കോട്ടയം: ആഗോളവിപണിയിലെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൃഷിയോടൊപ്പം കാർഷിക സംരംഭങ്ങളിലേക്കു കടക്കാതെ ഭാവിയിൽ കർഷകർക്കു നിലനിൽപ്പില്ലെന്നും ഇൻഫാം.
ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതി വെബ് കോണ്‍ഫറൻസ് ദേശീയ രക്ഷാധികാരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനംചെയ്തു. കാട്ടുപന്നിയും കാട്ടാനയും കടുവയുമുൾപ്പെടെ വന്യമൃഗ അക്രമത്തിലും ഇപ്പോൾ കോവിഡ് -19 മഹാമാരിയിലുമായി പ്രതിസന്ധിയിലായ കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ പദ്ധതികളും പാക്കേജുകളും പ്രഖ്യാപിക്കുന്നതിൽ അർഥമില്ല. കൃഷിഭൂമിയിലെ വന്യമൃഗശല്യത്തെ അതിജീവിക്കാൻ സർക്കാരിറക്കിയ ഉത്തരവുകൾ അപര്യാപ്തമാണ്. നിലവിലുള്ള ഉത്പന്നങ്ങൾക്കു ന്യായവില ലഭിക്കുന്നില്ലെങ്കിൽ വിളമാറ്റത്തിലേക്കു കർഷകർ തിരിയണമെന്നും ഇതിനായി ഭൂനിയമങ്ങൾ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും മാർ ഇഞ്ചനാനിയിൽ പറഞ്ഞു.
കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യാപാരക്കരാറുകളിൽ പൊളിച്ചെഴുത്തിനുള്ള അവസരം ഇന്ത്യയ്ക്കു ലഭിച്ചിരിക്കുന്നതിനാൽ കാർഷികോത്പന്ന ഇറക്കുമതി നിരോധിച്ച് രാജ്യത്തെ കർഷകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. കിസാൻ ക്രഡിറ്റ് കാർഡിൽ അംഗത്വമെടുക്കാനും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സബ്സിഡികൾ പരമാവധി കർഷകരിലെത്തിക്കുവാൻ ഇൻഫാം യൂണിറ്റുകൾ സജീവമാകണം.
മോറട്ടോറിയത്തിന്റെ ഗുണഫലങ്ങൾ കർഷകർക്കു ലഭ്യമാകുന്നില്ല. ഖാരീഫ് വിളകളുടെ താങ്ങുവില ഉയർത്തിയ കേന്ദ്രസർക്കാർ റബറുൾപ്പെടെ നാണ്യവിളകൾക്ക് ഉല്പാദനച്ചെലവിന്റെ 50 ശതമാനം കണക്കാക്കി ന്യായവില നൽകണമെന്നും ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ദേശീയ ജനറൽ സെക്രട്ടറി മോണ്‍. ആന്റണി കൊഴുവനാൽ, ദേശീയ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ, ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി.സി.സെബാസ്റ്റ്യൻ, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജോസ് കാവനാടി, ഫാ.ജോസ് തറപ്പേൽ, ദേശീയ സെക്രട്ടറിമാരായ ഫാ.ജോർജ് പൊട്ടയ്ക്കൽ, ജോസഫ് കാര്യാങ്കൽ, ബേബി പെരുമാലിൽ, സ്കറിയ നെല്ലംകുഴി,മാത്യു മാന്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.