കോട്ടയം: താഴത്തങ്ങാടി കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് ബിലാൽ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെത്തിയതു കൊലപാതകം നടന്നദിവസം പുലർച്ചെയെന്നു കോട്ടയം ജില്ലാ പോലീസ് ചീഫ് ജി. ജയ്ദേവ്.
കൊലപാതകം നടന്ന വീടിനു പിന്നിൽ, ഷീബയുടെ സഹോദരന്റെ വീട്ടിൽ പ്രതി മുൻപ് വാടകയ്ക്കു താമസിച്ചിരുന്നു. അക്കാലത്തു മുഹമ്മദ് സാലിയുടെ വീടുമായി അടുപ്പം സ്ഥാപിച്ചിരുന്നു. വിവിധ ആവശ്യങ്ങൾക്കു സഹായിയായിരുന്നു പ്രതി.
മേയ് 31നു രാത്രി നാടു വിടണമെന്ന ലക്ഷ്യത്തിൽ പ്രതി താഴത്തങ്ങാടി ഇല്ലിക്കൽ ചിന്മയ സ്കൂളിനു സമീപമുള്ള സ്വന്തം വീട്ടിൽനിന്നിറങ്ങി കടത്തിണ്ണകളിൽ കിടന്നുറങ്ങി. തിങ്കളാഴ്ച പുലർച്ചെ സാലിയുടെ വീട്ടിലെത്തി. ഈ സമയം വീട്ടിൽ വൈദ്യുതി വെളിച്ചം ഉണ്ടായിരുന്നില്ല. ഇവർ ഉണരുന്നതിനായി സമീപം തങ്ങിയ പ്രതി, ലൈറ്റ് പ്രകാശിപ്പിച്ചു കണ്ടതോടെ കോളിംഗ് ബെൽ മുഴക്കി. ഷീബ വാതിൽ തുറന്നതോടെ അകത്തു കയറി ദന്പതികളുമായി സംസാരിച്ചിരുന്നു. ഇതിനിടെ, ഷീബയോടു വെള്ളം ആവശ്യപ്പെട്ടു. ഷീബ വെള്ളം എടുക്കാൻ അടുക്കളയിലേക്കു പോയ സമയത്തു പ്രതി മുഹമ്മദ് സാലിയുമായി വാക്കുതർക്കമുണ്ടാക്കി.
പണം കടം ചോദിച്ച മുഹമ്മദ് ബിലാലിനോടു വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ മുഹമ്മദ് സാലി ആവശ്യപ്പെട്ടു. പ്രകോപിതനായ പ്രതി സമീപത്തിരുന്ന ടീപ്പോയ് എടുത്തു സാലിയുടെ തലയ്ക്കടിച്ചു. ശബ്ദം കേട്ടു വെള്ളവുമായി ഓടിയെത്തിയ ഷീബയുടെ തലയിലും പ്രതി അടിച്ചു. അടിയേറ്റ് നിലത്തു വീണ ഇരുവരും ഞരങ്ങുകയും അനങ്ങുകയും ചെയ്തതോടെ പ്രതി ഇരുവരുടെയും കൈകൾ വൈദ്യുതിവയർ ഉപയോഗിച്ചു പിന്നിൽനിന്നു കെട്ടി. തുടർന്നു വയർ ഉപയോഗിച്ച് ഇരുവരെയും ഷോക്ക് ഏൽപ്പിക്കാൻ ശ്രമിച്ചു.
ഒരു മണിക്കൂറോളം വീടിനുള്ളിൽ ചെലവഴിച്ച പ്രതി അലമാരിയിൽനിന്നു സ്വർണവും പണവും കവർന്നു. വീടിന്റെയും കാറിന്റെയും താക്കോലെടുത്തു പുറത്തിറങ്ങി പ്രതി സാലിയുടെ ചുവപ്പുനിറമുള്ള വാഗണ് ആർ കാറുമായി കടന്നു. തിരുവാർപ്പ് ചെങ്ങളം ഭാഗത്തെ പെട്രോൾ പന്പിൽ എത്തി ഇന്ധനം നിറച്ച ശേഷം കുമരകം മുഹമ്മ വഴി ആഴപ്പുഴയിലെത്തി കളക്ടറേറ്റിനടുത്തു മുഹമ്മദൻസ് ഗേൾസ് സ്കൂളിനു സമീപം കാർ ഉപേക്ഷിച്ചു. തുടർന്ന് പല വാഹനങ്ങളിലായി എറണാകുളം ചേരാനല്ലൂരിലെത്തി.
വൈകുന്നേരത്തോടെ മുന്പ് പരിചയമുണ്ടായിരുന്ന ചേരാനല്ലൂരിലെ മായാവി ഹോട്ടലിൽ തൊഴിൽ തേടിയെത്തി. ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന മുറിയിൽ താമസം ലഭിച്ചു. മോഷ്ടിച്ച സ്വർണാഭരണങ്ങളും പണവും ഈ മുറിയിൽ സൂക്ഷിച്ചിരുന്നു. ഇന്ധനം നിറച്ച പെട്രോൾ പന്പിൽനിന്നുള്ള സിസിടിവി കാമറാ ദൃശ്യങ്ങളിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.
ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച 28 പവൻ സ്വർണാഭരണങ്ങളും പണവും കാറും പോലീസ് കണ്ടെത്തി. പ്രതിയെ ചേരാനല്ലൂരിലെ വീട്ടിലും കാർ കണ്ടെത്തിയ ആലപ്പുഴയിലും കൊലപാതകം നടത്തിയ ഷാനി മൻസിലിലും തെളിവെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.