മംഗളൂരു: സ്വാതന്ത്ര്യദിനത്തോടെ സന്പൂർണ പ്ലാസ്റ്റിക്മുക്തനഗരമാകാൻ സുള്ള്യ. പ്ലാസ്റ്റിക് ബാഗുകളുടെയും അനുബന്ധ സാധനങ്ങളുടെയും വില്പനയും ഉപയോഗവും പൂർണമായി നിരോധിക്കാൻ സുള്ള്യ ടൗണ്‍ പഞ്ചായത്ത് തീരുമാനിച്ചു. പ്ലാസ്റ്റിക്കിനെതിരേ നേരത്തെ തന്നെ അധികൃതർ ബോധവത്കരണം ആരംഭിച്ചിരുന്നു.
ഈമാസം 15ന് സ്വാതന്ത്ര്യദിനാഘോഷവേളയിൽ സുള്ള്യ ടൗണ്‍ സന്പൂർണപ്ലാസ്റ്റിക്മുക്തമായി പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി ഈമാസം ഏഴിന് വിദ്യാർഥികൾ, വ്യാപാരികൾ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണ റാലി നടത്തുമെന്ന് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ മാത്താഡി അറിയിച്ചു.
പ്ലാസ്റ്റിക് ബാഗുകൾ, കപ്പുകൾ, ഫ്ലക്സ് ബോർഡുകൾ എന്നിവയുടെ വില്പനയും ഉപയോഗവും ഓഗസ്റ്റ് 15ന് ശേഷം പൂർണമായും അവസാനിപ്പിക്കും. നിരോധനം ലംഭിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. പ്ലാസ്റ്റിക്കിനു പകരം തുണിസഞ്ചികൾ വിതരണം ചെയ്യുമെന്നും പഞ്ചായത്ത് അറിയിച്ചു.