മംഗളൂരു: മലയാളികൾ ഉൾപ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവിൽ പിടിയിൽ. അഞ്ച് മലയാളികളും നാല് കർണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന പേരിലാണ് ഇവർ പ്രവർത്തനം നടത്തിയിരുന്നത്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നഗരത്തിൽ പോലീസ് പരിശോധന നടത്തവെയാണ് വ്യാജ അന്വേഷണ സംഘം പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ കേന്ദ്രസർക്കാരിന്റെ നെയിംപ്ലേറ്റോടെയെത്തിയ വാഹനം തടഞ്ഞു പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേർ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യുന്നതിനിടെയാണ് സംഘത്തലവൻ മലയാളിയായ ടി. സാം പീറ്ററും മറ്റു രണ്ടുപേരും മംഗളൂരുവിലെ പമ്പ്വെല്ലിലുള്ള ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് ലോഡ്ജ് റെയ്ഡ് ചെയ്ത് ഇവരെയും പിടികൂടുകയായിരുന്നു.
ടി.കെ. ബൊപ്പണ്ണ, മദൻ, ചിന്നപ്പ, സുനിൽ രാജു, കോദണ്ഡരാമ, ജി. മൊയ്തീൻ, എസ്.എ.കെ. അബ്ദുൾ ലത്തീഫ് എന്നിവരാണ് സീം പീറ്ററിനൊപ്പം അറസ്റ്റിലായത്.
നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറി എടുത്തു താമസിക്കുകയായിരുന്നു ഇവരെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇവരിൽ നിന്ന് 22 റിവോൾവറുകൾ, വെടിയുണ്ടകൾ, 4.5 എംഎം പിസ്റ്റൾ, ലാപ്ടോപ്പ്, വോയിസ് റിക്കോർഡർ എന്നിവയും ഏതാനും രേഖകളും പിടിച്ചെടുത്തു. വ്യാജ സ്റ്റിക്കറുകൾ പതിപ്പിച്ച ഇവരുടെ വാഹനവും പിടികൂടിയിട്ടുണ്ട്. ഇവരുടെ കൈവശമുണ്ടായിരുന്നത് വ്യാജ തിരിച്ചറിയൽ രേഖകളും വിസിറ്റിംഗ് കാർഡുകളുമാണെന്ന് പോലീസ് പറഞ്ഞു. വൻകവർച്ചയാണ് സംഘം പദ്ധതിയിട്ടിരുന്നതെന്നാണ് സൂചനയെങ്കിലും പിടിയിലായവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.