ബംഗളൂരു: രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവായി ഇന്ത്യ ഇൻറർനാഷണൽ ട്രാവൽ മാർട്ട്. ബംഗളൂരു പാലസിൽ വെള്ളിയാഴ്ച ആരംഭിച്ച ട്രാവൽമാർട്ട് പൊതുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടുകയാണ്. മൂന്നു ദിവസത്തെ മേള ഞായറാഴ്ച സമാപിച്ചു.
വിനോദസഞ്ചാര മേഖലയിലെ പുത്തൻ പ്രവണതകൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ട്രാവൽ മാർട്ടിൽ 15 രാജ്യങ്ങളുടെയും 20 സംസ്ഥാനങ്ങളുടെയും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ 450ഓളം സംരംഭകരും ട്രാവൽ മാർട്ടിൽ പങ്കെടുക്കുന്നുണ്ട്. വിദേശത്തേക്ക് വിനോദസഞ്ചാരം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും ഈ സ്റ്റാളുകളിൽ നിന്ന് ലഭ്യമാണ്.
ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ വേദിയിലൊരുക്കിയ കേരളത്തിൻറെ സ്റ്റാളും ശ്രദ്ധ നേടുകയാണ്. 24 സംരംഭകരാണ് കേരളത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ആഡംബര ഹോട്ടലുകൾ തുടങ്ങിയവരും മറ്റു പ്രമുഖ സ്ഥാപനങ്ങളും കേരളത്തിന്റെ പവലിയനിൽ ഇൻഫർമേഷൻ സെൻററുകൾ തുറന്നിട്ടുണ്ട്.
വിനോദസഞ്ചാരമേഖലയിലെ സംരംഭകരെയും സംഘാടകരെയും ഒരുമിച്ചുകൂട്ടുന്ന ഇന്ത്യ ഇൻറർനാഷണൽ ട്രാവൽ മാർട്ടിൻറെ 114ാം പതിപ്പാണ് ബംഗളൂരുവിൽ നടക്കുന്നത്. അടുത്ത വർഷം ജനുവരി ഒന്പതു മുതൽ 11 വരെ കൊച്ചിയിലും മാർട്ട് സംഘടിപ്പിക്കും.