തിരുവനന്തപുരം: മുൻ ധാരണ അനുസരിച്ചു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകണമെന്ന കോൺഗ്രസ് അഭിപ്രായം ഹൈക്കമാൻഡിനെയും യുഡിഎഫിനെയും അറിയിക്കാൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതി തീരുമാനം.
കഴിഞ്ഞവർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് കേരള കോൺഗ്രസ് വിഭാഗങ്ങൾക്കിടയിൽ തർക്കം ഉണ്ടായപ്പോൾ അവസാന ആറു മാസം ജോസഫ് വിഭാഗത്തിനു നൽകുമെന്ന് കോൺഗ്രസ് ഉറപ്പു നൽകിയിരുന്നു. ഇതു നടപ്പാക്കണമെന്നാണു കോൺഗ്രസ് നിലപാട്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തർക്കം ഉണ്ടായപ്പോൾ ജോസ് കെ. മാണി വിഭാഗത്തിന് എട്ടു മാസവും ശേഷിക്കുന്ന അവസാന ആറുമാസം പി.ജെ. ജോസഫ് പക്ഷത്തിനും നൽകാനാണു വാക്കാൽ ധാരണയുണ്ടാക്കിയത്. ഇക്കാര്യത്തിൽ വാക്കുപാലിക്കാൻ കോൺഗ്രസിന് ബാധ്യതയുണ്ട്. അതല്ലെങ്കിൽ ഘടകകക്ഷികൾക്ക് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെടും. ഇക്കാര്യങ്ങൾ യുഡിഎഫിനെയും ജോസ് വിഭാഗം യുപിഎ ഘടകകക്ഷിയായതിനാൽ കോൺഗ്രസ് ഹൈക്കമാൻഡിനെയും അറിയിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിന് നഷ്ടപ്പെട്ടാലും യുഡിഎഫിൽ അവർക്ക് പൂർണ സംരക്ഷണം ഉറപ്പുവരുത്തണമെന്നും യോഗത്തിൽ ധാരണയായി.
അതേസമയം, കേരള കോണ്‍ഗ്രസിലെ പ്രശ്നത്തില്‍ കോണ്‍ഗ്രസല്ല തീരുമാനം എടുക്കേണ്ടതെന്നും രണ്ടു കക്ഷികളെയും യുഡിഎഫിനൊപ്പം കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ജില്ലാപഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയകാര്യസമിതി വിശദമായി ചര്‍ച്ച ചെയ്തു. അതിലെ തീരുമാനങ്ങള്‍ യുഡിഎഫിനെ അറിയിക്കാന്‍ തന്നെയും പ്രതിപക്ഷനേതാവിനെയും ഉമ്മന്‍ചാണ്ടിയേയും ചുമതലപ്പെടുത്തി.
ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിനെയും അറിയിക്കും. ജോസ്പക്ഷം യുപിഎയുടെ ഭാഗമായതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടത്തും മുൻപ് ഹൈക്കമാന്‍ഡിനെ അറിയിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട തീരുമാനം മാധ്യമങ്ങളെ അറിയിക്കാനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം പ്രഖ്യാപിക്കണം.കോവിഡിന്റെ മറവില്‍ വലിയ കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നത്.
പമ്പ ത്രിവേണിയിലെ മണലെടുപ്പും തോട്ടപ്പള്ളിയിലെ കരിമണല്‍ കടത്തുമൊക്കെ ഇതിന്റെ മറവിലാണ് നടത്തുന്നത്. അഴിമതി പുറത്തുകൊണ്ടുവരുന്നവരെ കേസില്‍ കുടുക്കുകയെന്ന തന്ത്രമാണ് സർക്കാർ സ്വീകരിക്കുന്നത്. ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കോൺഗ്രസ് എതിരല്ല.
എന്നാൽ, മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ സാങ്കതികസൗകര്യം ഉറപ്പുവരുത്തിയശേഷം മാത്രമേ ഒാൺലൈൻ പഠനം തുടങ്ങാവൂ. കോവിഡ് പ്രതിരോധത്തിൽ സർക്കാരുമായി സഹകരിക്കുമ്പോഴും പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ തെറ്റുകൾ ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്വം തുടരും.
പാലക്കാട് ആനയെ പടക്കംവച്ചുകൊന്ന സംഭവം വർഗീയവത്കരിക്കാനും രാഹുല്‍ഗാന്ധിക്കെതിരെ തിരിച്ചുവിടാനും ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.