ബംഗളൂരു: സംസ്ഥാനത്തെ പ്രളയദുരിതബാധിതർക്ക് വിതരണം ചെയ്യാനായി അയച്ച സാധനങ്ങൾ പൂഴ്ത്തിയ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ. ധാർവാഡ് ജില്ലയിലെ കല്ലൂരിലാണ് സംഭവം. ഉപ്പിനബെത്തഗെരി സ്വദേശിയായ കാഷിംസാബ് ഹോളി ആണ് അറസ്റ്റിലായത്.
ബംഗളൂരുവിൽ നിന്ന് ബലാഗവി ജില്ലയിലെ ഗോകകിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഒരു സ്വകാര്യ ചാനലാണ് കാഷിംസാബിൻറെ ട്രക്ക് വാടകയ്ക്ക് എടുത്തത്. ഗോകകിൽ കുറച്ചു സാധനങ്ങൾ മാത്രം ഇറക്കിയ ശേഷം ഇയാൾ ബാക്കി സാധനങ്ങളുമായി തിരികെ ഉപ്പിനബെത്തഗെരിയിലെ വാടകവീട്ടിലെത്തി. ട്രക്കിൽ നിന്ന് ബാക്കി സാധനങ്ങൾ ഇയാൾ വീട്ടിൽ ഇറക്കി.
അടുത്ത തവണയും ഇതുതന്നെ ആവർത്തിച്ചതോടെ പ്രദേശവാസികൾ കൈയോടെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഹാവീർ അഷ്ടാഗിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗരാഗ് പോലീസ് ഇയാൾക്കെതിരേ കേസെടുത്തു.