തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മഴയും കൂടി എത്തിയതോടെ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗമെന്നും മന്ത്രി പറഞ്ഞു. ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി.
നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്.
രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര് ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാകുകയും ചെയ്യുന്നു. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി പകരുകയുള്ളൂ.
രോഗലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
* മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു.
* പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
* അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നു തിണര്‍ത്ത പാടുകള്‍ കാണാന്‍ സാധ്യതയുണ്ട്.
* രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ ആരംഭത്തില്‍ തന്നെ ഡെങ്കിപ്പനിയാണെന്ന് കണ്ടുപിടിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.
* കൊതുകില്‍ നിന്നു സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം.
* ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.