ താമസിപ്പിച്ച് വിവാദത്തിലായ രേഷ്മയ്ക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് ആവർത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.
അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കി കോടതിയിൽനിന്നു കൂട്ടിക്കൊണ്ടുപോയത് ബിജെപി തലശേരി മണ്ഡലം ജനറൽ സെക്രട്ടറിയും കൗൺസിലറുമായ കെ. അജേഷാണ്.
കേസിൽ ഹാജരായത് ബിജെപിയുടെ അഭിഭാഷകനാണെന്നും എം.വി. ജയരാജൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
പ്രതിയെ സംരക്ഷിച്ച സ്ത്രീക്കുവേണ്ടി ബിജെപിക്കാർ എത്തിച്ചേർന്നത് നിസാരകാര്യമല്ല.
അതിനാൽ ഇക്കാര്യത്തിൽ വേറെ സംശയത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസുകാരനായ പ്രതിയെ നേരത്തെ തന്നെ സ്ത്രീക്ക് അറിയാമായിരുന്നു. രേഷ്മയുടേത് സിപിഎം കുടുംബമാണെന്ന വാദവും വാസ്തവവിരുദ്ധമാണെന്ന് ജയരാജൻ പറഞ്ഞു.
സൈബറിടം വ്യക്തിഹത്യ നടത്താനുള്ള ഇടമല്ല. ഒളിവിൽ കഴിയുന്നയാൾക്ക് വാടകയ്ക്ക് വീട് കൊടുത്തതിനപ്പുറം ഭക്ഷണം എന്തിന് ഉണ്ടാക്കിക്കൊടുത്തു എന്ന ചോദ്യം നിലനിൽക്കുന്പോൾ അതിൽ എല്ലാമുണ്ടെന്നും മുന്പുള്ള ബന്ധം ഉപയോഗിച്ചുകൊണ്ടാണ് കൊലക്കേസിൽ പ്രതിക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തതെന്നും ജയരാജൻ ആരോപിച്ചു.
പതിനേഴുകാരിയെ ഗര്ഭിണിയാക്കിയ 12കാരന് പിടിയില് ! പതിനേഴുകാരി പെണ്കുഞ്ഞിന് ജന്മം നല്കി
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കേസില് 12കാരന് പിടിയിലായി. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.
വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്ന്ന് ഏപ്രില് 17ന് മാതാപിതാക്കള് പതിനേഴുകാരിയെ രാജ മിരാസുദര് സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്ന്ന് പെണ്കുട്ടിയെ പരിശോധിച്ച ഡോക്ടര്മാരാണ് ഒമ്പത് മാസം ഗര്ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്ന്ന് അവള് ഒരു പെണ്കുഞ്ഞിന് ജന്മം നല്കുകയും ചെയ്തു.
ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില് 12കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മറ്റാര്ക്കെങ്കിലും ഇതില് പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇരുവരും സ്കൂള് പഠനം ഉപേക്ഷിച്ചവരാണെന്നും ഒരേ അയല്പക്കത്താണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
പെണ്കുട്ടി ഗര്ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കള് പറയുന്നത്.
എന്നാല് ഇത് വിശ്വാസയോഗ്യമാണോ എന്നതില് സംശയമുണ്ടെന്നും കൂടുതല് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
തന്റെ വീടിന്റെ അടുത്ത വീട്ടിലെ കുട്ടിയാണ് പീഡിപ്പിച്ചതെന്ന് പോലീസിനോട് പെണ്കുട്ടി സമ്മതിച്ചു. കോടതിയില് ഹാജരാക്കിയ 12കാരനെ തഞ്ചാവൂരിലെ ജുവനൈല് ഹോമിലേക്ക് മാറ്റി.
പോക്സോ നിയമപ്രകാരമാണ് 12കാരനെതിരെ കേസെടുത്തത്. സംഭവത്തിന്റെ സത്യാവസ്ഥ അറിയാന് കുട്ടിയുടെ പ്രായം ശാസ്ത്രീയമായി പരിശോധിക്കേണ്ടി വരുമെന്ന് പോലീസ് വ്യക്തമാക്കി.
യുഎസിൽ ഗാന്ധിപ്രതിമ തകർത്തു: അന്വേഷണം തുടരുന്നു
വാഷിംഗ്ടൺ: യുഎസിലെ ഇന്ത്യൻ എംബസിക്കു പുറത്തു സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ നയതന്ത്ര കാര്യാലയത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.
മിനിയാപ്പൊലീസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ പോലീസ് കൊലപ്പെടുത്തിയതിനെതിരേ രാജ്യവ്യാപകമായി അരങ്ങേറിയ പ്രക്ഷോഭത്തിനിടെയാണു ഗാന്ധിജിയുടെ പ്രതിമയ്ക്കുനേരെ ആക്രമണം നടന്നത്. ജൂൺ രണ്ടിനോ മൂന്നിനോ രാത്രിയിലാകാം അജ്ഞാതർ എംബസി വളപ്പിലെത്തിയതെന്നാണു സംശയം. പരാതിയെത്തുടർന്നു ബുധനാഴ്ച അന്വേഷണസംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
സംഭവത്തിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ കെൻ ജസ്റ്റർ ക്ഷമ ചോദിച്ചു. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ യുഎസ് സന്ദർശനത്തിനിടെ 2000 സെപ്റ്റംബർ 16 നാണ് ഗാന്ധിജിയുടെ വെങ്കല പ്രതിമ എംബസിയിൽ അനാച്ഛാദനം ചെയ്തത്. വിദേശ നേതാക്കളുടെ പ്രതിമ വാഷിംഗ്ടണിൽ വിരളമാണെങ്കിലും ഗാന്ധിജിയോടുള്ള ആദരസൂചകമായി പ്രതിമ സ്ഥാപിക്കാൻ 1998ൽ യുഎസ് കോൺഗ്രസ് അനുമതി നൽകുകയായിരുന്നു.
വിലക്ക് ലംഘിച്ച് ഹോങ്കോംഗിൽ ടിയാനൻമെൻ അനുസ്മരണം
ഹോങ്കോംഗ്: പോലീസിന്റെ വിലക്ക് ലംഘിച്ച് ഇന്നലെ ഹോങ്കോംഗിൽ നടത്തിയ ടിയാനൻമെൻ അനുസ്മരണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. പോലീസും പ്രകടനക്കാരുമായി ചിലേടങ്ങളിൽ ഏറ്റുമുട്ടലുണ്ടായി.
1989ൽ ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിൽ ജനാധിപത്യത്തിനു വേണ്ടി സമരം നടത്തിയ ആയിരങ്ങളെ ചൈനീസ് പട്ടാളം വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ അനുസ്മരണം ചൈന വൻകരയിൽ വിലക്കിയിരിക്കുകയാണ്. എന്നാൽ സ്വയംഭരണം അനുവദിച്ചിട്ടുള്ള ഹോങ്കോംഗിലും മക്കാവുവിലും അനുസ്മരണം നടക്കാറുണ്ട്. പക്ഷേ ഇത്തവണ കോവിഡ് സുരക്ഷാ നടപടികൾ ചൂണ്ടിക്കാട്ടി സർക്കാർ ഈ അനുസ്മരണത്തിനു വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
ഹോങ്കോംഗിലെ വിക്ടോറിയ പാർക്കിനു സമീപം പ്രകടനക്കാരെ തടയാൻ പോലീസ് ഉയർത്തിയ ബാരിക്കേഡുകൾ ചില ജനാധിപത്യ പ്രവർത്തകർ പൊളിച്ചുമാറ്റി. ഹോങ്കോംഗിന്റെ വിവിധ ഭാഗങ്ങളിൽ ജനാധിപത്യവാദികൾ മെഴുകുതിരി പ്രദക്ഷിണം നടത്തി.
ഇതിനിടെ ചൈനീസ് ദേശീയ ഗാനത്തോട് അനാദരവു കാട്ടുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ബിൽ ഹോങ്കോംഗ് നിയമസഭ ഇന്നലെ പാസാക്കി. കുറ്റക്കാർക്ക് വൻതുക പിഴയും മൂന്നുവർഷംവരെ തടവും കിട്ടാം. 41 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ ഒരാൾ മാത്രമാണ് എതിർത്തത്. ജനാധിപത്യ അനുകൂലികളായ എംപിമാർ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
ഹോങ്കോംഗിനു ബാധകമാക്കാൻ ഉദ്ദേശിച്ചുള്ള പുതിയ സുരക്ഷാ ബിൽ ബെയ്ജിംഗ് പാസാക്കിയത് അടുത്തയിടെയാണ്. മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിലെ ജനത അനുഭവിച്ചുവരുന്ന അവകാശങ്ങളും സ്വാതന്ത്യവും പടിപടിയായി ഇല്ലാതാക്കാനാണു ബെയ്ജിംഗിന്റെ ശ്രമമെന്നാണ് ആരോപണം.
ഫ്ളോയിഡിനു കോവിഡ് ബാധിച്ചിരുന്നുവെന്ന്
വാഷിംഗ്ടൺ ഡിസി: മിനിയാപ്പൊളീസ് നഗരത്തിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട കറുത്തവംശജനായ ജോർജ് ഫ്ളോയിഡിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.
ഫ്ളോയിഡിന് നടത്തിയ കോവിഡ് ടെസ്റ്റ് പൊസിറ്റീവാണെന്നു ചീഫ് മെഡിക്കൽ ഓഫീസർ ആൻഡ്രൂ ബേക്കർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. വെള്ളക്കാരനായ പോലീസ് ഓഫീസർ ഡെറക് ഫ്ളോയിഡിന്റെ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു.
എട്ടുമിനിറ്റ് സമയം കഴിഞ്ഞാണ് ഓഫീസർ ഫ്ളോയിഡിന്റെ കഴുത്തിൽ നിന്നു കാലെടുത്തത്. ഇതിനിടയിൽ ഫ്ളോയിഡിനു ഹൃദയാഘാതമുണ്ടായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇതേസമയം, ഫ്ളോയിഡിന്റെ മരണത്തിനു കാരണക്കാരായ ഡെറക് ഉൾപ്പെടെ നാലു പോലീസ് ഓഫീസർമാരുടെ പേരിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.
ഡെറക്കിനെതിരേ കൂടുതൽ ഗൗരവമുള്ള കുറ്റം ചുമത്തിയപ്പോൾ കുറ്റകൃത്യത്തിനു കൂട്ടുനിന്നതിനാണ് മറ്റുള്ളവരുടെ പേരിൽ കേസെടുത്തത്. അന്പതുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിത്.
ഫ്ളോയിഡ് വധത്തെത്തുടർന്നു യുഎസിൽ പൊട്ടിപ്പുറപ്പെട്ട കലാപം ഇതുവരെ ശമിച്ചില്ല. നേരത്തെ പലേടത്തും അക്രമങ്ങൾ നടന്നെങ്കിലും ഇന്നലത്തെ പ്രകടനങ്ങൾ സമാധാനപരമായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് ഇതിനകം പതിനായിരത്തോളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
സമരക്കാരെ നേരിടാൻ പട്ടാളത്തെ ഇറക്കുമെന്നു പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപിന്റെ നിലപാടിൽ പെന്റഗൺ മേധാവി മാർക്ക് എസ്പർ എതിർപ്പു പ്രകടിപ്പിച്ചു. പ്രസിഡന്റ് ട്രംപ് അമേരിക്കൻ ജനതയെ യോജിപ്പിച്ചു നിർത്തുന്നതിനു പകരം ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നു മുൻ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് കുറ്റപ്പെടുത്തി
ചൈനീസ് സ്കൂളിൽ കത്തിയാക്രമണം; 40 പേർക്കു പരിക്കേറ്റു
ബെയ്ജിംഗ്: ദക്ഷിണചൈനയിലെ ഗാംഗ്സി പ്രവിശ്യയിലെ പ്രൈമറി സ്കൂളിലെ വിദ്യാർഥികളും സ്റ്റാഫും ഉൾപ്പെടെ 40 പേർക്കു കത്തിയാക്രമണത്തിൽ പരിക്കേറ്റു. സ്കൂളിലെ സെക്യൂരിറ്റി ഗാർഡാണ് അക്രമിയെന്ന് ചൈനാ ഡെയിലിയുടെ റിപ്പോർട്ടിൽ പറഞ്ഞു.
അന്പതുകാരനായ ഇയാളെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വുഷു സിറ്റിയിലെ വാങ്ഫു ടൗൺ സെൻട്രൽ സ്കൂളിൽ വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണു സംഭവം. സ്കൂൾ പ്രിൻസിപ്പലിന്റെയും മറ്റൊരു സെക്യൂരിറ്റി ഗാർഡിന്റെയും ഒരു വിദ്യാർഥിയുടെയും നില ഗുരുതരമാണ്.
ആറുവയസിൽ താഴെ പ്രായമുള്ള പ്രീ സ്കൂൾ വിഭാഗം കുട്ടികളാണു പരിക്കേറ്റവരിൽ ഏറെയുമെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
ചൈനയിൽ കിന്റർഗാർട്ടനിലും പ്രൈമറി സ്കൂളുകളിലും ഇതിനു മുന്പും കത്തിയാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അസംതൃപ്തരായ ജീവനക്കാരാണ് പല ആക്രമണങ്ങൾക്കും പിന്നിൽ. കഴിഞ്ഞവർഷം സെപ്റ്റംബറിൽ മധ്യ ചൈനയിൽ പ്രൈമറി സ്കൂളിലെ എട്ടു വിദ്യാർഥികളെ അക്രമി കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായി.
വിദേശത്തുനിന്ന് എത്തുന്നവർക്ക് ബ്രിട്ടനിൽ 14 ദിവസം ക്വാറന്റെെൻ
ലണ്ടൻ: അടുത്ത തിങ്കളാഴ്ച മുതൽ ബ്രിട്ടനിലേക്ക് എത്തുന്ന എല്ലാ അന്തർദേശീയ യാത്രക്കാർക്കും 14 ദിവസത്തെ നിർബന്ധത ക്വാറന്റൈൻ നടപ്പിലാക്കുമെന്നും ലംഘിച്ചാൽ ആയിരം പൗണ്ട് വരെ പിഴയും തടവും ലഭിക്കുമെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേൽ പാർലമെന്റിൽ പറഞ്ഞു.
ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാല്പതിനായിരത്തോടടുക്കുന്നു എന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ, യഥാർഥ മരണസംഖ്യ അൻപതിനായിരം കടന്നിട്ടുണ്ടെന്നാണ് പല ഏജൻസികളും ചൂണ്ടിക്കാട്ടുന്നത്. ലോക്ക് ഡൗൺ നിയന്ത്രണം ലഘൂകരിച്ചതോടെ രാജ്യത്തെ ജനജീവിതം ഏതാണ്ട് സാധാരണഗതിയിലേക്കായിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ
യുഎസ് കലാപം : സൈന്യത്തെ നിയോഗിക്കേണ്ടെന്നു യുഎസ് പ്രതിരോധ സെക്രട്ടറി
വാഷിംഗ്ടൺ ഡിസി: കറുത്തവംശജൻ ജോർജ് ഫ്ളോയിഡിന്റെ കസ്റ്റഡി മരണത്തെത്തുടർന്ന് യുഎസിൽ അരങ്ങേറുന്ന കലാപം നേരിടാൻ പട്ടാളത്തെ അയയ്ക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ നിർദേശത്തോട് യോജിപ്പില്ലെന്നു പെന്റഗൺ സെക്രട്ടറി മാർക്ക് എസ്പർ .
സൈനികരെ ക്രമസമാധാന പാലനത്തിന് നിയോഗിക്കുന്നത് അഭികാമ്യമല്ല. അറ്റകൈയായി മാത്രമേ ഇത്തരം നടപടിക്കു മുതിരാവൂ. ഇപ്പോൾ അത്തരം സാഹചര്യമില്ലെന്ന് എസ്പർ പെന്റഗണിൽ ഒരു യോഗത്തിൽ വ്യക്തമാക്കി. ഇതേസമയം നാഷണൽ ഗാർഡ് ഇറങ്ങിയതിനാലാണു സമരത്തിന്റെ ശക്തി കുറഞ്ഞതെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ജോർജ് ഫ്ളോയിഡിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ജന്മനഗരമായ ഹൂസ്റ്റണിൽ നടത്തിയ റാലിയിൽ അറുപതിനായിരം പേർ പങ്കെടുത്തു. ഫ്ളോയിഡിന്റെ കുടുംബാംഗങ്ങളായ പതിനാറുപേരും ഇതിൽ ഉൾപ്പെടുന്നു.
അക്രമത്തിൽ നിന്നു വിട്ടുനിൽക്കാൻ റാലിയെ അഭിസംബോധന ചെയ്ത ഫ്ളോയിഡ് കുടുംബാംഗങ്ങൾ നിർദേശിച്ചു. മേയർ സിൽവസ്റ്റർ ടേണർ, കോൺഗ്രസ് അംഗം ഷീലാ ജാക്സൺലീ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്ത റാലി പൊതുവേ സമാധാനപരമായിരുന്നു.
യുഎസിലെ വിവിധ നഗരങ്ങളിൽ ഇന്നലെ പ്രകടനങ്ങൾ നടത്തപ്പെട്ടു. പലേടത്തും കർഫ്യൂ ലംഘിക്കപ്പെട്ടെങ്കിലും അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.ലോസ് ആഞ്ചലസ്. അറ്റ്ലാന്റ്, മിനിയാപ്പോളീസ്, സിയാറ്റിൽ, ഫിലഡൽഫിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ എന്നിവിടങ്ങളിലും പ്രകടനങ്ങൾ നടത്തി. ഒരാഴ്ച പിന്നിട്ട സമരത്തിൽ ഇതിനകം 9600 പേർ അറസ്റ്റിലായി.
ബങ്കറിൽ എത്തിയത് പരിശോധനയ്ക്ക്: ട്രംപ്
കലാപകാരികളെ പേടിച്ചല്ല താൻ വെള്ളിയാഴ്ച വൈറ്റ്ഹൗസിലെ ഭൂഗർഭ രക്ഷാസങ്കേതത്തിൽ(ബങ്കർ) കുറെ സമയം കഴിഞ്ഞതെന്ന് പ്രസിഡന്റ് ട്രംപ് ഫോക്സ് ന്യൂസിനോടു പറഞ്ഞു. ബങ്കർ പരിശോധിക്കാൻ പോയതാണ്. ഇതിനു മുന്പ് രണ്ടു മൂന്നുതവണ ബങ്കർ സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരക്കാർ വൈറ്റ് ഹൗസിനു വെളിയിൽ എത്തുകയും അക്രമത്തിനു മുതിരുകയും ചെയ്തതിനെത്തുടർന്നു സീക്രട്ട് സർവീസുകാർ ട്രംപിനെ ബങ്കറിലേക്കു മാറ്റുകയായിരുന്നുവെന്നാണു നേരത്തെ വന്ന റിപ്പോർട്ട്. അറുപതോളം സീക്രട്ട് സർവീസുകാർക്കു പരിക്കേറ്റെന്നും വാർത്തയുണ്ടായിരുന്നു.
ഹോങ്കോംഗ് : ചൈനയ്ക്കു ബ്രിട്ടന്റെ മുന്നറിയിപ്പ്
ലണ്ടൻ: ഹോങ്കോംഗിൽ പുതിയ സുരക്ഷാനിയമം നടപ്പാക്കാൻ ചൈന തുനിഞ്ഞാൽ ബ്രിട്ടൻ കൈയും കെട്ടിയിരിക്കുകയില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ. ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ടുള്ള മൂന്നരലക്ഷത്തോളം ഹോങ്കോംഗുകാർക്ക് ബ്രിട്ടനിൽ പൗരത്വം നൽകാനുള്ള നീക്കത്തിനു തുടക്കമിടുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. പാസ്പോർട്ടിന് അപേക്ഷിക്കാൻ അർഹതയുള്ള മറ്റു രണ്ടരലക്ഷം പേർക്കും ഈ സൗകര്യം അനുവദിക്കും.
ഇതിനായി വീസ നിയമത്തിൽ മാറ്റം വരുത്തുമെന്ന് ദി ടൈംസിൽ എഴുതിയ ലേഖനത്തിൽ ജോൺസൻ പറഞ്ഞു. നിലവിൽ ഓവർസീസ് പാസ്പോർട്ടുള്ളവർക്ക് വീസയില്ലാതെ ആറുമാസം ബ്രിട്ടനിൽ താമസിക്കാം. ഇത് ഒരു വർഷമായി ഉയർത്തും. ബ്രിട്ടനിൽ ജോലി ചെയ്യാനും പൗരത്വം ലഭിക്കാനും അവർക്ക് അവസരം കിട്ടും. ബ്രിട്ടീഷ് വീസ സിസ്റ്റത്തിലെ ഏറ്റവും വലിയ പരിഷ്കാരമായിരിക്കും ഇത്. വേണ്ടിവന്നാൽ ഇത്തരമൊരു നടപടിക്കു മടിക്കില്ലെന്ന് ജോൺസൻ പറഞ്ഞു.
മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗ് 1997ലാണു ചൈനയ്ക്കു വിട്ടുകൊടുത്തത്. അന്നത്തെ കരാറിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥയ്ക്കു വിരുദ്ധമാണ് ചൈനയുടെ ഏറ്റവും ഒടുവിലത്തെ നടപടിയെന്നു ബ്രിട്ടൻ കരുതുന്നു. ചൈനാ വൻകരയിൽ നിന്നു വ്യത്യസ്തമായി ഹോങ്കോംഗ് ജനതയ്ക്ക് ഏറെ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ചൈനീസ് പാർലമെന്റ് ഈയിടെ പാസാക്കിയ ഹോങ്കോംഗ് സുരക്ഷാ ബിൽ ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം അപകടത്തിലാക്കുമെന്നാണ് ആരോപണം. സെപ്റ്റംബറോടെ നിയമം നടപ്പാക്കാനാണ് ചൈനയുടെ ആലോചന. ഹോങ്കോംഗിന് അനുവദിച്ചിട്ടുള്ള വാണിജ്യ ആനുകൂല്യങ്ങളും പ്രത്യേക പരിഗണനയും റദ്ദാക്കുമെന്നു യുഎസ് പ്രസിഡന്റ് ട്രംപും വ്യക്തമാക്കിയിരുന്നു. യുഎസ് നടപടി ഹോങ്കോംഗിന്റെ സന്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
വാഷിംഗ്ടൺ ഡിസി: ഏഴു സ്റ്റേറ്റുകളിലും വാഷിംഗ്ടൺ ഡിസിയിലും നടന്ന പ്രൈമറികളിൽ വിജയം നേടിയ മുൻ വൈസ് പ്രസിന്റ് ജോ ബൈഡന് ഡെമോക്രാറ്റിക് ടിക്കറ്റ് ഉറപ്പായി.
ഇന്ത്യാന, മേരിലൻഡ്, മൊണ്ടാന, ന്യൂമെക്സിക്കോ, പെൻസിൽ വേനിയ, റോഡ് ഐലൻഡ്, സൗത്ത് ഡക്കോട്ട പ്രൈമറികളിലും വാഷിംഗ്ടൺ ഡിസി പ്രൈമറിയിലുമാണ് ബൈഡൻ ജയിച്ചത്.
ഒന്പതിന് വെസ്റ്റ് വിർജീനിയ, ജോർജിയ പ്രൈമറികൾ നടക്കും. ഇതിനകം 1012 ഡലിഗേറ്റുകളുടെ പിന്തുണയാണ് ബൈഡൻ ഉറപ്പാക്കിയിട്ടുള്ളത്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വത്തിന് 1991 ഡലിഗേറ്റുകളുടെ പിന്തുണയാണ് ആവശ്യം. ഡോണൾഡ് ട്രംപ് മാർച്ചിൽ റിപ്പബ്ളിക്കൻ പാർട്ടി നോമിനേഷൻ കരസ്ഥമാക്കിയിരുന്നു.
88 ദിവസങ്ങൾക്കുശേഷം സ്പെയിനിൽ കോവിഡ് മരണമില്ലാത്ത ദിനം
മാഡ്രിഡ്: ഏതാണ്ട് 88 ദിവസങ്ങൾ മരണത്തിന്റെ ഗന്ധം നിറഞ്ഞുനിന്ന, വിനോദസഞ്ചാരികളുടെ പറുദീസയെന്നു വിളിപ്പേരുള്ള സ്പെയിനിൽ ആദ്യമായി കൊറോണയുമായി ബന്ധപ്പെട്ടു മരണമില്ലാത്ത ദിനം. ഇതു ശുഭശൂചകമെന്നു രാജ്യത്തിന്റെ അടിയന്തര ആരോഗ്യമേധാവി ഫെർണാണ്ടോ സൈമണ്.
മാർച്ച് മൂന്നിനാണ് സ്പെയിനിൽ ആദ്യ മരണം റിപ്പോർട്ടു ചെയ്തത്. അതിനുശേഷം മരണ സംഖ്യ ദിനംപ്രതി കുതിച്ചുയർന്നപ്പോൾ യൂറോപ്പുതന്നെ വിറങ്ങലിച്ചു പോയി. എന്നാൽ, ഏതാണ്ടു മൂന്നു മാസം പിന്നിട്ടപ്പോൾ ജൂണ് ഒന്നിന് കൊറോണപ്പട്ടികയുടെ മരണക്കോളത്തിൽ പൂജ്യം എഴുതിച്ചേർത്തപ്പോൾ ആഹ്ലാദത്തിന്റെ അലയൊലികൾ രാജ്യമെങ്ങും ഉയർന്നു.
ഏപ്രിൽ രണ്ടിലെ 24 മണിക്കൂറിനുള്ളിൽ 950 മരണങ്ങൾ റിപ്പോർട്ട് ചെയ്തത് രാജ്യത്തെ ഏറെ വേദനിപ്പിച്ചിരുന്നു. പിന്നീട് മരണങ്ങളുടെ പരന്പരയായി മാറുന്പോഴും രാജ്യം നിയന്ത്രണങ്ങളുടെ പിടിയിൽ അമരുകയും ചെയ്തത് ജനജീവിതം നശ്ചലമാക്കുകയും ചെയ്തു. എങ്കിലും ഭരണാധികാരികൾ നിതാന്ത ജാഗ്രതയോടെ എല്ലാം പഠിച്ചും വീക്ഷിച്ചും രാജ്യത്തെ മരണവിമുക്തമാക്കാൻ ശ്രമിച്ചതു വലിയൊരു പോരാട്ടത്തിലൂടെയാണ്.
ജൂണ് മാസത്തിലെ രണ്ടാം ദിവസവും മരണപ്പട്ടിക ശൂന്യമായെന്നു അധികാരികൾ പ്രഖ്യാപിച്ചതു വലിയ ആത്മവിശ്വാസത്തോടെയാണ്. എങ്കിലും ഗുരുതരാവസ്ഥയിൽ 617 പേർ ഇപ്പോഴും വെന്റിലേറ്ററിലുണ്ടെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുന്നു.
മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോർട്ടിൽ കഴിഞ്ഞ ആഴ്ചയിൽ 34 മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു.എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിൽ മരണമൊന്നും ഉണ്ടായിട്ടില്ല.
സ്പെയിനിൽ ഇതിനകം 27,127 മരണങ്ങൾ രേഖപ്പെടുത്തി.
ജോസ് കുന്പിളുവേലിൽ
വംശീയതയെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻസിറ്റി: വംശീയത ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാവാത്ത തെറ്റാണെന്നു ഫ്രാൻസിസ് മാർപാപ്പ. ജീവന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നുവെന്നു പറയുകയും അതേസമയം വംശീയതയെയും എല്ലാതരത്തിലുള്ള ഒറ്റപ്പെടുത്തലുകളെയും വച്ചുപൊറുപ്പിക്കുകയും ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
യുഎസിൽ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട കറുത്തവംശജനായ ജോർജ് ഫ്ളോയിഡിനും വംശീയതയുടെ മറ്റെല്ലാ ഇരകൾക്കും വേണ്ടി പ്രാർഥിക്കുന്നതായും മാർപാപ്പ പറഞ്ഞു. ഇന്നലെ വത്തിക്കാനിൽ പ്രതിവാര പൊതുദർശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നു പറഞ്ഞ മാർപാപ്പ അനുരഞ്ജനത്തിന് ആഹ്വാനം ചെയ്തു.
കോവിഡ് ബാധിച്ചു മരിച്ചത് 600 നഴ്സുമാർ
ജനീവ: കോവിഡ് ബാധിച്ച് മരിച്ച നഴ്സുമാരുടെ എണ്ണം ആഗോളതലത്തിൽ 600ൽ അധികമാണെന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് വ്യക്തമാക്കി. രോഗബാധിതരായ ആരോഗ്യപ്രവർത്തകരുടെ എണ്ണം നാലരലക്ഷത്തോളം വരുമെന്ന് ജനീവ ആസ്ഥാനമായുള്ള സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹോവാർഡ് കോട്ടൺ പറഞ്ഞു.
പല രാജ്യങ്ങളിൽ നിന്നും യഥാർഥ കണക്ക് ഇതുവരെ കിട്ടിയിട്ടില്ല. മുഴുവൻ കണക്കുകളും ലഭ്യമാകുന്പോൾ മരണസംഖ്യ വർധിക്കും. കോവിഡ് സംബന്ധിച്ച് കേന്ദ്രീകൃത ഡാറ്റാബേസ് ആവശ്യമാണെന്നും കോട്ടൺ ചൂണ്ടിക്കാട്ടി.
എട്ടുവയസുള്ള പാക് ബാലിക മർദനമേറ്റ് മരിച്ചു
ഇസ്ലാമാബാദ്: തത്തയെ കൂട്ടിൽനിന്നു തുറന്നുവിട്ടതിന് എട്ടുവയസുകാരിയായ വീട്ടുവേലക്കാരിയെ അടിച്ചുകൊന്ന സംഭവം പാക്കിസ്ഥാനെ ഞെട്ടിച്ചു. റാവൽപ്പിണ്ടിയിലെ ഒരു വീട്ടിൽ ജോലിക്കുനിന്ന സഹ്റ എന്ന കുട്ടിയാണു കൊല്ലപ്പെട്ടത്.
കൂടു വൃത്തിയാക്കാനായി തുറന്നപ്പോൾ തത്ത പറന്നുപോകുകയായിരുന്നു. വീട്ടുടമസ്ഥനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ റിമാൻഡു ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിരീൻ മസാരി വ്യക്തമാക്കി.
ശമിക്കാത്ത പ്രതിഷേധം; പട്ടാളത്തെ ഇറക്കുമെന്നു ട്രംപ്
വാഷിംഗ്ടൺ ഡിസി: ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ യുഎസ് ജനതയുടെ പ്രതിഷേധം കെട്ടടങ്ങുന്നില്ല. വെള്ളക്കാരനായ പോലീസുകാരന്റെ ക്രൂരതയാൽ കൊല്ലപ്പെട്ട കറുത്തവംശജനു നീതി ആവശ്യപ്പെട്ട് തുടർച്ചയായ എട്ടാം ദിവസവും രാജ്യത്തുടനീളം ജനം തെരുവിലിറങ്ങി. പ്രക്ഷോഭം അവസാനിപ്പിക്കാൻ സംസ്ഥാനങ്ങളും നഗരങ്ങളും നടപടി എടുത്തില്ലെങ്കിൽ സായുധസേനയെ ഇറക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
കഴിഞ്ഞദിവസം തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, ഷിക്കാഗോ തുടങ്ങിയവ അടക്കം 75-ലധികം നഗരങ്ങളിൽ പ്രകടനങ്ങളുണ്ടായി. 40-ഓളം നഗരങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ ജനം വകവച്ചില്ല. അക്രമപ്രവർത്തനങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ന്യൂയോർക്കിൽ വൻകിട ബ്രാൻഡുകളുടെ കടകൾ കൊള്ളയടിക്കപ്പെട്ടു.
ഷിക്കാഗോയിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടെങ്കിലും ഏതു സാഹചര്യത്തിലാണെന്നു വ്യക്തമല്ല. കെന്റക്കിയിലെ ലൂയിവില്ലിൽ പോലീസിന്റെ വെടിയേറ്റ് ഒരാൾ മരിച്ച സംഭവത്തിൽ നഗരത്തിലെ പോലീസ് മേധാവിയെ പുറത്താക്കി.
വൈറ്റ്ഹൗസിനു സമീപം പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ പോലീസ് റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിക്കുന്നതിനിടെയാണ് ട്രംപ് സംസാരിച്ചത്. പ്രതിഷേധക്കാരുടെ അക്രമവും കവർച്ചയും നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധം അവസാനിപ്പിക്കാൻ സംസ്ഥാനങ്ങളും നഗരങ്ങളും റിസർവ് സേനയായ നാഷണൽ ഗാർഡ്സിനെ വിന്യസിക്കണം. അല്ലെങ്കിൽ ആയുധമേന്തിയ പട്ടാളക്കാരെ താൻ വിടുമെന്ന് ട്രംപ് പറഞ്ഞു.
ഇപ്പോൾതന്നെ 16,000 നാഷണൽ ഗാർഡുകളെ വാഷിംഗ്ടൺ ഡിസിയിലടക്കം വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന ഗവർണർമാരുടെ ശിപാർശപ്രകാരം ഇൻസറക്ഷൻ നിയമം പ്രാബല്യത്തിൽ വരുത്തിയാൽ മാത്രമേ പ്രസിഡന്റിന് രാജ്യത്ത് പട്ടാളത്തെ വിന്യസിക്കാനാവൂ. 1992ലാണ് മുന്പ് ഇതുണ്ടായത്.
കറുത്ത വംശജൻ റോഡ്നി കിംഗിനെ തല്ലിച്ചതച്ച നാലു പോലീസുകാർ കുറ്റവിമുക്തരാക്കപ്പെട്ടതിനെ തുടർന്ന് ലോസ് ആഞ്ചലസ് നഗരത്തിൽ കലാപം ഉണ്ടായപ്പോഴായിരുന്നത്.
തലസ്ഥാനം ഉൾപ്പെടുന്ന കൊളംബിയ ജില്ല ഫെഡറൽ സർക്കാരിനു കീഴിലായതിനാൽ അവിടെ ഇപ്പോൾതന്നെ പട്ടാളത്തെ വിന്യസിക്കാൻ ട്രംപ് ഉത്തരവിട്ടുകഴിഞ്ഞു.
ഇതിനിടെ, പ്രതിഷേധക്കാരുടെ തീവയ്പിൽ സാരമായ കേടുപാടുകളുണ്ടായ സെന്റ് ജോൺസ് പള്ളി സന്ദർശിച്ച ട്രംപ് ബൈബിളുമായി ഫോട്ടോയ്ക്കു പോസ് ചെയ്തു. വൈറ്റ്ഹൗസിനു സമീപത്തുള്ള പള്ളിയിലേക്ക് ട്രംപ് നടന്നാണു പോയത്.
നിയന്ത്രണങ്ങൾ പിൻവലിക്കുന്നു, ഇറ്റലിയിൽ കൊളോസിയം തുറന്നു
റോം: ഇറ്റാലിയൻ ടൂറിസത്തിന്റെ ടോപ് ടെന്നിൽ നിൽക്കുന്ന റോമിലെ കൊളോസിയം തുറന്നു. കോവിഡ്-19 നിയന്ത്രണങ്ങളിൽപ്പെട്ട് കഴിഞ്ഞ മൂന്നുമാസമായി സന്ദർശക രഹിതമായി കിടന്ന ആംഫി തിയറ്റർ തിങ്കളാഴ്ചയാണു വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തത്.
നൂറ്റാണ്ടുകൾക്കു മുന്പ് ക്രൂരമായ പോരാട്ടങ്ങൾക്കും ഗ്ലാഡിയേറ്റർമാരുടെയും വന്യമൃഗങ്ങളുടെയും മരണത്തിനും സാക്ഷ്യം വഹിച്ച കൂറ്റൻ ആംഫി തിയറ്റർ, പുതിയ ആരോഗ്യ പ്രോട്ടോക്കോളുകളുമായി വിനോദ സഞ്ചാരികൾ ഗേറ്റുകളിലൂടെ കടന്നുപോകുന്പോൾ വളരെ നിശബ്ദമായിരുന്നു. ദിവസം 300 പേർക്കു മാത്രമേ പ്രവേശനമുള്ളുവെന്ന് അധികൃതർ പറഞ്ഞു.
പുരാതന റോമിലെ ഗവണ്മെന്റിന്റെയും മതക്ഷേത്രങ്ങളുടെയും സ്ഥലമായ ഇംപീരിയൽ ഫോറവും നഗരത്തിലെ വരേണ്യവർഗങ്ങൾ വില്ലകൾ നിർമിച്ച പാലറ്റൈൻ കുന്നും സന്ദർശിക്കാനുള്ള സംയുക്ത ടിക്കറ്റിൽ കഴിഞ്ഞ വർഷം ശരാശരി 20,000 വിനോദസഞ്ചാരികളാണ് ദിനംപ്രതി കൊളോസിയം സന്ദർശിച്ചത്. ഇതിൽ എഴുപത് ശതമാനവും വിദേശത്തുനിന്നുള്ളവരായിരുന്നു.
ബുധനാഴ്ച, യൂറോപ്യൻ യൂണിയനുള്ളിൽ നിന്നുള്ള സന്ദർശകരെ വീണ്ടും ഇറ്റലിയിലേക്ക് എത്താൻ അനുവദിക്കും.
തിങ്കളാഴ്ച വത്തിക്കാൻ മ്യൂസിയത്തിൽ വളരെ തിരക്കായിരുന്നു, അവിടെ സിസ്റ്റൈൻ ചാപ്പലും മറ്റും കാണാൻ നൂറുകണക്കിന് ആളുകൾ പ്രവേശനത്തിനായി കാത്തുനിന്നിരുന്നു.
ടൂറിസം മേഖല ഇറ്റലിയുടെ സന്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. പോംപെയുടെ അവശിഷ്ടങ്ങളും പിസയിലെ ചെരിയുന്ന ഗോപുരവും ഉൾപ്പെടെ ഇറ്റലിയിലുടനീളമുള്ള പ്രശസ്ത സൈറ്റുകൾ എല്ലാംതന്നെ ഇപ്പോൾ കർശനമായ നിയമങ്ങൾ പാലിച്ച് പ്രവർത്തനനിരതമാണ്.
റിപ്പബ്ലിക് ദിനം
പാരന്പര്യ ആഘോഷങ്ങൾ എല്ലാംതന്നെ മാറ്റിവച്ച് ഇറ്റലിയുടെ ദേശീയ ദിനമായ ""ഫെസ്റ്റ ഡെല്ലാ റിപ്പബ്ലിക്ക'' വ്യത്യസ്തമായി. കോവിഡ് 19 പ്രതിസന്ധിയിൽ റിപ്പബ്ലിക് ദിനത്തിന്റെ 74-ാം പതിപ്പ് ഇന്നലെ അനാർഭാടമായി കടന്നുപോയി. രാജ്യത്തിന്റെ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല റോട്ടിലെ വെനീഷ്യൻ ചത്വരത്തിലുള്ള അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. റോമിൽ നടന്ന ചടങ്ങിനെത്തുടർന്ന് പ്രസിഡന്റ് ഇറ്റലിയിലെ ആദ്യത്തെ കൊറോണ വൈറസ് രോഗിയെ കണ്ടെത്തിയ വടക്കൻ പ്രവിശ്യയായ ലോംബാർഡിയിലെ കോഡോഞ്ഞോ സന്ദർശിച്ചു.
1946 ൽ ഇറ്റലിക്കാർ ഒരു റിപ്പബ്ലിക്കിന് അനുകൂലമായും രാജവാഴ്ചയ്ക്കെതിരേയും വോട്ടുചെയ്ത ദിവസമാണ് റിപ്പബ്ലി ക് ദിനമായി ആഘോഷിക്കു ന്നത്.
ജോസ് കുന്പിളുവേലിൽ
പാക് അധിനിവേശ കാഷ്മീരിൽ ചൈനയുടെ ജലവൈദ്യുത പദ്ധതി
ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിൽ 1,124 മെഗാവാട്ടിന്റെ ജലവൈദ്യുത നിലയം ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിയുടെ (സിപിഇസി) ഭാഗമായി ചൈന നിർമിക്കും.
127-ാമത് പ്രൈവറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ബോർഡ് (പിപിഐബി) യോഗത്തിൽ ഉൗർജമന്ത്രി ഒമർ അയൂബ് കൊഹാല ജലവൈദ്യുത പദ്ധതിയുടെ വിവരം അറിയിച്ചത്. ഝലം നദിയിലാണ് അണക്കെട്ട് നിർമിക്കുക. വർഷം 500 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. പദ്ധതിയിൽ ഐപിപി 240 കോടി ഡോളർ നിക്ഷേപിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂവായിരം കിലോമീറ്റർ ദൈർഘ്യമുള്ള ചൈന- പാക് സാന്പത്തിക ഇടനാഴിയിൽ റെയിൽവേ, റോഡ്, പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ കേബിൾ ശൃംഖല എന്നിവയാണുള്ളത്.
യുഎസിൽ പ്രക്ഷോഭം കനത്തു, ട്രംപിനെ രക്ഷാസങ്കേതത്തിലേക്കു മാറ്റി
വാഷിംഗ്ടൺ ഡിസി: മിനിയാപ്പോളീസ് നഗരത്തിൽ വെള്ളക്കാരനായ പോലീസ് ഓഫീസർ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കറുത്തവംശജനായ ജോർജ് ഫ്ളോയിഡിനു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിൽ ആരംഭിച്ച പ്രക്ഷോഭം കത്തിപ്പടരുകയാണ്. യുഎസിലെ 40 നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ആറു ദിവസം പിന്നിട്ട പ്രക്ഷോഭത്തിൽ ഇതിനകം 4400 പേർ അറസ്റ്റിലായി.
വെള്ളിയാഴ്ച പ്രക്ഷോഭകർ വൈറ്റ് ഹൗസിലേക്ക് ഇഷ്ടികളും കുപ്പികളും വലിച്ചെറിയുകയും ട്രംപിനെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പ്രസിഡന്റിന്റെ രക്ഷാച്ചുമതലയുള്ള സീക്രട്ട് സർവീസിലെ അറുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രസിഡന്റ് ട്രംപിനെയും ഭാര്യ മെലാനിയയെയും മകൻ ബാരനെയും സീക്രട്ട് സർവീസുകാർ വൈറ്റ്ഹൗസിലെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റി. വെള്ളിയാഴ്ച ഒരു മണിക്കൂറിൽതാഴെ സമയം ട്രംപ് കുടുംബത്തിന് ഈ സുരക്ഷാസങ്കേതത്തിൽ കഴിച്ചു കൂട്ടേണ്ടിവന്നു. എമർജൻസി ഓപ്പറേഷൻ സെന്റർ എന്നറിയപ്പെടുന്ന ഈ ബങ്കറിലാണ് സെപ്റ്റംബർ 11 ഭീകരാക്രമണസമയത്ത് അന്നത്തെ വൈസ് പ്രസിഡന്റ് ഡിക് ഷെയ്നിയെ പാർപ്പിച്ചത്.
വൈറ്റ് ഹൗസിനു സമീപത്തെ ചരിത്ര പ്രസിദ്ധമായ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ ദേവാലയത്തിന്റെ പാരിഷ് ഹാളിനു പ്രക്ഷോഭകർ ഞായറാഴ്ച തീവച്ചു.200 വർഷം പഴക്കമുള്ള ഈ ദേവാലയം പ്രസിഡന്റുമാരുടെ പള്ളി എന്നാണ് അറിയപ്പെടുന്നത്. ജെയിംസ് മാഡിസൻ മുതൽ ഇതുവരെയുള്ള എല്ലാ പ്രസിഡന്റുമാരും ഈ പള്ളിയിലെ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുണ്ട്.
സാൻഫ്രാൻസിസ്കോ മുതൽ ബോസ്റ്റൺ വരെ 75 നഗരങ്ങളിൽ പ്രക്ഷോഭം അരങ്ങേറി. ന്യൂയോർക്ക്, ഷിക്കാഗോ , ഫിലഡൽഫിയ, ലോസ് ആഞ്ചലസ് തുടങ്ങിയ നഗരങ്ങളിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. അറ്റ്ലാന്റാ, മയാമി, ഓക്ലഹോമാസിറ്റി എന്നിവിടങ്ങളിലെ പ്രകടനങ്ങളിൽ നിരവധി പേർപങ്കെടുത്തു. മിനിയാപ്പോളിസ് നഗരത്തിൽ പ്രകടനക്കാർക്കിടയിലേക്ക് ട്രക്ക് ഒാടിച്ചുകയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭകരെ നേരിടാൻ രാജ്യവ്യാപകമായി 62000 നാഷണൽ ഗാർഡുകളെയാണു( മിലിറ്ററി റിസർവ് പോലീസ്) നിയോഗിച്ചിട്ടുള്ളത്.
വിദേശത്തും പ്രകടനങ്ങൾ
അമേരിക്കയിലെ വംശീയതയെയും പോലീസ് അതിക്രമത്തെയും അപലപിച്ച് ലണ്ടൻ, ടൊറേന്റോ, ബർലിൻ, കോപ്പൻഹേഗൻ തുടങ്ങി വിവിധ നഗരങ്ങളിലും പ്രകടനങ്ങൾ നടത്തപ്പെട്ടു. ലണ്ടനിൽ യുഎസ് എംബസിക്കു സമീപം പ്രകടനക്കാർ കുത്തിയിരിപ്പു സമരം നടത്തി.
ഷെങ്കൻ വീസകളുടെ കാലാവധി താത്കാലികമായി നീട്ടി
ബർലിൻ: ഷെങ്കൻ വീസയിൽ ജർമനിയിലെത്തി കുടുങ്ങിപ്പോയ സന്ദർശകരുടെ വീസ കാലാവധി ജൂലൈ 31 വരെ നീട്ടി നൽകിയതായി ആഭ്യരമന്ത്രാലയം.
യൂറോപ്യൻ യൂണിയന്റെ പൊതു വീസയാണ് ഷെങ്കൻ വീസ. ഈ വർഷം ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വന്ന ഓർഡിനൻസുള്ള ഷെങ്കൻ വിസകൾക്കു സാധാരണഗതിയിൽ ജൂണ് 30 വരെയാണ് ജർമനിയിൽ തങ്ങാൻ അനുവാദമുള്ളത്. ഈ കാലയളവിൽ ജർമനി വിട്ടു മറ്റേതെങ്കിലും ഷെങ്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഇവർക്ക് അനുവാദമില്ല. വീസയുടെ സാധുത ജർമനിയിൽ മാത്രമായിരിക്കും. വീസ നൽകുന്ന തീയതി മുതൽ മൂന്നു മാസമാണ് സാധാരണ ഷെങ്കൻ വീസയുടെ കാലാവധി. സിംഗിൾ എൻട്രിയാണങ്കിൽ ജർമനിയിൽ മാത്രവും മൾട്ടിപ്പിൾ എൻട്രിയാണങ്കിൽ മറ്റു ഷെങ്കൻ രാജ്യങ്ങളിലും ഇവർക്കു സന്ദർശനം നടത്താം.
അതേസമയം, ജോബ് സീക്കർ വീസയിൽ ജർമനിയിലെത്തി കുടുങ്ങിപ്പോയവർക്കു വീസാ ഒരു കാരണവശാലും നീട്ടി നൽകില്ല. ആറു മാസമാണ് ജോബ് സീക്കർ വിസയുടെ കാലാവധി. ഇതിനോടകം ജർമനിയിൽ ജോലി കണ്ടുപിടിച്ച് വർക്ക് പെർമിറ്റ് ലഭിച്ചാൽ മാത്രമേ ഇവരുടെ വീസ സ്റ്റാറ്റസ് മാറുകയുള്ളൂ.
ബ്രിട്ടനിലും വീസ കാലാവധി കഴിഞ്ഞു കുടുങ്ങിയവർക്കു കാലാവധി നീട്ടി കൊടുക്കുമെന്നു ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. യുകെയിൽനിന്നുതന്നെ വീസ നീട്ടാൻ അപേക്ഷിക്കാം. ഇവർ സാധ്യമാവുന്പോൾ തിരികെ മടങ്ങണം. അതേസമയം, കോവിഡ് പ്രതിസന്ധി മൂലം യുകെ വീസയും ഇമിഗ്രേഷനും (യുകെവിഐ) ഉള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനു പതിവിലും കൂടുതൽ സമയമെടുത്തേക്കും. വീസ സ്പോണ്സർമാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളും ആഭ്യന്തര കാര്യാലയം ലഘൂകരിച്ചിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ
ചാരവൃത്തി: രണ്ട് പാക് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി
ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ന്യൂഡൽഹിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസിൽനിന്ന് രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി.
ഇന്ത്യയുടെ അതീവ സുരക്ഷാ മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി ശേഖരിച്ചതിന് വീസ വിഭാഗത്തിലുള്ള ആബിദ് ഹുസൈൻ, മുഹമ്മദ് താഹിർ എന്നിവരെയാണ് ഡൽഹി പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്. വിവരങ്ങൾ ചോർത്താനായി പണവും ഐഫോണും നല്കി ഒരു ഇന്ത്യൻ പൗരനെ ഇവർ വിലക്കെടുത്തിരുന്നു. പാക് ചാരസംഘടനയുടെ ആവശ്യപ്രകാരമാണ് തങ്ങൾ ഇങ്ങനെ ചെയ്തതെന്ന് ഇരുവരും ഇന്നലെ മൊഴി നല്കിയെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വ്യാജ ആധാർ നന്പരുകളും ഇവരിൽനിന്നു കണ്ടെടുത്തു. ഇതിനുപിന്നാലെ 24 മണിക്കൂറിനുള്ളിൽ രാജ്യംവിടണമെന്ന് ഇവർക്ക് അന്ത്യശാസനം നല്കുകയായിരുന്നു.
ഇവരെ പുറത്താ ക്കിയ തിനു പിന്നാ ലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ മുതിർന്ന ഇന്ത്യൻ നയന്ത്രജ്ഞനെ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നു പാക്കിസ്ഥാൻ പ്രതികരിച്ചു. ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടി വിയന്ന കൺവൻഷൻ കരാറിനു വിരുദ്ധമാണെന്നും പാക് വിദേശകാര്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
ഡാനിയൽ പേൾ കേസ്: ഹൈക്കോടതി വിധിക്കു സ്റ്റേയില്ല
ഇസ്ലാമാബാദ്: യുഎസ് ജേർണലിസ്റ്റ് ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്തുകൊന്ന കേസിൽ അൽക്വയ്ദ നേതാവ് അഹമ്മദ് ഒമർ സയിദ് ഷേക്കിനെയും കൂട്ടാളികളെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി സസ്പെൻഡ് ചെയ്യണമെന്ന സിന്ധ് സർക്കാരിന്റെ ആവശ്യം പാക് സുപ്രീംകോടതി തള്ളി.
വാൾസ്ട്രീറ്റ് ജേണലിന്റെ സൗത്ത് ഏഷ്യാ ബ്യൂറോ ചീഫായ പേളിനെ 2002ലാണ് പാക്കിസ്ഥാനിൽ നിന്ന് അക്രമികൾ റാഞ്ചിയത്. പിന്നീട് ഇദ്ദേഹത്തെ കഴുത്തറുത്തു കൊലപ്പെടുത്തി. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന സയിദിനെയും മൂന്നു സഹായികളെയുമാണ് സിന്ധ് ഹൈക്കോടതിയുടെ രണ്ടംഗ ബഞ്ച് ഈ വർഷം ഏപ്രിലിൽ കുറ്റവിമുക്തരാക്കിയത്. ഈ വിധി സസ്പെൻഡ് ചെയ്യണമെന്നായിരുന്നു സിന്ധ് സർക്കാരിന്റെ ആവശ്യം. പേളിന്റെ മാതാപിതാക്കളും ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ബിഷപ് ഡോ. പോൾ ഹിൻഡർ നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ
കുവൈറ്റ്: നോർത്തേൺ അറേബ്യയിലെ അപ്പസ്തോലിക് വികാരിയാത്തിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ബിഷപ് പോൾ ഹിൻഡർ ഒഎഫ്എം കപ്പൂച്ചിനെ മാർപാപ്പ നിയമിച്ചു. ഇപ്പോൾ സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരിയാണ് ഇദ്ദേഹം.
സ്വിറ്റ്സർലൻഡുകാരനായ ബിഷപ് ഹിൻഡർ 1967ൽ വൈദികനായി ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റുണ്ട്. സെമിനാരി പ്രഫസർ, പ്രൊവിൻഷ്യൽ, ഫ്രാൻസിസ്കൻ സഭയുടെ ജനറൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2003ൽ അറേബ്യയുടെ സഹായമെത്രാനായി നിയമിതനായി.
ഇതുവിഭജിച്ച് ഖത്തർ, ബഹറിൻ, സൗദി അറേബ്യ, കുവെെറ്റ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തി 2011ൽ നോർത്തേൺ അറേബ്യ വികാരിയാത്തും യെമൻ, ഒമാൻ, യുഎഇ എന്നിവ ഉൾപ്പെടുത്തി സതേൺ അറേബ്യ വികാരിയാത്തും സ്ഥാപിച്ചു. 2020 ഏപ്രിൽ 12ന് ബിഷപ് കമില്ലോ ബല്ലീൻ മരിച്ചതോടെ സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
കുടിയേറ്റക്കാരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലിൽ ബിഷപ് പോൾ ഹിൻഡർ അംഗമാണ്.
താലിബാനെ നയിക്കാൻ മുല്ലാ ഉമറിന്റെ പുത്രൻ
കാബൂൾ: അഫ്ഗാൻ താലിബാന്റെ സ്ഥാപകൻ മുല്ലാ ഉമറിന്റെ പുത്രൻ മുല്ലാ യാക്കൂബ് താലിബാന്റെ പുതിയ നേതാവായി ചുമതലയേറ്റു. മുതിർന്ന താലിബാൻ നേതാക്കൾ നേതൃപ്രശ്നത്തിൽ അഭിപ്രായ ഐക്യത്തിലായിരുന്നില്ല. ചില നേതാക്കൾക്ക് കോവിഡ് രോഗം ബാധിച്ചതും പ്രശ്നമായി.
ഈ സാഹചര്യത്തിലാണു മുല്ലാ യാക്കൂബ് നേതൃപദവി ഏറ്റെടുത്തതെന്ന് അഫ്ഗാൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മുൻ മേധാവി രഹ്മത്തുള്ള നബീൽ അറിയിച്ചു.
വാൻ ട്രക്കിൽ ഇടിച്ച് നേപ്പാളിൽ 12 മരണം
കാഠ്മണ്ഡു: തെക്കൻ നേപ്പാളിൽ വാൻ ട്രക്കിലിടിച്ച് 12 പേർ മരിച്ചു. 21 പേർക്കു പരിക്കേറ്റു. ഇന്ത്യയിൽനിന്നു നേപ്പാളിലേക്ക് തിരിച്ചുവന്ന അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.
ബാങ്കി ജില്ലയിലെ പർവത മേഖലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ നേപ്പാൾ പോലീസ് ആശുപത്രിയിലെത്തിച്ചു. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്.വാൻ അമിത വേഗത്തിലായിരുന്നുവെന്നും ഡ്രൈവർ മദ്യപിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
നൂറുകണക്കിന് നേപ്പാളികൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവരിൽ പലർക്കും നാട്ടിലെത്താൻ കഴിയാതെ അതിർത്തിയിൽ തങ്ങേണ്ടിവന്നു. ഇന്നലത്തെ ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും സ്രവം കോവിഡ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. നേപ്പാളിൽ ഇതിനകം കോവിഡ് ബാധിച്ചവരുടെ എണ്ണം 1,572 ആയി. എട്ടുപേർ മരിച്ചു.
വധഭീഷണി: നെതന്യാഹു പോലീസിൽ പരാതിപ്പെട്ടു
ജറുസലം: തന്നെയും കുടുംബത്തെയും വകവരുത്തുമെന്നു ചിലർ ഭീഷണി മുഴക്കിയതായി ഇസ്രേലി പ്രധാനമന്ത്രിനെതന്യാഹു പറഞ്ഞു.ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെന്നും അദ്ദേഹം ട്വീറ്റു ചെയ്തു. നവംബറിലും ഇത്തരം ഭീഷണി സന്ദേശം കിട്ടിയിരുന്നു. കേസ് ഉടൻ പരിഗണിക്കണമെന്നും സത്വര അന്വേഷണം വേണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.
അർമീനിയൻ പ്രധാനമന്ത്രിക്കു കോവിഡ്
യെരെവാൻ: അർമീനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിൻയാന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു.തനിക്കും ഭാര്യയ്ക്കും കോവിഡ് പിടിപെട്ടെന്നു പ്രധാനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
റഷ്യയിൽ വോട്ടെടുപ്പ് ജൂലൈ ഒന്നിന്
മോസ്കോ: റഷ്യൻ ഭരണഘടനാഭേദഗതി സംബന്ധിച്ച് ജൂലൈ ഒന്നിനു വോട്ടെടുപ്പ് നടത്താൻ ക്രെംലിൻ തീരുമാനിച്ചു. ഇതു പാസായാൽ 2036വരെ അധികാരത്തിൽ തുടരാൻ പുടിനു സാധിക്കും. എല്ലാ വോട്ടർമാർക്കും മാസ്കും കൈയുറകളും പേനകളും നൽകുമെന്ന് ഇലക്ഷൻ കമ്മീഷൻ മേധാവി എല്ലാ പംഫിലോവ അറിയിച്ചു.
പ്രവാസികളുടെ കുടുംബങ്ങൾക്കു വേണ്ടി സർക്കാർ ഇടപെടണമെന്നു നിവേദനം
മസ്കറ്റ്: കോവിഡ്-19 മൂലം മരിക്കുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കു സാമ്പത്തിക സംരക്ഷണ വെൽഫെയർ പാക്കേജ് നൽകണമെന്ന് ലോക കേരളസഭ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്കു സമർപ്പിച്ചു.
സംസ്ഥാന സർക്കാരിൽ നിന്നും ബന്ധപ്പെട്ട അധികാരികളിൽ നിന്നും അടിയന്തരമായി ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമാണ്. കോവിഡ് 19 ബാധിച്ച് മരണമടയുന്ന പ്രവാസികളുടെ നിരാലംബമായ കുടുംബങ്ങൾക്ക് ഉടൻ തന്നെ ഒരു വെൽഫെയർ പാക്കേജ് കേരള സർക്കാർ പ്രഖ്യാപിക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു.
കടുത്ത സാന്പത്തിക മാന്ദ്യ ഭീതിയിൽ ഇറ്റലി
റോം: കോവിഡും ലോക്ക്ഡൗണും പല രാജ്യങ്ങളെപ്പോലെ ഇറ്റലിയെയും എത്തിച്ചിരിക്കുന്നതു കടുത്ത സാന്പത്തികമാന്ദ്യത്തിന്റെ വക്കിൽ. രണ്ടാം ലോകയുദ്ധ കാലത്തിനു ശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും സാന്പത്തിക പ്രതിസന്ധിയാണ് മുന്നിൽ.
യൂറോസോണിലെ മൂന്നാമത്തെ വലിയ സന്പദ് വ്യവസ്ഥയായ ഇറ്റലിയിൽ ബിസിനസ് കോണ്ഫിഡൻസ് ഇൻഡക്സും കുത്തനെ ഇടിഞ്ഞു. 2005-ൽ ഇസ്റ്റാറ്റ് ഇതു തയാറാക്കിത്തുടങ്ങിയ ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണിപ്പോൾ സൂചിക.
കടകളിലും സേവന മേഖലയിലും ടൂറിസം മേഖലയിലും ബിസിനസ് പൂർണമായി ഇല്ലാതായതാണ് ലോക്ക്ഡൗണിൽ ദൃശ്യമായത്. ഇതാണ് ഇത്ര വലിയ ഇടിവിനു കാരണമെന്നുവിലയിരുത്തപ്പെടുന്നു.
ജീവനക്കാർക്ക് ശന്പളം നൽകുന്നതിനും ദൈനംദിന ചെലവുകൾ നേരിടുന്നതിനും ആവശ്യമായ പണം പോലും പല വ്യവസായങ്ങൾക്കും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. അതേസമയം, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെ സാന്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റാൻ യൂറോപ്യൻ കമ്മീഷൻ നൽകുന്ന 750 ബില്യണ് യൂറോയുടെ രക്ഷാപാക്കേജിൽനിന്ന് ഇറ്റലിക്ക് 173 ബില്യൻ യൂറോയാണ് ലഭിക്കുക.
ലോക്ക്ഡൗണ് കാരണം, 42 ശതമാനം കുടുംബങ്ങൾക്ക് അവരുടെ ജോലിയും വരുമാനവും കുറയ്ക്കേണ്ടിവന്നു, 26 ശതമാനം പേർ ജോലി നിർത്തി, 24 ശതമാനം പേർ ജോലിയിൽ പ്രവേശിച്ചു.10ൽ ആറു കുടുംബങ്ങൾക്കു ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായി. ഇതിന്റെ ഫലമായി 28 ശതമാനം പേരും ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നും ആശങ്കയുണ്ട്.
ഇതിനിടെ, മതിയായ ട്രെയിനിംഗ് ഗ്രാന്റുകൾ ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് ഇറ്റലിയിലെ യുവ ഡോക്ടർമാർ പ്രകടനം നടത്തി. ഈ കാരണത്താൽ തങ്ങൾക്കു വിദേശ രാജ്യങ്ങളിൽ ജോലി തേടേണ്ട സാഹചര്യമാണുള്ളതെന്നും അവർ കുറ്റപ്പെടുത്തി.
ആഭ്യന്തര യാത്രാ നിയന്ത്രണം പിൻവലിക്കും
റോം: ഇറ്റലിയിലെ ആഭ്യന്തര യാത്രാ നിയന്ത്രണം ജൂണ് മൂന്നിനു പിൻവലിക്കുമെന്നു സർക്കാർ അറിയിച്ചു. നിയന്ത്രണം പിൻവലിച്ചാലും ജാഗ്രത തുടരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറഞ്ഞു.
പ്രതിവാര ആരോഗ്യ റിപ്പോർട്ട് അവലോകനത്തിനു ശേഷമാണ് നിയന്ത്രണം നീക്കാനുള്ള തീരുമാനം സർക്കാർ സ്ഥിരീകരിച്ചതെന്ന് റോബർട്ട് സ്പെരാൻസ അറിയിച്ചു. കൊറോണവൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച ലൊംബാർഡി അടക്കമുള്ള പ്രദേശങ്ങളിൽ പരിമിതമായ തോതിൽ അന്താരാഷ്ട്ര യാത്രകൾക്കും അനുമതിനൽകും.
അതേസമയം, രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങൾ സർക്കാരിന്റെ ഇളവുകൾ പൂർണമായി നടപ്പാക്കാതെ പ്രാദേശികമായി ചില നിയന്ത്രണങ്ങൾ തുടരാനും ആലോചിക്കുന്നുണ്ട്.
പിസ ഗോപുരം വീണ്ടും തുറന്നു
പിസ: ഇറ്റലിയിലെ ലോക പ്രശസ്തമായ പിസയിലെ ചെരിഞ്ഞ ഗോപുരം മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സന്ദർശകർക്കായി തുറന്നു കൊടുത്തു. തുറന്ന ശേഷം പത്തു വയസുകാരി മാറ്റിൽഡയും അവളുടെ പിതാവുമാണ് ഗോപുരത്തിലെ 280 പടികൾ ആദ്യമായി കയറിയതെന്ന് അധികൃതർ അറിയിച്ചു.
ഒരു സമയത്ത് 15 പേർക്കു മാത്രമാണ് പ്രവേശനം. മാസ്ക് നിർബന്ധമാണ്. ആരും പരസ്പരം ഒരു മീറ്ററിലധികം അടുത്തെത്താതിരിക്കാൻ ഒരു ഇലക്ട്രോണിക് ഉപകരണവും നൽകും. ദൂരപരിധി കുറഞ്ഞാൽ ഈ ഉപകരണം സിഗ്നൽ നൽകും.
പ്രതിവർഷം 50 ലക്ഷം സന്ദർശകർ എത്താറുള്ള സ്ഥലമാണിത്. മിലാനിലെ ഡ്യുമോ കത്തീഡ്രൽ മാത്രമല്ല, പുരാവസ്തു പ്രദേശം, മേൽക്കൂര ടെറസുകൾ, മ്യൂസിയം എന്നിവ വിനോദ സഞ്ചാരികൾക്കായി തുറന്നു.
കോവിഡ് -19 ലോക്ക്ഡൗണ് സമയത്ത് അടച്ചതിനെത്തുടർന്നു കർശനമായ ആരോഗ്യ മുൻകരുതലുകൾ സ്വീകരിച്ചു കത്തീഡ്രലിൽ ദിവ്യബലി ആഘോഷമായി പുനരാരംഭിക്കുകയും ചെയ്തു.
ജോസ് കുന്പിളുവേലിൽ
കറുത്ത വംശജൻ കൊല്ലപ്പെട്ടതിൽ യുഎസിൽ പ്രതിഷേധാഗ്നി
വാഷിംഗ്ടൺ ഡിസി: കറുത്തവർഗക്കാരൻ ജോർജ് ഫ്ളോയ്ഡിന്റെ മരണത്തിലുള്ള പ്രതിഷേധം യുഎസിൽ കത്തിപ്പടരുന്നു. കർഫ്യു ലംഘിച്ച് തെരുവിലിറങ്ങിയ ജനം അക്രമാസക്തരായി. കെട്ടിടങ്ങൾ ആക്രമിക്കൽ, കടകൾ കൊള്ളയടിക്കൽ, വാഹനങ്ങൾ അഗ്നിക്കിരയാക്കൽ മുതലായവ വ്യാപകമായുണ്ടായി. പ്രതിഷേധക്കാരെ നേരിടാൻ പോലീസ് ബാറ്റൺ വീശിയതിനു പുറമേ റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചു. വാഷിംഗ്ടൺ ഡിസി അടക്കം ചില സ്ഥലങ്ങളിൽ റിസർവ് പട്ടാളത്തെ വിന്യസിച്ചു.
പോലീസുകാരടക്കം നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനുപേർ അറസ്റ്റിലായി. ഒരാൾ വെടിയേറ്റു മരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും തങ്ങൾ ആയുധം പ്രയോഗിച്ചിട്ടില്ലെന്ന് പോലീസ് അവകാശപ്പെട്ടു. അക്രമം അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നല്കി.
മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളിസിൽ കള്ളനോട്ട് മാറാൻ ശ്രമിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ജോർജ് ഫ്ളോയ്ഡിനെ വെള്ളക്കാരനായ പോലീസുകാരൻ ഡെറക് ഷോവിൻ നിലത്തുകിടത്തി കഴുത്തിൽ മുട്ടുകുത്തി ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. നരഹത്യാകുറ്റം ചുമത്തപ്പെട്ട ഷോവിനെ ഇന്നു കോടതിയിൽ ഹാജരാക്കും.
യുഎസിൽ കറുത്ത വർഗക്കാർ പോലീസിൽനിന്നടക്കം നേരിടുന്ന വിവേചനത്തിനെതിര വൻ പ്രതിഷേധത്തിന് സംഭവം തിരികൊളുത്തിയിരിക്കുകയാണ്. പല നഗരങ്ങളിലും കർഫ്യു ഏർപ്പെടുത്തിയെങ്കിലും അതു ലംഘിച്ച് ജനം തെരുവിലിറങ്ങുന്നു.
കഴിഞ്ഞദിവസം 30 നഗരങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. സമാധാനപരമായി ആരംഭിച്ച പല റാലികളും പിന്നീട് അക്രമത്തിലേക്കു നീങ്ങി. പ്രതിഷേധതീവ്രത ഏറ്റവും കൂടുതൽ നേരിട്ടത് ലോസ് ആഞ്ചലസ് നഗരമാണ്. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റിസർവ് പട്ടാളമായ നാഷണൽ സെക്യൂരിറ്റി ഗാർഡിനെ വിന്യസിച്ചു.
ന്യൂയോർക്കിൽ 20 പോലീസ് കാറുകൾ അഗ്നിക്കിരയാക്കപ്പെട്ടു. പ്രതിഷേധക്കാർക്കിടയിലേക്ക് ഒരു പോലീസ് കാർ പാഞ്ഞുകയറുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ഷിക്കാഗോ, അറ്റ്ലാന്റ നഗരങ്ങളിലും അക്രമപ്രവർത്തങ്ങളുണ്ടായി. വാഷിംഗ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിനു പുറത്ത് പ്രതിഷേധം തുടർന്നു. നാഷണൽ ഗാർഡ്സ് അടക്കമുള്ള സുരക്ഷാ സേനകളെ വൈറ്റ് ഹൗസ് പരിസരത്തു വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങൾക്കായി ജനം സംഘയിക്കുന്നത് യുഎസിൽ കൊറോണ വൈറസ് വ്യാപനം കൂടുതൽ രൂക്ഷമാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ബ്രിട്ടനിലേത് അടക്കമുള്ള യുഎസ് നയതന്ത്രകാര്യാലയങ്ങൾക്കു മുന്നിലും പ്രതിഷേധ പ്രകടനങ്ങളുണ്ടായി.
അക്രമം അനുവദിക്കില്ല: ട്രംപ്
പ്രതിഷേധക്കാരുടെ അക്രമപ്രവർത്തനങ്ങൾ ഫ്ലോയ്ഡിന്റെ സ്മരണയെ നിന്ദിക്കലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൂണ്ടിക്കാട്ടി. ഈ മരണം അമേരിക്കക്കാരിൽ ഭയവും ദേഷ്യവും ദുഃഖവും സൃഷ്ടിച്ചിരിക്കുന്നു. പക്ഷേ, അക്രമവും അരാജകത്വവും അല്ല മുറിവുണക്കലും നീതിയും ആണു വേണ്ടത്. അക്രമം ഒരുതരത്തിലും അനുവദിക്കില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
സ്പേസ് എക്സ് ചരിത്രം കുറിച്ചു
മയാമി: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കന്പനി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിൽ വിജയിച്ചു.
സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിൽ പുറപ്പെട്ട യുഎസ് ബഹിരാകാശ സഞ്ചാരികളായ ഡഗ് ഹർലിയും ബോബ് ബെൻകെനും ഇന്നലെ രാത്രി ഇന്ത്യൻ സമയം എട്ടോടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ സുരക്ഷിതമായി എത്തി.
ഒരു സ്വകാര്യ കന്പനി ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യം. യുഎസ്, റഷ്യ, ചൈന രാജ്യങ്ങളിലെ സർക്കാർ ബഹിരാകാശ ഏജൻസികൾ മാത്രമാണ് മുന്പ് ഇതിൽ വിജയിച്ചിട്ടുള്ളത്.
യുഎസ് ബഹിരാകാശ ഏജൻസി നാസ 2011ൽ സ്പേസ് ഷട്ടിൽ പദ്ധതി നിർത്തിയശേഷം യുഎസിൽനിന്ന് മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതും ഇതാദ്യമാണ്. ഇതുവരെ റഷ്യയുടെ സോയൂസ് ക്യാപ്സൂളിനെയാണ് നാസ ആശ്രയിച്ചിരുന്നത്.
ശനിയാഴ്ച ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് ഫാൽക്കൺ-9 ഉയർന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവർ സാക്ഷ്യം വഹിച്ചു.
റോക്കറ്റിൽ അടക്കം ചെയ്തിരുന്ന ഡ്രാഗൺ ക്യാപ്സൂളിലാണ് ഡഗും ബോബും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു സഞ്ചരിച്ചത്. നിലയത്തിൽ സന്ധിക്കുന്നതുവരെയുള്ള ഘട്ടം പൂർണമായി റോബട്ടിക് നിയന്ത്രണത്തിലായിരുന്നു.
ഡ്രാഗൺ ക്യാപ്സൂളിനെ എൻഡവർ എന്നു പുനർനാമകരണം ചെയ്യുന്നതായി ഡഗും ബോബും ബഹിരാകാശത്തുനിന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അറിയിച്ചു. രണ്ടു കാരണങ്ങളാണ് ഇതിനു ചൂണ്ടിക്കാട്ടിയത്. നാസ സ്പേസ് ഷട്ടിൽ പദ്ധതികൾ നിർത്തിയശേഷം, സ്പേസ് എക്സുമായി സഹകരിച്ചു നടത്തുന്ന ഈ മഹാ യത്നം ഒന്നാം കാരണം. രണ്ടാമത്തേത് വ്യക്തിപരം- ഇരുവരുടെയും കന്നി ബഹിരാകാശ യാത്ര നാസയുടെ പഴയ എൻഡവർ സ്പേസ് ഷിപ്പിൽ ആയിരുന്നു. ബോബിന് 49ഉം ഡഗിന് 53ഉം വയസുണ്ട്. ഏതാനും ദിവസം മുന്പ് ഇവരുടെ യാത്രാ പദ്ധതിയിട്ടിരുന്നതെങ്കിലും മോശം കാലാവസ്ഥമൂലം ശനിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
പുതുയുഗമാണ് ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ബഹിരാകാശ സഞ്ചാരികളുടെ യാത്രയ്ക്ക് യുഎസിന് മറ്റു രാജ്യങ്ങളുടെ ദയ ഇനി വേണ്ട. ഇതു ചരിത്രമാണ്.
വിക്ഷേപണം വിജയിച്ചതോടെ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്വപ്നവും യാഥാർഥ്യമായി. ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതിനാണ് ഇനി മുൻഗണന എന്ന് അദ്ദേഹം പറഞ്ഞു.
ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു
മസ്കറ്റ്: ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. ഇന്നലെ സ്ഥിരീകരിക്കപ്പെട്ട 1014 രോഗികളിൽ വിദേശികളുടെ എണ്ണം 643 ആണ്. തുടർ ചികിൽസ ആവശ്യമുള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ തുടങ്ങി അനേകം പേരാണ് ഇന്ത്യൻ എംബസിയിൽ പേരുകൾ രജിസ്റ്റർ ചെയ്ത് തങ്ങളുടെ ഊഴവും കാത്ത് കഴിയുന്നത്. കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ സംബന്ധിച്ച് നിലനിന്നിരുന്ന അവ്യക്തത നീങ്ങി.
ഇനിമുതൽ ആരോഗ്യ ഇൻഷ്വറൻസ് പോളിസി എടുത്തിട്ടുള്ളവർക്ക് ഇൻഷ്വർ ചെയ്ത തുകയ്ക്കുള്ള ചികിൽസ കമ്പനികൾ ലഭ്യമാക്കണം. കോവിഡിനുള്ള മുഴുവൻ ചികിൽസാ ചെലവുകളും ഇൻഷ്വറൻസ് പരിധിയിലാക്കി.
സേവ്യർ കാവാലം
ചതിയിൽപ്പെട്ട മലയാളി യുവതികളടക്കം ഒൻപതു പേരെ യുഎഇ പോലീസ് മോചിപ്പിച്ചു
ദുബായ്: ചതിയിൽപ്പെട്ട് അനാശാസ്യ പ്രവർത്തനങ്ങൾക്കും പീഡനങ്ങൾക്കും ഇരകളായ ഒൻപതു യുവതികളെ ഫുജെെറയിലെ ഹോട്ടലുകളിൽനിന്നു പോലീസിന്റെ സഹായത്തോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് രക്ഷപ്പെടുത്തി.
കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികൾ ആറു മാസം മുൻപാണ് ജോലി തേടി യുഎഇയിൽ എത്തിയത്.
ബംഗളൂരുവിലെ അനധികൃത റിക്രൂട്ടിംഗ് ഏജന്റ് ബസവരാജ് കളസാദ് എന്നയാൾക്കു വൻ തുക നൽകിയാണ് ജോലി തരപ്പെടുത്തിയത്. ഡാൻസ് ബാറിലെ നർത്തകിമാർ, ഇവന്റ് മാനേജ്മെന്റ് ജീവനക്കാർ തുടങ്ങിയ തസ്തികകളിൽ ജോലി വാഗ്ദാനം നൽകിയാണ് സന്ദർശക വീസയിൽ ഇവിടെ എത്തിച്ചത്. മൂന്നു മാസത്തേക്ക് ഒരു ലക്ഷം രൂപ വീതമാണ് ഏജന്റ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഫുജൈറയിലെ ഒരു ഹോട്ടലിൽ കുടുങ്ങിയ ഇവർ പിന്നീടു മാനസികമായും ശാരീരികമായും പീഡനങ്ങൾക്ക് ഇരകളാവുകയായിരുന്നു. ഒരാഴ്ച മുൻപ് തമിഴ്നാട്ടുകാരിയായ യുവതി അയച്ച ശബ്ദസന്ദേശമാണ് ഇവരുടെ രക്ഷയ്ക്കു കാരണമായത്.
ബംഗളൂരുവിൽ നടത്തിയ അന്വേഷണങ്ങൾ നിഷ്ഫലമായതോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിവരമറിയിക്കുകയും അധികൃതർ ഫുജൈറ പോലീസിന്റെ സഹായത്തോടെ ഹോട്ടലുകൾ കണ്ടെത്തി യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഇവരിൽ മൂന്നു പേര് നാട്ടിലേക്കു മടങ്ങി. ബാക്കിയുള്ളവർ അടുത്ത വിമാനങ്ങളിൽ മടങ്ങിപ്പോകാനുള്ള തയാറെടുപ്പിലാണ് .
അനിൽ സി. ഇടിക്കുള
ഫ്ലോയ്ഡിന്റെ മരണം: യുഎസിൽ പ്രതിഷേധം ശമിക്കുന്നില്ല
വാഷിംഗ്ടൺ ഡിസി: കറുത്തവംശജൻ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ യുഎസിൽ പ്രതിഷേധം ശമിക്കുന്നില്ല. രാജ്യവ്യാപക പ്രതിഷേധങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിലും മറ്റ് അക്രമങ്ങളിലും കലാശിക്കുന്നു. ന്യൂയോർക്ക്, അറ്റ്ലാന്റ, പോർട്ട്ലാൻഡ് എന്നിവടങ്ങളിൽ അക്രമങ്ങളുണ്ടായി.
ഇതിനിടെ, ഫ്ലോയ്ഡിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന പോലീസുകാരൻ ഡെറക് ഷോവിനെതിരേ കൊലപാതകക്കുറ്റം ചുമത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോയ്ഡിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സംഭവിച്ചത് ഭയാനകമാണെന്ന് അദ്ദേഹം പറഞ്ഞു.
മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളീസ് നഗരത്തിൽ വ്യാജനോട്ട് മാറാൻ ശ്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഫ്ളോയ്ഡിനെ വെള്ളക്കാരനായ പോലീസുകാരൻ ഡെറക് ഷോവിൻ കൊലപ്പെടുത്തിയെന്നാണ് ആരോപണം. കൈയാമം വച്ച നിലയിൽ നിലത്തു കിടക്കുന്ന ഫ്ളോയിഡിന്റെ കഴുത്തിൽ ഷോവിൻ മുട്ടുകുത്തിയിരിക്കുന്ന വീഡിയോ പുറത്തുവന്നു.
സംഭവത്തിനു പിന്നാലെ, കറുത്ത വംശജർ നേരിടുന്ന വിവേചനത്തിനെതിരേ പ്രതിഷേധം കത്തിപ്പടരുകയാണ്. ഫ്ലോയ്ഡ് അവസാനം പറഞ്ഞ ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന വാക്കുകൾ ഉയർത്തിയാണ് പ്രതിഷേധം.
മിനിയാപോളിസ്, സെന്റ് പോൾ നഗരങ്ങളിൽ വെള്ളി, ശനി രാത്രികർഫ്യു പ്രഖ്യാപിച്ചിട്ടും പ്രതിഷേധങ്ങളുണ്ടായി. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു. അക്രമികൾ കടകൾ കൊള്ളയടിച്ചതായും റിപ്പോർട്ടുണ്ട്.
ഹോങ്കോംഗ് ബിൽ: ചൈനയെ ലക്ഷ്യമിട്ട് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഹോങ്കോംഗിനെ നിയന്ത്രണത്തിലാക്കാൻ നിയമം കൊണ്ടുവന്ന ചൈനയ്ക്കെതിരേ ഉപരോധമടക്കമുള്ള നടപടികൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാണിജ്യം, യാത്ര കാര്യങ്ങളിൽ ഹോങ്കോംഗിനു യുഎസ് നല്കിവന്ന പരിഗണന ഇനി ഉണ്ടാവില്ല. ഹോങ്കോംഗിനെയും ചൈനയെയും ഒരുപോലെയാകും ഇനി കാണുകയെന്ന് ട്രംപ് വ്യക്തമാക്കി.
ചൈനീസ് പാർലമെന്റ് ഹോങ്കോംഗ് സുരക്ഷാബിൽ പാസാക്കിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഹോങ്കോംഗിൽ ചൈനയ്ക്കുള്ള അധികാരം ചോദ്യംചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിയമമാണിത്. ചൈനീസ് സുരക്ഷാ ഏജൻസികൾക്ക് ഇനി ഹോങ്കോംഗിൽ പ്രവർത്തിക്കാനും കഴിയും.
ബ്രിട്ടീഷ് കോളനി ആയിരുന്ന ഹോങ്കോംഗ് 1997ലാണ് ചൈനയ്ക്കു കൈമാറിയത്. എന്നാൽ, ചൈനയിലും ഹോങ്കോംഗിലും വ്യത്യസ്ത നിയമങ്ങളാണ്. ഹോങ്കോംഗിൽ ജനങ്ങൾക്കു വ്യാപക സ്വാതന്ത്ര്യങ്ങളുണ്ട്. ചൈന സ്വാധീനം ശക്തമാക്കുന്നതിൽ അതിശക്ത പ്രതിഷേധങ്ങൾ അടുത്തിടെ ഹോങ്കോംഗ് ജനത നടത്തിയിരുന്നു. ഇതെല്ലാം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ചൈന പുതിയ നിയമം കൊണ്ടുവന്നതെന്ന് ആരോപിക്കപ്പെടുന്നു.
ഹോങ്കോംഗിനെ ഇനി ചൈനയിൽനിന്നു വ്യത്യസ്തമായി കാണേണ്ടതില്ലെന്നു ട്രംപ് പറഞ്ഞു. ഒരു രാജ്യം, രണ്ടു ഭരണ സംവിധാനം എന്ന തത്വം ചൈന ഉപേക്ഷിച്ചു. ഹോങ്കോംഗുകാർക്ക് വൻ ദുരന്തമാണു സംഭവിച്ചിരിക്കുന്നത്. ചൈന അവരുടെ സ്വാതന്ത്ര്യത്തിന്റെ കഴുത്തിനു പിടിച്ചിരിക്കുന്നു. ഹോങ്കോംഗിന്റെ സ്വയംഭരണാവകാശം ഇല്ലാതാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരേ ഉപരോധം കൊണ്ടുവരുമെന്ന് ട്രംപ് വ്യക്തമാക്കി. ഏന്തുതരം ഉപരോധങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
സുരക്ഷാ ഭീഷണി ഉണ്ടാക്കാൻ സാധ്യതയുള്ള ചൈനാക്കാരെ യുഎസിൽ പ്രവേശിപ്പിക്കില്ലെന്നും ട്രംപ് അറിയിച്ചു. യുഎസിൽ പഠിക്കുന്ന ചൈനീസ് വിദ്യാർഥികളിലെ കുറഞ്ഞൊരു ശതമാനത്തെ ഇതു ബാധിക്കാം.
ലോകാരോഗ്യ സംഘടനയുമായി ബന്ധം അവസാനിപ്പിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം യുഎസ് അവസാനിപ്പിച്ചതായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഹോങ്കോംഗ് ബില്ലിന്റെ പേരിൽ ചൈനയ്ക്കെതിരേ നടപടികൾ പ്രഖ്യാപിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ് ലോകം മുഴുവൻ പടരാൻ കാരണം ചൈന ആണെന്നും ലോകാരോഗ്യ സംഘടന ഇതിനു കൂട്ടുനിന്നെന്നുമാണ് ട്രംപ് ആരോപിക്കുന്നത്. സംഘടനയ്ക്കുള്ള ഫണ്ട് മരവിപ്പിച്ചതായി അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. സംഘടനയുടെ ഏറ്റവും വലിയ ഫണ്ട് ദാതാവ് യുഎസ് ആയിരുന്നു. 40 കോടി ഡോളറാണ് കഴിഞ്ഞവർഷം നല്കിയത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ആഗോള സംഘടനകൾക്ക് ഈ പണം നല്കുമെന്നാണ് ട്രംപ് ഇന്നലെ അറിയിച്ചത്.
വൈറസ് ബാധ ഏറ്റവും ഗുരുതരമായി ബാധിച്ചത് യുഎസിനെയാണ്. അവിടെ 18 ലക്ഷം പേർക്ക് രോഗം പിടിപെട്ടു. ഒരുലക്ഷത്തിലധികം പേർ മരിച്ചു. പ്രതിരോധനടപടികളിൽ ട്രംപ് ഭരണകൂടം വൻ പരാജയമായിരുന്നുവെന്ന ആരോപണമുണ്ട്.
ട്രംപിന്റെ മധ്യസ്ഥതാ വാഗ്ദാനം ചൈന തള്ളി
ബെയ്ജിംഗ്: ഇന്ത്യ- ചൈന അതിർത്തി തർക്കം പരിഹരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്ത മധ്യസ്ഥതാ സഹായം ചൈന തള്ളി. ചർച്ചകളിലുടെ ഉചിതമായി പ്രശ്നം പരിഹരിക്കാനുള്ള ശേഷി ഇരു രാജ്യങ്ങൾക്കും ഉണ്ടെന്നും മൂന്നാംകക്ഷിയുടെ സഹായം വേണ്ടെന്നും ചൈനീസ് വിദേശമന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ പ്രതികരിച്ചു.
മധ്യസ്ഥത വഹിക്കാൻ കഴിവുണ്ടെന്നും തയാറാണെന്നും ബുധനാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച അദ്ദേഹം വീണ്ടും ഇക്കാര്യം ആവർത്തിച്ചു.
അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, ഇരു രാജ്യങ്ങൾക്കുമിടയിൽ ആശയവിനിമയം അടക്കമുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്ന് ചൈനീസ് വക്താവ് പറഞ്ഞു. അതിർത്തി പ്രശ്നത്തിൽ ചൈനയുടെ നിലപാട് വ്യക്തവും മാറ്റമില്ലാത്തുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ വാഗ്ദാനത്തോട് ഇന്ത്യ വളരെ കരുതലോടെ പ്രതികരിച്ചിരുന്നു. സമാധാനത്തിൽ പ്രശ്നം തീർക്കാൻ ചൈനയുമായി ചർച്ച നടത്തിവരുകയാണെന്നാണ് വിദേശമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചത്. നേരത്തേ കാഷ്മീർ വിഷയത്തിൽ ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥനാകാമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ ഇതു നിരസിച്ചു.
സൗദിയിൽ ഇന്നലെ 17 മരണം; ചികിത്സയിൽ 24,295 പേർ
റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 17 കോവിഡ് ബാധിതർകൂടി മരണത്തിനു കീഴടങ്ങി. ഇതോടെ ആകെ കോവിഡ് മരണം 458 ആയി. 2,460 പേർക്കുകൂടി രോഗമുക്തി ലഭിച്ചു. അതേസമയം, പുതുതായി 1,581 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 24,295 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആകെ സൗദിയിൽ രോഗം ബാധിച്ചവർ 81,766 പേരായിരുന്നു. ഇതിൽ 57,013 പേർക്കു രോഗമുക്തിയായി.
രാജ്യമാകെ കർഫ്യു ഇളവ് നല്കിയപ്പോഴും 24 മണിക്കൂർ കർഫ്യു നിലനിൽക്കുന്ന മക്കയിലും ഇളവ് നല്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. രണ്ടു ഘട്ടങ്ങളിലായിരിക്കും മക്കയിൽ ഇളവ് നൽകുക. ആദ്യ ഘട്ടമായ മേയ് 31 മുതൽ ജൂൺ 20 വരെ രാവിലെ 6 മുതൽ വൈകുന്നേരം മൂന്നു വരെ പുറത്തിറങ്ങാം. ഈ സമയം മക്കയിലേക്കും പുറത്തേക്കും യാത്ര ചെയ്യാം. രണ്ടാം ഘട്ടം തുടങ്ങുന്ന ജൂൺ 21 മുതൽ രാത്രി എട്ടു വരെ പുറത്തിറങ്ങാം. എന്നാൽ, പൂർണമായും അടച്ചിട്ട പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ അതേപടി തുടരും.
ഷക്കീബ് കൊളക്കാടൻ
മസ്കറ്റിൽ ഇന്നു ലോക്ക്ഡൗൺ പിൻവലിക്കും
മസ്കറ്റ് : ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം 9,000 കടന്നു. ഇന്നലെ രോഗം നിർണയിക്കപ്പെട്ടവരിൽ 291 വിദേശികളും 345 സ്വദേശികളുമാണുള്ളത്.
മസ്കറ്റ് ഗവർണറേറ്റിലെ ലോക്ക്ഡൗൺ ഇന്നു പിൻവലിക്കും. എന്നാൽ, ഐസൊലേഷനിൽ ആയിരിക്കുന്ന മത്രാ വിലായത്തിലെ വാദികബീർ, വാദിയാദി, ഹംറിയ, എം. ബി. ഡി, എന്നിവിടങ്ങളിലെ ലോക്ക്ഡൗൺ തുടരും.
ഇവിടങ്ങളിലുള്ളവർ ഡാർ സയിറ്റിലും, ഹംറിയയിലുമുള്ള പോലീസ് ചെക്പോസ്റ്റുകൾ വഴിയാണ് കടന്നു പോകേണ്ടതെന്ന് പോലീസ് വക്താവ് പറഞ്ഞു.
ലോക്ക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ഇന്നുമുതൽ 50 ശതമാനം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകണം.
ഇന്നലെ സലാലയിൽ നിന്ന് കണ്ണൂരിലേക്കും മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്കുമായി 360 യാത്രക്കാരെ നാട്ടിലെത്തിച്ചു.
സേവ്യർ കാവാലം
കോവിഡിൽ തകർന്ന് യൂറോപ്യൻ തൊഴിൽമേഖല
ബ്രസൽസ്: കോവിഡ് -19 എന്ന മഹാമാരി യൂറോ സോണിൽ തൊഴിൽമേഖലയെ ആകമാനം തകിടം മറിച്ചുവെന്നു മാത്രമല്ല ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തു. ഈ സ്ഥിതി കുടുംബങ്ങളെയും രാജ്യങ്ങളെയും നയിക്കുന്നത് കടുത്ത ദാരിദ്ര്യത്തിലേയ്ക്കും പട്ടിണിയിലേക്കുമാണ്. വൻ സാന്പത്തിക ശക്തികളായ ജർമനി, ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെ തൊഴിലില്ലായ്മ ഏറെ പിടിച്ചുകുലുക്കിയ സാഹചര്യമാണ് ഉണ്ടായിരിയ്ക്കുന്നത്. കൊറോണ മരണം 32,000 കടന്ന ഇറ്റലിയിൽ തൊഴിലില്ലായ്മയും ഉയർന്നിരിക്കുകയാണ്.
ഇറ്റലിയിൽ അഞ്ചു ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകും
ഇറ്റലിയിലെ തൊഴിലില്ലായ്മാ നിരക്ക് 11.2 ശതമാനത്തിലെത്തി. കൊറോണ വൈറസ് ബാധ ഇറ്റലിയിലെ നിരവധി വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിച്ചു. ഉപഭോഗ മൂല്യത്തിന്റെ കാര്യത്തിൽ ഹോട്ടൽ, കാറ്ററിംഗ് മേഖലയ്ക്ക് ഏറ്റവും വലിയ കുറവുണ്ടായതായി കണക്കാക്കപ്പെടുന്നു. കൊറോണവൈറസ് കാരണമുണ്ടായ പ്രതിസന്ധി ഇറ്റലിയിൽ ഈ വർഷം അഞ്ച് ലക്ഷം പേരുടെ ജോലിയെ ബാധിക്കുമെന്ന് സർക്കാരിന്റെ എംപ്ലോയ്മെന്റ് പോളിസി ഏജൻസി കണക്കാക്കുന്നു.
രാജ്യത്തിന്റെ മുഖ്യ വരുമാന സ്രോതസുകളിലൊന്നായ ടൂറിസം മേഖലയെ കൊറോണ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഈ മേഖലയെ ആശ്രയിച്ചു ജോലി ചെയ്യുന്ന ഭൂരിഭാഗം പേർക്കും ജോലി പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഇതിൽ ഒട്ടനവധി മലയാളികളും ഉൾപ്പെടും. മാസങ്ങൾ നീണ്ട ലോക്ഡൗണിൽ നിന്നു രാജ്യം സാവധാനം പുറത്തുവരുന്പോൾ ആശങ്ക മാത്രമാണ് എല്ലാവർക്കും മിച്ചമായുള്ളത്. ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് ആവുന്നത്ര സഹായം നൽകാൻ കോന്തെ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും എത്രമാത്രം ടൂറിസ്റ്റുകളെ രാജ്യത്തക്ക് ആകർഷിക്കാൻ കഴിയുമെന്ന ചിന്ത സർക്കാരിനെയും അലട്ടുന്നുണ്ട്.
ഇറ്റലിയിൽ അനധികൃതമായി കുടിയേറിയ ആളുകൾക്ക് ശരിയായ രേഖകളും വീസാ മസ്റ്റാറ്റസും ഒക്കെ മാറ്റി നൽകാമെന്ന് കഴിഞ്ഞ മാസം കോന്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പാർലമെന്റിൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ സഹകരണത്തോടെയാണ് പാസാക്കിയത്. ഈ നിയമം ഉടൻതന്നെ പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ഇത്തരക്കാരുടെ എണ്ണം രണ്ടുലക്ഷത്തിനും ആറുലക്ഷത്തിനും ഇടയിൽ വരുമെന്നാണ് കണക്ക്. ഇവരിൽ ഒട്ടനവധി മലയാളികളും ഉൾപ്പെടും. ഇവർക്കു പുതിയ വീസ ലഭിക്കാൻ സമയവും നൽകിയിട്ടുണ്ട്. ജൂണ് ഒന്നു മുതൽ ജൂലൈ 15 വരെയാണ് വീസായ്ക്ക് അപേക്ഷിക്കാനുള്ള സമയം. ഇതിനിടയിൽ ഒരു ജോലി സന്പാദിച്ചാൽ മാത്രമേ ഇത്തരക്കാർക്ക് പുതിയ ഇറ്റാലിയൻ സർക്കാരിന്റെ നാഷണൽ ഏജൻസി ഫോർ ആക്റ്റീവ് ലേബർ പോളിസീസ് അൻപാൽ ഈ വർഷം രാജ്യത്ത് അരലക്ഷം തൊഴിലുകൾ നഷ്ടപ്പെടുമെന്ന് കണക്കാക്കുന്നു.
തൊഴിൽ പ്രതിസന്ധി നേരിടാൻ ജർമനി
ബർലിൻ: കൊറോണ വൈറസ് ബാധ നേരിടാൻ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ തുടരുന്പോൾ തൊഴിൽ നഷ്ടത്തിന്റെ ആശങ്കയിലാണ് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ. ഈ ആശങ്ക ഒരു പരിധി വരെ പരിഹരിക്കാൻ പഴയൊരു രീതി പൊടിതട്ടിയെടുത്തിരിക്കുന്നു പല മാനേജ്മെന്റുകളും.
ജർമനിയിൽ ഇതിന് കുർസാബീറ്റ് എന്നു പറയും. ജോലി സമയത്തിൽ കുറവ് വരുത്തി കരാർ തൊഴിലാളികളുമായുള്ള ബന്ധം നിലനിർത്തുന്ന രീതിയാണിത്. പ്രവർത്തനം പൂർണതോതിൽ പുനരാരംഭിക്കുന്ന സമയത്ത് ഇവർക്ക് അതതു സ്ഥാപനങ്ങളിൽ പഴയ രീതിയിൽ വീണ്ടും ജോലിയുണ്ടാകും.
തൊഴിലാളികളുടെ ശന്പളം പൂർണമായി മുടങ്ങാതിരിക്കുന്നതിന് സർക്കാരും കന്പനികൾക്ക് സഹായം പ്രഖ്യാപിച്ചു. ഇതിനായി നാലര ലക്ഷത്തിലധികം സ്ഥാപനങ്ങളാണ് ഇതിനകം അപേക്ഷ നൽകിയിട്ടുള്ളത്.
2009 ലെ ആഗോള സാന്പത്തിക മാന്ദ്യം ഒന്നര ദശലക്ഷം തൊഴിലാളികളെയാണ് ബാധിച്ചതെങ്കിൽ കൊറോണ പ്രതിസന്ധി അതിലധികം പേരെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
ഒറ്റ മാസത്തിൽ 13.2 ശതമാനത്തിന്റെ വർധനയാണ് ജർമനിയിലെ തൊഴിലില്ലായ്മാ നിരക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ തൊഴിൽരഹിതരുടെ എണ്ണം 26 ലക്ഷമായി വർധിച്ചെന്നും കണക്കാക്കുന്നു.
വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം അവകാശമായി പ്രഖ്യാപിക്കുന്നത് ജർമൻ സർക്കാരിന്റെ പരിഗണനയിലുണ്ട്. കൊറോണവൈറസ് കാരണമുള്ള നിയന്ത്രണങ്ങൾ തുടരുന്ന കാലത്തോളം ഇത് ആവശ്യമാണെന്ന് രാജ്യത്തിന്റെ തൊഴിൽ മന്ത്രി ഹ്യൂബർട്ടസ് ഹീൽ അഭിപ്രായപ്പെട്ടു. ഈ ലോക്ക്ഡൗണ് കാലഘട്ടത്തിൽ ജർമനിയെ ജീവനക്കാരിൽ 25 ശതമാനം പേരും വർക്ക് ഫ്രം ഹോം സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. കടുത്ത നിയന്ത്രണങ്ങൾ വരുന്നതിനു മുൻപുള്ള സമയത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്.
സ്പെയിനിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു
മാഡ്രിഡ്: സ്പെയ്നിൽ തൊഴിലില്ലായ്മാ നിരക്ക് 14.4 ശതമാനത്തിലേക്ക് ഉയർന്നു. 2019 നാലാം പാദം വരെയും നടപ്പുവർഷം തുടങ്ങിയപ്പോഴും സ്പെയിനിലെ തൊഴിലില്ലായ്മാ നിരക്ക് ഏകദേശം 8.4 ശതമാനമായിരുന്നു. 2017 ലെ രണ്ടാം പാദത്തിലെ തൊഴിലില്ലായ്മാ നിരക്ക് അതിന്റെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 9.72 ശതമാനം കുറവായിരുന്നു, 2013 ന് ശേഷമുള്ള ഓരോ വർഷവും ആദ്യ പാദത്തിൽ തൊഴിലില്ലായ്മയിൽ നേരിയ വർധനയുണ്ടായി.
അതേസമയം, രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും കുത്തനെയുള്ള ഇടിവാണ് സ്പാനിഷ് സന്പദ് വ്യവസ്ഥയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ പാദത്തിൽ കാണുന്ന 5.2 ശതമാനം ഇടിവ് വരുന്ന പാദങ്ങളിൽ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. യൂറോപ്പിലെ നാലാമത്തെ വലിയ സന്പദ് വ്യവസ്ഥയാണ് സ്പെയിൻ.
ഫ്രാൻസിൽ തൊഴിലില്ലായ്മ നിരക്ക് 10.4 ശതമാനം
കൊറോണയിൽപ്പെട്ടു ഫ്രാൻസിൽ 28,000 അധികം ആളുകളാണ് മരിച്ചത്. ഇതോടൊപ്പം ഫ്രാൻസിലെ തൊഴിലില്ലായ്മാ നിരക്ക് 10.4 ശതമാനത്തിലെത്തി. 2008 ലെ സാന്പത്തിക, സാന്പത്തിക പ്രതിസന്ധിക്ക് ശേഷം വർഷം തോറും സ്തംഭനാവസ്ഥയിലായിരുന്ന ഫ്രഞ്ച് സന്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം തൊഴിലില്ലായ്മ ഒരു പ്രധാന പ്രശ്നമായി തുടരുന്നു. 2018 ന്റെ ആദ്യ പാദത്തിൽ 25 നും 49 നും ഇടയിൽ പ്രായമുള്ള 14 ലക്ഷത്തിലധികം ആളുകൾ ഫ്രാൻസിൽ തൊഴിലില്ലാത്തവരായിരുന്നു.
ജോസ് കുന്പിളുവേലിൽ
ഹോങ്കോംഗ് ബിൽ ചൈനീസ് പാർലമെന്റ് പാസാക്കി
ബെയ്ജിംഗ്: പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ചൈനീസ് പാർലമെന്റ് ഇന്നലെ ഹോങ്കോംഗ് സുരക്ഷാബിൽ പാസാക്കി. ഇനി ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റി പരിഗണിക്കും. അട്ടിമറി, വിഘടനവാദം, ഭീകരപ്രവർത്തനം, വിദേശ ഇടപെടൽ എന്നിവ ഒഴിവാക്കുകയാണ് സുരക്ഷാബില്ലിന്റെ ലക്ഷ്യമെന്നു ചൈന വ്യക്തമാക്കി. ബിൽ പാസായ സാഹചര്യത്തിൽ ബെയ്ജിംഗ് സുരക്ഷാ ഏജൻസികൾക്ക് ഇനി ഹോങ്കോംഗിൽ ഓഫീസ് തുറന്നു പ്രവർത്തിക്കാം.
ഇതേസമയം, ഹോങ്കോംഗ് ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യം ഹനിക്കുന്നതാണു ബില്ലെന്നു ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകർ ആരോപിച്ചു.
ചൈനയുടെ റബർ സ്റ്റാന്പ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ നടന്ന വോട്ടെടുപ്പിൽ 2878 പ്രതിനിധികൾ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. ഒരാൾ എതിർത്തു. ആറുപേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ഹോങ്കോംഗ് നിയമനിർമാണ സഭയെ മറികടന്ന് ബെയ്ജിംഗ് ഇത്തരം ബിൽ കൊണ്ടുവന്നതിനെ നേരത്തേതന്നെ ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകർ ചോദ്യം ചെയ്തിരുന്നു.
ഇതിനിടെ ഹോങ്കോംഗ് നിയമസഭയിൽനിന്ന് മൂന്നു ജനാധിപത്യവാദികളെ ഇന്നലെ പുറത്താക്കി. ചൈനീസ് ദേശീയഗാനത്തോട് അനാദരവു കാണിക്കുന്നവരെ ശിക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ പരിഗണിക്കുന്ന വേളയിലായിരുന്നിത്.
ഹോങ്കോംഗ് സുരക്ഷാബില്ലിനെ യുഎസിനു പുറമേ യുകെ, യൂറോപ്യൻ യൂണിയൻ എന്നിവയും അപലപിച്ചു. ഇന്നലെ യുഎൻ രക്ഷാസമിതിയിൽ ഈ പ്രശ്നത്തിൽ യുഎസും ചൈനയും ഏറ്റുമുട്ടി.
ചൈനയ്ക്കെതിരേ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. ഈയാഴ്ച ചൈനയെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തുമെന്നു പ്രസിഡന്റ് ട്രംപ് അറിയിച്ചു.
ഹോങ്കോംഗിന്റെ പ്രത്യേക പദവി നഷ്ടമായേക്കും
വാഷിംഗ്ടൺ ഡിസി: ഹോങ്കോംഗിന് വാണിജ്യകാര്യത്തിലും മറ്റും നൽകിയിരുന്ന പ്രത്യേക പരിഗണന റദ്ദാക്കാൻ യുഎസ് തയാറായേക്കുമെന്നു റിപ്പോർട്ട്. ഹോങ്കോംഗിന് നേരത്തേ ചൈന അനുവദിച്ചിരുന്ന സ്വയംഭരണം ഇല്ലാതായിരിക്കുകയാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ചൈനീസ് ഉദ്യോഗസ്ഥർക്ക് വീസ നിയന്ത്രണം,ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ യുഎസിന്റെ പരിഗണനയിലുണ്ട്. പ്രത്യേക പദവി നഷ്ടമായാൽ ബിസിനസ് തലസ്ഥാനമെന്ന ഹോങ്കോംഗിന്റെ സ്ഥാനം നഷ്ടമാവും.
വിശുദ്ധ പദവിയിലേക്കു മൂന്നുപേർകൂടി
വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ട മൂന്നുപേരെ വിശുദ്ധരായി നാമകരണം ചെയ്യാൻ തീരുമാനമായി. സെസാർ ഡി ബിസ്, ഷാൾ ഡി ഫൂക്കോ, മരിയ ഡൊമിനിക്ക മന്തോവാനി എന്നിവരാണ് നാമകരണം ചെയ്യപ്പെടുന്നത്. ഇവരുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രി പുറത്തിറക്കാൻ ഫ്രാൻസിസ് മാർപാപ്പ അനുവദിച്ചു. വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ആഞ്ജലോ ബെച്ചിയു മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. നാമകരണതീയതി പിന്നീടു തീരുമാനിക്കും.
സുവിശേഷ പ്രഭാഷണത്തിന് ഊന്നൽ നല്കുന്ന കോൺഗ്രിഗേഷൻ ഓഫ് ദ ഫാദേഴ്സ് ഓഫ് ക്രിസ്ത്യൻ ഡോക്ട്രിൻ (ഡോക്ടിനാരി) എന്ന സന്യാസസമൂഹത്തിന്റെ സ്ഥാപകനാണ് വാഴ്ത്തപ്പെട്ട സെസാർ ഡി ബിസ് (1544-1607) ഫ്രാൻസിലെ അവിഞ്ഞോണിലാണ് ഇദ്ദേഹത്തിന്റെ അന്ത്യവിശ്രമം.
ഈശോയുടെ ചാൾസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഷാൾ ഡി ഫൂക്കോ (1858-1916) ഒരു ഫ്രഞ്ച് ഇടപ്രഭുവായിരുന്നു. കുതിരപ്പട്ടാളത്തിന്റെ ക്യാപ്റ്റനായിരുന്ന ഇദ്ദേഹം പിന്നീടു പര്യവേക്ഷകനായി. പിൽക്കാലത്തു ട്രാപ്പിസ്റ്റ് സന്യാസിയായ ഡി ഫൂക്കോ ഒടുവിൽ ഏകാന്തസന്യാസത്തിലേക്കു മാറി. അൾജീരിയയിൽ സഹാറ മരുഭൂമിയിൽ താപസജീവിതം നയിച്ച ഇദ്ദേഹം അവിടെ ബെർഗർ എന്ന ജനവിഭാഗത്തിനിടയിൽ സുവിശേഷം പ്രസംഗിച്ചു. തമാന്റാസെറ്റ് എന്ന സ്ഥലത്തെ തന്റെ ആശ്രമത്തിൽ അദ്ദേഹം വധിക്കപ്പെടുകയായിരുന്നു.
ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ ഹോളിഫാമിലി എന്ന സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയാണ് ഇറ്റലിക്കാരിയായ മരിയ മന്തോവാനി (1862-1934) സന്യാസിനീ സമൂഹത്തിന്റെ പ്രഥമ സൂപ്പീരിയർ ആയപ്പോൾ മരിയ ജ്യൂസപ്പീന ഇമാക്കുലേറ്റ എന്ന പേരു സ്വീകരിച്ചു.
നൈറ്റ്സ് ഓഫ് ദ കൊളംബസ് എന്ന അല്മായ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ഫാ. മൈക്കൾ മക്ഗിവ്നിയെ (1852-1890) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. എൽസാൽവദോറിൽ 1980-ൽ വധിക്കപ്പെട്ടു. ഫാ. കോസ്മോ, സ്പെസോത്തേയുടെയും 1799-ൽ ഫ്രാൻസിലെ കാസമാരിയിൽ വിശുദ്ധ കുർബാന സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ വധിക്കപ്പെട്ട ആറു സിസ്റ്റേർസൻ സന്യാസിമാരുടെയും രക്തസാക്ഷിത്വവും മാർപാപ്പ അംഗീകരിച്ചു.
കറുത്ത വർഗക്കാരന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധം കനത്തു
വാഷിംഗ്ടൺ ഡിസി: യുഎസിലെ മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളിസ് നഗരത്തിൽ കറുത്ത വർഗക്കാരനെ വെള്ളക്കാരനായ പോലീസ് ഓഫീസർ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി. കട കൊള്ളയടിക്കാൻ ശ്രമിച്ച ഒരാൾ ബുധനാഴ്ച വെടിയേറ്റു മരിച്ചു. ജനക്കൂട്ടം നിരവധി വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും പല കടകൾക്കും തീവയ്ക്കുകയും ചെയ്തു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മിനിയാപോളിസിനു പുറമേ ലോസ് ആഞ്ചലസ്, മെംഫീസ് എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
വ്യാജനോട്ട് മാറാൻ ശ്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ജോർജ് ഫ്ളോയിഡ് (46)എന്ന കറുത്ത വംശജനെ തിങ്കളാഴ്ച പോലീസ് ഓഫീസർ കൊലപ്പെടുത്തിയെന്നാണു കേസ്. കൈയാമം വച്ച നിലയിൽ നിലത്തു കിടക്കുന്ന ഫ്ളോയിഡിന്റെ കഴുത്തിൽ പോലീസ് ഓഫീസർ മുട്ടുകുത്തിയിരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടിട്ടുണ്ട്. ശ്വാസം മുട്ടുന്നുവെന്ന് ഫ്ളോയിഡ് പറയുന്നതും കേൾക്കാം. എട്ടുമിനിറ്റോളം ഓഫീസർ ഇയാളുടെ കഴുത്തിൽ മുട്ടുകുത്തിയിരുന്നുവെന്നാണ് ആരോപണം. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഫ്ളോയിഡ് മരിച്ചു. സംഭഴത്തെത്തുടർന്ന് ഡെറെക് എന്ന പോലീസ് ഓഫീസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഇടപെടാതെ കാഴ്ചക്കാരായി നിന്ന മറ്റു മൂന്നു പോലീസുകാർക്കെതിരേയും കേസുണ്ട്.
മിനിയാപോളിസ് കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്താൻ എഫ്ബിഐയോട് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടു. കറുത്ത വംശജരോടു മാപ്പുചോദിച്ച് മിനിയാപോളിസ് മേയർ ജേക്കബ് ഫ്രേ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
ചൈനീസ് സർവേ സംഘം എവറസ്റ്റിൽ
ബെയ്ജിംഗ്: ചൈനീസ് സർവേ സംഘം എവറസ്റ്റ് കൊടുമുടിയിലെത്തി. എവറസ്റ്റിന്റെ ഉയരം വീണ്ടും അളന്നു തിട്ടപ്പെടുത്തുകയാണു ലക്ഷ്യം. ടിബറ്റൻ ഭാഷയിൽ ചോമോലുങ്ക്മ എന്നറിയപ്പെടുന്ന എവറസ്റ്റിന് 2005ലെ സർവേ പ്രകാരം 8844.43 മീറ്ററാണ് ഉയരം. ഇതിൽ വ്യത്യാസം വന്നിട്ടുണ്ടോ എന്നു പരിശോധിക്കും.
നേപ്പാളിലൂടെയും ടിബറ്റിലൂടെയും എവറസ്റ്റിലേക്ക് കയറാം. ഇത്തവണ നേപ്പാൾ പർവതാരോഹണം നിർത്തിവച്ചിരിക്കുകയാണ്. കൊറോണ വ്യാപനത്തിനിടയിലും ടിബറ്റിലൂടെയുള്ള പർവതാരോഹണം തുടരാൻ ചൈന തീരുമാനിക്കുകയായിരുന്നു. എവറസ്റ്റിലേക്കുള്ള പാതയിൽ 6500 മീറ്റർ പോയിന്റിൽ 5ജി സ്റ്റേഷൻ സ്ഥാപിക്കാൻ ചൈനയിലെ വാവേ കന്പനി ശ്രമം തുടങ്ങിയതായി ഗ്ളോബൽ ടൈംസ് അറിയിച്ചു. ഇതിൽനിന്നുള്ള സിഗ് നൽ കൊടുമുടിയിൽ എത്തുമോ എന്ന കാര്യത്തിൽ ഇനിയും ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്.
നേപ്പാൾ: ഭൂപടം തിരുത്തലിൽ സർവകക്ഷിയോഗം വിളിക്കും
കാഠ്മണ്ഡു: നേപ്പാൾ-ഇന്ത്യ ബന്ധത്തിൽ മഞ്ഞുരുകുന്നതായി സൂചന. ഇന്ത്യയുടെ പ്രദേശങ്ങൾ തങ്ങളുടേതാക്കി രേഖപ്പെടുത്തിയ ഭൂപടം ചേർത്തു ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കം നീട്ടിവച്ചു. ദേശീയ സമവായം ഉണ്ടാക്കിയിട്ടു മതി ഭരണഘടനാ ഭേദഗതി എന്നാണ് പ്രധാനമന്ത്രി കെ.പി. ശർമ ഒലി ഇപ്പോൾ പറയുന്നത്. ഇതിന്റെ ഭാഗമായി ഭേദഗതി ബിൽ ചർച്ച മാറ്റിവച്ചു.
സമവായമുണ്ടാക്കാൻ സർവകക്ഷിയോഗം വിളിക്കുന്നുണ്ട്. മേയ് 18-നാണ് ഇന്ത്യയുടെ കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടം നേപ്പാൾ മന്ത്രിസഭ അംഗീകരിച്ചത്. തുടർന്ന് ഈ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭരണഘടനാ ഭേദഗതിക്കു നോട്ടീസ് നല്കി.
ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം തയാറാക്കിയതിനെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു.
പാർലമെന്റിന്റെ അധോമണ്ഡലത്തിൽ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിക്കു ഭൂരിപക്ഷമില്ല. മറ്റു കക്ഷികൾ പിന്താങ്ങിയാലേ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനാവൂ.
ലിപുലേഖ് ചുരത്തെ ഉത്തരാഖണ്ഡിലെ ധാർചുളയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ റോഡ് ഇന്ത്യ നിർമിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം.
ബഹിരാകാശ യാത്ര മാറ്റിവച്ചു
കേപ് കനാവറൽ (ഫ്ളോറിഡ): എലോൺ മസ്കിന്റെ സ്പേസ് എക്സ് രൂപകല്പന ചെയ്തു നിർമിച്ച ബഹിരാകാശ പേടകത്തിൽ രണ്ട് യാത്രികരെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനുള്ള പദ്ധതി കാലാവസ്ഥാ തകരാർ മൂലം അവസാന നിമിഷം മാറ്റിവച്ചു.
ബുധനാഴ്ച വിക്ഷേപണത്തിനു 16 മിനിറ്റു മാത്രം ശേഷിക്കേയാണ് ദൗത്യം ഉപേക്ഷിച്ചത്.കനത്ത ഇടിമിന്നലുണ്ടായതാണു കാരണം. ഡൗഗ് ഹർലി, ബോബ് ബെൻകൻ എന്നീ നാസാ അസ്ട്രോനോട്ടുകൾ യാത്രയ്ക്ക് തയാറായി കെന്നഡി സ്പേസ് സെന്ററിൽ നേരത്തെ എത്തിയിരുന്നു. വിക്ഷേപണം വീക്ഷിക്കാൻ പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും എത്തി.
ശനിയാഴ്ച വിക്ഷേപണം നടത്താനാണ് ഇപ്പോഴത്തെ പദ്ധതി. അന്നും താൻ എത്തുമെന്ന് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. 2011നുശേഷം നാസാ ബഹിരാകാശ യാത്രയ്ക്ക് റഷ്യൻ ഉപഗ്രഹങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇതിനു വിരാമമിടാനും സ്വകാര്യ സംരംഭകരെ ബഹിരാകാശ ദൗത്യത്തിൽ പങ്കെടുപ്പിക്കാനുമാണ് നാസായുടെ ശ്രമം.
ഹോങ്കോംഗ് പ്രശ്നത്തിൽ ചൈനയ്ക്ക് എതിരേ ട്രംപ്
വാഷിംഗ്ടൺഡിസി: ഹോങ്കോംഗിലെ ജനാധിപത്യ സമരക്കാരെ നേരിടാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമ നിർമാണവുമായി മുന്നോട്ടുപോകുന്ന ചൈനീസ് നിലപാടിൽ യുഎസ് പ്രസിഡന്റ് ട്രംപ് അമർഷം രേഖപ്പെടുത്തി. ചൈനയെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഈയാഴ്ച താൻ നടത്തുമെന്നു പ്രസിഡന്റ് വ്യക്തമാക്കി. ഹോങ്കോംഗിന്റെ കാര്യത്തിൽ ചൈന സ്വീകരിച്ചിരിക്കുന്ന നിലപാടിൽ ട്രംപ് അതൃപ്തനാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി മക്എനാനി പിന്നീട് റിപ്പോർട്ടർമാരോടു പറഞ്ഞു.
ചൈനയ്ക്ക് എതിരേ എന്തു നടപടിക്കാണു ട്രംപ് ഒരുങ്ങുന്നതെന്നു വ്യക്തമല്ല. കോവിഡ് പ്രശ്നത്തിലും വാണിജ്യ പ്രശ്നത്തിലും ചൈനയുമായി ഇടഞ്ഞു നിൽക്കുകയാണു ട്രംപ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു സംബന്ധിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവച്ചെന്നും ചൈനയുടെ സുതാര്യതയില്ലാത്ത നടപടിയാണു ആഗോളതലത്തിൽ വൈറസ് ബാധയ്ക്കു വഴിവച്ചതെന്നും നേരത്തെ ട്രംപ് ആരോപിച്ചിരുന്നു.
ഹോങ്കോംഗിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരേ ശക്തമായ നടപടികൾ നിർദേശിക്കുന്ന ബിൽ കഴിഞ്ഞയാഴ്ചയാണ് ചൈനീസ് പാർലമെന്റിൽ അവതരിപ്പിച്ചത്.
ഇതിനിടെ ചൈനീസ് ദേശീയ ഗാനത്തോട് അനാദരവു കാട്ടുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനു വ്യവസ്ഥ ചെയ്യുന്ന ബിൽ ഹോങ്കോംഗ് നിയമസഭ ചർച്ചയ്ക്കെടുത്തു. ജൂൺ നാലിനു പാസാക്കാനാണു തീരുമാനം.
ഹോങ്കോംഗിന്റെ അർധ സ്വയംഭരണത്തെ ഹനിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ ഹോങ്കോംഗിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തപ്പെട്ടു. നിയമസഭാ മന്ദിരത്തിനു പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ 360 സമരക്കാരെ ഹോങ്കോംഗ് പോലീസ് കസ്റ്റഡിയിലെടുത്തു. ചിലേടങ്ങളിൽ പ്രകടനക്കാരെ പിരിച്ചുവിടാൻ കുരുമുളകു സ്പ്രേ പ്രയോഗിച്ചു.
ലോക്ക് ഡൗൺ ലംഘനം: ജോൺസന്റെ പാർട്ടിയിലെ 39 എംപിമാർ കലാപത്തിന്
ലണ്ടൻ: ലോക്ക് ഡൗൺ നിയമം ലംഘിച്ച ഉപദേഷ്ടാവ് ഡോമിനിക് കമിംഗ്സിനെ നീക്കം ചെയ്യാൻ പ്രധാനമന്ത്രി ബോറീസ് ജോൺസൻ തയാറാവണമെന്ന് കൺസർവേറ്റീവ് പാർട്ടിയിലെ 39 എംപിമാർ ആവശ്യപ്പെട്ടു.
ജനങ്ങൾ ലോക്ഡൗൺ നിയമം പാലിച്ച് വീട്ടിൽ ഇരുന്നപ്പോൾ കമിംഗ്സ് 400 കിലോമീറ്റർ ദൂരം കാറിൽ യാത്ര ചെയ്ത് കുടുംബവീട്ടിൽ പോയതാണ് വിവാദമായത്. നാലുവയസുള്ള മകനെ വീട്ടിലാക്കാനാണു പോയതെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും കമിംഗ്സ് വിശദീകരിച്ചെങ്കിലും എംപിമാർ പ്രക്ഷോഭപാതയിലാണ്. ജൂണിയർ മന്ത്രി ഡഗ്ളസ് റോസ് രാജിവച്ചു. എന്നാൽ ഉപദേഷ്ടാവിനെ ന്യായീകരിക്കാനാണു ജോൺസൻ ശ്രമിച്ചത്. കമിംഗ്സ് നിയമലംഘനം നടത്തിയിട്ടുണ്ടോ എന്നു പോലീസ് അന്വേഷിച്ചുവരികയാണെന്നു റിപ്പോർട്ടുണ്ട്.
പ്രതിപക്ഷ ലേബർ പാർട്ടിയും കമിംഗ്സിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണമെങ്കിൽ സത്വര നടപടി വേണമെന്ന് ഇന്ത്യൻ വംശജരായ ലിസാ നന്ദി, വീരേന്ദ്ര ശർമ എന്നീ എംപിമാർ നിർദേശിച്ചു.
ട്വിറ്ററിനു ട്രംപിന്റെ താക്കീത്
വാഷിംഗ്ടൺ ഡിസി: സ്വതന്ത്ര ആശയ പ്രകാശനം തടസപ്പെടുത്തുന്ന ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾക്ക് പ്രസിഡന്റ് ട്രംപിന്റെ താക്കീത്. വേണ്ടിവന്നാൽ ഇവ അടച്ചുപൂട്ടാനും മടിക്കില്ലെന്നു ട്രംപ് പറഞ്ഞു.
തപാൽ വോട്ട് ക്രമക്കേടുകൾക്കു വഴിതെളിക്കുമെന്ന് ആരോപിച്ച് ട്രംപ് ട്വീറ്റു ചെയ്തതാണ് പ്രശ്നം സൃഷ്ടിച്ചത്. വായനക്കാർ ഇതിന്റെ സത്യാവസ്ഥ പരിശോധിച്ചു ബോധ്യപ്പെടണമെന്നു ട്വീറ്റിനടിയിൽ ട്വിറ്റർ കുറിച്ചു. ഇതാണു ട്രംപിനെ രോഷാകുലനാക്കിയത്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെടാനാണു ട്വിറ്റർ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.
തപാൽവോട്ടു സംബന്ധിച്ച എന്റെ ട്വീറ്റ് തെറ്റാണെന്നു പറഞ്ഞ് വസ്തുതകൾ പരിശോധിക്കാനായി വ്യാജ വാർത്താ മാധ്യമങ്ങളായ സിഎൻഎൻ, വാഷിംഗ്ടൺ പോസ്റ്റ് എന്നിവയിലേക്ക് ലിങ്കു നൽകിയിരിക്കുകയാണ് അവർ. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ട്വിറ്ററിനെ അനുവദിക്കില്ല- ട്രംപ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
മിസൈൽ ആക്രമണം: യെമൻ പ്രതിരോധമന്ത്രി രക്ഷപ്പെട്ടു
സനാ: യെമനിലെ സെൻട്രൽ മാരിബ് പ്രവിശ്യയിലെ ഷാൻ അൽ ജിൻ ക്യാന്പിൽ പ്രവർത്തിക്കുന്ന പ്രതിരോധമന്ത്രാലയത്തിനു നേർക്ക് ഹൗതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടു. യെമൻ പ്രതിരോധമന്ത്രിയും സൈനിക കമാൻഡർമാരും പങ്കെടുത്ത മീറ്റിംഗിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രതിരോധമന്ത്രി മുഹമ്മദ് അൽ മക്വാദിഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള ഹൗതി ഷിയാവിമതരുടെ കൈവശമാണ് യെമന്റെ ഭൂരിപക്ഷം പ്രദേശങ്ങളും.