താഴത്തങ്ങാടി (കോട്ടയം): ഷീബയെ (55) കൊലപ്പെടുത്തുകയും മുഹമ്മദ് സാലി (65)യെ ആക്രമിക്കുകയും ചെയ്തയാൾ രാവിലെതന്നെ വീട്ടിലെത്തി ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
ഇരുവരെയും കൂടാതെ മറ്റൊരാൾക്കും രാവിലെ പ്രഭാതഭക്ഷണം കൊടുക്കാനുള്ള തയാറെടുപ്പുകൾ അടുക്കളയിൽ കണ്ടെത്തി. അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കുകയും രണ്ടു പേർ മാത്രമുള്ള വീട്ടിൽ മുട്ടക്കറി ഉണ്ടാക്കാനായി മൂന്നു മുട്ട പുഴുങ്ങുകയും ചെയ്തിരുന്നു. രാവിലെ ഇവരുടെ വീട്ടിലെത്തിയ ആൾക്കുകൂടി പ്രഭാത ഭക്ഷണം കൊടുക്കാനുള്ള തയാറെടുപ്പ് ഷീബ നടത്തിയിരുന്നുവെന്നാണു ഇതു സൂചിപ്പിക്കുന്നത്.
വീട്ടിൽ മീൻകറി ഉണ്ടായിരുന്നിട്ടും രാവിലെ അരക്കിലോ മീൻ വീണ്ടും ഷീബ വാങ്ങിയപ്പോൾ കച്ചവടക്കാരനോടു വ്യക്തമല്ലാത്ത രീതിയിൽ പറഞ്ഞതും അതിഥിയുണ്ടെന്ന സാഹചര്യമാണെന്നും പോലീസ് കരുതുന്നു. ദന്പതികളോട് അടുപ്പമുള്ളയാൾ രാവിലെ വീട്ടിലെത്തിയ ശേഷം ഇവർക്കൊപ്പം സമയം ചെലവഴിച്ചു. തുടർന്നു കൃത്യം നടത്തി മടങ്ങിയതാകാമെന്നും പോലീസ് കണക്കുകൂട്ടുന്നുണ്ട്.
ആക്രമണത്തിന് ഇരയായ കുടുംബവുമായി അടുപ്പമുള്ളയാളാണു പ്രതിയെന്നതു ശരിവയ്ക്കുന്നതാണു കൊലപാതകം നടന്ന വീട്ടിലെ സാഹചര്യങ്ങൾ. പാചകം ചെയ്യുന്പോൾ വീടിന്റെ പിൻവാതിൽ തുറന്നിടുന്നതാണ് ഷീബയുടെ രീതി.
സംഭവ ദിവസം അടുക്കളയിൽ ഭക്ഷണം പാചകത്തിന് ഒരുക്കിവച്ചിട്ടും അടുക്കള വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. അടുക്കളയ്ക്കുള്ളിൽനിന്നു വാതിൽ കുറ്റിയിട്ടിരുന്നു. മുൻവാതിൽ പുറത്തുനിന്നു പൂട്ടിയിരുന്നു. വീടിന്റെ വാതിൽ തകർക്കാതെയാണു പ്രതി ഉള്ളിൽ പ്രവേശിച്ചത്. അതുതന്നെ പ്രതി പരിചയക്കാരനാണെന്നതിലേക്കു വിരൽ ചൂണ്ടുന്നു.
ആക്രമിക്കപ്പെട്ടതു കാണാതായ അറുപുഴ ദന്പതികളുടെ ബന്ധുക്കൾ
താഴത്തങ്ങാടി: ഏതാനും വർഷം മുന്പ് താഴത്തങ്ങാടി അറുപുഴയിൽനിന്നു കാറുമായി കാണാതായ ദന്പതികളുടെ അകന്ന ബന്ധുക്കളാണ് ഇപ്പോൾ ആക്രമണത്തിന് ഇരയായ സാലിയും ഷീബയും.
ദുരൂഹസാഹചര്യത്തിൽ കാണാതായ താഴത്തങ്ങാടി അറുപുഴ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37)എന്നിവരെക്കുറിച്ച് ഇതുവരെ യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. പാറപ്പാടത്തും അറുപുഴയിലും വാഗണ് ആർ കാറാണു കാണാതായത്. ഹാഷിം- ഹബീബ ദന്പതികളുമായി പാറപ്പാടം അബ്ദുൾ സാലിക്കും ഷീബയ്ക്കും അകന്ന ബന്ധമുണ്ടെന്നു ഹബീബയുടെ ബന്ധുക്കളാണ് സൂചന നൽകിയത്. ഇതേപ്പറ്റി അന്വേഷണം നടത്തണമെന്നും ഹബീബയുടെ ബന്ധുക്കൾ പോലീസിനോട് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.