ബംഗളൂരു: നഗരത്തിലെ ആയിരം ബിഎംടിസി ബസുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. ബിഎംടിസി ബസുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി കാമറകൾ സ്ഥാപിക്കുന്നത്. കേന്ദ്രസർക്കാരിൻറെ നിർഭയ ഫണ്ട് ഉപയോഗിച്ച് 27 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കും.
ബസിനുള്ളിൽ ഒരു കാമറയും പുറത്തേക്കുള്ള രണ്ടു വാതിലുകളോടും ചേർന്ന് ഓരോ കാമറകളുമാണ് സ്ഥാപിക്കുന്നത്. ഇതിലെ ദൃശ്യങ്ങൾ 15 ദിവസം സൂക്ഷിക്കും. എന്തെങ്കിലും പരാതികളുണ്ടായാൽ ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. നേരത്തെ, പുതുതായി വാങ്ങുന്ന ബസുകളിലെല്ലാം സിസിടിവി കാമറകൾ സ്ഥാപിക്കാൻ ബിഎംടിസി തീരുമാനിച്ചിരുന്നു. ഇതിനു പുറമേയാണ് ആയിരം ബസുകളിൽ കാമറകൾ സ്ഥാപിക്കുന്നത്.
ഒരു പതിറ്റാണ്ടിനു ശേഷം നഗരത്തിൽ വീണ്ടും സ്ത്രീകൾക്കു മാത്രമായുള്ള പിങ്ക് ബസുകൾ നിരത്തിലിറക്കാൻ ബിഎംടിസി തീരുമാനിച്ചിരുന്നു. നിർഭയ ഫണ്ടിൽ ഉൾപ്പെടുത്തി 47 നോണ്‍ എസി ബസുകൾ നിരത്തിലിറക്കാനാണ് ബിഎംടിസി ഒരുങ്ങുന്നത്. വനിതാ യാത്രികരുടെ സുരക്ഷയ്ക്കായി പിങ്ക് ബസുകളിൽ വനിതാ കണ്ടക്ടർമാരും സിസിടിവി കാമറകളും പാനിക് ബട്ടണുകളുമുണ്ടാകും.
ബിഎംടിസി ബസുകളിലെ വനിതാ യാത്രികരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി നിർഭയ ഫണ്ടിൽ നിന്ന് 56.1 കോടി രൂപയുടെ സഹായവും തേടിയിരുന്നു. വനിതകൾക്ക് ഹെവി ലൈസൻസ് പരിശീലനം, വനിതാ യാത്രികർക്ക് പ്രത്യേക സൗകര്യങ്ങളുള്ള 38 ബസ് സ്റ്റേഷനുകൾ, ജീവനക്കാർക്ക് സ്ത്രീസുരക്ഷാ പരിശീലനം എന്നിവയും ബിഎംടിസി പദ്ധതിയിടുന്നുണ്ട്.