തൊടുപുഴ : കാർഷിക ഉത്പന്നങ്ങൾക്കു തറവില പ്രഖ്യാപിച്ചു സംഭരിക്കുമെന്നു സർക്കാർ ഉറപ്പ് നൽകും വരെ കത്തോലിക്ക കോണ്‍ഗ്രസ് സമരം തുടരുമെന്നു ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കാർഷിക പ്രശ്നങ്ങൾ ഉന്നയിച്ചു കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ നില്പു സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക്ഡൗണ്‍ കാലത്തു മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കർഷകർ നട്ട വാഴയും കപ്പയും പച്ചക്കറിയും ഉൾപ്പെടെയുള്ളവ വിളവെടുക്കുന്പോൾ മതിയായ വില ലഭിക്കുമെന്നു സർക്കാർ ഉറപ്പ് നൽകണം. സാന്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ കർഷകരോട് സഹകരിക്കുകയാണ് വേണ്ടതെന്നും ബിജു പറഞ്ഞു.
തൊടുപുഴയിലെ സമരത്തിൽ കോതമംഗലം രൂപത ട്രഷറർ ജോണ്‍ മുണ്ടൻകാവിൽ, ഭാരവാഹികളായ ജോർജ് അരയകുന്നേൽ, മെജോ കുളപ്പുറത്ത്, ജോണ്‍ തയ്യിൽ, സണ്ണി മാത്യു, മേരി ആന്റണി എന്നിവരും പങ്കെടുത്തു. സംസ്ഥാന, രൂപത സമിതികളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിൽ കേരളത്തിലെന്പാടും നിരവധി സർക്കാർ ഒാഫീസുകൾക്കു മുന്നിൽ നില്പ് സമരം നടത്തി.
പയ്യന്നൂർ ടെലിഫോണ്‍ ഭവനു മുന്നിൽ ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, എറണാകുളം സിവിൽ സ്റ്റേഷന് മുന്നിൽ ട്രഷറർ പി.ജെ. പാപ്പച്ചൻ, ഡയറക്ടർ ഫാ. ജിയോ കടവി, പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കേന്ദ്ര ഭാരവാഹികളായ സാജു അലക്സ്, മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഡോ.ജോസുകുട്ടി ജെ. ഒഴുകയിൽ, കീഴുമാട് കൃഷി ഭവനു മുന്നിൽ ബെന്നി ആന്റണി, കോട്ടയം കളക്ടറേറ്റിനു മുന്നിൽ തോമസ് പീടികയിൽ, കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജാൻസൻ ജോസഫ്, ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ അന്റണി എൻ. തൊമ്മാന, തൃശൂരിൽ തൊമ്മി പീടിയത്ത്, നടവയൽ പോസ്റ്റ് ഓഫീസ് പടിക്കൽ സൈമണ്‍ ആനപ്പാറ എന്നിവർ നേതൃത്വംനൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.