തിരുവനന്തപുരം: ആരാധനാലയത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകളെല്ലാം പാലിക്കാമെന്ന് മതനേതാക്കൾ ചർച്ചയിൽ ഉറപ്പുനല്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങളിൽ വരുന്നവരിൽ സാധാരണ നിലയിൽ മുതിർന്ന പൗരൻമാരും മറ്റു രോഗങ്ങളുള്ളവരും ഉണ്ടാകും.
റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ട ഇവർ ആരാധനാലയങ്ങളിൽ വരുന്നത് അപകടമാണെന്നാണ് സർക്കാർ കരുതുന്നത്. ഇവർക്ക് കോവിഡ് പെട്ടന്ന് പിടിപെടാൻ ഇടയുണ്ട്. മാത്രമല്ല രോഗം പിടിപെട്ടാൽ സുഖപ്പെടുത്താനും ബുദ്ധിമുട്ടാണ്. പ്രായമായവരിലും മറ്റ് രോഗമുള്ളവരിലും മരണനിരക്കും കൂടുതലാണ്. അതിനാൽ ഈ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുന്നതിനോട് മതനേതാക്കൾ പൊതുവെ യോജിപ്പാണ് അറിയിച്ചത്.
ആരാധനാലയങ്ങൾ വഴി രോഗവ്യാപനമുണ്ടാകുന്നത് തടയാൻ ഒട്ടേറെ പ്രായോഗിക നിർദേശങ്ങൾ ചർച്ചയിൽ മതനേതാക്കൾ മുന്നോട്ടുവച്ചു. ഈ നിർദേശങ്ങൾ കേന്ദ്ര സർക്കാരിനു സമർപ്പിക്കും.
ക്രൈസ്തവ മതനേതാക്കളുമായി നടന്ന ചർച്ചയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബിഷപ് ഡോ. ജോസഫ് കരിയിൽ, തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പ്രതിനിധി റവ. ഡോ. സി. ജോസഫ്, ബസേലിയോസ് മാർ പൗലോസ്, ബസേലിയോസ് തോമസ് ബാവ, റവ. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത, ബിഷപ് ധർമരാജ് റസാലം, ഇന്ത്യൻ പെന്തക്കോസ്റ്റൽ ചർച്ച് ജനറൽ സെക്രട്ടറി സാം വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.മുസ്ലിം നേതാക്കളുമായുള്ള ചർച്ചയിൽ പ്രഫ. ആലിക്കുട്ടി മുസലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, ടി.പി. അബ്ദുള്ളക്കോയ മഅദനി, തൊടിയൂർ മുഹമ്മദ് കുഞ്ഞി മുസലിയാർ, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, ആരിഫ് ഹാജി, ഡോ. ഫസൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.
ഹിന്ദു മത-സാമുദായിക നേതാക്കളുമായി നടന്ന ചർച്ചയിൽ സ്വാമി സാന്ദ്രാനന്ദ, പുന്നല ശ്രീകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് എം. വി. മോഹനൻ, മലബാർ ദേവസ്വം പ്രസിഡന്റ് ഒ.കെ. വാസു, ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ.പി. മോഹൻദാസ്, കൂടൽമാണിക്യം ദേവസ്വം പ്രസിഡന്റ് പ്രദീപ് മേനോൻ, കഴക്കോട് രാധാകൃഷ്ണപോറ്റി (തന്ത്രി മണ്ഡലം), പാലക്കുടി ഉണ്ണികൃഷ്ണൻ (തന്ത്രി സമാജം) തുടങ്ങിയവർ പങ്കെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.